Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോണ്ടം നിർമ്മാണത്തിൽ അതികായന്മാരായ പൊതുമേഖലാ കമ്പനി; കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുവരവ് നേടിയത് 5,375 കോടിയിലധികം രൂപ; കോവിഡ് മഹാമാരി രാജ്യത്തെ പിടിച്ചുലച്ചപ്പോൾ രോഗപ്രതിരോധ വസ്തുക്കളുടെ നോഡൽ ഏജൻസിയായി പ്രവർത്തിച്ചു; മിനിരത്‌ന കമ്പനികളിൽ ഒന്നായ ഹിന്ദുസ്ഥാൻ ലാറ്റക്‌സും വിൽപ്പനക്ക്

കോണ്ടം നിർമ്മാണത്തിൽ അതികായന്മാരായ പൊതുമേഖലാ കമ്പനി; കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുവരവ് നേടിയത് 5,375 കോടിയിലധികം രൂപ; കോവിഡ് മഹാമാരി രാജ്യത്തെ പിടിച്ചുലച്ചപ്പോൾ രോഗപ്രതിരോധ വസ്തുക്കളുടെ നോഡൽ ഏജൻസിയായി പ്രവർത്തിച്ചു; മിനിരത്‌ന കമ്പനികളിൽ ഒന്നായ ഹിന്ദുസ്ഥാൻ ലാറ്റക്‌സും വിൽപ്പനക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാഭകരമായ പൊതുമേഖലാ കമ്പനികളും വിൽക്കുക എന്ന നയം നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളെയും വിറ്റഴിച്ചു കൊണ്ടിരിക്കയാണ്. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ ലാറ്റക്‌സ് എന്ന പേരിൽ പരിചിതമായ എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് വിൽക്കാൻ ശ്രമം തുടങ്ങി.

പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നാംതരം മിനിരത്‌ന കമ്പനികളിലൊന്നാണിത്. തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലാണ്. കഴിഞ്ഞ ജൂലായിലാണ് വിൽപ്പനക്കുള്ള തീരുമാനം കേന്ദ്രസർക്കാരെടുത്തത്. രാജ്യത്തിന്റെ കുടുംബാസൂത്രണ യത്‌നത്തിൽ ഏറ്റവും സാധാരണ ഉപാധിയായിരുന്ന നിരോധ് എന്ന ഗർഭനിരോധന ഉറകളിലൂടെ മികച്ച സംഭാവന നൽകിയ സ്ഥാപനമാണിത്. കോണ്ടം നിർമ്മാണത്തിൽ മുൻപന്തിയിൽ നിന്ന സ്ഥാപനം കൂടിയാണ് എച്ച്എൽഎൽ.

കേരളത്തിലെ ഫലവത്തായ വ്യാവസായിക മാതൃകയായും ഇത് വിലയിരുത്തപ്പെട്ടതാണ്. 1966-ൽ കേന്ദ്രസർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ സ്ഥാപിച്ച കമ്പനി 2012 ഫെബ്രുവരി 21-ന് പബ്ലിക് ലിമിറ്റഡായി. കോവിഡ് മഹാമാരി രാജ്യത്തെ പിടിച്ചുലച്ചപ്പോൾ രോഗപ്രതിരോധവസ്തുക്കളുടെ നോഡൽ സംഭരണ ഏജൻസിയായി പ്രവർത്തിച്ചത് എച്ച്.എൽ.എല്ലാണ്. ഇങ്ങനെ രാജ്യത്തെ ആരോഗ്യ രംഗത്ത് മികച്ച സംഭാവന നൽകിയ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ലാറ്റക്‌സ്.

കഴിഞ്ഞ സാമ്പത്തികവർഷം 5,375 കോടിയിലധികം വിറ്റുവരവുനേടിയ കമ്പനി 90.77 കോടി ലാഭമുണ്ടാക്കി. പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പറാണ് വിൽപ്പന സംബന്ധിച്ച നടപടികൾക്ക് നേതൃത്വം വഹിക്കുന്നത്. കമ്പനിയുടെ പ്രവർത്തനവും ആസ്തിബാധ്യതകളുമൊക്കെ വിവരിക്കുന്ന വിശദമായ രേഖ പുറത്തിറക്കിയിട്ടുണ്ട്. താത്പര്യമുള്ള കമ്പനികൾ ജനുവരി 31 വൈകിട്ട് മൂന്നിനകം അപേക്ഷകൾ സമർപ്പിക്കണം. അർഹരായവരെ തിരഞ്ഞെടുക്കുന്നത് ഫെബ്രുവരി 14-നാണ്. വിൽപ്പനക്കെതിരേ തൊഴിലാളിസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

ഗർഭനിരോധന ഉത്പന്നങ്ങൾക്കുപുറമേ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനുള്ള വസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഹെർണിയ മെഷ്, രക്തബാഗുകൾ, മുറിവുകെട്ടുന്ന വസ്തുക്കൾ, ആയുർവേദമരുന്നുകൾ എന്നിവ ഉത്പാദിപ്പിക്കുന്നു. കൺസൾട്ടൻസി സേവനവും നൽകുന്നുണ്ട് എച്ച്എൽഎൽ. രാജ്യവ്യാപകമായി 21 ഓഫീസുകളും എട്ട് അത്യാധുനിക നിർമ്മാണകേന്ദ്രങ്ങളു കമ്പനിക്കുണ്ട്. 85 രാജ്യങ്ങളിൽ വിപണിയുള്ള സ്ഥാപനമാണിത്.

1413 സ്ഥിരം ജീവക്കാരും 2492 കരാർ ജീവനക്കാരും ഉൾപ്പടെ 3,905 ജീവനക്കാരാണ് കമ്പനിക്കുള്ളത്. തിരുവനന്തപുരം പേരൂർക്കടയിൽ 11.4 ഏക്കർ സ്ഥലവും ഈ പൊതുമേഖലാ സ്ഥാപനത്തിനുണ്ട്. പൂജപ്പുര ആസ്ഥാനം- 1.1 ഏക്കർ, ബെൽഗാമിലെ ഫാക്ടറി- 43.19 ഏക്കർ, ആക്കുളത്തെ ഫാക്ടറി- 7.14 ഏക്കർ 20 സെന്റ്, ചെന്നൈയിലെ ഓഫീസ് കെട്ടിടം- 30 സെന്റ്, ലഖ്നൗവിലെ ട്രസ്റ്റ് ഓഫീസ് -14 സെന്റ് ഇങ്ങനെയാണ് മറ്റ് ഭൂമികൾ. കൂടാതെ കാക്കനാട്, കോന്നി, ഐരാപുരം, തിരുവനന്തപുരം, ഹരിദ്വാർ, നോയ്ഡ, ഇന്ദോർ, ഗുരുഗ്രാം, ഗോവ എന്നിവിടങ്ങളിൽ പല ആവശ്യങ്ങൾക്കായി പാട്ടത്തിനെടുത്ത ഭൂമിയുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP