Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓണം ചില നുറുങ്ങിയ ചിന്തകളിലൂടെ

ഓണം ചില നുറുങ്ങിയ ചിന്തകളിലൂടെ

സന്തോഷ് പവിത്രമംഗലം

വീണ്ടും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരു ഓണം വരവായി. ഈ ഒരു സമയത്ത്, ഓണക്കാലത്തേക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചു. കുട്ടിക്കാലത്തെ എന്റെ ഓണം അതിശ്രേഷ്ഠമായിരുന്നു. അത് ഇന്നത്തെപ്പോലെ വ്യാവസായികമായിരുന്നില്ല. ചാനലുകൾക്കുള്ള കൊയ്ത്ത് കാലവും ആയിരുന്നില്ല. 18 വയസ്സുമുതൽ ഏകദേശം 25 വയസ്സിന് താഴെയുള്ള നമ്മുടെ സിനിമാ ലോകത്തെ നടിമാർ ഒരു കസവ് സാരി ഉടുത്ത് അണിഞ്ഞൊരുങ്ങി മിനി സ്‌ക്രീനിൽ വന്ന് വാചാലരാകുമ്പോൾ എനിക്ക് അവരോട് സഹതാപം തോന്നാറുണ്ട്. ചാനലുകൾക്ക് വേണ്ടി എഴുതി പഠിച്ച ചില ഡയലോഗുകൾ. 'എന്റെ കുട്ടിക്കാലത്തെ ഞങ്ങളുടെ തറവാട്ടിലെ ഓണം' എന്നൊക്കെ പറഞ്ഞ് കത്തിക്കയറുമ്പോൾ ഏകദേശം 30 വർഷം മുമ്പെങ്കിലും തനിമയാർന്ന ഓണം കേരള മണ്ണിന് നഷ്ടപ്പെട്ടുവെന്ന് പറയുമ്പോൾ അല്പം വേദന തോന്നാറുണ്ട്.

മുപ്പതു വർഷം എന്നത് യഥാർത്ഥ കണക്ക് അല്ലാ എങ്കിൽ കൂടി, എന്ന് കേരളത്തിന്റെ കാർഷിക സമ്പത്ത് നിലച്ചോ, അന്ന് മുതൽ ഓണം എന്ന് പറയുന്നത് മറ്റ് സംസ്ഥാനക്കാരുടെ ഒരു കൊയ്ത്തുൽസവമായി മാറിക്കഴിഞ്ഞു. ഉപ്പ് മുതൽ വാഴയിലവരെ കടയിൽ നിന്നും വാങ്ങി ഓണം ഒരുക്കേണ്ടി വന്ന മലയാളിയുടെ അവസ്ഥ പരിതാപകരം തന്നെ. ഓണം എന്ന് പറയുന്നത്, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പര്യായയമായിരുന്നു. അടുത്ത വീട്ടിൽ ഓണം ഒരുങ്ങുവാൻ ഒരുവന് സാധിച്ചില്ലെന്ന് അയൽവാസി അറിഞ്ഞാൽ ആ വീട്ടിലേക്ക് ആവശ്യമുള്ളതൊക്കെയും അവനവന്റെ കഴിവ് അനുസരിച്ച് എത്തിച്ച് കൊടുത്ത് ഒരുവൻ പോലും ഓണം ഉണ്ണാത്ത അവസ്ഥ ഉണ്ടാകാതെ നോക്കിയിരുന്നു. എന്നാൽ നമ്മുടെയൊക്കെ ഭാഗ്യം കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടും കേരളത്തിൽ ഒരു കാലത്ത് ഒരു വിഭാഗം അനുഭവിച്ച ദാരിദ്ര്യ ദുഃഖങ്ങൾ മാറി.

അതൊക്കെ ജീവിതത്തിന്റെ ഒരു വശം. ഞാൻ ഇവിടെ പറയാൻ തുടങ്ങിയത് എന്റെ കുട്ടിക്കാലവും ഓണവും. എന്റെ ഫേസ് ബുക്ക് പേജിൽ സുഹൃത്തുക്കൾ ഓണം ആശംസിച്ചത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. നാമും നമ്മുടെ നാടും വളരെയധികം പുരോഗമിച്ചു. ഈ പുരോഗതിയുടെ പാതയിൽ കൂടി നാം സഞ്ചരിക്കുമ്പോൾ നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ ഒരുമിനിട്ട് എങ്കിലും നാം അറിയാതെ നമ്മുടെ മനസ് പഴയ ഒരു കാലഘട്ടത്തിലേക്ക് പോകും. ചിലത് കയ്‌പേറിയതാകാം, ചിലത് മാധുര്യമുള്ളതാകാം. അങ്ങനെ ഒരു ചിന്ത കഴിഞ്ഞ ദിവസം എന്റെ മനസ്സിലൂടെ കടന്നുപോയി. നാട്ടിലുള്ള എന്റെ ഒരു സുഹൃത്തിനോട് ഞാൻ തിരക്കി, 'ഓണമൊക്കെ എത്തറ്റമായി' അപ്പോൾ ആ വ്യക്തി പറഞ്ഞു, തുടക്കമെന്നോണം ഉപ്പേരി വറത്തൂ. എനിക്ക് അല്പം പ്രയാസം തോന്നി. സ്വന്തം വീട്ടിൽ ഒരു ഉപ്പേരി വറക്കുന്നത് കണ്ടിട്ട് ഏകദേശം 25 വർഷമെങ്കിലും ആയിട്ടുണ്ടാകും. അമ്മ വറുത്ത് ഇടുന്ന ഉപ്പേരി, ചൂട് മാറാതെ തന്നെ മൺ ചട്ടിയിൽ നിന്നും പെറുക്കി തിന്നുകയും, കുറച്ച് എടുത്ത് പോക്കറ്റിൽ ഇട്ട് ഊഞ്ഞാൽ ആടുമ്പോൾ കൊറിക്കുകയും ചെയ്തിരുന്ന പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണം. ആ കാലത്ത് പ്രകൃതിപോലും മനുഷ്യന് വിധയപ്പെട്ടിരുന്നു. മനുഷ്യൻ പ്രകൃതിയെ സ്‌നേഹിച്ചിരുന്നു. മനുഷ്യന് മണ്ണിന്റെ മണമുണ്ടായിരുന്നു.

എന്റെ സുന്ദരമായ ഗ്രാമത്തിൽ ചിങ്ങമാസം ആദ്യം തന്നെ കൊയ്ത്ത് കഴിഞ്ഞിരിക്കും. കൃഷി ഉള്ളവനും ഇല്ലാത്തവനും പുത്തരിച്ചോറ് കൊണ്ട് ഓണം ഒരുങ്ങാം. കൂടാതെ മറ്റ് കൃഷികളുടെയും വിളവെടുപ്പ് ചിങ്ങമാസത്തിൽ തന്നെയാകും. ഏത്തക്കുല, കപ്പ, കാച്ചിൽ, ചേമ്പ്, ചേന എന്നു വേണ്ട, ഒരു കർഷക കുടുംബത്തിന് ഓണം ഒരുങ്ങുവാൻ വേണ്ടതെല്ലാം സ്വന്തം പറമ്പിൽ ഉത്പാദിപ്പിച്ചിരുന്ന കാലം. ഇതിന്റെ ഒരു വിഹിതം വീട്ടിൽ കൃഷിയിൽ സഹായിച്ച ജോലിക്കാർക്കുള്ളതായിരുന്നു.

ഉത്രാട ദിവസം രാവിലെതന്നെ എന്റെ പിതാവ് ധാന്യങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ കയറി ഓരോരുത്തർക്കുമുള്ള വിഭവങ്ങൾ ഓരോ കുട്ടികളിൽ ആക്കി വയ്ക്കും. സഹായത്തിനായി എന്നെയും കൂട്ടുമായിരുന്നു. ജോലിക്കാർ വരുന്നതനുസരിച്ച് ഓരോരുത്തരുടെയും പങ്ക് കൊടുക്കും. തേങ്ങ, കപ്പ, ചേമ്പ്, കാച്ചിൽ, വാഴയ്ക്കാ, കൂടാതെ തൊഴുത്തിന്റെ മുകളിൽ പടർന്ന് പച്ചവിരിച്ച് കിടക്കുന്ന കുമ്പളത്തിൽ നിന്നും ഓരോ കുമ്പളം അങ്ങനെ എന്തൊക്കെ നടുധാന്യങ്ങൾ ദൈവം ഞങ്ങൾക്ക് നല്കിയിരുന്നോ അതിന്റെ ഒരു പങ്ക് ഞങ്ങളെ സഹായിച്ച ജോലിക്കാർക്കുള്ളതായിരുന്നു.

എന്റെ അച്ഛാച്ചന്റെ ഭാഗത്തുനിന്നും ഇത്രയും നല്കുമ്പോൾ അമ്മയെ സഹായിക്കുന്ന സ്ത്രീകൾക്കും അമ്മയുടെതായ ഒരു വിഹിതം അടുക്കള ഭാഗത്തുനിന്നും നല്കുമായിരുന്നു. സ്വന്തം വയലിൽ നിന്നും ലഭിച്ച നാടൻ എള്ളിന്റെ ശുദ്ധമായ എണ്ണ. ഈ ദിവസങ്ങളിൽ ശുദ്ധമായ എണ്ണ തലയിൽ തേച്ച് കുളിക്കുവാൻ കഴിയുന്നത് അവർക്ക് വലിയ ഒരു സന്തോഷമായിരുന്നു. അങ്ങനെ ഓരോ ജോലിക്കാരുടെയും വീടുകൾ നന്നായി ഓണം ഒരുങ്ങുമായിരുന്നു.

എന്റെ വീട്ടിലും അധികം ആർഭാടമില്ലാതെ കുടുംബാംഗങ്ങൾ മാത്രമായി ഓണം ഒരുങ്ങും. നേരത്തെ വറുത്ത് വച്ച ഉപ്പേരി, വാഴയിലയിൽ നല്ല കുത്തരിച്ചോറ്, ചെറുപയർ വറുത്ത് കുത്തിയെടുത്ത് ഉണ്ടാക്കിയ നല്ല പരിപ്പ് കറി, സാമ്പാർ, തോരൻ, അവിയൽ, ഇഞ്ചിക്കറി, നാരങ്ങാക്കറി ഇത്രയും ആകും സാധാരണ വിഭവങ്ങൾ. എന്റെ അമ്മ സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കിയ ഈ വിഭവങ്ങളുടെ രുചി മാഹാത്മ്യം ഇന്നും നാവിൻ തുമ്പിൽ മായാതെ നില്ക്കുന്നു. കൂടാതെ ഒരു സേമിയാ പായസം. വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ ഉപയോഗിച്ചുള്ള ഈ പായസം വിശേഷദിവസങ്ങളിലെ ഒരു പ്രത്യേകതയാണ്.

ഉച്ച ഊണിന് ശേഷം ഞാൻ വീട്ടിൽ നിന്നും ഇറങ്ങും. അവിടെ അടുത്ത് ഒരു പറമ്പിൽ അവിടങ്ങളിലുള്ള ആൺകുട്ടികളും പെൺകുട്ടികളും ഒത്തുകൂടും. കൂടാതെ മുതിർന്ന കുറച്ച് സ്ത്രീകളും. അവരുടെ നേതൃത്വത്തിൽ തിരുവാതിരകളിയും തുമ്പി തുള്ളലും, ഒക്കെയായി പെണ്ണുങ്ങളും, കബഡി, കിളിത്തട്ട്, നാടൻ പന്ത് അങ്ങനെ ഉള്ള കളികളുമായി ആൺകുട്ടികളും നേരം വൈകും വരെ വയലിന്റെ സമീപമുള്ള ആ പറമ്പിൽ ജാതിമത വ്യത്യാസമില്ലാതെ വലിയവനെന്നും ചെറിയവനെന്നും ഉള്ള തരം തിരിവില്ലാതെ ഓണം ഒരു ഉത്‌സവമാക്കിയിരുന്നു. ആ കാലത്ത് മദ്യപിച്ച് വഴിയരുകിൽ പാമ്പായി കിടക്കുന്ന ആരെയും കണ്ടിരുന്നില്ല. മാല പറിച്ച് ഓടുന്ന മോഷ്ടാക്കളെയും, ശരീര ഭാഗങ്ങൾ തുകയുടെ വലിപ്പം അനുസരിച്ച് വെട്ടിനുറുക്കുന്ന ക്വട്ടേഷൻ സംഘവും ഉണ്ടായിരുന്നില്ല. വൈകിട്ട് എല്ലാവരും ചേർന്ന് ഒരു ആർപ്പോ, ഇയ്യോ വിളി നാട്ടിലെങ്ങും മുഴങ്ങുമാറ് വിളിച്ച് സ്‌നേഹത്തോടെ പിരിഞ്ഞിരുന്ന ആ മനോഹര കാലം. ഇന്ന് ആർപ്പ് വിളിയും, തിരുവാതിര കളിയും എല്ലാം ചാനലുകൾ ഏറ്റെടുത്ത് കഴിഞ്ഞു. ജനമെല്ലാം അവരുടെ സമയത്തിനായി കാതോർക്കുന്നു.

മൂന്നാം ഓണത്തിന് മുടങ്ങാതെ എല്ലാ വർഷവും അമ്മയൊടൊപ്പം അമ്മ വീട്ടിൽ പോകുമായിരുന്നു വല്യപ്പച്ചനും അപ്പച്ചന്റെ ഏക സഹോദരനും കുറച്ച് പുകയില ഓണക്കാഴ്ചയായി നല്കുമായിരുന്നു. സ്വന്തമായി പുകയില വാങ്ങി മുറുക്കുവാൻ ഉള്ള സാമ്പത്തികശേഷി അപ്പച്ചനും അപ്പച്ചന്റെ സഹോദരനുമുണ്ടായിരുന്നു. എങ്കിലും ഞങ്ങൾ കൊണ്ടുചെല്ലുന്ന ഈ പുകയില അപ്പച്ചന്മാരുടെ ഒരു അവകാശമായിരുന്നു. ഏതോ കാരണത്താൽ ഒരു വർഷം ഓണ സമയത്ത് ഞങ്ങൾക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാനും അമ്മയും കൂടി അവിടെ ചെന്നപ്പോൾ ആ അപ്പച്ചന്മാർ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിൽ മായാതെ നില്ക്കുന്നു. ഓണത്തിന് മക്കളുടെ കൈയിൽ നിന്നും ഒരു പുകയില കിട്ടുന്നത് വലിയ ഒരു സന്തോഷമാണ്. ഈ വർഷം അത് കിട്ടാഞ്ഞപ്പോൾ, അത് ഒരു വിഷമം ആയിരുന്നു. സ്‌നേഹ ബഹുമാനങ്ങൾ നല്കി പ്രായമായവരെ ആദരിച്ചിരുന്നൂ, നമ്മുടെ കൊച്ചു കേരളം.

മൂല്യങ്ങളും സംസ്‌കാരങ്ങളും ഒട്ടും ലോപിക്കാതെ കാത്തു സൂക്ഷിച്ച മലയാളിയുടെ സുന്ദര കേരളത്തിന് ഇന്ന് എന്താണ് സംഭവിച്ചത്? സമുദായത്തിനെയും രാഷ്ട്രീയക്കാരെയും എന്തിനും ഏതിനും കുറ്റം പറയുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ടോ, ഞാനും ഇതിന്റെ ഒരു കാരണക്കാരനാണെന്ന്? ഈ ദുഷിച്ച അവസ്ഥയ്ക്ക് ഒരു മാറ്റം വേണ്ടയോ? ഞാൻ അനുഭവിച്ച സുന്ദര സൗഭാഗ്യങ്ങൾ എന്റെ പിൻതലമുറയ്ക്കും അനുഭവിക്കേണ്ടയോ? നമ്മൾ നശിപ്പിച്ച നമ്മുടെ പ്രകൃതി സമ്പത്തുകൾ നമുക്ക് തിരിച്ച് പിടിക്കേണ്ടേ?

സഹോദരങ്ങളെ, നമുക്ക് ഉണരാം. നമ്മുടെ അലസത, മത വിരോധം, സ്വാർത്ഥത എന്നിവ നമുക്ക് മാറ്റി നിർത്താം. ഒരേ സ്വരത്തിൽ ആർപ്പോ വിളിക്കാം, ഒരുമയോടെ നമുക്ക് റംസാനും ക്രിസ്മസും ദീപാവലിയും കൊണ്ടാടാം. ഒരേ സ്വരത്തിൽ നമുക്ക് പറയാം വന്ദേമാതരം. ഈ ഒരു ശക്തിക്കുമുന്നിൽ മതമൗലികവാദികളും കപട രാഷ്ട്രീയ കോമരങ്ങളും കത്തി ചാമ്പലാകട്ടെ. അങ്ങനെയുള്ള ഒരു ഇന്ത്യ, ദൈവത്തിന്റെ സ്വന്തം നാട് അത് ഓരോ മലയാളിയുടെയും ആകട്ടെ.

ഏവർക്കും എന്റെ ഹൃദ്യമായ ഓണാശംസകൾ.
സ്‌നേഹത്തോടെ,
സന്തോഷ് പവിത്രമംഗലം 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP