Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിള്ളയുടെ വീട്ടിലെ സ്വത്ത് തർക്കം മുതലാക്കാൻ പാർട്ടി വിമതർ; ഉഷാ മോഹൻദാസിനെ മുന്നിൽ നിർത്തി പാർട്ടി പിടിക്കാനുള്ള നീക്കം ഗണേശ് കുമാറിന്റെ മന്ത്രിയാകൽ സാധ്യത തകർക്കാൻ; കേരളാ കോൺഗ്രസ് ബിയും പിളർപ്പിലേക്കെന്ന് സൂചന; വാളകത്തെ കുടുംബ തർക്കം രാഷ്ട്രീയ വിഷയമാകുമ്പോൾ

പിള്ളയുടെ വീട്ടിലെ സ്വത്ത് തർക്കം മുതലാക്കാൻ പാർട്ടി വിമതർ; ഉഷാ മോഹൻദാസിനെ മുന്നിൽ നിർത്തി പാർട്ടി പിടിക്കാനുള്ള നീക്കം ഗണേശ് കുമാറിന്റെ മന്ത്രിയാകൽ സാധ്യത തകർക്കാൻ; കേരളാ കോൺഗ്രസ് ബിയും പിളർപ്പിലേക്കെന്ന് സൂചന; വാളകത്തെ കുടുംബ തർക്കം രാഷ്ട്രീയ വിഷയമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി)യിൽ കെ.ബി. ഗണേശ് കുമാറിനെതിരെ സഹോദരി ഉഷാ മോഹൻദാസിനെ ഇറക്കി നേതൃത്വം പിടിക്കാൻ ഒരുവിഭാഗം. ഇതോടെ ഐ.എൻ.എല്ലിനും എൽ.ജെ.ഡിക്കും പിന്നാലെ എൽ.ഡി.എഫിന് തലവേദനയായി കേരള കോൺഗ്രസ് (ബി)യും മാറും. പാർട്ടി പിളരാനാണ് സാധ്യത.

പാർട്ടിയുടെ ഏക എംഎ‍ൽഎയാണ് കെ.ബി. ഗണേശ്‌കുമാർ. ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ മരണശേഷം പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനടക്കം ഗണേശ് തയാറാകുന്നില്ലെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം. അടുത്തയാഴ്ച എറണാകുളത്ത് സംസ്ഥാനസമിതി യോഗം ചേരും. വിമതരുടെ യോഗമായി ഇത് മാറാനും സാധ്യതയുണ്ട്. ഈ യോഗത്തിൽ പുതിയ ചെയർമാൻ പദവി ഉഷ മോഹൻദാസ് ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാൽ, ഉഷ ഇതുവരെ താൽപര്യം വ്യക്തമാക്കിയിട്ടില്ല. പിള്ളയുടെ മരണശേഷം വിൽപത്രം സംബന്ധിച്ച തർക്കമുണ്ടായതാണ് വിമതരുടെ പ്രതീക്ഷ. സംസ്ഥാന സമിതിയുടെ ഭൂരിഭാഗവും തങ്ങൾക്കൊപ്പമെന്ന് ഗണേശ്‌കുമാർ വിഭാഗം പറയുന്നു. ബാലകൃഷ്ണപിള്ളയുടെ മരണത്തെ തുടർന്ന് ഗണേശ്‌കുമാറിനാണ് താൽക്കാലിക ചെയർമാൻ ചുമതല. പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി ഗണേശിന് കൈമാറിയെങ്കിലും അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്ന ആക്ഷേപമുയർത്തുകയാണ് വിമതർ.

ഉഷ മോഹൻദാസിനെ ഗണേശിനെതിരെ ഇറക്കി ചെയർപേഴ്‌സൺ പദവിയിലേക്ക് അവരോധിക്കാനുള്ള പടയൊരുക്കമാണ് ഇവർ നടത്തുന്നത്. പിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ ഒസ്യത്ത് സംബന്ധിച്ച തർക്കമുണ്ടായപ്പോൾ പൊതുരംഗത്തേക്ക് അവരെത്തുമെന്ന സൂചനകളുയർന്നിരുന്നു. അന്ന് ഗണേശിനെതിരെയാണ് അവർ രംഗത്തുവന്നത്. പാർട്ടി സംസ്ഥാനസമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.

സംസ്ഥാനസമിതി വിളിച്ചുചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേശ് ഗൗനിക്കുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് വിമതവിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിച്ചുചേർക്കാനൊരുങ്ങുന്നത്. ഇതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങും. പാർട്ടിയുടെ ഏക എംഎ‍ൽഎ ഗണേശ് കുമാർ ആണെന്നിരിക്കെ, വിമതനീക്കങ്ങളോട് സിപിഎം എടുക്കുന്ന തീരുമാനം നിർണ്ണായകമാകും. പാർട്ടി പിളർന്നാൽ രണ്ടാം പാദത്തിൽ ഗണേശിന് മന്ത്രിസ്ഥാനം കിട്ടാനും സാധ്യതയില്ല. ഗണേശിന് മന്ത്രിസ്ഥാനം കിട്ടാതിരിക്കാനാണ് ഇപ്പോഴത്തെ വിമത നീക്കമെന്നും സൂചനയുണ്ട്.

ആർ ബാലകൃഷ്ണ പിള്ളയുടെ വീട്ടിലെ സ്വത്ത് തർക്കത്തിന് കാരണം നേതാവ് രണ്ടാമത് എഴുതിയ വിൽപത്രമാണ്. വളരെ മുമ്പു തന്നെ പിള്ള തന്റെ സ്വത്തുക്കൾ മൂന്ന് മക്കൾക്കുമായി വിഭജിച്ച് വിൽപത്രം എഴുതിയിരുന്നു. ഇത് റദ്ദാക്കി വീണ്ടും വിൽപത്രം എഴുതിയതാണ് കുടുംബ പ്രശ്നത്തിന് കാരണമായത്. രണ്ടാമത് എഴുതിയ വിൽപത്രത്തിൽ കടുംബ വീടുൾപ്പെടെ ഗണേശ് കുമാറിനായി. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണ പിള്ളയുടെ മൂത്തമകൾ ഉഷാ മോഹൻദാസ് പരാതിയുമായി എത്തി. ഈ സാഹചര്യം മുതലെടുക്കുകയാണ് പാർട്ടി വിമതരും.

ഗണേശ് കുമാറിന്റെ ആദ്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ ചില്ലറ പ്രശ്നമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് ഗണേശിന് പുറത്തു പോകേണ്ടിയും വന്നു. അച്ഛനും മകനും തമ്മിലെ ഭിന്നത അന്ന് കേരള രാഷ്ട്രീയവും ഏറെ ചർച്ച ചെയ്തു. വിവാഹ മോചനത്തിന് വേണ്ടി ചില കരാറുകൾ പിള്ളയും അംഗീകരിച്ചു. അച്ഛനും മകനും രണ്ടു വഴിക്കായി യാത്ര. അന്നെല്ലാം അനന്തരവനായിരുന്ന ശരണ്യാ മനോജായിരുന്നു പിള്ളയ്ക്കൊപ്പം. പിന്നീട് മനോജും പിള്ളയും അകന്നു. മനോജ് കോൺഗ്രസിൽ പോലും ചേർന്നു. ഇതോടെ വീണ്ടും അച്ഛനും മകനും അടുക്കുകയായിരുന്നു. മകനുമായി പിണക്കമുണ്ടായിരുന്നപ്പോഴായിരുന്നു ആദ്യ വിൽപത്രം എഴുതിയത്.

പിള്ളയുടെ ഭാര്യ മരിച്ചതോടെ വാളകത്തെ വീട്ടിൽ സ്ഥിരമായി തന്നെ ഗണേശ് താമസിക്കുകയും ചെയ്തു. അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കുകയും ചെയ്തു. ഇതോടെ മകനോട് അച്ഛന് കൂടുതൽ താൽപ്പര്യം വന്നു. അങ്ങനെ ആദ്യ വിൽപത്രം റദ്ദാക്കി പുതിയത് എഴുതുകയും ചെയ്തു. ഇക്കാര്യം മറ്റ് മക്കളൊന്നും അറിഞ്ഞതുമില്ല. വാളകത്തെ വീടടക്കം ഗണേശിന് പിള്ള നൽകിയെന്നാണ് സൂചന. പിള്ളയുടെ മരണ ശേഷം പുതിയ വിൽപത്രം ചർച്ചയായി. ഇതോടെയാണ് മൂത്തമകളായ തനിക്കുണ്ടായ നഷ്ടം ഉഷാ മോഹൻദാസ് തിരിച്ചറിയുന്നത്. പിള്ളയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌കൂൾ അടക്കം പുതിയ വിൽപത്രത്തിൽ ഗണേശിന് നൽകി. ഇതിൽ നിന്ന് തന്റെ രാഷ്ട്രീയ പിൻഗാമി ആരെന്ന് പിള്ള വ്യക്തമാക്കിയതാണ്. പക്ഷേ വിട്ടു കൊടുക്കാൻ മൂത്ത മകൾ തയ്യാറുമല്ല.

കേന്ദ്ര ഷിപ്പിങ് സെക്രട്ടറി പദം വരെ വഹിച്ച വിരമിച്ച ഐഎഎസുകാരനായ മോഹൻദാസാണ് ഉഷയുടെ ഭർത്താവ്. പിള്ളയ്ക്ക് ഉഷയും ഗണേശും അടക്കം മൂന്നു മക്കളാണുള്ളത്. അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവാണ് പിള്ളയുടെ രണ്ടാം മകൾ. ഗണേശ് ഇളവനും. മുമ്പ് പലപ്പോഴും കുടുംബ പരമായ കാര്യങ്ങൾ കാരണമായിരുന്നു ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. അച്ഛൻ ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ കോടതി ഇടപെടലിനെ തുടർന്നാണ് യുഡിഎഫ് കാലത്ത് ഗണേശ് മന്ത്രിയാകുന്നത്. അച്ഛൻ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയപ്പോഴും മന്ത്രിയായി. എന്നാൽ അച്ഛനും മുൻ ഭാര്യയായിരുന്ന യാമിനിയുടെ പരാതികളും വിനയായി. ഇതോടെ മന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇടതു പക്ഷത്തെത്തി. പിണറായിയുടെ ആദ്യ മന്ത്രിസഭയിൽ അംഗത്വം കിട്ടിയില്ല.

എന്നാൽ രണ്ടാം മന്ത്രിസഭയിൽ മുഴുവൻ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്. മന്ത്രിസഭയെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കാൻ പിണറായി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗണേശിനെ ആദ്യ പാദത്തിൽ മാറ്റി നിർത്തിയത്. രണ്ടരക്കൊല്ലത്തിന് ശേഷം മന്ത്രിയാക്കാമെന്ന് ഉറപ്പും നൽകി. ഇത് അട്ടിമറിക്കാനാണ് ഇപ്പോൾ പാർട്ടിയിലെ വിമതരുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP