Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ വിസി പുനർനിയമനം അനാവശ്യം; മന്ത്രിയുടെ ശുപാർശ സത്യപ്രതിജ്ഞാ ലംഘനം; ആർ.ബിന്ദുവിന് സിപിഐ കൗൺസിലിൽ രൂക്ഷവിമർശനം; സർവകലാശാല നിയമനങ്ങളിൽ സിപിഎം ആധിപത്യമെന്നും കൗൺസിൽ അംഗങ്ങൾ

കണ്ണൂർ വിസി പുനർനിയമനം അനാവശ്യം; മന്ത്രിയുടെ ശുപാർശ സത്യപ്രതിജ്ഞാ ലംഘനം; ആർ.ബിന്ദുവിന് സിപിഐ കൗൺസിലിൽ രൂക്ഷവിമർശനം; സർവകലാശാല നിയമനങ്ങളിൽ സിപിഎം ആധിപത്യമെന്നും കൗൺസിൽ അംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷവിമർശനം. മന്ത്രിയെ കടന്നാക്രമിച്ച് വി എസ്.സുനിൽകുമാറും ആർ.ലതാദേവിയും അരുൺ ബാബുവും രംഗത്തെത്തി.

കണ്ണൂർ വിസി പുനർനിയമനം അനാവശ്യമായിരുന്നു. മന്ത്രിയുടെ ശുപാർശ സത്യപ്രതിജ്ഞാലംഘനമാണെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. സർവകലാശാല നിയമനങ്ങളിൽ സിപിഎം ആധിപത്യമെന്നും കൗൺസിൽ അംഗങ്ങൾ കുറ്റപ്പെടുത്തി.

ഗവർണ്ണർക്ക് ചട്ടം ലംഘിച്ച കത്തയച്ച് കുരുക്കിലായ ആർ ബിന്ദുവിനെ മുൻ നിയമമന്ത്രി എ കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കൾ ന്യായീകരിക്കുമ്പോഴാണ് വിമർശനവുമായി സിപിഐ രംഗത്ത് വന്നത്

ചാൻസിലറും പ്രോ ചാൻസിലറും തമ്മിലെ സാധാരണ ആശയവിനിമയമെന്നുള്ള സിപിഎം ന്യായീകരണങ്ങൾ സിപിഐ അംഗീകരിക്കുന്നില്ല. മന്ത്രിയുടെ രാജി ഉയർത്തി പ്രതിപക്ഷം സമരം തുടരുമ്പോഴാണ് ബിന്ദുവിനെയും സിപിഎമ്മിനെയും കുരുക്കിയുള്ള സിപിഐ കൗൺസിലിലെ വിമർശനം.

കണ്ണൂർ വിസി പുനർനിയമനത്തിൽ ഗവർണ്ണർക്ക് കത്തെഴുതിയ മന്ത്രി ആർ ബിന്ദുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ രംഗത്ത് വന്നിരുന്നു. കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്നാണ് കാനം പറഞ്ഞത്.

കാനം പരസ്യമായി കൂടി പറഞ്ഞതോടെ സർക്കാരും മുന്നണിയും വെട്ടിലാകുകയാണ്. കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

ഗവർണർ തന്റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞത് മുതൽ യുഡിഎഫ് ആവശ്യപ്പെടുന്നത് മന്ത്രിയുടെ രാജിയാണ്. ഇന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷി വരെ മന്ത്രിയുടെ ഇല്ലാത്ത അധികാരത്തിൽ നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന് ഇത് ആയുധമായി.

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി മന്ത്രി ഉപയോഗിച്ചത് ഇല്ലാത്ത അവകാശമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രോ ചാൻസിലർ എന്ന പദവി ഉപയോഗിച്ചായിരുന്നു മന്ത്രി, ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി ഗവർണർക്ക് കത്തയച്ചത്. എന്നാൽ 1996-ലെ കണ്ണൂർ സർവകലാശാല നിയമത്തിലും സർവകലാശാല സ്റ്റാറ്റിയൂട്ടിലും പ്രോ ചാൻസിലർക്ക് ഇങ്ങനൊരു അവകാശം നൽകുന്നില്ല എന്നാണ് വ്യക്തമാകുന്നത്.

കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട് നവംബർ 22-നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയത്. അക്കാദമിക് മികവ് കണക്കിലെടുത്ത് ഗോപിനാഥ് രവീന്ദ്രന് പുനർനിയമം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുതലേദിവസമാണ് മന്ത്രി ഗവർണർക്ക് കത്ത് നൽകിയത്.

പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ വിജ്ഞാപന പ്രകാരം നടക്കുന്ന നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിലാണ് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന നിർദ്ദേശംകൂടി മന്ത്രി വെക്കുന്നത്. ഗോപിനാഥ് രവീന്ദ്രന് കാലാവധി നീട്ടിനൽകണമെന്ന് പ്രോ വൈസ് ചാൻസലർ എന്ന രീതിയിൽ നിർദ്ദേശിക്കുകയാണെന്ന് കത്തിൽ പറയുന്നു. എന്നാൽ ഇതിനായി മന്ത്രി ഉപയോഗിച്ചിരിക്കുന്നത് ഇല്ലാത്ത അവകാശമാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

പ്രോ ചാൻസിലർ എന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത്തരത്തിൽ യാതൊരു അവകാശവും നൽകുന്നില്ലെന്ന് മാത്രമല്ല ചാൻസലറുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കാൻ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പദവി ഉപയോഗിക്കാമെന്ന് മാത്രമാണ് കണ്ണൂർ സർവകലാശാല നിയമത്തിൽ പറയുന്നത്.

അതേ സമയം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈക്കോടതി ബുധനാഴ്ച ശരിവെച്ചിരുന്നു. പുനർ നിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു വിധി. വിവിധ സർവകലാശാലകളിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടെയാണ് സർക്കാരിന് ആശ്വാസകരമായ വിധി വന്നത്.

വി സിയെ നീക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹർജിയും കോടതി തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP