Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപാനവും ലഹരി വസ്തുക്കൾ വായിലിട്ട് ചവയ്ക്കലും; മരുമകളെ കൊണ്ട് എല്ലാവരുടേയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കിപ്പിച്ച അമ്മായി അമ്മയും; ചെടികളോടുള്ള പ്രണയം പോലും ഭാര്യയോട് കാട്ടത്ത കിരൺ കുമാർ! വിസ്മയ കേസിൽ വിചാരണ തുടങ്ങുന്നു; കിരൺകുമാറിന് ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ

മദ്യപാനവും ലഹരി വസ്തുക്കൾ വായിലിട്ട് ചവയ്ക്കലും; മരുമകളെ കൊണ്ട് എല്ലാവരുടേയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കിപ്പിച്ച അമ്മായി അമ്മയും; ചെടികളോടുള്ള പ്രണയം പോലും ഭാര്യയോട് കാട്ടത്ത കിരൺ കുമാർ! വിസ്മയ കേസിൽ വിചാരണ തുടങ്ങുന്നു; കിരൺകുമാറിന് ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : ബി.എ.എം.എസ്. വിദ്യാർത്ഥിനിയായിരുന്ന വിസ്മയയെ ഭർത്തൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ എന്തു സംഭവിക്കും? കേസിൽ വിചാരണ ജനുവരി 10-ന് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത് മുൻപാകെ ആരംഭിക്കും. അതിവേഗ വിചാകണയ്ക്കാകും സാധ്യത. പ്രതി കിരൺകുമാർ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് പ്രോസിക്യൂഷൻ പ്രതീക്ഷ. സംഭവംനടന്ന് ആറുമാസത്തിനുള്ളിൽ വിചാരണ ആരംഭിക്കുന്നെന്ന പ്രത്യേകതകൂടി കേസിനുണ്ട്.

ബുധനാഴ്ച കോടതിയിൽ പ്രതി കിരൺകുമാറിനെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കുറ്റംചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിനു ഇല്ല എന്നായിരുന്നു മറുപടി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 ബി-സ്ത്രീധനപീഡനം കൊണ്ടുള്ള മരണം, 498 എ-സ്ത്രീധന പീഡനം, 306-ആത്മഹത്യാ പ്രേരണ, 323-പരിക്കേൽപ്പിക്കുക, 506 (1) ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. ജനുവരി 10 മുതൽ സാക്ഷിവിസ്താരം തുടങ്ങും.

2021 ജൂൺ 21-നാണ് ശാസ്താംകോട്ട ശാസ്താംനടയിലെ ഭർത്തൃവീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.ജി. ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10-ന് പൊലീസ് കുറ്റപത്രം ഹാജരാക്കി. പ്രതിക്ക് ജാമ്യം കിട്ടാതിരിക്കാനും കൂടിയായിരുന്നു ഈ മുൻകരുതൽ. 2019 മെയ്‌ 31-ന് വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റാരോപണത്തെ തുടർന്ന് കിരൺകുമാറിന് ജോലി നഷ്ടമായിരുന്നു.

സ്ത്രീധനമായി നൽകിയ കാർ മാറ്റി വേറെ നൽകണമെന്ന് പറഞ്ഞ് 2020 ഓഗസ്റ്റ് 29-ന് ചിറ്റുമലയിൽ പൊതുജനമധ്യത്തിലും 2021 ജനുവരി മൂന്നിന് വിസ്മയയുടെ നിലമേലുള്ള വീട്ടിൽെവച്ചും പരസ്യമായി പീഡിപ്പിച്ചെന്നും പറയുന്നു. മാനസികപീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യചെയ്‌തെന്നാണ് പ്രോസിക്യൂഷൻ കേസ്. വിസ്മയ കൂട്ടുകാരികൾക്കും ബന്ധുക്കൾക്കും വാട്സാപ്പിലൂടെയും മറ്റും അയച്ച സന്ദേശങ്ങൾ ഫോണുകളിൽനിന്നു സൈബർ വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ച് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കി. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയും ഹാജരായി.

വിസ്മയാ കേസിൽ കൊലപാതക കുറ്റം ഒഴിവാക്കിയത് പ്രതി കിരൺകുമാർ കേസിൽ നിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടിയാണ്. ശാസ്ത്രീയ തെളിവോ മൊഴികളോ ഇല്ലാതെ കൊലക്കേസ് എടുത്താൽ അത് പ്രതിയെ സഹായിക്കുന്നതിന് തുല്യമാകും. ഇത് മനസ്സിലാക്കിയാണ് മുമ്പിലെത്തിയ തെളിവുകൾ നിരത്തിയുള്ള കുറ്റപത്രം. വിസ്മയ ആത്മഹത്യ ചെയ്തുവെന്ന കിരണിന്റെ മൊഴി തന്നെ കിരണിന് എതിരാണ്. ഭർത്താവിൽനിന്നുള്ള മാനസികപീഡനം താങ്ങാനാകാതെ വിസ്മയ കൂട്ടുകാരോടും ബന്ധുക്കളോടും വാട്സാപ്പ് വഴി നടത്തിയ ചാറ്റുകൾ കേസിൽ പ്രധാന തെളിവാകും. വിവിധയിടങ്ങളിൽനിന്നു ഇത്തരം ചാറ്റുകൾ കണ്ടെടുത്തിരുന്നു. പ്രതി കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽനിന്നു വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും കണ്ടെത്തിയിരുന്നു. വിസ്മയ മാനസികസമ്മർദ്ദത്താൽ എറണാകുളം സ്വദേശിയായ മനഃശ്ശാസ്ത്രവിദഗ്ധനോട് സംസാരിച്ചതും പ്രതിയുടെ സ്ത്രീധനസംബന്ധമായ പീഡനത്തെക്കുറിച്ച് പരാതിപറഞ്ഞതും തെളിവായി ഹാജരാക്കിയിട്ടുണ്ട്.

ഭർതൃവീട്ടിലെ മാനസിക പീഡനത്തിൽ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും മറ്റും വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗൺസലിങ് വിദഗ്ധൻ പൊലീസിനു കൈമാറി. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവായി്. വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴിയും പീഡനത്തെ സാധൂകരിച്ചു. പഴയ വാട്‌സാപ്പ് ചിത്രങ്ങളും കിരണിന് എതിരായി. സ്ത്രീധന പീഡനത്തിൽ പരമാവധി തെളിവ് ശേഖരിച്ച പൊലീസിന് കൊലപാതകമെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ കിട്ടിയില്ല.

താൻ നേരിടുന്ന നിരന്തര പീഡനങ്ങൾ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവച്ചിരുന്നു. ഇവരിൽ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. ഇത അവിശ്വസനീയമാണ്. ബെഡ് റൂമിന് ചേർന്നുള്ളതാണ് ശുചി മുറി. വിസ്മയ മരിക്കുമ്പോൾ ഈ മുറിയിൽ കിരൺ ഉണ്ടായിരുന്നു. ബാത്ത് റൂം അടച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെങ്കിൽ ഇക്കാര്യം കിരൺ അറിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമില്ല. പക്ഷേ കൊലപാതക കുറ്റം ആരോപിച്ചാൽ കിരൺ രക്ഷപ്പെടാൻ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് ആത്മഹത്യാ പ്രേരണയിൽ കിരണിനെ തളയ്ക്കുന്നത്.

166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. അതും ടർക്കി ടവ്വൽ ഉപയോഗിച്ച്. ഇങ്ങനെ വിസ്മയ തൂങ്ങി നിൽക്കുന്നത് കിരൺ അല്ലാതെ മറ്റാരും കണ്ടതുമില്ല. ഇതും ദുരൂഹതയാണ്. കഴുത്തിയെ പാട് താഴ്ന്ന് കിടക്കുന്നതും ആത്മഹത്യാ ശ്രമത്തിനിടെയിൽ മലമൂത്ര വിസർജ്ജനം ചെയ്യാത്തതും സംശയം കൂട്ടുന്നു. അതുകൊണ്ട് തന്നെ വിസ്മയയെ കെട്ടിത്തൂക്കി കൊന്നതാകാനുള്ള സാധ്യതായണ് ഏറെയാണ്. ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ബഹളം കേട്ടെത്തിയ കിരണിന്റെ അച്ഛനും അമ്മയും കണ്ടതു പോലും നിലത്ത് കിടക്കുന്ന വിസ്മയയെയാണ്.

പീഡനം സഹിക്കാനാകാതെ താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിയോട് പറഞ്ഞിട്ടും പ്രതി തുടർന്നും വിസ്മയയെ പീഡിപ്പിക്കുകവഴി ആത്മഹത്യാ പ്രേരണ നൽകിയതായി കുറ്റപത്രം ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെടുക, സ്ത്രീധനം വാങ്ങുക എന്നീ കുറ്റങ്ങളും പ്രതി ചെയ്തിട്ടുള്ളതായി പറയുന്നു. സർക്കാർ ഉദ്യോഗസ്ഥനായ പ്രതി കൂടുതൽ സ്ത്രീധനം കിട്ടുമെന്നുകരുതി വിസ്മയയെ വിവാഹംകഴിച്ചെന്നും എന്നാൽ പ്രതീക്ഷയ്ക്കനുസരിച്ച് സ്ത്രീധനം ലഭിക്കാത്തതിനാൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. സ്ത്രീധനമായി നൽകിയിരുന്ന കാർ പ്രതിക്ക് താത്പര്യമില്ലാത്തതായിരുന്നു എന്നതായിരുന്നു പീഡനത്തിന്റെ പ്രധാനകാരണം.

2020 ഓഗസ്റ്റ് 29-ന് കിഴക്കേ കല്ലടയിൽ സമീപവാസികളുടെ മുന്നിൽവെച്ചും 2021 ജനുവരി രണ്ടിന് വിസ്മയയുടെ വീടിനുമുന്നിൽ അയൽക്കാരുടെ മുന്നിൽവെച്ചും പ്രതി പരസ്യമായി സ്ത്രീധനം സംബന്ധിച്ച അതൃപ്തി പ്രകടമാക്കിയതായി കുറ്റപത്രത്തിൽ പറയുന്നു. പഠനത്തിലും മറ്റും മിടുക്കനായിരുന്നു കിരൺ. പ്ലസ്ടുവിനു ശേഷം കോഴിക്കോട് മുക്കത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലായിരുന്നു പഠനം. ചെടിയോടായിരുന്നു കൂടുതൽ ഇഷ്ടം. ഒഴിവുസമയങ്ങളിൽ നഴ്സറികളിൽനിന്നും വിവിധയിനം ചെടികൾ വാങ്ങി വീട്ടിനുള്ളിലും മുറ്റത്തും നട്ടു വളർത്തും. വാഹനങ്ങളോടു വലിയ കമ്പമായിരുന്നു. ഇതുകൊണ്ടാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോലി പഠിച്ച് നേടിയെടുക്കാൻ കാരണവും. കോവിഡു കാലത്തായിരുന്നു കിരണിന്റേയും വിസ്മയുടേയും കല്യാണം. അതുകൊണ്ട് തന്നെ അയൽക്കാർ പോലും കല്യാണത്തിന് എത്തിയിരുന്നില്ല. പലരും വിസ്മയയെ കണ്ടിട്ടു പോലുമില്ല.

വിസ്മയയുടെ വീട്ടിൽനിന്നും കൊടുത്ത കാർ ഇഷ്ടമല്ലെന്നും ഇതേചൊല്ലി വിയോജിപ്പുകൾ ഉണ്ടെന്നും മാത്രമാണ് കിരൺ അടുത്ത കൂട്ടുകാരോടു പോലും പറഞ്ഞിരുന്നത്. അതിന് അപ്പുറത്തേക്ക് ആർക്കും ഒന്നും അറിയില്ല. ജനുവരിയിൽ വിസ്മയയുടെ വീട്ടിൽ രാത്രി മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ കിരണിനെ കുറിച്ചു കേട്ട് ഞെട്ടുകയാണ് നാട്ടുകാരും കൂട്ടുകാരും. കിരൺ മദ്യപിക്കുകയും ലഹരിവസ്തു വായിലിട്ടു ചവയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിസ്മയ പരാതി പറഞ്ഞിരുന്നതായി വിസ്മയയുടെ ബന്ധുക്കൾ പറയുന്നു.

നൃത്തത്തിലും കലാപ്രവർത്തനങ്ങളിലുമൊക്കെ സജീവമായിരുന്നു വിസ്മയ. ഇതൊന്നും കിരണിന് ഇഷ്ടമല്ലായിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കൾ പറയുന്നു. സഹപാഠികളായ ആൺകുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ പോലും കിരൺ തന്നെ മർദിച്ചിരുന്നതായി മകൾ പറഞ്ഞിട്ടുണ്ടെന്ന് വിസ്മയയുടെ അമ്മ സജിത വി.നായർ പറയുന്നു. നായർ മാട്രിമോണിയിൽ നിന്നാണ് വിവാഹ ആലോചന എത്തിയത്. നിശ്ചയം കഴിഞ്ഞതോടെ തന്നെ ഫോൺ വിളിയും തുടങ്ങി. വിസ്മയെ കാണാൻ കിരൺ കോളേജിലും പോകുമായിരുന്നു. ഈ സമയത്തും അടി കൊടുത്തിരുന്നുവെന്നാണ് പുറത്തു വന്ന വിവരങ്ങൾ.

വിവാഹനിശ്ചയത്തിനു ശേഷം വിസ്മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ മർദിച്ചിരുന്നു.അടുത്തസമയത്തു മാത്രമാണ് ഇക്കാര്യം മകൾ പറഞ്ഞതെന്നും സജിത പറഞ്ഞു. കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞു. വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിഞ്ഞു. ഞങ്ങളുടെ മുന്നിലിട്ടു വിസ്മയയെയും തടസ്സം പിടിച്ച സഹോദരൻ വിജിത്തിനെയും മർദിച്ചു.

നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽ വച്ചു പിടികൂടി. മദ്യലഹരിയിൽ അന്നു പൊലീസിനെയും ആക്രമിച്ചു. പിന്നീട് കുറേക്കാലം വിസ്മയ തങ്ങൾക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു. ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചു. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ടു ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞു കിരൺ വിസ്മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി. തന്റെ ജന്മദിനത്തിനു മുൻപ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോയത്. അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. അതിനും കിരൺ പ്രശ്നമുണ്ടാക്കി.

സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അടുത്തിടെയായി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് കൂടുതലായി പറഞ്ഞിരുന്നത്. ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി എന്നോട് അവൾ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി സജിത പറയുന്നു. ഒരിക്കൽ ഞാൻ മകളെക്കാണാൻ അവളുടെ ഭർതൃഗൃഹത്തിൽ പോയപ്പോൾ അവൾ ആ വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കുകയാണ്. അതുകണ്ട് സങ്കടമായി അടുത്ത ദിവസം തന്നെ ഞാൻ ഒരു വാഷിങ് മെഷീൻ വാങ്ങി അവരുടെ വീട്ടിൽ എത്തിച്ചു. കിരൺ മദ്യപിച്ച് ഇവിടെ വന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ മാത്രമാണ് അവന്റെ സ്വഭാവം എനിക്കു മനസ്സിലായത്. ഈ ബന്ധം ഇനി വേണ്ട എന്ന് അന്നു തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അവൻ എന്റെ മകളെ പറഞ്ഞു വിശ്വസിപ്പിച്ച് കൊണ്ടുപോയതാണ്.-ഇതാണ് അച്ഛൻ ത്രിവിക്രമൻ നായർ നേരത്തെ പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP