Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേ സമയം ഒടിടിയിലും തിയേറ്ററിലും കളിച്ച് ഇരട്ടി ലാഭം ഉണ്ടാക്കാൻ അനുവദിക്കില്ല; ഒരു ചിത്രത്തിന് ഇനിയുണ്ടാവുക പരമാവധി 30 ദിവസത്തെ തിയേറ്റർ ആയുസ് മാത്രം; നൂറു ദിവസം കളിച്ച ആ സിനിമാക്കാലം മാറുന്നു; ക്രിസ്മസ് കാലത്തെ സൂപ്പർ ഹീറോയാകാൻ മിന്നൽ മുരളിയും; ആറാട്ടിനും ഒരു മാസ റിലീസ് മാത്രം

ഒരേ സമയം ഒടിടിയിലും തിയേറ്ററിലും കളിച്ച് ഇരട്ടി ലാഭം ഉണ്ടാക്കാൻ അനുവദിക്കില്ല; ഒരു ചിത്രത്തിന് ഇനിയുണ്ടാവുക പരമാവധി 30 ദിവസത്തെ തിയേറ്റർ ആയുസ് മാത്രം; നൂറു ദിവസം കളിച്ച ആ സിനിമാക്കാലം മാറുന്നു; ക്രിസ്മസ് കാലത്തെ സൂപ്പർ ഹീറോയാകാൻ മിന്നൽ മുരളിയും; ആറാട്ടിനും ഒരു മാസ റിലീസ് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇനി മിക്ക മലയാള സിനിമകളും തിയേറ്ററിൽ എത്തിയാലും 30 ദിവസം കഴിഞ്ഞാൽ ഒടിടിയിൽ എത്തും. 100 ദിവസം തിയേറ്ററിൽ ഓടി ചരിത്രം സൃഷ്ടിക്കുന്ന സിനിമാ പതിവ് മാറ്റിയെഴുതുകയാണ് കോവിഡാനന്തര കാലത്ത്. മോഹൻലാലിന്റെ മരയ്ക്കാർ തിയേറ്റർ റിലീസ് കഴിഞ്ഞ് മൂന്നാം ആഴ്ച തിയേറ്ററിൽ എത്തുകയാണ്. ദുൽഖർ സൽമാന്റെ കുറുപ്പ് ഒരു മാസത്തിന് ശേഷവും. മുൻനിര താര ചിത്രങ്ങളുടെ കാര്യത്തിൽ ഭാവിയിലും ഇത് തുടരും. ഒരു സിനിമയ്ക്കും ഇനി 30 ദിവസത്തിൽ അധികം റിലീസിന് തിയേറ്ററും കിട്ടില്ല. മോഹൻലാലിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടും അതിവേഗം തിയേറ്ററിൽ എത്താനാണ് സാധ്യത.

ഡിസംബർ ആഘോഷങ്ങളുടെ കാലമാണ്. ഒരു വർഷം അവസാനിക്കുന്നതിന്റെയും ക്രിസ്മസിന്റെയും എല്ലാ ആഘോഷങ്ങളും നിറഞ്ഞ ഒരു അവധിക്കാലം. മലയാള സിനിമയ്ക്ക് ഈ അവധിക്കാലം ഒടിടിയും തിയേറ്ററും തമ്മിലെ യുദ്ധമാണ്. ആരെ ആരെ മറികടക്കുമെന്നതാണ് നിർണ്ണായകം. തിയേറ്ററുകളിൽ നിന്ന് വീടുകളിലേക്ക് സിനിമാ റിലീസ് എത്തിയ കാലത്ത് അതിവേഗ ഒടിടി റിലീസുകൾ തിയേറ്ററുകളുടെ പ്രസക്തിയെ തന്നെ ഇല്ലാതാക്കും. ഈ ക്രിസ്മസിന് വമ്പൻ ചിത്രങ്ങൾ ഒന്നും തിയേറ്ററിൽ എത്തുന്നതുമില്ല. മിന്നൽ മുരളിയെന്ന ടോവിനോ തോമസിന്റെ പുതു തലമുറ ചിത്രവും ഒടിടിയിലാണ് റിലീസ്. ഏതായാലും തിയേറ്ററിലും ഒടിടിയിലും ഒരേ സമയം ഒരു സിനിമയും ഇനി ഉണ്ടാകില്ല. ഒടിടിയിലെ ചിത്രങ്ങളൊന്നും തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനാ തീരുമാനം.

തിയേറ്ററുകളിൽ കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച സിനിമകളാണ് ക്രിസ്മസ് വെക്കേഷന് എത്താറുള്ളത്. ഇത്തവണത്തെ ക്രിസ്മസ് കാലത്തിന് തിയേറ്ററുകൾ പോലെ തന്നെ ഒ.ടി.ടിയിലും അവധിക്കാലം ആഘോഷമാക്കാൻ നിരവധി ചിത്രങ്ങളാണ് എത്തുന്നത്. തിയേറ്ററിൽ എത്തിയ ചിത്രങ്ങൾക്ക് പുറമേ ഡയറക്ട് ഒ.ടി.ടി ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.ഒ.ടി.ടി റിലീസുകളിൽ ഏറ്റവും വലിയ ചിത്രം മിന്നൽ മുരളിയാണ്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തിയേറ്റർ എക്‌സ്പീരിയൻസ് നഷ്ടമായതിന്റെ വിഷമത്തിലാണ് സിനിമ പ്രേമികളിൽ പലരും. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നൽ മുരളി. ബേസിൽ- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവുംവലിയ ഹിറ്റായ ദുൽഖർ സൽമാൻ ചിത്രം കുറുപ്പും മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങിയ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും ഡിസംബർ 17 വെള്ളിയാഴ്ച ഒ.ടി.ടി പ്‌ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യു എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആദിവസത്തിന് രണ്ട് ദിനം മുമ്പ് കുറിപ്പ് ഒടിടിയിൽ എത്തി. ഇതോടെ ചിത്രം തിയേറ്ററിൽ നിന്ന് തിയേറ്റർ ഉടമകളുടെ സംഘടന പിൻവലിക്കുകയും ചെയ്തു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് നെറ്റ് ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്തത്. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിലാണ് എത്തുക.

സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച കാവൽ ഡിസംബർ 23ന് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യും. ക്രിസ്മസ് പ്രമാണിച്ച് മൂന്ന് ചിത്രങ്ങളാണ് ഡയറക്ട് ഒ.ടി.ടി റിലീസായെത്തുന്നത്. ദിലീപ് - നാദിർഷാ ടീമിന്റെ കേശു ഈ വീടിന്റെ നാഥൻ സിഡ്നി പ്‌ളസ് ഹോട്ട് സ്റ്റാറിലും ബേസിൽജോസഫ് - ടൊവിനോ തോമസ് ടീമിന്റെ മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സിലും ജൂണിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത് ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന മധുരം സോണി ലൈവിലും ഡിസംബർ 24ന് റിലീസ് ചെയ്യും. ജൂൺ എന്ന സിനിമയ്ക്ക് അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരം.

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഉർവശിയാണ് ചിത്രത്തിലെ നായികയാവുന്നത്. നസ്ലൻ, ഗണപതി, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെയും റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. ഡിസംബർ 2 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. അതും ക്രിസ്മസ് കാലത്ത് തിയേറ്ററിൽ എത്തും.

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.ക്രിസ്മസിനും ഈ ചിത്രം തിയേറ്ററിൽ ആളെ എത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത് അട്ടിമറിച്ചാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP