Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലോകത്തെവിടെ നിന്നും ലോഗിൻ ചെയ്ത് പരീക്ഷണങ്ങൾ സിമുലേറ്റ് ചെയ്യാവുന്ന ലബോറട്ടറികൾ ലോകത്ത് ഒരുങ്ങുകയാണ്; ചാൻസലറല്ല, സ്വയം ഭരണമാണ് പ്രശ്‌നം; മുരളി തുമ്മാരുകുടി എഴുതുന്നു

ലോകത്തെവിടെ നിന്നും ലോഗിൻ ചെയ്ത് പരീക്ഷണങ്ങൾ സിമുലേറ്റ് ചെയ്യാവുന്ന ലബോറട്ടറികൾ ലോകത്ത് ഒരുങ്ങുകയാണ്; ചാൻസലറല്ല, സ്വയം ഭരണമാണ് പ്രശ്‌നം; മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ചാൻസലറല്ല, സ്വയം ഭരണമാണ് പ്രശ്‌നം.

ഏറെ നാൾ കേട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഞാൻ തൃശൂരിലെ ഡോക്ടർ ജോൺ മത്തായി സെന്ററിൽ പോകുന്നത്. കോഴിക്കോട് സർവകലാശാലയുടെ എക്കണോമിക്‌സ് വകുപ്പിന്റെ ഭാഗമോ ആസ്ഥാനമോ ഒക്കെയാണ് ഈ സ്ഥലം. ഡോക്ടർ ജോൺ മത്തായിയുടെ വീട്ടിലാണ് ഈ സെന്റർ പ്രവർത്തിക്കുന്നത്.

ഒരു യൂണിവേഴ്‌സിറ്റി വിഭാഗം എന്നതിനേക്കാൾ ഈ സെന്റർ അറിയപ്പെടുന്നത് ഡോക്ടർ ജോൺ മത്തായിയുടെ പേരിലാണ്.

ആരായിരുന്നു ഡോക്ടർ ജോൺ മത്തായി?

1947 ൽ സ്വതന്ത്ര ഇന്ത്യയിലെ ഒന്നാം ജവഹർലാൽ നെഹൃ മന്ത്രിസഭയിലെ അംഗം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റയിൽവേ മന്ത്രി.

1948 ൽ ഇന്ത്യയുടെ ധനകാര്യമന്ത്രി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചെയർമാൻ.

ബോംബേ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ.

ഇത്തരം ഉയർന്ന സ്ഥാനങ്ങളിൽ ഒക്കെ ഇരുന്നതിനു ശേഷം അദ്ദേഹം കേരള യൂണിവേഴ്‌സിറ്റിയുടെ വി. സി. ആയി, 1957 - 58 കാലഘട്ടത്തിൽ.

അദ്ദേഹം കേരള യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ ആയെങ്കിലും തൃശൂരിലെ അദ്ദേഹത്തിന്റെ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. (ഈ വർക്ക് ഫ്രം ഹോം ഒക്കെ നുമ്മ പണ്ടേ വിട്ട സീനാണ് ബായ്).

അതൊക്കെ ഒരു കാലം.

ഇന്നിപ്പോൾ കേന്ദ്ര മന്ത്രി പോയിട്ട് സംസ്ഥാന മന്ത്രിയോ എംഎൽഎ. യോ എങ്കിലും ആയിട്ടുള്ളവർ ആഗ്രഹിക്കുന്ന ജോലിയല്ല വൈസ് ചാൻസലറുടേത്.

കേരളത്തിൽ വൈസ് ചാൻസലർമാർ ആയിരുന്നിട്ടുള്ളവർ പിൽക്കാലത്ത് എംഎൽഎ. ആകാൻ ഒക്കെ ശ്രമിക്കുന്നതാണ് സമീപ കാല ചരിത്രം.

കാരണം ഇന്നിപ്പോൾ ഒരു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പദവി ഒരു കേന്ദ്രമന്ത്രിയുടെയോ സംസ്ഥാന മന്ത്രിയുടെയോ പദവിക്ക് എത്രയോ താഴെയായിട്ടാണ് പൊതുസമൂഹം കാണുന്നത്.

ഇതിന് പല കാരണങ്ങളുണ്ട്. യൂണിവേഴ്‌സിറ്റികളുടെ പെരുപ്പം തന്നെ ഒന്നാമത്തേത്. ഡോക്ടർ ജോൺ മത്തായി വൈസ് ചാൻസലർ ആകുന്ന കാലത്ത് കേരളത്തിൽ ഒറ്റ യൂണിവേഴ്‌സിറ്റിയാണ് ഉള്ളത്. ഇപ്പോൾ യൂണിവേഴ്സിറ്റിയും, യൂണിവേഴ്‌സിറ്റി പോലുള്ളതും ഒക്കെ കൂടി രണ്ടു ഡസൻ ആയി.

അത് മാത്രമല്ല കാര്യം.

വൈസ് ചാൻസലർ മുതൽ ഏറ്റവും താഴേക്കിടയിലുള്ള താൽക്കാലിക നിയമനങ്ങളിൽ വരെയുള്ള സാധ്യമായ രാഷ്ട്രീയ ഇടപെടലുകൾ.

സർവകലാശാലയുടെ നടത്തിപ്പിൽ രാഷ്ട്രീയ അതിപ്രസരമുള്ള സെനറ്റ്, സിൻഡിക്കേറ്റ്, തുടങ്ങിയ സംവിധാനങ്ങൾ കൊണ്ടുവരുന്ന വിലങ്ങുതടികൾ.

അദ്ധ്യാപകർക്ക് അപ്പുറം ശക്തമായ യൂണിവേഴ്‌സിറ്റിയിലെ അഡ്‌മിനിസ്ട്രേറ്റിവ് സ്റ്റാഫ് യൂണിയനുകൾ കൊണ്ടുവരുന്ന തലവേദനകൾ.

പരീക്ഷ നടത്തിപ്പിൽ പോലും കോടതിയുടെ വ്യവഹാരങ്ങൾ

സാന്പത്തികവും നിർമ്മാണപരവുമായ കാര്യങ്ങൾക്ക് ബ്യുറോക്രസിയുമായി നടത്തേണ്ട അങ്കം വെട്ടലുകൾ.

ഇവക്കെതിരെയൊക്കെ യുദ്ധം ചെയ്യുന്‌പോൾ തന്നെ യു. ജി. സി. നിയമങ്ങൾ ഉണ്ടാക്കുന്ന കർശന നിയന്ത്രണങ്ങൾ.

വിദ്യാർത്ഥികളും അദ്ധ്യാപകരും അനധ്യാപകരും അടങ്ങിയ ഒരു ബാൻഡ് സംഘത്തിനെ മുന്നിൽ നിന്നും നയിക്കുന്ന ഒരു ബാൻഡ് മാസ്റ്റർ ആയിട്ടല്ല മറിച്ച് ചുറ്റുമുള്ളവർ ഒക്കെ കൂടി കാലിനും കഴുത്തിനും പിടിക്കുന്‌പോഴും പന്തുമായി മുന്നോട്ട് പോകാൻ ശ്രമിക്കുന്ന ഒരു റഗ്‌ബി പ്ലെയർ ആയിട്ടാണ് എനിക്ക് നമ്മുടെ വൈസ് ചാൻസലറെ ഉപമിക്കാൻ തോന്നുന്നത്.

ഈ വക പ്രശ്‌നങ്ങളെല്ലാം നിലനിൽക്കുന്‌പോൾ ഏത് മുന്മന്ത്രിയാണ് വി. സി. ആകാൻ സമ്മതിക്കുന്നത് ?

അദ്ധ്യാപകരിൽ തന്നെ വി. സി. ആകാൻ ആളുകൾ സമ്മതിക്കുന്നു എന്നത് സത്യത്തിൽ എനിക്ക് അത്ഭുതമാണ്. ക്ഷമക്കും സഹനശക്തിക്കുമുള്ള ഓസ്‌ക്കാറിന് ഇവർ അർഹരുമാണ്.

ചാൻസലർ പദം ഗവർണറിൽ നിന്നും മുഖ്യമന്ത്രിയിലേക്ക് മാറിയതുകൊണ്ട് ഇപ്പറഞ്ഞതിലൊന്നും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അതിനാൽ ആ വിവാദം ഞാൻ ശ്രദ്ധിക്കുന്നേയില്ല.

എന്നാൽ കേരളത്തിന്റെ ഭാവി നിക്ഷിപ്തമായിരിക്കുന്നത് നമ്മുടെ പുതിയ തലമുറയെ വേണ്ട തരത്തിൽ പരിശീലിപ്പിച്ച് ലോക തൊഴിൽ കന്‌പോളത്തിന് തയ്യാറെടുപ്പിക്കുക എന്നതിലായതുകൊണ്ട് വിദ്യാഭ്യാസരംഗത്ത് വരുന്ന മാറ്റങ്ങളെ ഞാൻ സസൂക്ഷ്മം ശ്രദ്ധിക്കാറുണ്ട്. അവിടെ മാറ്റങ്ങൾ ആഗ്രഹിക്കാറുണ്ട്.

വിപ്ലവകരമായ മാറ്റങ്ങളാണ് ലോകത്തും ഇന്ത്യയിലും അടക്കം ഉന്നത വിദ്യാഭ്യാസരംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.

കൊറോണക്കാലം വന്നതോടെ വിദ്യാഭ്യാസത്തിൽ അടിസ്ഥാനമായി മൂന്നു മാറ്റങ്ങൾ വന്നിട്ടുണ്ട്.

ഒന്ന്, വിദ്യാർത്ഥികൾ ഓട്ടോണമസ് ആയി. അവർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ, ഇഷ്ടപ്പെടുന്ന അദ്ധ്യാപകരിൽ നിന്നും ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്പെടുന്ന സ്ഥലത്തിരുന്ന് പഠിക്കാം എന്നത് അവർക്ക് മനസ്സിലായിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികൾ എന്നാൽ പന്ത്രണ്ടാം ക്ളാസ്സ് പാസ്സ് ആയ, ജോലി കിട്ടാൻ വേണ്ടി വിദ്യ ആർജ്ജിക്കുന്നവർ എന്നത് പൂർണ്ണമായും ഇല്ലാതായി. പത്തു വയസ്സുള്ളവരും നൂറു വയസ്സ് കഴിഞ്ഞവരും, ജോലി ചെയ്യുന്നവരും, ജോലി ആഗ്രഹിക്കുന്നവരും, റിട്ടയർ ചെയ്തവരും, വീട്ടമ്മമാരും വീട്ടച്ഛന്മാരും എന്നിങ്ങനെ അറിവ്, ഏതൊരു കാരണത്താൽ ആഗ്രഹിക്കുന്നവരെല്ലാം വിദ്യാർത്ഥികളാണ്. അവർക്ക് അതിനുള്ള സാധ്യതയുണ്ട്.

മൂന്ന് , വിദ്യാഭ്യാസം സാർവർത്രികവും സൗജന്യവും ആക്കാമെന്ന് ലോകം മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോൾ തന്നെ നാപ്കിൻ മടക്കുന്നത് മുതൽ റോക്കറ്റ് സയൻസ് വരെയുള്ള ഏതൊരു വിഷയത്തിലും അറിവ് നേടാൻ ഒരു ഇമെയിലും ഒരു ഡേറ്റ പ്ലാനും മതിയാകും.

ഈ മൂന്നു കാര്യങ്ങളും ഇപ്പോൾ മനസ്സിലാക്കുന്ന രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും അദ്ധ്യാപകർക്കും മാത്രമേ ഇനി ഉന്നത വിദ്യാഭ്യാസ രംഗത്ത് ഭാവിയുള്ളൂ.

ലോകത്തെ പതിനായിരം യുണിവേഴ്‌സിറ്റികളിലും പത്തുലക്ഷം കോളേജുകളിലുമായി നൂറുകണക്കിന് സിലബസുകളുമായി കോടിക്കണക്കിന് വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഇന്നത്തെ പഠന ലോകത്തിന് ഇനി പത്തുവർഷം പോലും ഭാവിയില്ല.

യൂണിവേഴ്സിറ്റിയും കോളേജും അദ്ധ്യാപകരും പറയുന്ന സ്ഥലത്തും സമയത്തും കുട്ടികൾ ക്ലാസിൽ വന്നിരുന്ന് ഗുരുമുഖത്ത് നിന്നും വിദ്യ അഭ്യസിക്കുന്ന രീതി ആയിരം വർഷങ്ങൾക്കിപ്പുറം മ്യുസിയം പീസ് ആകുകയാണ്.

ഏതൊരു വിഷയത്തെയും പറ്റി, വിദ്യാർത്ഥികൾക്ക് ഏറ്റവും നന്നായി മനസിലാക്കിക്കൊടുക്കാൻ കഴിവുള്ള മനുഷ്യനോ റോബോട്ടോ വിദ്യാർത്ഥികളെ പഠിപ്പിക്കും എന്നതായിരിക്കും ഇനിയുള്ള രീതി. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തെല്ലാം കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഒരു സൂപ്പർ ടീച്ചറായിരിക്കും. കേരളത്തിലെ അഞ്ഞൂറ് ആർട്ട്‌സ് കോളേജിലും ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ് പഠിപ്പിക്കാൻ അഞ്ഞൂറ് ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ് അദ്ധ്യാപകരുടെ ആവശ്യം ഇനി ഉണ്ടാകില്ല. എയ്ഡഡ് കോളേജ്, അദ്ധ്യാപക നിയമനം, കാപ്പിറ്റേഷൻ ഫീ ഇതൊന്നും നാളെയുടെ പ്രശ്‌നങ്ങൾ അല്ല.

വിദ്യാർത്ഥികളിലേക്ക് വിജ്ഞാനം പകരാനുള്ള കഴിവാണ്, അല്ലാതെ വിഷയത്തിലുള്ള അറിവല്ല, ഇനി നല്ല അദ്ധ്യാപകനെ തീരുമാനിക്കാൻ പോകുന്നത്. നല്ല അദ്ധ്യാപകർ സൂപ്പർ സ്റ്റാർ ആകുക മാത്രമല്ല, അമിതാഭ് ബച്ചനും മമ്മൂട്ടിയും പോലുള്ള സൂപ്പർ സ്റ്റാറുകൾക്ക് അദ്ധ്യാപകരാകാനും സാധിക്കും.

വിദ്യാർത്ഥികൾ പഠിക്കുന്നത് അവർക്കിഷ്ടമുള്ള സ്ഥലത്തും സമയത്തും ആയിരിക്കും. ഒരേ ലക്‌ച്ചറർ പല പ്രാവശ്യം കാണുകയും കേൾക്കുകയും ചെയ്യാം.

ഒരേ വിഷയം പഠിക്കുന്ന ലോകത്തെവിടെയുമുള്ള വിദ്യാർത്ഥികൾ പരസ്പരം നെറ്റ്‌വർക്കുകളും സഹൃദങ്ങളുമുണ്ടാക്കും. അവർ ഒരുമിച്ച് പ്രോജക്ടുകൾ ചെയ്യും, ആശയങ്ങൾ ചർച്ച ചെയ്യും.

ലോകത്തെവിടെ ചെന്നാലും അവർ പഠിച്ച സിലബസും പഠിപ്പിച്ച അദ്ധ്യാപകരും ഒന്നായിരിക്കും. യുട്യൂബ് പോലെയും ഫേസ്‌ബുക്ക് പോലെയും ഒറ്റ യൂണിവേഴ്‌സിറ്റി ആയിരിക്കും ഇനി ലോകത്തുണ്ടാകുക.

ലോകത്ത് മാത്രമല്ല, ഇന്ത്യയിലും വലിയ മാറ്റങ്ങളാണ് വരുന്നത്.

കൊറോണാന്തരം വിദ്യാഭ്യാസ ലോകത്തുണ്ടായ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള വലിയ മാറ്റങ്ങളാണ് കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവരുന്നത്. ലോകത്തിനു തന്നെ മാതൃകയായ മാറ്റങ്ങൾ.

യു. ജി. സി. പിരിച്ചുവിടുന്നു.

ഉന്നതവിദ്യാഭ്യാസം വേണ്ടവർക്കായി ഒരു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഉണ്ടാകുന്നു.

ലോകത്തെവിടെ നിന്നും ക്ലാസ് റൂമിനകത്തോ ഓൺലൈനായോ പഠിച്ച കോഴ്സുകൾക്ക് ക്രെഡിറ്റ് നേടി അക്കാദമിക് ബാങ്കിൽ നിക്ഷേപിക്കാൻ അനുമതി വരുന്നു.

നമുക്ക് ഇഷ്ടമുള്ള ഏതൊരു വിഷയവും എവിടെനിന്നും പഠിക്കാൻ അനുവദിക്കുന്നു. മെഡിസിനും മ്യൂസിക്കും, ഫിസിക്സും ഫിലോസഫിയും ഭാഷയും മരപ്പണിയും ഉൾപ്പടെ എന്തും എന്തുമായും ചേർക്കാവുന്ന രീതി.

നമ്മുടെ ക്രെഡിറ്റ് ബാങ്കിലുള്ള കോഴ്സുകളുടെ എണ്ണവും രീതിയും അനുസരിച്ച് സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ഡിഗ്രിയോ നേടി പുറത്തുവരാൻ അവസരം നൽകുന്നു.

അഫിലിയേറ്റഡ് കോളേജ് എന്ന ഇപ്പോഴത്തെ സംവിധാനം എടുത്തുകളയുന്നു.

ഡിഗ്രി കൊടുക്കാനുള്ള അവകാശമുൾപ്പെടെയുള്ള ഓട്ടോണമസ് കോളേജുകൾ സാർവത്രികമാകുന്നു.

ഇതാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ഭാവി.

ഇതൊന്നും നമ്മൾ അറിഞ്ഞ മട്ടില്ല.

ഇന്നലത്തെ ചിന്തകളെയും ഉപകരണങ്ങളെയും കൊണ്ട് ഈ മാറ്റങ്ങളെ നേരിടാൻ നമുക്ക് സാധിക്കില്ല.

കേരളത്തിന് പുറത്ത് അധികമാരും കേട്ടിട്ടില്ലാത്ത, ലോകത്തെ യൂണിവേഴ്‌സിറ്റിയുടെ റാങ്കിങ് എടുത്താൽ ആദ്യത്തെ ആയിരത്തിലും വരാത്ത, കുറച്ചു സർവ്വകലാശാലകൾ ആണ് നമുക്കുള്ളത്. സത്യത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ ഭാവിയെക്കുറിച്ച് നമ്മുടെ യുവതലമുറ അവരുടെ കാലുകൾ കൊണ്ട് വോട്ട് ചെയ്യുന്നുണ്ട് (voting with their feet എന്ന പ്രയോഗം കേട്ടിട്ടില്ലാത്തവർ വായിച്ചു നോക്കണം).

ഏറ്റവും കൂടുതൽ മാർക്കുള്ളവരും, മറ്റു രീതിയിൽ സാധിക്കുന്നവരും കേരളത്തിന് പുറത്തേക്ക് ഐ.ഐ.ടി.യിലോ എൻ. ഐ. ടി.യിലോ എയിംസിലോ ഡൽഹി യുണിവേഴ്‌സിറ്റിയിലോ ബാംഗ്ലൂരിലെ ക്രൈസ്റ്റിലോ മദ്രാസ് ലയോളയിലോ പോകുന്നുണ്ട്

ഇതൊക്കെ ചുറ്റും നടക്കുന്‌പോഴാണ് നാം വൈസ് ചാൻസലർമാരുടെ നിയമനത്തെപ്പറ്റി, ആരാണ് ചാൻസലർ ആയിരിക്കേണ്ടത് എന്നതിനെ പറ്റി ചർച്ച നടത്തി സമയം കളയുന്നത്.

നമ്മുടെ ശ്രദ്ധ മുഴുവൻ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വന്നിരിക്കുന്ന വിദ്യാർത്ഥികളുടെ ഓട്ടോണമിയെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നതിൽ ആയിരിക്കണം.

നമ്മുടെ ശ്രദ്ധ ലോകത്തിലെ ഏറ്റവും നല്ല അദ്ധ്യാപകരിൽ നിന്നും സൗജന്യമായി പഠിക്കാനുള്ള അവസരം നമ്മുടെ വിദ്യാർത്ഥികൾക്ക് എങ്ങനെയാണ് ഉപകാരപ്പെടുത്താൻ പറ്റുന്നത് എന്നതായിരിക്കണം.

അതിന്റെ ആദ്യത്തെ പടി വിദ്യാഭ്യാസത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള സ്ഥാപനങ്ങൾക്ക് പരമാവധി ഓട്ടോണമി നൽകുക എന്നതാണ്.

നമ്മുടെ കൊളേജുകൾക്ക്.

പുതിയ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റും ബ്ലെൻഡഡ് ലേണിംഗും വന്നുകഴിഞ്ഞാൽ പിന്നെ നല്ല ഹോസ്റ്റലുകളും കോഫീ ഷോപ്പും ഇന്റർനെറ്റുമുള്ള സ്ഥലങ്ങൾ നോക്കി വിദ്യാർത്ഥികൾ പോകും. ലോകം അറിയുന്ന ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നുമുള്ള ബിരുദം കൊച്ചിയിലെ കോഫീഷോപ്പിലിരുന്ന് പഠിച്ചുനേടും. എന്നിട്ട് വെങ്ങോലയിലോ ബാംഗ്ലൂരിലോ ദുബായിലോ ഇരുന്ന് ഫേസ്‌ബുക്കിനോ അലിബാബക്കോ വേണ്ടി ജോലി ചെയ്യും.

എങ്ങനെയാണ് ഈ ലോകത്തിന് വേണ്ടി നമ്മുടെ കോളേജുകളെ തയ്യാറാക്കുന്നത്?

കോളേജുകൾ എന്നാൽ സർവ്വകലാശാലയുടെ കർശന നിയന്ത്രണങ്ങൾക്കുള്ളിൽ അവർ പറയുന്ന സിലബസിനുള്ളിൽ അവർ പറയുന്ന ദിവസങ്ങളിലും സമയത്തും അവർ പറയുന്ന പ്രായത്തിലുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ എന്ന നിയന്ത്രണങ്ങൾ മാറ്റണം.

വിദ്യ ആഗ്രഹിക്കുന്ന ആർക്കും കടന്നു ചെല്ലാവുന്ന, അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ അറിവുള്ളവർ ഉള്ള, അവരെ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും വിവിധ പാതകളിലേക്ക് നയിക്കുന്ന സ്ഥലങ്ങൾ ആകണം 'ലേർണിങ് ആൻഡ് ഡെവലപ്പ്‌മെന്റ്' സെന്ററുകൾ. കോളേജ് എന്ന പേര് പോലും നമുക്ക് വേണ്ട.

ഇപ്പോഴത്തെ കൊളേജുകൾക്ക് ലോകത്ത് എവിടെ പഠിക്കുന്ന കുട്ടികൾക്കും ഭൗതിക സൗകര്യങ്ങൾ ഒരുക്കാനുള്ള സ്വാതന്ത്ര്യം വേണം. ഓരോ കോളേജിലും സ്റ്റാർട്ട് അപ്പ് പാർക്കുകൾ വേണം, ഓരോ കോളേജിലും കുട്ടികൾക്ക് ജോലി ചെയ്യാനും ജോലി ചെയ്യുന്നവർക്ക് പഠിക്കാനുമുള്ള അവസരമുണ്ടാകണം.

കോളേജുകൾ തൊഴിലിടങ്ങൾ ആകുന്നത് പോലെ തൊഴിലിടങ്ങൾ ലേർണിങ് സെന്ററുകൾ ആകണം. ഇൻഫോ പാർക്കിലും ടെക്നോപാർക്കിലും വലിയ വ്യവസായ സ്ഥാപനങ്ങളിലും ബാങ്കുകളിലും ഒക്കെ ഇത്തരം ലേർണിങ് സെന്ററുകൾ ഉണ്ടാകണം. അവയിൽ ഇപ്പോഴുള്ള ട്രെയിനിങ്ങ് സെന്ററുകൾ അല്പം ഒന്ന് പാകപ്പെടുത്തിയാൽ മതി.

നമ്മുടെ യൂണിവേഴ്‌സിറ്റികൾ ഒക്കെ കൂടി കൂട്ടിയിണക്കി നമുക്ക് ഒറ്റ യൂണിവേഴ്‌സിറ്റി മതി. അതിന് പരമാവധി സ്വയം ഭരണം നൽകണം. സാധിക്കുന്നത്ര വിഭവങ്ങളും.

എന്നാൽ തന്നെ അതിന് തന്നെ വലിയ ഭാവിയൊന്നും കൊടുക്കേണ്ട, കൂടിയാൽ ഇരുപത് വർഷം. അതിനകം ആഗോളഭീമന്മാരായ സ്ഥാപനങ്ങൾ വരും, അവർ ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റികളെ മൊത്തമായി വിഴുങ്ങും.

നമ്മുടെ യൂണിവേഴ്‌സിറ്റികളിൽ നല്ല ഗവേഷണങ്ങളോ സൂപ്പർ ആയിട്ടുള്ള അദ്ധ്യാപകരോ ഒക്കെയുണ്ടെങ്കിൽ അതിനൊക്കെ ഡിമാൻഡ് ഉണ്ടാകും. ഇല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് ആകും യൂണിവേഴ്‌സിറ്റിയുടെ പ്രധാന മൂല്യം.

ഓൺലൈൻ ആയി പഠിക്കുന്‌പോൾ ലാബ് ഉള്ള വിഷയങ്ങൾ, പ്രാക്ടിക്കൽ ആയിട്ടുള്ള വിഷയങ്ങൾ ഒക്കെ പഠിപ്പിക്കാൻ സാധിക്കുമോ എന്നുള്ള ചോദ്യം (തപാലിൽ നീന്തൽ പഠിക്കാൻ പറ്റുമോ എന്ന പഴയ ചോദ്യം) ഏറെ ആളുകൾ എന്നോട് ചോദിക്കാറുണ്ട്. ന്യായമായി തോന്നാം.

ഓൺലൈൻ ആയി കണക്കു പഠിപ്പിക്കുന്നതിലും വലിയ മാറ്റങ്ങൾ ആണ് ഓൺലൈൻ ആയി കെമിസ്ട്രി പഠിപ്പിക്കുന്ന ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 'സപ്പോസ് ദിസ് എസ് എ ടെസ്റ്റ് ട്യൂബ്' എന്ന തരത്തിൽ വളരെ പരിമിതമായ ലാബ് സൗകര്യങ്ങളോടെയാണ് ലോകത്തെ അനവധി സ്ഥലങ്ങളിൽ ഇന്നും കെമിസ്ട്രിയുടെ ബാല പാഠങ്ങൾ പഠിപ്പിക്കുന്നത്.

അത് മാറുകയാണ്.

ലോകത്തെവിടെ നിന്നും ലോഗിൻ ചെയ്ത് പരീക്ഷണങ്ങൾ സിമുലേറ്റ് ചെയ്യാവുന്ന ലബോറട്ടറികൾ ലോകത്ത് ഒരുങ്ങുകയാണ്. സപ്പോസ് ടെസ്റ്റ് ട്യൂബ് കാരും ശരിയായ ടെസ്റ്റ് ട്യൂബ് കാരും ഓൺലൈൻ സിമുലേറ്റഡ് ടെസ്റ്റ് ട്യൂബ് കാരും തമ്മിലുള്ള മാറ്റം ഇല്ലാതാവുകയാണ്.

ഇതൊന്നും അതി വിദൂര കാലമല്ല. നമ്മുടെ തൊട്ടു മുന്നിൽ ഉണ്ട്, നമുക്ക് ചുറ്റുമുണ്ട്.

ആ കാലം നമ്മുടെ കുട്ടികൾ കാണുന്നുണ്ട്. അദ്ധ്യാപകരും, സർവ്വകലാശാലകളും അതിന് മുകളിലുള്ളവരും കാണുന്നുണ്ടോ?

കണ്ടാൽ നല്ലത്. ഇല്ലെങ്കിൽ വിദ്യാഭ്യാസം നമ്മുടെ സംവിധാനത്തെ ബൈ പാസ് ചെയ്യും.

അതോടെ നമ്മുടെ യുണിവേഴ്‌സിറ്റികളും കോളേജുകളുമെല്ലാം നോക്കുകുത്തികളായി മാറും.

അതൊഴിവാക്കണമെങ്കിൽ നമുക്ക് ഇന്നുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും മാറുന്ന നിയമത്തിനും സാങ്കേതികവിദ്യക്കും സാഹചര്യത്തിനുമനുസരിച്ച് മാറുന്ന ലോകത്തിന് വേണ്ടി എങ്ങനെ ക്രമീകരിക്കും എന്നതിനാണ് നമ്മുടെ മന്ത്രിമാരും ഉന്നത വിദ്യാഭ്യാസ കമ്മീഷനുമൊക്കെ സമയം ചെലവഴിക്കേണ്ടത്.

അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.

മുരളി തുമ്മാരുകുടി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP