Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദീപ പി മോഹനൻ നടത്തിയ സമരത്തിൽ പങ്കെടുത്തതോടെ നേതാക്കൾ ഫോൺവിളി പോലും ഒഴിവാക്കി; സ്‌റ്റേജിലും അപമാനിക്കപ്പെട്ടു; വെൽഫെയർ പാർട്ടി വിട്ടതിന്റെ കാരണം പറഞ്ഞ് ഗോമതി; ജനാധിപത്യമെന്ന വർണ്ണക്കടലാസിൽ വെറുപ്പ് ഒളിപ്പിച്ചു കടത്തുന്നവരെന്ന് വിമർശിച്ച് ശ്രീജാ നെയ്യാറ്റിൻകരയും

ദീപ പി മോഹനൻ നടത്തിയ സമരത്തിൽ പങ്കെടുത്തതോടെ നേതാക്കൾ ഫോൺവിളി പോലും ഒഴിവാക്കി; സ്‌റ്റേജിലും അപമാനിക്കപ്പെട്ടു; വെൽഫെയർ പാർട്ടി വിട്ടതിന്റെ കാരണം പറഞ്ഞ് ഗോമതി; ജനാധിപത്യമെന്ന വർണ്ണക്കടലാസിൽ വെറുപ്പ് ഒളിപ്പിച്ചു കടത്തുന്നവരെന്ന് വിമർശിച്ച് ശ്രീജാ നെയ്യാറ്റിൻകരയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തകരുടെ എണ്ണം കൊണ്ട് കുറവാണെങ്കിലും പൊതുമണ്ഡലത്തിൽ സജീവമായി നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് വെൽഫെയർ പാർട്ടി. ജമാഅത്തെ ഇസ്ലാമിയുടെ ആശയവുമായി രൂപം കൊണ്ട ഈ രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടുത്തിടെ നിരവധി നേതാക്കൾ പാർട്ടി വിട്ടുപുറത്തുപോയി. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ശ്രീജാ നെയ്യാറ്റിൻകരയുടെ പുറത്തുപോകലാണ് ഇതിൽ പ്രധാനപ്പെട്ടത്. ഏറ്റവും ഒടുവിൽ പെമ്പിളൈ ഒരുമ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന ശേഷം പുറത്തുപോയ ഗോമതി അഗസ്റ്റിനാണ്. ഈ വർഷം ആദ്യം വെൽഫെയർ പാർട്ടിയിൽ ചേർന്ന ഗോമതി ആ പാർട്ടിയിൽ നിന്നും അവഗണന നേരിട്ടെന്ന് കാണിച്ച് രാജിവെച്ചു പുറത്തുപോയി.

പിന്നീട് 2021 മാർച്ചിൽ അവർ വെൽഫെയർ പാർട്ടിയിൽ ചേർന്നു. പക്ഷേ, ഒമ്പത് മാസമാവുമ്പോഴേക്കും അവർ പാർട്ടി വിട്ടു. 'വെൽഫെയർ പാർട്ടിയിൽ നിന്നും ഞാൻ രാജി വയ്ക്കുന്നു. എന്നെ പോലെ സമരങ്ങളിലൂടെ കടന്നു വന്ന ഒരു സ്ത്രീക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഒരു പാർട്ടിയല്ല വെൽഫെയർ പാർട്ടി എന്ന് മനസ്സിലാക്കിയാണ് ഞാൻ രാജി വെക്കുന്നത്. ഒരുപാട് സങ്കടങ്ങൾ നിങ്ങളോട് പറയാനുണ്ട്.... എന്നു പറഞ്ഞാണ് ഗോമതി രാജി വിവരം അറിയിച്ചത്. പിന്നാലെ അവർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറച്ചിലും നടത്തി.

വെൽഫെയർ പാർട്ടി ഒരു സമര പാർട്ടിയാണെന്ന ധാരണയിലാണ് താൻ പാർട്ടിയിൽ എത്തിയതെന്നാണ ഗോമതി പറഞ്ഞത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ ജനകീയ സമരങ്ങളിലും പങ്കെടുക്കണമെന്നും പുതിയ സമരങ്ങൾ കെട്ടിപ്പടുക്കണമെന്നുമാണ് പാർട്ടി ആദ്യം ഗോമതിയോട് ആവശ്യപ്പെട്ടിരുന്നത്. പക്ഷെ, മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് ബോണസ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നോട്ടീസ് തയ്യാറാക്കണമെന്ന ആവശ്യം പോലും തള്ളപ്പെടുകയാണുണ്ടായത്. '' 2015ലെ സമരത്തിൽ വാഗ്ദാനം ചെയ്ത ബോണസ് ഇപ്പോഴും തോട്ടം തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. അതിൽ സമരം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും നോട്ടീസ് പോലും തയ്യാറാക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. മൂന്നാറിൽ ഭൂസമരം നടത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിനെ കുറിച്ചും അവർ മൗനം പാലിച്ചുവെന്നും ഗോമതി കുറ്റപ്പെടുത്തുന്നു. മൂന്നാറിൽ സ്ത്രീകളും കുട്ടികളും എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ സമരം ചെയ്യാതെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന സമിതിക്ക് നൽകിയാൽ മതിയെന്നും അവർ നിർദ്ദേശിച്ചെന്നാണ് ഗോമതി പറയുന്നത്.

മഹാത്മാഗാന്ധി സർവ്വകലാശാലക്കു കീഴിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിലെ ജാതി വിവേചനത്തിന് എതിരെ ദീപ പി മോഹനൻ നടത്തിയ സമരത്തിൽ പങ്കെടുത്തത് പാർട്ടിക്ക് വിയോജിപ്പുണ്ടാവാൻ കാരണമായെന്നാണ് ഗോമതി വെളിപ്പെടുത്തിയത്. 'ദീപ പി മോഹനന്റെ സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയിരുന്നു. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി സമരത്തിലാണെന്നാണ് സമരസമിതിയുടെ പോസ്റ്ററുകൾ പറഞ്ഞിരുന്നത്. വെൽഫെയർ പാർട്ടി നേതാവാണെന്ന് പോസ്റ്ററുകളിൽ ഉണ്ടായില്ല. അതിനാൽ, ആദ്യകാലത്ത് ദീപയുടെ സമരത്തിൽ സജീവമായിരുന്ന വെൽഫെയർപാർട്ടിക്കാർ പിന്നീട് സമരത്തെ തിരിഞ്ഞു നോക്കിയില്ലെന്നു അവർ കുറ്റപ്പെടുത്തുന്നു.

ദീപയുടെ സമരത്തിൽ പങ്കെടുത്തതിന് ശേഷം നേതാക്കൾ ഫോൺ വിളികൾ പോലും ഒഴിവാക്കി. നിരന്തരമായ അവഗണന മൂലം പാർട്ടിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയി. അതിന് ശേഷം ഒരാൾ മാത്രമാണ് പാർട്ടിയിൽ നിന്ന് വിളിച്ചതത്രെ. വെൽഫെയർ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച് പുറത്തുപോയ ശ്രീജ നെയ്യാറ്റിൻകരയുമായി സംസാരിക്കരുതെന്ന നിർദ്ദേശവും തന്നോട്് പറഞ്ഞതായി ഗോമതി പറയുന്നു. ആരൊക്കെ ഏതൊക്കെ സമരത്തിൽ പങ്കെടുക്കണം, എവിടെയൊക്കെ പോവണം എന്നു തീരുമാനിക്കുക പാർട്ടിയാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പാർട്ടിക്ക് റിപ്പോർട്ട് നൽകി കാത്തിരിക്കേണ്ട അവസ്ഥയാണെ അവർ വ്യക്തമാക്കി.

സ്റ്റേജിൽ പോലും അപമാനിക്കപ്പെട്ടു എന്നാണ് ഗോമതി വെളിപ്പെടുത്തുന്നത്. വിമൻ ജസ്റ്റീസ് മൂവ്മെന്റ് തിരുവനന്തപുരത്ത് നടത്തിയ ഒരു സംഘടനാ പരിപാടിയിലാണ് അപമാനിക്കപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് സ്റ്റേജിലേക്ക് ഓരോരുത്തരെ വിളിച്ചു കയറ്റുകയായിരുന്നു. ഞാൻ സ്റ്റേജിൽ കയറുന്ന സമയത്ത് എന്നോട് പുറകിൽ ഇരിക്കാൻ കണ്ണിറുക്കി നിർദ്ദേശം നൽകി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ആ വിവേചനത്തിൽ എനിക്ക് വലിയ സങ്കടമുണ്ടായി. സാരി ധരിക്കുന്നവരെ നേതാവായി ജനങ്ങൾ കാണാമെന്നതിനാൽ അടുത്ത ദിവസം ഞാൻ ചുരിദാർ ധരിച്ചാണ് പോയതെന്നുമാണ് ഗോമതി പറയുന്നത്. വെൽഫെയർ പാർട്ടിയിൽ ചേർന്ന ശേഷം എന്റെ അന്തസത്ത തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്. യഥാർത്ഥ നിലപാട് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ആ പാർട്ടിയിൽ ചേരില്ലായിരുന്നുവെന്നും അവർ പറയുന്നു.

ഗോമതിയുടെ പുറത്താക്കൽ ചൂണ്ടിക്കാട്ടി ശ്രീജാ നെയ്യാറ്റിൻകരയും വെൽഫെയർ പാർട്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ജനാധിപത്യമെന്ന വർണ്ണക്കടലാസിനുള്ളിലൂടെ വെറുപ്പ് ഒളിച്ചു കടത്തുന്ന വെൽഫെയർ പാർട്ടിയെന്നാണ് അവർ വിമർശിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

ഗോമതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജനാധിപത്യമെന്ന വർണ്ണക്കടലാസിനുള്ളിലൂടെ വെറുപ്പ് ഒളിച്ചു കടത്തുന്ന വെൽഫെയർ പാർട്ടി .... വെൽഫെയർ പാർട്ടിയിൽ നിന്നും രാജി വച്ച ഗോമതി വിങ്ങി പൊട്ടിക്കൊണ്ട് ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞ കാര്യങ്ങൾ കേട്ടു ... തുടർന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിന് നൽകിയ ഇന്റർവ്യൂ വായിച്ചു ... പാർട്ടിയിൽ നിന്നുണ്ടായ വിവേചനങ്ങളടക്കം പലതും രാജിക്ക് കാരണമായി അവർ പറയുന്നുണ്ട് ... കൂടെ പാർട്ടി അവർക്ക് നൽകിയ ചില നിർദ്ദേശങ്ങളെ കുറിച്ച് പറയുന്നുണ്ട് .... അതിലൊന്നാമത്തേത് വെൽഫെയർ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വച്ചു പുറത്തു പോയ ശ്രീജ നെയ്യാറ്റിൻകരയുമായി സംസാരിക്കരുത് എന്നാണ്....
എന്തൊരു നികൃഷ്ടമായ രാഷ്ട്രീയമാണിത് ..

എന്ത് ജനാധിപത്യത്തെ കുറിച്ചാണ് വെൽഫെയർ പാർട്ടി സംസാരിക്കുന്നത് ... പാർട്ടി വിടുന്നവരെ ഞങ്ങൾ 51 വെട്ട് വെട്ടാറില്ല എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞു നടക്കുന്നവരല്ലേ നിങ്ങൾ വെട്ടിക്കൊലയും ഇത്തരത്തിലുള്ള വെറുപ്പ് പ്രചരിപ്പിക്കലും തമ്മിൽ എന്താണ് വ്യത്യാസം ... ഗോമതിയേച്ചിയുമായി പെമ്പിളൈ ഒരുമൈ സമര കാലത്ത് തുടങ്ങിയ സൗഹൃദമാണ് എനിക്കുള്ളത് .... അവർ വെൽഫെയർ പാർട്ടി തെരെഞ്ഞെടുത്തപ്പോഴും ആ തെരഞ്ഞെടുപ്പിനെ അവരുടെ വ്യക്തി സ്വാതന്ത്ര്യമായേ ഞാൻ വിലയിരുത്തിയിട്ടുള്ളൂ ... രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പുറത്തു പോയ എന്നോട് സംസാരിക്കരുതെന്ന് എന്റെ സുഹൃത്ത് കൂടെയായ ഒരു സ്ത്രീയോട് തിട്ടൂരമിറക്കുന്ന വെൽഫെയർ പാർട്ടി എന്ത് രാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കുന്നത് ... സ്ത്രീകൾക്കിടയിൽ ഇത്തരത്തിലുള്ള വെറുപ്പ് പടർത്തുന്നതാണോ നിങ്ങളുടെ സ്ത്രീപക്ഷ രാഷ്ട്രീയം .... എന്ത് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ കുറിച്ചാണ് നിങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് ...

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സിദ്ധാന്തം ചമയ്ക്കുന്ന നിങ്ങൾ വെറുപ്പിന്റെ വാഹകരാണ് എന്നുള്ളതിന് ഇതിലും വലിയ തെളിവ് വേറെയുണ്ടോ...
വെൽഫെയർ പാർട്ടി മുന്നോട്ടു വയ്ക്കുന്ന ദലിത് - സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖമായിരുന്നു നിറകണ്ണുകളോടെ ഗോമതി എന്ന സമര പോരാളി ഇന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ തുറന്നു കാട്ടിയത് .... സ്റ്റേജിൽ വച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാവ് ജബീനാ ഇർഷാദിനാൽ ക്രൂരമായി അപമാനിക്കപ്പെട്ട സംഭവം വിവരിച്ചവർ പൊട്ടിക്കരയുമ്പോൾ ചെറിയ കാലയളവിനുള്ളിൽ തന്നെ അവർ പാർട്ടിക്കുള്ളിൽ അനുഭവിച്ച വിവേചനത്തിന്റെ ആഴം ബോധ്യമാണ് ...

സമരങ്ങളിലൂടെ കടന്നു വന്ന ഒരു സ്ത്രീക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഒരു പാർട്ടിയല്ല വെൽഫെയർ പാർട്ടി എന്ന് പറഞ്ഞു കൊണ്ടാണ് ഗോമതി വെൽഫെയർ പാർട്ടിയിൽ നിന്നും രാജി വച്ചിരിക്കുന്നത് ..അത് അനുഭവങ്ങളിലൂടെ അവർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. നിലനിൽക്കുന്ന വിവേചനങ്ങൾക്കെതിരെ പോരാടാൻ രൂപീകരിച്ച ഒരു പാർട്ടി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പുറത്തു പോയ സ്ത്രീയ്ക്ക് നേരെ അയിത്തം കല്പിക്കുന്ന ആ രാഷ്ട്രീയമുണ്ടല്ലോ ആ രാഷ്ട്രീയം അങ്ങേയറ്റം ചീഞ്ഞു നാറിയ രാഷ്ട്രീയമാണ് എന്ന് പറയാതിരിക്കാൻ വയ്യ ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP