Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മാരാർജി ഭവനിൽ നിന്നും എ.കെ.ജി ഭവനിൽ നിന്നും ഇപ്പോൾ ഒരേ സ്വരം; കേരളത്തിന്റെ സാഹോദര്യവും സഹവർത്തിത്വവും തകർക്കുന്നത് സിപിഎം; കോടിയേരിയുടെ വിമർശനത്തിന് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി

'മാരാർജി ഭവനിൽ നിന്നും എ.കെ.ജി ഭവനിൽ നിന്നും ഇപ്പോൾ ഒരേ സ്വരം; കേരളത്തിന്റെ സാഹോദര്യവും സഹവർത്തിത്വവും തകർക്കുന്നത് സിപിഎം; കോടിയേരിയുടെ വിമർശനത്തിന് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: കേരളത്തിന്റെ സാഹോദര്യവും സൗഹൃദവും സഹവർത്തിത്വവുമെല്ലാം തകർക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയമാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്‌മാൻ. ഇതുവരെ കടന്ന് ചെന്നിട്ടില്ലാത്ത മേഖലയിൽവരെ സിപിഎം ജമാഅത്തെ ഇസ്ലാമിയെ കൊണ്ടെത്തിച്ചു. ഇതിലൂടെ താൽക്കാലിക രാഷട്രീയമേൽക്കൈ നേടാമെങ്കിലും ഭാവിയിലേക്കുള്ള സ്വന്തം ശവക്കുഴി കുഴിക്കുകയും സംഘ്പരിവാറിന് വഴിമരുന്നിട്ട് കൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വഖഫ് വിഷയത്തിൽ സിപിഎം മുസ്ലിം പോര് മുറുകുന്നതിനിടെ, ലീഗിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഇസ്ലിമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിം ലീഗിൽ പ്രവേശിച്ചിരിക്കുകയാണെന്നും ബിജെപി- ആർഎസ്എസ് ശൈലിക്ക് സമാനമായി വർഗീയത വളർത്താനാണ് ലീഗ് നിലകൊള്ളുന്നതെന്നും പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ കോടിയേരി വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് പി. മുജീബ് റഹ്‌മാന്റെ പ്രതികരണം

കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക പ്രശ്നങ്ങൾ ജനാധിപത്യപരമായി ഉന്നയിക്കപ്പെടുമ്പോഴെല്ലാം അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം അത് ജമാഅത്തെ ഇസ്ലാമിയുടെ ചുമലിൽ വെച്ചുകെട്ടി ഇരകളാക്കപ്പെടുന്നവരെ അവഹേളിക്കുവാനും കോർപ്പറേറ്റുകളുൾപ്പടെയുള്ള വേട്ടക്കാരുടെ കാവലാളാവാനുമാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാരാർജി ഭവനിൽ നിന്നും എ.കെ.ജി ഭവനിൽ നിന്നും ഇപ്പോൾ ഒരേ സ്വരമാണ് മലയാളി കേൾക്കുന്നത്. കെ.സുരേന്ദ്രനും കോടിയേരി ബാലകൃഷ്ണനും ഒരേ ആശയമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഎമ്മിന്റെ ഈ രാഷ്ട്രീയക്കളിയിൽ ജമാഅത്തെ ഇസ്ലാമിക്ക് ലഭിക്കുന്ന ദൃശ്യതയും ജനകീയതയും വളരെ വലുതാണ്. അതുവഴി രൂപപ്പെട്ട അന്വേഷണങ്ങളും വിമർശനങ്ങളുമെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണത്തിന് രഥവേഗം കൂട്ടിയതായാണ് അനുഭവം. ഇതുവരെ കടന്ന് ചെന്നിട്ടില്ലാത്ത മേഖലയിൽവരെ സിപിഐ.എം ജമാഅത്തെ ഇസ്ലാമിയെ കൊണ്ടെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയുടെ ബി ടീമാകാനല്ല മറിച്ച് സംഘ് മനസ്സിനെ തൃപ്തിപ്പെടുത്തുന്ന എ ടീമാകാനാണ് കേരളത്തിൽ സിപിഐ.എമ്മിന്റെ ശ്രമം. ജമാഅത്തെ ഇസ്ലാമിയെ പൈശാചികവൽക്കരിച്ച് പ്രതിപക്ഷ സംഘടനകളോട് ചേർത്തുകെട്ടി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീചമായ നീക്കം ഇതിന്റെ ഭാഗമാണ്. ഇപ്പോൾ കേരളത്തിന്റെ സാഹോദര്യവും സൗഹൃദവും സഹവർത്തിത്വവുമെല്ലാം തകർക്കുന്നത് സിപിഐ.എം രാഷ്ട്രീയമാണ്. അതിന്റെ യഥാർഥ ഗുണഭോക്താക്കൾ സംഘപരിവാർ രാഷ്ട്രീയം മാത്രമാണ്.

ബംഗാളിലും ത്രിപുരയിലും പയറ്റിപൊളിഞ്ഞ ഇരിക്കുംകൊമ്പ് മുറിക്കുന്ന ഈ തീക്കളി സിപിഐ.എം അവസാനിപ്പിക്കണം. അതല്ല,നിങ്ങളുടെ ജമാഅത്തെ ഇസ്ലാമി വിമർശനം ആത്മാർഥമാണെങ്കിൽ
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എന്നും നടത്തിക്കൊണ്ടിരിക്കുന്ന സായാഹ്ന വിടുവായത്തം അവസാനിപ്പിച്ച് ആരോഗ്യകരമായ തുറന്ന സംസാരത്തിന് തയ്യാറാകണം.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP