Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലുശ്ശേരി സ്‌കൂളിലെ മാറ്റത്തിന് കയ്യടിക്കുന്നു; പക്ഷേ അതിന് ജെൻഡർ ന്യൂട്രൽ എന്ന തെറ്റായ മേലങ്കി ചാർത്തുന്നതിനെ എതിർക്കുന്നു; ആ പൊട്ടത്തരത്തോട് സഹതപിക്കുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ബാലുശ്ശേരി സ്‌കൂളിലെ മാറ്റത്തിന് കയ്യടിക്കുന്നു; പക്ഷേ അതിന് ജെൻഡർ ന്യൂട്രൽ എന്ന തെറ്റായ മേലങ്കി ചാർത്തുന്നതിനെ എതിർക്കുന്നു; ആ പൊട്ടത്തരത്തോട് സഹതപിക്കുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

 ജെൻഡർ ന്യൂട്രൽ യൂണിഫോം ആണല്ലോ എവിടെയും സംസാരവിഷയം. രാഷ്ട്രീയ ചായ്വുകളനുസരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് നരേറ്റീവുകൾ കണ്ടെങ്കിലും ന്യൂട്രലായിട്ടുള്ള അഭിപ്രായ പ്രകടനങ്ങൾ അധികമൊന്നും കണ്ടില്ല. പെൺകുട്ടികൾക്ക് സൗകര്യപ്രദമായ വസ്ത്രധാരണമെന്ന രീതിയിൽ ഈ മാറ്റത്തെ ഹൃദയം കൊണ്ട് സ്വാഗതം ചെയ്യുമ്പോഴും ഈ പുതിയ തുടക്കത്തിന് ജെൻഡർ ന്യൂട്രൽ എന്ന ചേർത്തുകെട്ടൽ നല്കിയതിനോട് നൂറു ശതമാനവും വിയോജിക്കുന്നു. ഇതിലെവിടെയാണ് ജെൻഡർ ന്യൂട്രൽ? എന്താണ് ജെൻഡർ ന്യൂട്രൽ അഥവാ ജെൻഡർ ന്യൂട്രാലിറ്റി എന്നറിയാതെയുള്ള ആട്ടം കാണലാണ് എങ്ങും .

ബാലുശ്ശേരിയിലെ ഗവ: ഹയർ സെക്കണ്ടറി 'ഗേൾസ്' സ്‌കൂളിലെ പ്ലസ് വൺ ക്ലാസ്സിൽ തുടക്കമിട്ട യൂണിഫോം പരിഷ്‌കരണം ജെൻഡർ ന്യൂട്രൽ ആവണമെങ്കിൽ ആദ്യം മാറ്റം വരുത്തേണ്ടിയിരുന്നത് സ്‌കൂളിലെ ' ഗേൾസ്' എന്ന ജെൻഡർ ബോർഡായിരുന്നു. പരസ്യമായ ഒരു ജെൻഡർ ബോർഡും വച്ചുകൊണ്ട് ജെൻഡർ ന്യൂട്രൽ എന്ന് പറയുമ്പോൾ അതിന് കൈയടിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. അച്ചടിക്കപ്പെട്ട അക്ഷരങ്ങളിൽ മാത്രമല്ല, വിദ്യാഭ്യാസമേഖലയിലെ സമസ്ത തലങ്ങളിലും ആൺപെൺ തുല്യത നടപ്പിലാക്കിയ ശേഷം മാത്രം പറയണം ഇവിടെ ജെൻഡർ ന്യൂട്രൽ നടപ്പാക്കിയെന്ന് .

ലിംഗപരമായ അസമത്വം ഹാജർ ബുക്കിൽ നിന്നും തുടങ്ങുന്ന സർക്കാർ സ്‌കൂളുകൾ നിരവധിയുണ്ട് നമുക്ക് ചുറ്റും. ആൺ പെൺ വേർതിരിവുകൾ ഇല്ലാതെ, ആർക്കും മുൻഗണന കൊടുക്കാതെ, അക്ഷരമാലാ ക്രമത്തിൽ തന്നെയാണ് ഹാജർ പുസ്തകത്തിൽ പേരുകൾ രേഖപ്പെടുത്തേണ്ടത്. ആൺ പെൺ വിവേചനമില്ലാതെ ആൽഫബെറ്റിക് ഓർഡറിലോ അഡ്‌മിഷൻ നമ്പർ ക്രമത്തിലോ വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം എത്ര സ്‌കൂളുകളിലുണ്ട് ? സമൂഹത്തിൽ തുടർന്നു വരുന്ന പുരുഷ മേധാവിത്വം ഹാജർ പട്ടികയിലും പ്രതിഫലിക്കുന്ന പ്രവണത സർക്കാർ സ്‌കൂളുകളിൽ ഇല്ലെന്ന് ഉറപ്പ് പറയാൻ സർക്കാരിന് കഴിഞ്ഞാൽ ജെൻഡർ ന്യൂട്രൽ conceptന്റെ ആദ്യപടി തുടങ്ങിയെന്നു കണക്കാക്കാം. മറ്റൊന്ന് ഇരിപ്പിടങ്ങളിലാണ്. ആൺ-പെൺ ഭേദമില്ലാതെ ക്ലാസ്സ് റൂമുകളിൽ വിദ്യാർത്ഥികളെ ഒരുമിച്ച് ഇരുത്താൻ എത്ര സ്‌കൂളുകൾ തയ്യാറാകുന്നുണ്ട് ? ലിംഗവിവേചനം കൂടാതെ ഒരേ ബെഞ്ചിൽ ഒന്നിച്ചിരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞാൽ gender neutral concept സ്‌കൂളുകൾ മനസ്സിലാക്കി തുടങ്ങിയെന്നു കരുതാം. അതുകൊണ്ടൊന്നും കാര്യമില്ല. Gender neutral എന്താന്നെന്ന് കുട്ടികൾക്ക് മനസ്സിലാവണമെങ്കിൽ പാഠ്യ പദ്ധതി അഥവാ സിലബസ് ആകെ പരിഷ്‌കരിക്കപ്പെടണം.

പത്താം ക്ലാസിലെ കേരളപാഠാവലി, അടിസ്ഥാനപാഠാവലി എന്നിവ പരിശോധിച്ചാൽ ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകളിൽ നിന്നുമുള്ള വിശ്വരൂപം എന്ന ഒരു രചന ഒഴികെ ബാക്കി മുഴുവനും പുരുഷ എഴുത്തുകാരുടെ രചനകളാണ്. അതെന്താ മലയാളത്തിൽ സ്ത്രീ എഴുത്തുകാർ ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ ?സാഹിത്യ ലോകത്തെ വനിതാ പ്രതിഭകളുടെ രചനയിലൂടെ വരുന്ന ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ മടിക്കുന്ന സർക്കാരിന് ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ച് പറയാൻ എന്ത് അധികാരം? ഗണിത പാഠഭാഗങ്ങളിലെ വേതന കണക്കുകളിൽ പോലും കാണാൻ കഴിയും ഈ വിവേചനം. പുരുഷന്മാരുടെ വേതനത്തേക്കാൾ സ്ത്രീകളുടെ വേതനം കുറവായിട്ടാണ് പല ഗണിതപ്രവർത്തനങ്ങളിലും കാണിക്കുന്നത് . ഒരേ ജോലിക്ക് ഒരേ കൂലി എന്ന ആശയം പോലും നഷ്ടപ്പെടുത്തി എന്ത് ജെൻഡർ ന്യൂട്രൽ ആണ് ഇവിടെ വരുത്തുന്നത് ?.

മലയാളം ഒന്നാംവർഷ പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ കിനാവിലെ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ 'സന്ദർശനം' എന്ന കവിത പഠിക്കുന്ന കുട്ടികളോട് ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ച് പറഞ്ഞിട്ട് കാര്യമുണ്ടോ ? ഒരു കാമുകന്റെ വിഹ്വലതകൾ മാത്രം അനാവരണം ചെയ്യപ്പെടുന്ന ആ കവിതയിൽ പെണ്ണിന് എന്ത് റോൾ എന്ന് ഒരു കുട്ടി ചോദിച്ചാൽ അവിടെ തീർന്നു നമ്മൾ കെട്ടിപ്പൊക്കിയ തുല്യതാവാദം ? അവിടെ കൊണ്ട് തീരുന്നില്ല കാര്യങ്ങൾ .പ്ലസ് വൺ ഇംഗ്ലീഷ് പാഠഭാഗത്തിലെ The Sacred Turtles of Kadavu എന്ന പാഠത്തിലുമുണ്ട് ഇതു പോലുള്ള തെറ്റായ concepts. അറിവിന്റെ ആദ്യപാഠങ്ങൾക്കൊപ്പം സമത്വമെന്ന മഹത്തായ ആശയവും ഒരോ കുട്ടിയുടെയും ഉപബോധ മനസ്സിലേക്ക് എത്തിപ്പെടേണ്ടതുണ്ട്. അതിന് തുടക്കം കുറിക്കേണ്ടത് പ്ലസ് വൺ മുതൽക്കല്ല; കിന്റർ ഗാർട്ടൻ മുതല്ക്കാണ്. ജെൻഡർ ന്യൂട്രൽ concept എന്താണെന്ന് കുട്ടികൾക്ക് കാട്ടിക്കൊടുക്കേണ്ടത് mentors ആയ അദ്ധ്യാപകരാണ്. ബാലുശ്ശേരി സ്‌കൂളിൽ നാം കണ്ടത് പുതിയ പരിഷ്‌കരണമാണ്. തീർത്തും innovative ആയ ഒരു മാറ്റം. അതിന് കയ്യടിക്കുന്നു. പക്ഷേ അതിന് gender neutral എന്ന തെറ്റായ മേലങ്കി ചാർത്തുന്നതിനെ എതിർക്കുന്നു. ആ പൊട്ടത്തരത്തോട് സഹതപിക്കുന്നു.

Gender neutral uniform എന്നത് ഇവിടെ ആദ്യത്തെ സംഭവമൊന്നുമല്ല. ഞാൻ പഠിപ്പിച്ചിരുന്ന സന്ദീപനി ഇന്റർനാഷണൽ സ്‌കൂളിൽ അതിന്റെ തുടക്കകാലം മുതലേ gender neutral uniform തന്നെയായിരുന്നു .Sandeepani-A stress free and innovative school എന്ന ക്യാപ്ഷനും ബോർഡുമുള്ള സ്‌കൂളിനു gender neutral uniform എന്നത് അതിന്റെ concept തന്നെയായിരുന്നു. ഷോർട്ട്‌സ് അഥവാ ത്രീ ഫോർത്തും ഷർട്ടുമായിരുന്നു യൂണിഫോം . അതും രണ്ട് ദിവസം മാത്രം. പിന്നെ ഒരു ദിവസം വെള്ള കുർത്തയും പൈജാമയും . ബാക്കി ദിവസങ്ങളിൽ കുട്ടികൾക്ക് ഇഷ്ടമുള്ളതും . അദ്ധ്യാപകർക്കും dress code ഒന്നും ഉണ്ടായിരുന്നില്ല. അതായത് കൺവെൻഷണൽ സെറ്റപ്പുകളെ പൊളിച്ചടുക്കി തലസ്ഥാനത്ത് പത്തിരുപത് വർഷം മുമ്പേ ഇത്തരം സ്‌കൂളുകൾ ഉണ്ടായിരുന്നു. അവിടെ ഈ വിഷയത്തിൽ professional development workshops അറ്റൻഡ് ചെയ്ത അദ്ധ്യാപകരും ഉണ്ടായിരുന്നു. അങ്ങനെയുള്ളവർക്ക് ഈ ആട്ടം തുള്ളൽ കാണുമ്പോൾ ( കുട്ടികളുടെ സന്തോഷ പ്രകടനങ്ങൾ അല്ല മുതിർന്നവരുടെ gender neutral narrations) കയ്യടിക്കാനല്ല തോന്നുന്നത്; മറിച്ച് കളിയാക്കി ആർത്ത് ചിരിക്കാനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP