Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഹിണി കോടതി സ്‌ഫോടനം; അറസ്റ്റിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ ആത്മഹത്യക്ക് ശ്രമിച്ചു

രോഹിണി കോടതി സ്‌ഫോടനം; അറസ്റ്റിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രോഹിണി കോടതിയിൽ സ്‌ഫോടനം നടത്തിയ കേസിൽ അറസ്റ്റിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ ഭരത് ഭൂഷൺ കട്ടാരിയാ ആത്മഹത്യക്ക് ശ്രമിച്ചു. ഹാൻഡ് വാഷ് കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിച്ചു.

ഡിസംബർ 9ന് രാവിലെ പത്തരയോടെയാണ് ഡൽഹി രോഹിണി കോടതിക്കുള്ളിൽ സ്‌ഫോടനം നടന്നെന്ന വാർത്ത പുറത്ത് വരുന്നത്. കോടതി കെട്ടിടത്തിലെ 102-ാം നമ്പർ ചേംബറിനുള്ളിലാണ് സ്ഫോടനമുണ്ടായത് കോടതി നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. സെപ്റ്റംബറിൽ കോടതിക്കുള്ളിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന സംഭവമായതിനാൽ തന്നെ സുരക്ഷവീഴ്‌ച്ചയെ സംബന്ധിച്ച് വലിയ ചർച്ചകൾക്ക് സംഭവം വഴിവച്ചു.

ബോംബ് സ്വയം നിർമ്മിച്ച് ലാപ്‌ടോപ്പ് ബാഗിൽ ഒളിപ്പിച്ച് കോടതിയിൽ എത്തിച്ച് സ്‌ഫോടനം നടത്തിയത് കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഭരത് ഭൂഷൺ കട്ടാരിയയാണെന്ന് കഴിഞ്ഞ ദിവസമാണ് ഡൽഹി പൊലീസ് വെളിപ്പെടുത്തിയത്. അയൽവാസിയായ അഭിഭാഷകൻ അമിത് വസിഷ്ഠിനോടുള്ള വ്യക്തി വിരോധമാണ് ബോംബ് സ്‌ഫോടനം നടത്താൻ ഇയാളെ പ്രേരിപ്പിച്ചത്.

അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ചെറിയ ബോംബ് നിർമ്മിച്ച് ലാപ്‌ടോപ്പ് ബാഗിൽ ഒളിപ്പിച്ച് കോടതി മുറിയിൽ ഇയാൾ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം കോടതിക്ക് പുറത്തിറങ്ങി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ബോംബ് പൊട്ടിച്ചു. അഭിഭാഷകൻ കേസിൽ ഹാജരാകാൻ കോടതിയിൽ എത്തിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടിച്ചത്. എന്നാൽ നിർമ്മാണത്തിൽ വന്ന പിഴവ് കാരണം സ്‌ഫോടക വസ്തുവിന് തീപിടിച്ചില്ല. ഇത് കാരണമാണ് വലിയ സ്‌ഫോടനം ഒഴിവായതെന്നാണ് പൊലീസ് പറയുന്നത്.

സംഭവ സ്ഥലത്ത് നിന്നും സ്‌ഫോടക വസ്തുക്കളും ചോറ്റുപാത്രവും പൊലീസ് കണ്ടെടുത്തിരുന്നു. ബോംബ് കൊണ്ടുവന്ന ബാഗും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്. ബോംബ് എങ്ങനെ നിർമ്മിച്ചു എന്നതടക്കം മറ്റുകാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. കേസിൽ മറ്റൊരുടെയെങ്കിലും സഹായം കിട്ടിയോ എന്നും അന്വേഷണം നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP