Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിച്ചൽ സ്റ്റാർക്കിന് നാലു വിക്കറ്റ്; ഇംഗ്ലണ്ട് 236 റൺസിന് പുറത്ത്; മൂന്നാം ദിനം ഓസിസ് ഒരു വിക്കറ്റിന് 45 റൺസ്; ആകെ ലീഡ് 280 പിന്നിട്ടു

മിച്ചൽ സ്റ്റാർക്കിന് നാലു വിക്കറ്റ്; ഇംഗ്ലണ്ട് 236 റൺസിന് പുറത്ത്; മൂന്നാം ദിനം ഓസിസ് ഒരു വിക്കറ്റിന് 45 റൺസ്; ആകെ ലീഡ് 280 പിന്നിട്ടു

സ്പോർട്സ് ഡെസ്ക്

അഡ്ലെയ്ഡ്: ആഷസ് ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിലാണ്. ഇതുവരെ ഓസീസിന് 282 റൺസ് ലീഡിലുണ്ട്.

21 റൺസോടെ മാർക്കസ് ഹാരിസും രണ്ടു റൺസുമായി മൈക്കൽ നെസെറുമാണ് ക്രീസിൽ. 13 റൺസെടുത്ത ഡേവിഡ് വാർണർ റൺ ഔട്ടാകുകയായിരുന്നു. ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്‌കോറായ 473 റൺസിനെതിരേ ഇംഗ്ലണ്ട് 236 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഓസീസിന് ഒന്നാമിന്നിങ്സിൽ 237 റൺസ് ലീഡ് നേടാൻ കഴിഞ്ഞു. നാല് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കും മൂന്നു വിക്കറ്റ് വീഴ്‌ത്തിയ നഥാൻ ലിയോണുമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിലൊതുക്കിയത്. കാമറൂൺ ഗ്രീൻ രണ്ടും നെസെർ ഒരു വിക്കറ്റും നേടി.

157 പന്തിൽ 10 ഫോറിന്റെ സഹായത്തോടെ 80 റൺസ് നേടിയ ഡേവിഡ് മലനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 62 റൺസോടെ ക്യാപ്റ്റൻ ജോ റൂട്ട് മികച്ച പിന്തുണ നൽകി. 12 റൺസിനിടയിൽ രണ്ടു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റിൽ ഇരുവരും ഒത്തുചേർന്നു. 138 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

തകർച്ചയിൽ നിന്നും ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ കരകയറ്റിയ ഇന്നിങ്സുമായി കളംനിറഞ്ഞ ക്യാപ്റ്റൻ ജോ റൂട്ട് ചരിത്രനേട്ടം കൈവരിച്ചു. ടെസ്റ്റിൽ ഒരു കലണ്ടൻ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കറെയും സുനിൽ ഗാവസ്‌കറെയും ഓസീസ് മുൻതാരം മൈക്കൽ ക്ലാർക്കിനേയും മറികടന്ന് റൂട്ട് നാലാമതെത്തി.

പിങ്ക് ബോൾ ടെസ്റ്റിന്റെ മൂന്നാംദിനമാണ് റൂട്ടിന്റെ നേട്ടം. ഗാവസ്‌കർ 1979ൽ നേടിയ 1555 റൺസും സച്ചിൻ 2010ൽ കുറിച്ച 1562 റൺസുമാണ് റൂട്ട് പിന്നിലാക്കിയത്. 2012ൽ 1595 റൺസ് ഓസീസ് മുൻതാരം മൈക്കൽ ക്ലാർക്കിനേയും റൂട്ട് മറികടന്നു. ഗാബയിൽ നടന്ന ആഷസ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിനിടെ ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്, ലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര, നിലവിലെ ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ എന്നിവരെ റൂട്ട് പിന്നിലാക്കിയിരുന്നു.

ഇതിനൊപ്പം ഒരു കലണ്ടർ വർഷം കൂടുതൽ ടെസ്റ്റ് റൺസ് നേടുന്ന ഇംഗ്ലീഷ് താരമെന്ന റെക്കോർഡും അന്ന് ജോ റൂട്ട് സ്വന്തമാക്കി. 2002ൽ മൈക്കൽ വോൺ നേടിയ 1487 റൺസാണ് താരം പഴങ്കഥയാക്കിയത്.

പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫിന്റെ പേരിലാണ് ടെസ്റ്റിൽ കലണ്ടർ വർഷം കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡ്. 2006ൽ 11 മത്സരങ്ങളിൽ 1788 റൺസ് യൂസഫ് അടിച്ചുകൂട്ടിയിരുന്നു. വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ് 1976ൽ അത്രതന്നെ മത്സരങ്ങളിൽ നിന്ന് നേടിയ 1710 റൺസാണ് രണ്ടാമത്. ദക്ഷിണാഫ്രിക്കയുടെ ഗ്രയിം സ്മിത്ത്(1656 റൺസ്) ആണ് മൂന്നാം സ്ഥാനത്ത്.

പിന്നീട് ഇംഗ്ലണ്ടിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ബെൻ സ്റ്റോക്ക്സ് 34 റൺസെടുത്തപ്പോൾ ക്രിസ് വോക്സ് 24 റൺസ് നേടി. കാര്യമായി ഒന്നും ചെയ്യാതെ വാലറ്റം പെട്ടെന്ന് കീഴടങ്ങി.

നേരത്തെ ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിന് 473 റൺസ് എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ മാർനസ് ലബൂഷെയ്നും 95 റൺസെടുത്ത ഡേവിഡ് വാർണറും 93 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 51 റൺസോടെ അലക്സ് കാരിയും തിളങ്ങി. ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു. അഞ്ചു ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഓസീസ് 1-0ത്തിന് മുന്നിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP