Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരട്ടക്കൊലപാതകത്തിൽ വിറങ്ങലിച്ച് സംസ്ഥാനം; അതീവ ജാഗ്രത പാലിക്കേണ്ട സമയത്തും തലസ്ഥാനത്ത് ക്രിക്കറ്റ് കളിച്ച് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ; സൗഹൃദ മത്സരം, മുങ്ങിമരിച്ച സഹപ്രവർത്തകന്റെ സംസ്‌കാരം നടക്കുംമുമ്പെ

ഇരട്ടക്കൊലപാതകത്തിൽ വിറങ്ങലിച്ച് സംസ്ഥാനം; അതീവ ജാഗ്രത പാലിക്കേണ്ട സമയത്തും തലസ്ഥാനത്ത് ക്രിക്കറ്റ് കളിച്ച് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ; സൗഹൃദ മത്സരം, മുങ്ങിമരിച്ച സഹപ്രവർത്തകന്റെ സംസ്‌കാരം നടക്കുംമുമ്പെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് രാഷ്ട്രീയ കൊലപാതങ്ങൾ നാടും നഗരവും വിറങ്ങലിച്ച് നിൽക്കുമ്പോൾ തലസ്ഥാന നഗരിയിൽ ഉന്നത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ ക്രിക്കറ്റ് ലഹരിയിൽ. കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കുന്ന തിരക്കിലായിരുന്നു തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ.

തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാൻ പോയ പൊലീസുകാരൻ മുങ്ങിമരിച്ചിട്ടും സൗഹൃദ ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെയിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി സേനയ്ക്കുള്ളിൽ പോലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്‌ച്ച രാവിലെയാണ് ഐപിഎസ് -ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം അരങ്ങേറിയത്.

നാട് വിറങ്ങലിച്ച് നിൽക്കുന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഈ ക്രിക്കറ്റ് കളി നടന്നതെന്ന കാര്യവും ശ്രദ്ധേയമാകുന്നത്. 12 മണിക്കൂറിന്റെ ഇടവേളയിൽ ഉണ്ടായ രണ്ട് കൊലപാതകങ്ങൾ അക്ഷരാർത്ഥത്തിൽ ആലപ്പുഴയെ നടുക്കി. സംസ്ഥാനത്തെമ്പാടും ജാഗ്രതാനിർദ്ദേശം നിലവിലുണ്ട്. ആക്രമണങ്ങളോ പ്രത്യാക്രമണങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്.

എസ്ഡിപിഐയുടെ ആലപ്പുഴയിലെ പ്രധാന നേതാവായ ഷാനിന്റെ കൊലപാതക വാർത്ത പുറത്തു വന്നതിനു പിന്നാലെ പ്രത്യാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ വ്യാപകമായി നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ആക്രമണ സാധ്യത തിരിച്ചറിയാൻ ഇന്റലിജൻസിന് കഴിഞ്ഞില്ല എന്നാണ് വ്യാപക വിമർശനം ഉയരുന്നത്. പൊലീസ് വിന്യാസം കൂടുതൽ ശക്തമാക്കിയിരുന്നെങ്കിൽ ആലപ്പുഴ നഗരമധ്യത്തിൽ ബിജെപി നേതാവിന് നേരെയുണ്ടായ ആക്രമണമെങ്കിലും തടയാൻ കഴിയുമായിരുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതീവ ജാഗ്രത പാലിക്കേണ്ട ഈ സമയത്താണ് പൊലീസിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമുണ്ടായതെന്നാണ് ആക്ഷേപം.

ഇന്നലെ പ്രതിയെത്തിരഞ്ഞ് പോകവേ വള്ളം മറിഞ്ഞ് മരിച്ച പൊലീസുദ്യോഗസ്ഥൻ ബാലുവിന്റെ മൃതദേഹം തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വച്ച അതേസമയത്തായിരുന്നു കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉന്നതരുടെ ക്രിക്കറ്റ് വിനോദം.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ അടക്കമാണ് ട്വന്റി-20 മത്സരത്തിൽ പങ്കെടുത്തത്. ഇത് നേരത്തെ നിശ്ചയിച്ച പരിപാടിയായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റിവെക്കാമായിരുന്നു എന്ന് പൊലീസ് സേനക്കിടയിൽ തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്. മുങ്ങിമരിച്ച പൊലീസുകാരന്റെ പോസ്റ്റുമോർട്ടം നടക്കുമ്പോൾ ക്രിക്കറ്റ് മത്സരം നടത്തിയതിലെ ഔചിത്യക്കുറവും സേനയിലെ ചിലർ ചൂണ്ടിക്കാട്ടുന്നു.

ശനിയാഴ്‌ച്ചയാണ് കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാൻ പോയ എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ബാലു മുങ്ങിമരിച്ചത്. ബാലുവിന്റെ മൃതദേഹം എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കുന്നതുവരെ ഈ മത്സരം നീണ്ടു.

ട്രെയിനിങ് എഡിജിപി യോഗേഷ് ഗുപ്ത, ഡിസിപി വൈഭവ് സക്‌സേന അടക്കമുള്ളവർ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നു. കളിയുടെ തിരക്കുണ്ടായിരുന്നതുകൊണ്ട് മരിച്ച പൊലീസുദ്യോഗസ്ഥൻ ബാലുവിന്റെ പൊതുദർശനത്തിന് ശേഷമാണ് ഡിസിപി വൈഭവ് സക്‌സേന എസ്എപി ക്യാമ്പിലെത്തിയത്. സ്വന്തം സേനയിലെ സഹപ്രവർത്തകന് ആദരാഞ്ജലി അർപ്പിക്കാൻ പോലും ഡിസിപി എത്തിയില്ല.

സേനയിൽത്തന്നെ ഒരംഗത്തിന്റെ വിയോഗമുണ്ടായിട്ടും, തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽത്തന്നെ രണ്ട് രാഷ്ട്രീയകക്ഷികളിൽപ്പെട്ട രണ്ട് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ട് മണിക്കൂറുകൾ പോലും കഴിയുന്നതിന് മുമ്പേ ആസ്വദിച്ച് ചിരിച്ച് തിമർത്ത് ക്രിക്കറ്റ് കളിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രാവിലെ എട്ട് മണി മുതൽ 12 മണി വരെയായിരുന്നു മത്സരം നടന്നത്.

പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങിയാണ് പൊലീസുദ്യോഗസ്ഥനായ ബാലു മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. സിഐ ഉൾപ്പടെ മൂന്ന് പൊലീസുകാരാണ് ബാലുവിനൊപ്പം വള്ളത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വള്ളം ആടിയുലഞ്ഞ് മറിഞ്ഞത്. ബാലുവിന് നീന്തൽ അറിയുമായിരുന്നില്ല എന്നതിനാൽ ചെളിയിൽ ആഴ്ന്ന് പോയതാണെന്നാണ് ഒപ്പമുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ പറയുന്നത്.

ബാലു ട്രെയിനിങ് പൂർത്തിയാക്കി ആഴ്ചകൾ മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ. ഈ മാസം 15-നാണ് ബാലു ഉൾപ്പടെ 50 പൊലീസുകാർ എസ്എപി ക്യാമ്പിൽ നിന്ന് ശിവഗിരി ഡ്യൂട്ടിക്ക് പോയത്.ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഇദ്ദേഹം സെപ്റ്റംബറിലാണ് പരിശീലനം പൂർത്തിയാക്കിയത്. ബിടെക് ധനതത്വശാസ്ത്രം എന്നിവിയിൽ ബിരുദം നേടിയിട്ടുണ്ട്. ട്രെയിനിങ് എഡിജിപി യോഗേഷ് ഗുപ്തയുടെ കീഴിൽ ട്രെയിനിങ് പൂർത്തിയാക്കിയ ഒരു പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം സംഭവിച്ചിട്ടും, ഒന്ന് കണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും യോഗേഷ് ഗുപ്ത എത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP