Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുത്തലാഖ് ബിൽ വന്നപ്പോൾ പറഞ്ഞത് ഇത് മുസ്ലിം യുവാക്കളെ ജയിലിൽ അടക്കാനുള്ള അജണ്ടയെന്ന്; സിഎഎയിൽ ഉയർത്തിയത് നാടുകടത്തൽ ഭീതി; പെൺകുട്ടികളുടെ വിവാഹം പ്രായം ഉയർത്തുന്ന ഘട്ടത്തിലും പറയുന്നത് മോദിയുടെ രഹസ്യ അജണ്ട; വൃന്ദകാരാട്ടിനും ആനിരാജക്കും സോഷ്യൽ മീഡിയുടെ പൊങ്കാല; ഇടതുപക്ഷം താലിബാനോ പാർട്ടികളാവുന്നോ?

മുത്തലാഖ് ബിൽ വന്നപ്പോൾ പറഞ്ഞത് ഇത് മുസ്ലിം യുവാക്കളെ ജയിലിൽ അടക്കാനുള്ള അജണ്ടയെന്ന്; സിഎഎയിൽ ഉയർത്തിയത് നാടുകടത്തൽ ഭീതി; പെൺകുട്ടികളുടെ വിവാഹം പ്രായം ഉയർത്തുന്ന ഘട്ടത്തിലും പറയുന്നത് മോദിയുടെ രഹസ്യ അജണ്ട; വൃന്ദകാരാട്ടിനും ആനിരാജക്കും സോഷ്യൽ മീഡിയുടെ പൊങ്കാല; ഇടതുപക്ഷം താലിബാനോ പാർട്ടികളാവുന്നോ?

എം റിജു

നാധിപത്യ മഹിളാ അസോസിയേഷന്റെ, ജനാധിപത്യ വെട്ടിക്കളഞ്ഞതിനുശേഷം ജമാഅത്തെ ചേർത്തുകൊണ്ടുള്ള ട്രോൾ, ചെങ്കൊടിയും ചുറ്റികയും പച്ചക്കൊടിയിലാക്കിയ മൊത്തം പച്ച ബാക്ക്ഗ്രൗണ്ടിലാക്കിയ മറ്റൊന്ന്.... സോഷ്യൽമീഡയിയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന് എതിരായ രണ്ട് ട്രോളുകൾ ആണിവ. നോക്കുക, ഇന്ത്യയിലെ പെൺകുട്ടികളുടെ വിവാഹ പ്രായം 21വയസ്സിലേക്ക് ഉയർത്താനുള്ള ബിൽ കേന്ദ്രസർക്കാർ കൊണ്ടുവരുമ്പോൾ, അത് പൊതുവേ രാജ്യ പുരോഗതി അഗ്രഹിക്കുന്നവർ ഒക്കെയും സ്വാഗതം ചെയ്യുമ്പോൾ സമൂഹത്തിന്റെ ഹൃദയംപക്ഷ ആവേണ്ട ഇടതുപക്ഷം എന്താണ് ചെയ്യുന്നത്. സിപിഎം സൈബർ സഖാക്കാൾപോലും ഇതിനെ അനുകൂലിച്ച് പോസ്റ്റ് ഇട്ടുവരേവയാണ്, ഇടിത്തീപോലെ സഖാവ് വൃന്ദാകാരാട്ടും ആനിരാജയും രംഗത്ത് എത്തുന്നത്്. ഇത് നരേന്ദ്ര മോദിയുടെ രഹസ്യ അജണ്ടയുടെ ഭാഗമാണ് എന്നും പ്രായപുർത്തിയായ പെൺകുട്ടിയുടെ ലൈംഗികബന്ധത്തിനുള്ള അവസരം വൈകിപ്പിക്കുമെന്നും അരാജകത്വം സൃഷ്ടിക്കുമെന്നുമൊക്കെയുള്ള ബാലിശമായ വാദങ്ങളാണ് ഇവർ തട്ടിവിടുന്നത്.

ശരീയത്ത് വാദികളായ ഇസ്ലാമിസ്റ്റുകൾ മതപരമായ കാരണങ്ങളാൽ വിവാഹ പ്രായം ഉയർത്തുന്നതിനെയും , മുത്തലാഖിനെയും ഒക്കെ എതിർക്കുന്നത് നമുക്ക് മനസ്സിലാക്കാം. 78ൽ സ്ത്രീകളുടെ വിവാഹ പ്രായം 15ൽ നിന്ന് 18 വയസ്സാക്കി ഉയർത്തിയപ്പോൾ വൻ പ്രക്ഷോഭം നടത്തിയവരാണ് ഇന്നത്തെ മുസ്ലിംലീഗ് ഉൾപ്പെടെയുള്ളവർ. ഈ വിഷയത്തിൽ കോൺഗ്രസും ഇസ്ലാമിക പക്ഷത്തിന് ഒപ്പമാണ്. പക്ഷേ കോൺഗ്രസ് പോലെ അല്ലല്ലോ, പുരോഗമനത്തിന്റെ മൊത്ത വിതരണക്കാരായി നടിക്കുന്ന ഇടതുപക്ഷം.

ഇടതുനേതാക്കൾ ഈ ഭീതിവ്യാപാരം നടത്തുന്നതും, നുണ ഫാക്ടറി പ്രവർത്തിപ്പിക്കുന്നതും എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഒരുപക്ഷേ മോദിയെക്കാൾ ഏറെ രഹസ്യ അജണ്ടയുള്ളത് ഇടതുപക്ഷത്തിനാണെന്ന് വ്യക്തമാവുകയാണ്. കാരണം മോദി ഭീതി ഉയർത്തി എങ്ങനെയെങ്കിലും പത്തുവോട്ട് നേടുകയാണ ഇടതുപക്ഷത്തിന്റെ ലക്ഷ്യം. മുത്തലാഖ് ബില്ല് നോക്കുക. തോന്നിയപോലെ മൊഴിചൊല്ലാനുള്ള ഇസ്ലാമിക പുരുഷന്റെ മതപരമായ അധികാരത്തെ റദ്ദാക്കിക്കൊണ്ടുള്ള ആ ബിൽ വന്നപ്പോൾ സിപിഎം അടക്കമുള്ള ഇടതുപക്ഷം പ്രചരിപ്പിച്ചത് എന്താണ്. ഇത് മുസ്ലിം യുവാക്കളെ ജയിലിൽ അടക്കാനുള്ള മോദിയുടെ പദ്ധതിയാണെന്ന്. നോക്കുക, എന്നിട്ട് എത്രമാത്രം മുസ്ലിം പുരുഷനമ്മാരെ മോദി വേട്ടയാടി. ഇന്ത്യയിലെത്തിയ ചില രാജ്യങ്ങളിനിന്നുള്ള അഭയാർഥികൾക്ക് പൗരത്വം കൊടുക്കാനുള്ള നിയമമാണ് പൗരത്വഭേദഗതി നിയമം. അത് പ്രകാരം നിലവിലുള്ള ആരുടെയും പൗരത്വം എടുത്തുകളയാൻ കഴിയില്ല എന്നത് പകൽപോലെ വ്യക്തമാണ്. എന്നാൽ ഇവിടെ ഇടതുപക്ഷം പ്രചരിപ്പിച്ച്ത് പൗരത്വഭേദഗതി നിയമം നടപ്പിലായാൽ മുസ്ലീങ്ങളെ കൂട്ടത്തോടെ നാടുകടത്തുമെന്നായിരുന്നു. എന്നിട്ട് നിയമം വന്നിട്ട് എത്രകാലമായി. എത്ര മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് നാടുകടത്തി. ഇപ്പോൾ സമാനമായ നുണപ്രചാരണമാണ് സിപിഎം നടത്തുന്നത്. മോദി കൊണ്ടുവരുന്ന എന്തിനെയും അന്ധമായി എതിർക്കുക. അങ്ങനെ മുസ്ലിം വോട്ടുബാങ്ക് ഉണ്ടാക്കുക. ശരിക്കും തീക്കളിയാണ് ഇപ്പോൾ സിപിഎം നടത്തുന്നത്.

അമ്പരപ്പിക്കുന്ന സിദ്ധാന്തങ്ങളുമായി ആനിരാജയും വൃന്ദയും

സാമൂഹിക ബോധം ഏറെ ഉണ്ടെന്ന് കേരളം കരുതിയിരുന്ന രണ്ട് നേതാക്കൾ ആയിരുന്നു ആനിരാജയും വൃന്ദാകാരാട്ടും. എന്നാൽ പാർട്ടികളുടെ ചട്ടുകങ്ങളായി നിന്നുകൊണ്ട് ഇവർ പറയുന്ന അബദ്ധങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ ആവുകയാണ്. പുരുഷന്മാരുടെ വിവാഹ പ്രായവും 18വയസ്സാക്കട്ടെ എന്നാണ് ഒരു ചാനലിൽ ആനിരാജ പറഞ്ഞത്. 'ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പൊ ക്യാമറയും ഒപ്പം ചാടട്ടെ' എന്ന് ഒരു ചിത്രത്തിൽ ശ്രീനിവാസൻ പറഞ്ഞതാണ് ഓർമ്മവരുന്നത്. 18 വയസ്സിൽ വോട്ട് ചെയ്യുന്നവർക്ക് ആ പ്രായത്തിൽ വിവാഹം കഴിക്കാനും അവകാശമുണ്ട് എന്നാണ് വൃന്ദകാരാട്ടിന്റെ താത്വികമായ അലവലോകനം.കേന്ദ്രസർക്കാർ കോർപറേറ്റുകൾക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും പെൺകുട്ടികൾക്ക് പോഷകാഹാരം എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നുമാണ് അവർ പറയുന്നു.

ഈ വാദങ്ങളൊക്കെ കേട്ട് ജനം മൂക്കത്ത് വിരൽവെച്ചുപോവുകയാണ്. 'കൊറോണക്കെതിരെയുള്ള സമരം ആഗോള മുതലാളിത്തത്തിനെതിരെയുള്ള സമരമായി കൂടി പരിവർത്തിപ്പി'ച്ചത് പോലെ വിവാഹപ്രായ ബില്ലും മുതലാളിത്ത കോർപറേറ്റ് നയങ്ങൾക്കെതിരെയുള്ള പ്രതിരോധമായി വളർത്താനാണ് സിപിഎം പരിപാടിയെന്ന സോഷ്യൽ മീഡിയ ട്രോളുന്നു. സ്വതന്ത്രചിന്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ കെ. എ നസീർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.''മുതലാളിത്തം വൈകാതെ അതിന്റെ ആന്തരിക വൈരുദ്ധ്യം മൂർച്ഛിച്ച് സ്വയം ഇല്ലാതാവും.കോർപറേറ്റുകളൊക്കെ തുലഞ്ഞ് കുത്തുപാളയെടുക്കും.അങ്ങനെ സമത്വ സുന്ദര സുരഭില സോഷ്യലിസം സ്ഥാപിതമാവും.അദാനിയും അംബാനിയും യൂസഫലിയും രവിപിള്ളയുമൊക്കെ സി ഐ ടി യു വിൽ ചേരും.തിരുവനന്തപുരത്തെ ലുലുമാൾ ക്യാപ്സൂൾ നിർമ്മാണശാലയാക്കി മാറ്റും.ബ്രാഞ്ച് കമ്മറ്റികൾ വഴി രാജ്യത്തെ സർവ്വ നാരീജനങ്ങൾക്കും പോഷകാഹാരം വിതരണം ചെയ്യും.അങ്ങനെ നാരീജനങ്ങളൊക്കെ ആരോഗ്യദൃഢഗാത്രരാവുന്ന മുറയ്ക്ക് രാജ്യത്തെ വിവാഹപ്രായം ഘട്ടം ഘട്ടമായി ഉയർത്തും.അതുവരെ മുതലാളിത്തത്തിന്റെ കരാളഹസ്തങ്ങൾക്കെതിരെയുള്ള വർഗസമരം തുടരാനാണ് പരിപാടി..ലാൽ'സലാം' !
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ല .''

വൃന്ദാകാരാട്ടും ആനിരാജയും, യഥാർത്ഥ മനുവാദികൾ ആണെന്നും യഥാർത്ഥ താലിബറലുകൾ എന്നാണ് വിളിക്കേണ്ടതെന്നും സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സജീവ് ആല ചൂണ്ടിക്കാട്ടുന്നു. ''പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ ഭാരതത്തിലെ യുവതീയുവാക്കൾ സർവാത്മനാ സ്വാഗതം ചെയ്യുന്നു. അപ്പോഴാണ് രണ്ട് ഇടത് നാരീമണികൾ കുത്തിത്തിരിപ്പുമായി ഇറങ്ങി മുജാഹിദ് ബാലുശ്ശേരി ഐറ്റംസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മുത്തലാഖ് നിരോധനനിയമം വന്നപ്പോഴും ഇതേ കുതന്ത്രവുമായി ഇവർ വന്നതാണ്. അന്നും ചീറ്റിപ്പോയി. ഇന്ത്യൻ ജനതയുടെ സ്പന്ദനമറിയാതെ ഇടതുപക്ഷം വംശനാശഭീഷണി നേരിടുന്നതിന്റെ കാരണവും ഇതുതന്നെയാണ്.ബാലുശ്ശേരി സ്‌ക്കൂളിലെ യൂണിഫോം പരിഷ്‌ക്കരണം നരേന്ദ്ര മോദിയായിരുന്നു മുന്നോട്ട് വച്ചിരുന്നതെങ്കിൽ അവിടെയും എതിർപ്പിന്റെ വാളുമായി ഈ പ്രോഗ്രസീവ് ഉണ്ണിയാർച്ചമാർ ചാടിവീഴുമായിരുന്നു.പതിനെട്ടാം വയസ്സിൽ കല്യാണം കഴിക്കാനുള്ള പെൺകുട്ടികളുടെ അവകാശത്തിനായി തിരുനാവായ മണപ്പുറത്ത് ചാവേർ പോരാട്ടം നടത്തുമെന്ന വാശിയിലാണ് ഡൽഹിവാലരാജകുമാരിമാർ.

മുത്തലാഖ് നിരോധിച്ചാൽ ഞങ്ങ എതിർക്കും.ബഹുഭാര്യാത്വം നിരോധിച്ചാൽ ഞങ്ങ എതിർക്കും.മുസ്ലിം സ്ത്രീകൾക്ക് സ്വത്തിൽ തുല്യാവകാശം കൊണ്ടുവന്നാൽ ഞങ്ങ എതിർക്കും പെണ്ണിനെ മുഖരഹിതവസ്തുവാക്കി മാറ്റുന്ന ബുർഖ നിരോധിച്ചാൽ ഞങ്ങ എതിർക്കും.അപ്പോ നിങ്ങ ആരുവാ...?

താലിബാൻ പ്രോത്സാഹന വനിതാസഹകരണ പ്രസ്ഥാനികൾ എന്നായിരിക്കും ചരിത്രം നിങ്ങളെ രേഖപ്പെടുത്താൻ പോകുന്നത്. നെഹ്റു ഹിന്ദുകോഡ് കൊണ്ടുവന്നു. അതിന്റെ ഗുണഫലങ്ങൾ ഇന്ന് ഹിന്ദുപുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്നു. ഇസ്ലാമിന്റെ കാര്യം വന്നപ്പോൾ മതേതര തീവ്രവാദിയായിരുന്ന നെഹ്റുവിന്റെ കൈകൾ വിറച്ചു മുട്ടുകൾ കൂട്ടിയിടിച്ചു.മതേതര ജനാധിപത്യ രാജ്യത്ത് പ്രാകൃത ഇസ്ലാമിക സ്ത്രീവിരുദ്ധ ശരിയത്ത് ഒരു പോറലുപോലും ഏൽക്കാതെ ഇന്നും നിലനിൽക്കുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്നുവരെ ഒരു വനിതാ ജില്ലാ സെക്രട്ടറി പോലും ഉണ്ടായിട്ടില്ല.അതേസമയം ബിജെപി അവരുടെ പാർട്ടിയുടെ ഭരണത്തിന്റെ സർവമേഖലകളിലും വനിതാ പ്രാതിനിധ്യവിപ്ലവം തന്നെ നടത്തിക്കഴിഞ്ഞിരിക്കുന്നു. ബേട്ടി ബച്ചാവോ എന്നത് പൊള്ളയായ മുദ്രാവാക്യമല്ലെന്ന് നരേന്ദ്ര മോദി പ്രവൃത്തിയിലൂടെ കാട്ടിത്തന്നിരിക്കുന്നു.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പതിനഞ്ചും പതിനാറും വയസ്സിലാണ് ഇന്നും ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടുന്നത്. ഫ്യൂഡലിസത്തിന്റെ ഇരകളായ ഈ കുഞ്ഞുങ്ങളുടെ വിമോചകനായി കാലം മോദിയെ അടയാളപ്പെടുത്തിയേക്കാം. 

ഹിന്ദുകോഡ് ബിൽ അംബേദ്കർ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയ യാഥാസ്ഥിതിക ഹിന്ദു മതഭ്രാന്തരുടെ വർത്തമാനകാല വനിതാ എഡിഷനുകളാണ് വൃന്ദാ കാരാട്ടും ആനിരാജയും.ഇസ്ലാമിക പുരുഷന്മാരെ നുള്ളാതെ നോവിക്കാതെ പരമാവധി സുഖിപ്പിച്ച് സ്ഥിരമായ വോട്ടുബാങ്ക് ഒപ്പിക്കാനുള്ള അടവുനയമൊന്നും ഇനിയുള്ള കാലം വിജയിക്കാൻ പോകുന്നില്ല. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ കഴിവില്ലാത്തവർക്കായിട്ടാണ് ചരിത്രം ചവറ്റുകുട്ട ഒരുക്കിവയ്ക്കുന്നത്.എന്നാലും ഒരു ഹിന്ദു വർഗീയ പാർട്ടി നേതാവിനേക്കാൾ പിന്തിരിപ്പികളായി പോയല്ലോ നമ്മുടെ സയാമീസ് വിപ്ലവസിങ്കികൾ..അയ്യേ നാണക്കേട്''- ഇങ്ങനെയാണ് സജീവ് ആല തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇത് മോദിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടാണോ?

ഷാബാനുബീഗം കേസിന്റെ കാലത്തുതൊട്ട് നാം കേൾക്കുന്നതാണ് ഇസ്ലാമിക മൗലികാവാദികൾക്കുമുന്നിൽ അടിയറ വെക്കുന്ന രാഷ്ട്രീയക്കാരുടെ ഉദാഹരണങ്ങൾ. എന്നാൽ മുത്താലാഖിൽ അടക്കം മുസ്ലിം സ്ത്രീകളുടെ രക്ഷകയാവുന്നത് സാക്ഷാൽ നരേന്ദ്ര മോദിയാണെന്നതാണ് ഏറ്റവും വിചിത്രം. ഇപ്പോൾ മോദി സർക്കാർ വീണ്ടും സ്ത്രീകളുടെ അന്തസ് ഉയർത്തുവാനുള്ള ഒരു നിയമത്തിലേക്ക് കൂടി കടക്കുകയാണ്. ഉത്തരേന്ത്യയിൽ 60 ശതമാനവും ഹിന്ദു പെൺകുട്ടികളുടെ വിവാഹവും നടക്കുന്നത് ഇപ്പോളും 18വയസ്സിൽ താഴെയാണ്. സത്യത്തിൽ ഈ ബിൽ ലക്ഷ്യമിടുന്നത് ഹിന്ദു പെൺകുട്ടികളെയാണ്. പക്ഷേ ഉറഞ്ഞുതുള്ളത് ഇസ്ലാമിസ്റ്റുകളും. രണ്ട് പ്രശ്നങ്ങളാണ് അവരുടെതേ്. ഒന്ന് ശരീയത്ത് ലംഘിക്കപ്പെടുന്നു. രണ്ട് ഭാവിയിൽ ഏക സിവിൽ കോഡ് നടപ്പാകുന്നതിന്റെ തുടക്കം കൂടിയായി ഇതിനെ വിലയിരുത്താം. ഒരു മതേതര രാജ്യത്ത് എങ്ങനെയാണ് ഇസ്ലാമിക ശരീഅത്തുമായി മുന്നോട്ട് പോകാൻ കഴിയുക. ഇസ്ലാമിക ക്രിമിനൽ നിയമങ്ങളാണോ ഇവിടെ അനുശാസിക്കുന്നത്. ഇസ്ലാമിക നിയപ്രകാരം മോഷണത്തിന് കൈ വെട്ടലും, വ്യഭിചരിച്ചതിന് കല്ലെറിഞ്ഞ് കൊല്ലലുമാണ് ശിക്ഷ. അങ്ങനെയാണോ ഇന്ത്യൻ ശിക്ഷാ നിയമം. ഏക സിവിൽ നിയമങ്ങളെ അനുസരിക്കില്ല എന്ന് പറയുന്നവർ ഏക ക്രമിനിൽ നിയമങ്ങളെ അംഗീകരക്കേണ്ടണ്ടതില്ലേ.ഈ ചോദ്യങ്ങളൊന്നും ഇവിടുത്തെ കോൺഗ്രസും ഇടതുപക്ഷവും ചോദിക്കില്ല.

ഇനി നരേന്ദ്ര മോദിക്ക് ഒരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാട് ഒന്നുമല്ല പെൺകുട്ടികളുടെ വിവാഹപ്രായം 21വയസ്സ് ആക്കുക എന്നത്. 1891ൽ പെൺകുട്ടികളുടെ വിവാഹ പ്രായം പത്തിൽനിന്ന് 12 വയസ്സാക്കി ഉയർത്തിയത് ബ്രിട്ടീഷുകാർ ആണ്. ആദ്യരാത്രിയിൽ അരക്കെട്ട് തകർന്ന് മരിച്ച ഫൂൽമണി എന്ന പത്തു വയസ്സുമാത്രമുള്ള പെൺകുട്ടിയുടെ അനുഭവം അവർക്ക് ഇതിന് പ്രചോദമായി. അന്ന് ബാലഗംഗാധര തിലകൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും തങ്ങളുടെ മതത്തിൽ തൊടരുത് എന്ന് പറഞ്ഞ് വിവാഹ പ്രായ വർധനവിനെതിരെ ഉറഞ്ഞ് തുള്ളുകയായിരുന്നു. ബാല ഗംഗാധരതിലകും, ബിപിൻചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികൾ പോലും ഈ ബില്ലിനെ എതിർത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളിൽ ഘോരഘോരം എഴുതുകയും ചെയ്തു. പക്ഷേ 'സതി' നിരോധിച്ച കാലത്തെന്നപോലെ ബ്രിട്ടീഷുകാർ തോക്ക് എടുത്തതോടെ എല്ലാവും ഓടി ഒളിച്ചു.

1829 ലെ സതി നിരോധന നിയമം, 1840- ലെ അടിമത്ത നിരോധന നിയമം, 1856 ലെ വിധവാ വിവാഹ നിയമം, 1891ലെ ഏജ് ഓഫ് കൺസെന്റ് ബിൽ, 1929ലെ ദ ചൈൽഡ് മാര്യേജ് റിസ്റ്റ്‌റെയിൻഡ് ആക്റ്റ് എന്നിവയൊക്കെ എടുത്തുനോക്കുക. മതമൗലികവാദികളോട് പടപൊരുതിക്കൊണ്ടാണ് ഈ നിയമങ്ങൾ ബ്രിട്ടീഷുകാർ നടപ്പാക്കിയത്. ഇതൊക്കെയാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹിക നിലവാരം അൽപമെങ്കിലും മെച്ചപ്പെടാൻ ഇടയാക്കിയ നിയമ നിർമ്മാണങ്ങൾ. അല്ലാതെ മതവും പാരമ്പര്യവും അല്ല സ്ത്രീകൾക്ക് തുണയായത്. എല്ലാ മതങ്ങളും ഒന്നിനൊന്ന് മെച്ചമായി സ്ത്രീ വിരുദ്ധത വിളക്കിച്ചേർക്കുന്നുമുണ്ട്. പിതാവ് മരിച്ച മക്കളെ പൂർണ്ണമായും അനാഥരാക്കിക്കൊണ്ട്, അമ്മയെക്കൂടി ചിതയിലിട്ട് കത്തിക്കാനുള്ള അവകാശത്തിനുവേണ്ടി വലിയ നാമജപ ഘോഷയാത്ര നടത്തിയവർ ആയിരുന്നു ഇന്ത്യാക്കാർ എന്നത് ഇന്ന് നമ്മെ നാണിപ്പിക്കുന്നു.പത്തിൽനിന്ന് 12ലേക്കും പിന്നെ 16ലേക്കും പിന്നെ 18ലേക്കും സ്ത്രീയുടെ വിവാഹപ്രായം ക്രമാനുഗതമായി ഉയർത്തിയത് മതമൗലികാ വാദികളുടെ തിട്ടൂരങ്ങളെ എതിർത്തുകൊണ്ടുതന്നെയാണ്. 1929ലെ ശാരദ ആക്ടിൽ ഭേദഗതി വരുത്തി 1978ലാണ് പെൺകുട്ടികളുടെ വിവാഹപ്രായം 15ൽനിന്ന് 18 ആയി ഉയർത്തിയത്. ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ മറ്റൊരു സുപ്രധാന നീക്കത്തിലേക്ക് കൂടി കടക്കുകയാണ്.

നടപടി ശാസ്ത്രീയമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ

ഇന്ത്യയിൽ ആൺകുട്ടികളുടെ വിവാഹ പ്രായം നിലവിൽ 21 ആണ്. അത് പതിനെട്ടിലേക്ക് മാറ്റണമെന്ന് മത ഗ്രൂപ്പുകളുടെ കുശിനി സംഘങ്ങൾ അഭിപ്രായ രൂപീകരണം നടത്തുന്നതിന് ഇടയിലാണ് ഏവരെയും ഞെട്ടിച്ച് രണ്ടുവർഷം മുമ്പ് പ്രധാനമന്ത്രിയുടെ സ്വാതന്ത്രദിന പ്രസംഗം വരുന്നത്. ഇതിലാണ് പെൺകുട്ടികുടെ വിവാഹ പ്രായവും 21ലേക്ക് ഉയർത്തുമെന്ന് ആദ്യ സൂചന കിട്ടുന്നത്. അതിനുശേഷവും കാര്യങ്ങൾ പെട്ടെന്ന് മുന്നോട്ട് നീങ്ങി. പഠനത്തിന് സാമൂഹിക പ്രവർത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ വിദഗ്ധ സമിതിയെ കേന്ദ്രം നിയോഗിച്ചു.

മാതൃമരണ നിരക്ക് കുറയ്ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവക്കായി വിവാഹ പ്രായം ഉയർത്തുന്നതാണ് നല്ലതെന്ന റിപ്പോർട്ടാണ് ഈ സമിതി സമർപ്പിച്ചത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെൺകുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. യുനീസെഫ് ഇന്ത്യയിൽ അടക്കം നടത്തിയ നിരവധി പഠനങ്ങളും ഇതോടോപ്പമുണ്ട്. സ്ത്രീയുടെ മാനസികവും ശാരീരികവുമായ പുർണ്ണവളർച്ച 21വയസ്സിനോട് അടുത്താണ് നടക്കുന്നത് എന്നാണ് പുതിയ കണ്ടെത്തൽ. വിവാഹം, ഗർഭം, കുട്ടികൾ എന്ന രീതിയിൽ തളച്ചിടാതെ ഒരു ഡിഗ്രി എടുക്കുന്നതുവരെയെങ്കിലും പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് പൊതുവെ സ്ത്രീകളുടെ പുരോഗതിയും ക്ഷേമവും തന്നെയാണ് ലക്ഷ്യമിടുന്നത്.

ഉത്തരേന്ത്യയിലെ സാമൂഹിക സാഹചര്യം പഠിക്കുന്ന ആർക്കും പറയാൻ കഴിയില്ല, ഇത് മുസ്ലീങ്ങളെ ലക്ഷ്യമിട്ട് ഉണ്ടാക്കിയതാണെന്ന്. കാരണം ജാതിയിൽ ജനിച്ച്, ജാതി ശ്വസിച്ച്, ജാതി ഭക്ഷിച്ച, ജാതിയിൽ മരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാതി മേലധ്യക്ഷന്മാർ തന്നെയാണ് പെൺകുട്ടികളുടെ വിവാഹത്തിൽ തീരുമാനിക്കുക. അതുകൊണ്ടുതന്നെ 14 തൊട്ട് 17വരെയാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ പെൺകുട്ടിയുടെ ഇപ്പോഴത്തെ ശരാശരി പ്രായം. നിയമം ഉണ്ടായിട്ടും ഇതാണ് അവസ്ഥ.

പക്ഷേ ഇന്ത്യയിൽ ഇപ്പോൾ ഹൈന്ദവ സംഘടനകൾ ഇതിനെ എതിർക്കുന്നില്ല. എതിർപ്പ് മുഴവൻ വരുന്നത് മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്നാണ്. 'തങ്ങളുടെ മത നിയമപ്രകാരം പക്വതയാണ് സ്ത്രീയുടെ പ്രായപൂർത്തി എന്ന ഉഡായിപ്പ് ഡയലോഗാണ് അവർ അടിക്കുന്നത്. സ്ത്രീയെ ഉപയോഗിച്ച ശേഷം വലിച്ചെറിയാൻ സഹായിക്കുന്ന മുത്തലാഖ് ബില്ലിന്റെ സമയത്തും നാം ഇതേ ഡയലോഗ് ആണ് കേട്ടത്. അതിലൊന്നു യാതൊരു കാര്യവുമില്ല. ശൈശവ വിവാഹം കഴിക്കാൻ കഴിയാത്തതിന്റെ നിരാശയാണ് ഇത് മത പുരുഷന്മാർക്ക് ഉള്ളത്'- സ്വതന്ത്ര ചിന്തകയും ആക്റ്റീവിസ്റ്റുമായ ജാമിദ ടീച്ചർ ഇങ്ങനെ പ്രതികരിക്കുന്നു.

ലോകത്തിലെ ശൈശവ വിവാഹങ്ങളിൽ 40 ശതമാനവും ഇന്ത്യയിൽ

യൂണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ലോകത്തിൽ ഉണ്ടാവുന്ന ശൈശവ വിവാഹങ്ങളിൽ നാൽപതു ശതമാനവും ഇപ്പോഴും ഇന്ത്യയിലാണ് നടക്കുന്നത്. പഠിത്തം പാതി വഴിയിൽനിർത്തി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതോടെ അവരുടെ എല്ലാ സ്വപ്നങ്ങളും ഇല്ലാതാവുകയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ മാർഗം വിദ്യാഭ്യാസത്തിനുള്ള അവസരമാണെന്നും അത് ഇന്ത്യയിൽ നിഷേധിക്കപ്പെടുന്നത് വിവാഹത്തിലൂടെയാണെന്നുമാണ് പല പഠനങ്ങളും പറയുന്നത്.

ശൈശവ വിവാഹത്തിനായി കേരളത്തിലെ മുസ്ലിം ഗ്രൂപ്പുകൾ പറയുന്ന അതേ ന്യായമാണ് ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്തുകാരും നിരത്തുന്നത്. പതിനഞ്ചും പതിനാറും വയസ്സിൽ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടില്ലെങ്കിൽ അവരുടെ സ്വഭാവം ചീത്തയാകുമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കന്മാരും, മതമേധാവികളും അവരെ ന്യായീകരിക്കുന്നവരും ഇന്നും നമുക്കു ചുറ്റും ഉണ്ട്. സ്ത്രീകൾക്ക് സ്വന്തം ശരീരത്തെപ്പറ്റിപ്പോലും തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികം മനുഷ്യരും. മാത്രമല്ല, പെണ്ണിന്റെ കന്വകാത്വത്തെക്കുറിച്ച് നിലനിൽക്കുന്ന അദ്ധവിശ്വാസങ്ങളും ശൈശവിവാഹത്തിന് ആക്കം കൂട്ടുന്നു. യുനിസെഫിന്റെ തന്നെ പഠനത്തിൽ തെളിഞ്ഞത്, ആദ്യ രാത്രിയിൽ കിടക്കയിൽ രക്തം കണ്ടില്ല എന്ന കാരണത്താൽ പെൺകുട്ടികളെ ഉപേക്ഷിക്കു രീതി ഇന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്നുവെന്നതാണ്. ഇത് അതിജീവിക്കായി ബ്ലേഡ് കൊണ്ട് വിരലിൽ മുറിവുണ്ടാക്കുന്ന വധുമാരുടെ കഥകളും സുലഭമാണ്.

ഇനി ഇസ്ലാമിക സമൂഹത്തിലേക്ക് വന്നാൽ വിവാഹ പ്രായം 18 വയസ്സാണെങ്കിലും നിക്കാഹ് എന്ന ഒരു രീതിയുണ്ട്. അത് എപ്പോൾ വേണമെങ്കിലും നടത്താം. നിക്കാഹ് കഴിഞ്ഞ് ഒന്ന് രണ്ടുവർഷം കഴിഞ്ഞാവും വിവാഹം. അതിനിടിയിൽ വധു ചിലപ്പോൾ ഗർഭിണിയുമാവും. ഫലത്തിൽ 18 വയസ് നിബന്ധന അട്ടിമറിയുകയാണ് ഇവിടെ. വനിതാ വിവാഹപ്രായം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ജയ ജയ്റ്റ്ലി സമിതി റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ മുസ്ലിം ലീഗ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. നിലവിലുള്ള നിയമം തന്നെ ശക്തമായിരിക്കെ ഇനി എന്തിനാണ് വിവാഹപ്രായം ഉയർത്തുന്നതെന്ന് വനിതാ ഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.നൂർബിനാ റഷീദ്ചോദിക്കുന്നു. . പ്രായം ഉയർത്തുന്നതിലൂടെ സ്ത്രീക്കെന്താണ് നേട്ടം എന്നാണ് ചോദ്യം. സ്ത്രീയെ പുറകോട്ട് വലിക്കാനുള്ള നടപടിയാണിതെന്നും നൂർബിന പറയുന്നു. ഇന്ത്യയിൽ പകുതിയിലധികം സ്ത്രീകളാണ്. ആരോടും ചർച്ച ചെയ്യാതെ, ജനപ്രതിനിധികളോട് ചർച്ച ചെയ്യാതെ തീരുമാനമെടുക്കുന്നത് ശരിയല്ല എന്നും ഇവർ പറയുന്നു.

അമേരിക്ക ഉൾപ്പെടെയുള്ള പല വികസിത രാഷ്ട്രങ്ങളും പെൺകുട്ടികളുടെ വിവാഹപ്രായം 21ൽ നിന്ന് 18 ആക്കി കുറച്ചിട്ടുണ്ട്. അതിനും താഴെ പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ ജുഡീഷ്യൽ ഓതറൈസേഷൻ വാങ്ങി വിവാഹം ചെയ്യാം എന്നാണ് വാദം.

വിദേശരാജ്യങ്ങളിൽ സംഭവിക്കുന്നത്

ഡൊമനിക്ക് ലാപ്പിയർ കൊൽക്കൊത്തയെക്കുറിച്ച് എഴുതിയ ആനന്ദഗരം എന്ന പുസ്തകത്തിൽ പറയുന്നു. 'ഇന്ത്യയിലെ ഒരു ശരാശരി പിതാവിന്റെ ഏറ്റവും വലിയ ലക്ഷ്യമാണ് മകളുടെ വിവാഹം. അയാൾ ജീവിച്ചിരിക്കുന്നത് അത് കാണാൻ വേണ്ടിയാണ്.'' ഇന്ത്യയിൽ ഇന്നും പെൺകുട്ടികളെ കെട്ടിച്ചുവിടുകയാണ്. വിദേശരാജ്യങ്ങളിലെപ്പോലെ അവർക്ക് സ്വതന്ത്രമായി തീരുമാനിക്കാൻ കഴിയുന്നില്ല. വിദേശ വികസിത രാജ്യങ്ങളിൽ മാസങ്ങൾ നീണ്ട ഡേറ്റിങ്ങ് കഴിഞ്ഞ് പരസ്പരം അറിഞ്ഞശേഷമാണ് അവർ വിവാഹത്തിലേക്ക് കടക്കുന്നുത്. ദീർഘനാളത്തെ ലിവിങ്ങ് ടുഗദറിനുശേഷം കുട്ടികൾ ഉണ്ടായിക്കഴിഞ്ഞ് വിവാഹം കഴിക്കുന്നവരും അനവധി. ഗേ, ലെസ്‌ബിയൻ വിവാഹങ്ങളും സ്വാഭാവികം. ഇങ്ങനെ സ്വാതന്ത്രമുള്ള നാടിനെയും, അതിവിദൂരഗ്രഹമായ ചൊവ്വയും വ്യാഴവും വരെ ഇടപെടുന്ന നമ്മുടെ നാട്ടിലെ കല്യാണങ്ങളെയും എങ്ങനെയാണ് താരതമ്യം ചെയ്യാൻ കഴിയുക. എന്നാൽ സിപിഎം അടക്കമുള്ള പാർട്ടികൾ എടുത്തുകൊണ്ടുവരുന്നത് വിദേശ രാജ്യങ്ങളിൽ വിവാഹ പ്രായം 18 ആണെന്ന കാര്യമാണ്.

സൈബർ ലോകത്ത് കടുത്ത സിപിഎം പ്രചാരകയായ സുനിത ദേവദാസ് ഇങ്ങനെ എഴുതുന്നു. ''കാനഡ, അമേരിക്ക തുടങ്ങിയ പരിഷ്‌കൃത രാജ്യങ്ങളിൽ വിവാഹപ്രായം 18 അല്ലെ, എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ആ രാജ്യങ്ങൾ പരിഷ്‌കൃത രാജ്യം എന്നറിയപ്പെടുന്നത് അവർ ആരെയും ' കെട്ടിച്ചു വിടാത്തത് ' കൊണ്ട് കൂടിയാണ്. അവിടെയൊന്നും ആരും ആരെയും കെട്ടിച്ചു വിടുന്നില്ല. മക്കളെ കെട്ടിക്കുന്നത് ആരുടെയും സ്വപ്നമല്ല, ജീവിത ലക്ഷ്യമല്ല, അതിനായി അവർ സ്ത്രീധനം സ്വരുകൂട്ടുന്നില്ല. ചെക്കനെ തേടുന്നില്ല, ജാതകം നോക്കുന്നില്ല

പകരം ആളുകൾ ഏത് പ്രായത്തിലായാലും അവർക്ക് ഇഷ്ടമുള്ള ഇണകളെ തെരെഞ്ഞെടുക്കുകയാണ്. അതിനാൽ അവിടെയൊന്നും വിവാഹപ്രായം 18 ആയാലും അത് ആരുടെയും ജീവിതത്തെ ബാധിക്കുന്നില്ല. ഇന്ത്യയിൽ മാതാപിതാക്കൾ മക്കളെ 'കെട്ടിച്ചു വിടുന്ന' ഏർപ്പാട് തുടരുന്നിടത്തോളം കാലം പ്രായപരിധി മിനിമം 21 എങ്കിലും ആവേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം .പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നില്ക്കാൻ വിദ്യാഭ്യാസം വേണം, ജോലി വേണം .കാരണം വിവാഹം എന്ന സംഗതി വേണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള ചിന്താ വ്യക്തത ഉണ്ടാവണമെങ്കിൽ പോലും 21 വയസ് വേണം എന്ന് കരുതുന്നു.''- ഇത് സുനിതയുടെ ആദ്യഘട്ട പ്രതികരണം ആയിരുന്നു. സിപിഎം നിലപാട് മാറ്റിയതോടെ ഇപ്പോൾ ആനി രാജയുടെ അഭിമുഖവുമായി സുനിത രംഗത്ത് എത്തിയിരിക്കയാണ്.

പരിഷ്‌കൃത രാജ്യങ്ങളിൽ വിവാഹവും ലൈംഗികതയും തമ്മിൽ ഒരു ബന്ധവുമില്ല. രണ്ടും രണ്ടാണ് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. സ്വതന്ത്രചിന്തകൻ കെ. എ നസീർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''18 വയസ്സ് പൂർത്തിയായവർക്ക് ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിയമം അനുവദിക്കുന്ന ഒരു രാജ്യത്താണ് നമ്മളുള്ളത്.ലൈംഗികമായ ആവിഷ്‌കാരം കുടുംബമെന്ന റേഷൻഷാപ്പ് വഴി മാത്രമേ പാടുള്ളൂ എന്നൊന്നും വാശി പിടിക്കുന്നതിൽ ഒരു കഥയുമില്ല.ലൈംഗികതയെ പറ്റിയൊക്കെ ഇപ്പോഴും ആറാം നൂറ്റാണ്ട് സാഹിത്യം ചുമന്ന് ചുമല് തളർത്തേണ്ട കാര്യവുമില്ല.അണ്ഡ വിസർജനവും ശുക്ലവിസർജനവും തുടങ്ങി എന്നതുകൊണ്ട് മാത്രം എത്രയും പെട്ടെന്ന് ദാമ്പത്യമെന്ന ആലയിൽ കൊണ്ടു പോയി കെട്ടേണ്ട കാര്യവുമില്ല.ജീവിതത്തിൽ ആവിഷ്‌കാരത്തിനും ആനന്ദത്തിനുമൊക്കെ നിരവധി വഴികളുണ്ട്.അതിൽ ഒന്ന് മാത്രമാണ് ലൈംഗികത.ആ ഒന്ന് മാത്രമാണ് 'മോക്ഷ'മാർഗം എന്ന് കരുതി സിദ്ധാന്തിക്കുന്നത് വിവരക്കേടാണ്.'ഉദ്ധാരണം' ഒരു കുറ്റമല്ല.എന്നാൽ അതും 'പൊക്കിപ്പിടിച്ച്' ആളുകളെ ഉദ്ധരിക്കാൻ വരുന്നത് ഭോഷത്തരമാണ്.ലൈംഗികത ജന്തുവർഗത്തിലെ പരമപ്രധാനമായ ഒരു വികാരം തന്നെയാണ് എന്നതിൽ സംശയമില്ല.അതിന്റെ കൊടുക്കൽ വാങ്ങലുകളിൽ കുറേകൂടി സ്വാഭാവികതയും ഫ്ലക്സ്ബിലിറ്റിയും നീതിബോധവും ഉണ്ടാവേണ്ടതുണ്ട്.ലൈംഗികതയ്ക്ക് ശരീരം പാകമാകുമ്പോഴേക്കുംകെട്ടിച്ചയക്കലും കെട്ടിപ്പിക്കലുമാണ് അതിന് പരിഹാരമെന്ന് ഞാൻ കരുതുന്നില്ല...വിവാഹപ്രായം ഉയർത്തിക്കൊണ്ടുള്ള ബില്ല് കൊണ്ട് വരുന്ന കേന്ദ്രസർക്കാരിന് അഭിവാദ്യങ്ങൾ.''

ഇത് ഇടതുപക്ഷമോ ഇസ്ലാമോ പക്ഷമോ?

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ എം.എൻ കാരശ്ശേരി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.'' മുസ്ലിം ലീഗിന്റെ നിലപടിൽ എനിക്ക് അമ്പരപ്പില്ല. കാരണം വിവാഹപ്രായം 18 വയസ്സ് ആക്കിയപ്പോൾ തന്നെ 78ൽ സമരം ചെയ്തവർ ആണ് അവർ. എന്നാൽ ഇടതുപക്ഷത്തിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ആനിരാജ അടക്കമുള്ള ആളുകളുടെ നിലപാടുകൾ എന്നെ അമ്പരപ്പിക്കുന്നതാണ്. 34 വർഷം നീണ്ടുനിന്ന എന്റെ അദ്ധ്യാപന ജീവിതത്തിനിന്ന് പറയാം. വിവാഹത്തോടെ അവസാനിക്കുന്ന ഒന്നാണ് ജാതിമതഭേദമന്യേ പെൺകുട്ടികളുടെ പഠിത്തം. ഒറ്റപ്പെട്ട അപവാദങ്ങൾ ഉണ്ടാവും. എന്നാലും പൊതുവെ അതാണ് സ്ഥിതി. ഒരു പെൺകുട്ടി ഡിഗ്രി എടുക്കാൻ മിനിമം 20 വയസ്സെങ്കിലും അവും. അങ്ങനെ ഒരു ജോലികൊണ്ടോ വിദ്യാഭ്യാസം കൊണ്ടോ അവളെ ഉയർത്താൻ നോക്കുന്നതിന് പകരം, ഈ യാഥാസ്ഥികർക്ക് കുടപിടിക്കുന്നവർ സമൂഹത്തെ പിറകോട്ട് വലിക്കയാണ്.''

കഴിഞ്ഞ കുറേക്കാലമായി നമ്മൾ കാണുന്നത് ഇതുതന്നെയാണ്. പൊളിറ്റിക്കൽ ഇസ്ലാമിനുമുന്നിൽ കീഴടങ്ങിക്കൊണ്ട് ഇസ്ലാമോ പക്ഷമായി ഇടതുപക്ഷം മാറിയെന്ന് ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള സാമൂഹിക നിരീക്ഷകർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഉദാഹരണമായി ശബരിമലയിൽ സ്ത്രീപ്രവേശനത്തിനുവേണ്ടി വാദിക്കുന്ന സിപിഎമ്മിനോട്, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് ഒന്ന് അഭിപ്രായം ചോദിച്ചു നോക്കൂ. ജെൻഡർ ഈക്വാലിറ്റ് വസ്ത്രങ്ങൾക്ക് വേണ്ടി ഇന്ന് വാദിക്കുന്ന സിപിഎം ആക്റ്റീവിസ്റ്റുകൾ, മുസ്ലീസ്ത്രീകൾ പർദയിൽ മൂടി ചാക്കുകെട്ടുകൾ പോലെ നടക്കുന്നതിൽ ഒരു അഭിപ്രായവും പറയില്ല. സ്ത്രീക്ക് എറ്റവും സംരക്ഷണം തരുന്ന മതമാണ് ഇസ്ലാം എന്നാണ് സഖാവ് ഷംസീറിനെപ്പോലുള്ളവർ പറയുന്നത്. ( മുഹമ്മദ് റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന് ലീഗ് നേതാക്കൾ പറഞ്ഞിട്ടും ഷംസീറിന്റെ പ്രതികരണം കേട്ടിട്ടില്ല)

മുസ്ലിം വോട്ട് ബാങ്കിലേക്ക് പ്രവേശനം കിട്ടാനായി കേരളപ്പിറവി തൊട്ട് സകലമാന അടവുകളും പയറ്റി പരാജയപ്പെട്ട കേരളത്തിലെ ഇടതുപക്ഷം, ഇസ്ലാമിക തീവ്രവാദികളെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചു തുടങ്ങിയിട്ട് കാലം കുറേ ആയി. മദനി മഹാത്മാഗാന്ധിക്ക് തുല്യനായതും, ഇടത്യുവാക്കളുടെ പോലും ആവേശമായതും അങ്ങനെയാണ്.പ്രബുദ്ധ കേരളത്തിലെ പൊളിറ്റിക്കൽ അജണ്ട ഇസ്ലാമിസ്റ്റുകൾ സെറ്റ് ചെയ്തു. എൽ.ഡി.എഫും യു.ഡി.എഫും അവരുടെ കളിപ്പാവകളായി മാറി. ചേകന്നൂർ മൗലവിയെ അരിവാൾ ഇസ്ലാമിസ്റ്റുകൾ അപ്രത്യക്ഷമാക്കി. തെളിവുമില്ല തുമ്പുമില്ല ഡെഡ് ബോഡിയുമില്ല പ്രതികളുമില്ല. ജോസഫ് മാഷിനെ കൊടും കുറ്റവാളിയാക്കി പൊലീസിനെ കൊണ്ട് വേട്ടയാടിച്ച് ഇസ്ലാമിക ഭീകരർക്ക് അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുത്തു.ടിപ്പു, വാരിയം കുന്നൻ തുടങ്ങിയ ഷേഡി കഥാപാത്രങ്ങളെ മേക്ക് ഓവർ നടത്തി മഹാത്മാക്കളാക്കി.

നവോത്ഥാനം എന്നത് ഏതെങ്കിലും ഒരു സമുദായത്തിന്റെത് മാത്രമാണ് സമൂഹത്തിൽ മൊത്തത്തിൽ വേണ്ടത് അല്ലെന്നാണ് ഇടതു സർക്കിളികളുടെ പൊതുബോധം. ഇതിന് കാരണവുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെടയടക്കം വോട്ടിങ്ങ് പാറ്റേൺ നോക്കുക. പലയിടത്തും മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിന് വൻ തോതിൽ കിട്ടിയിട്ടുണ്ട്. അല്ലെങ്കിലും പത്തുവോട്ടാണെല്ലോ ജനാധിപത്യത്തിൽ എല്ലാറ്റിലും വലുത്.

വാൽക്കഷ്ണം: ഷാബാനുബീഗം കേസിന്റെ കാലത്ത് സിപിഎം പുരോഗമനപക്ഷത്തായിരുന്നെന്ന് മറക്കുന്നില്ല. ഇ.എം.എസിന്റെ നേതൃത്വത്തിൽ സിപിഎമ്മും ശക്തമായി ശരിയത്തിനെതിരെ രംഗത്ത് വന്നു. അതിന് ലീഗ് തിരിച്ചടിച്ചത് 'അഞ്ചുംപത്തും പത്തും കെട്ടും ഇ.എം.സിന്റെ ഓളെയും കെട്ടും' എന്ന ആഭാസ മുദ്രാവാക്യം ഉയർത്തിയായിരുന്നു. ഷാബാനുകേസ് ഇന്നാണെങ്കിൽ സിപിഎം ശരീയത്ത് സംരക്ഷണ വേദി രൂപീകരിച്ച് വൃന്ദകാരാട്ടും, ആനിരാജയും പ്രസംഗിക്കേണ്ട ഗതികേട് ഉണ്ടായനേ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP