Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്ത്രീകളുടെ വിവാഹ പ്രായം: ഇരുപത്തിയൊന്ന് വയസ്സിലേക്ക് ഉയർത്തുന്നതിൽ കോൺഗ്രസിൽ ഭിന്നത; ബില്ലിനെ തള്ളുന്ന നിലപാടുമായി കെ സി വേണുഗോപാൽ; അനുകൂലിച്ച് പി ചിദംബരം; തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും

സ്ത്രീകളുടെ വിവാഹ പ്രായം: ഇരുപത്തിയൊന്ന് വയസ്സിലേക്ക് ഉയർത്തുന്നതിൽ കോൺഗ്രസിൽ ഭിന്നത; ബില്ലിനെ തള്ളുന്ന നിലപാടുമായി കെ സി വേണുഗോപാൽ; അനുകൂലിച്ച് പി ചിദംബരം; തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്ന് വയസ്സിലേക്ക് ഉയർത്താനുള്ള ബിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൽ സമവായമായില്ല. ബിൽ അജണ്ടയിൽ വന്ന ശേഷം നിലപാട് പറയാം എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ ഇന്നലെ അറിയിച്ചത്.

ബില്ലിനെ തള്ളുന്ന നിലപാടാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സ്വീകരിച്ചത്. എന്നാൽ വിവാഹ പ്രായം ഉയർത്തുന്നതിനെ അനുകൂലിച്ച് മുതിർന്ന നേതാവ് പി ചിദംബരം രംഗത്തെത്തി.

വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമുണ്ടെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. എന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും 21 ആയി നിശ്ചയിക്കണം എന്നാണ് നിലപാടെന്ന് ചിദംബരം ട്വിറ്ററിൽ കുറിച്ചു. ഇതിന്റെ ലക്ഷ്യത്തെക്കുറിച്ച് ഒരു വർഷം ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനു ശേഷം 2023 മുതൽ ഇത് നടപ്പാക്കാം എന്നും ചിദംബരം പറയുന്നു.



ബില്ലിനോട് വിയോജിക്കുമ്പോഴും എതിർത്തു വോട്ടു ചെയ്യേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പം കോൺഗ്രസിലുണ്ട്. ഇടതുപക്ഷവും മുസ്ലിംലീഗും എസ്‌പിയും എംഐഎമ്മും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ മൗനം തുടരുകയാണ്.

മുത്തലാഖ് ബിൽ വന്നപ്പോൾ ലോക്‌സഭയിൽ കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച ശേഷം രാജ്യസഭയിൽ എതിർത്ത് വോട്ട് ചെയ്തിരുന്നു. വിവാഹപ്രായം ഉയർത്താനുള്ള ബില്ലിന്റെ കാര്യത്തിൽ എല്ലാവരും എതിർത്ത് വോട്ടു ചെയ്യാൻ തയ്യാറാവില്ല എന്ന സൂചനയാണ് പി ചിദംബരത്തിന്റെ വാക്കുകളിലുള്ളത്.

വിഷയം ചർച്ച ചെയ്ത് നേതാക്കളുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്ന ഉദ്ദേശ ലക്ഷ്യങ്ങൾ ഒന്നും തന്നെ നടപ്പിലാക്കാൻ ബിൽ പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. സർക്കാർ ഉദ്ദേശിക്കുന്നത് എന്തെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.

വിഷയത്തിൽ സിപിഎമ്മിന്റെ വനിത സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും മുസ്ലിം ലീഗും സ്വീകരിച്ച നിലപാടിനോട് ചേർന്ന് പോകുന്ന തീരുമാനമായിരിക്കും കോൺഗ്രസും സ്വീകരിക്കുക എന്നാണ് സൂചന. പ്രാഥമികമായി തന്നെ ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്ന പൊതുവികാരം പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനറൽ സെക്രട്ടറിമാരോട് അഭിപ്രായം തേടിയിട്ടുണ്ട്. ഇനി മഹിളാ കോൺഗ്രസ് നേതാക്കളുടെ കൂടി അഭിപ്രായം ആരായുമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചന നൽകി.

അതേ സമയം സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള ബിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കാനും സാധ്യതയുണ്ട്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിപക്ഷം എതിർക്കും. രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ മൊത്തമായി ബാധിക്കുന്ന ബിൽ കൂടിയാലോചനകളോ ചർച്ചകളോ കൂടാതെ ധൃതിയിൽ നടപ്പാക്കുന്നത് ദുരുദ്ദേശപരമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള തീരുമാനത്തിൽ കോൺഗ്രസിന്റെ നിലപാട് തിങ്കളാഴ്‌ച്ച അറിയിക്കും. സിപിഎം, മുസ്ലിം ലീഗ്, സമാജ്വാദി പാർട്ടി തുടങ്ങിയവർ നിയമത്തെ എതിർത്തിരുന്നു. മുസ്ലിം വ്യക്തി നിയമങ്ങളെ ബാധിക്കുന്നതാണ് ബില്ലെന്നാണ് മുസ്ലിം സംഘടനകൾ പറയുന്നത്. മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇക്കാര്യത്തെ എതിർക്കുന്നത്. അതിനാൽ തന്നെ കോൺഗ്രസിന്റെ നിലപാട് നിർണ്ണായകമാകും.

സ്ത്രീകളുടെ വിവാഹ പ്രായം 18 നിന്ന് 21ലേക്ക് ഉയർത്തുന്നത് എന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ദരിദ്രരാജ്യമാണെന്നും രക്ഷിതാക്കൾ അവരുടെ കുട്ടികളെ വേഗത്തിൽ കല്ല്യാണം കഴിച്ചയക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമാജ്വാദി പാർട്ടി എംപി ഷഫീഖുർ റഹ്‌മാൻ പറഞ്ഞു. 18 വയസ്സിൽ പെൺകുട്ടികൾക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കിൽ എന്തുകൊണ്ട് വിവാഹം കഴിക്കാൻ പറ്റില്ലെന്നാണ് മജ്ലിസ് പാർട്ടി നേതാവ് ഒവൈസിയുടെ പ്രതികരണം.

ഡിസംബർ 15ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്. വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് പഠിക്കാൻ സാമൂഹ്യപ്രവർത്തകയായ ജയ ജയ്റ്റ്‌ലിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ അദ്ധ്യക്ഷയായ കർമ സമിതി വിവാഹ പ്രായം 21 ആക്കി ഉയർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു.

ശൈശവ വിവാഹ നിരോധന നിയമത്തിലും സ്‌പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികൾ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മാതൃമരണ നിരക്ക് കുറയ്ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയർത്തുന്നതിന്റെ ലക്ഷ്യങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP