Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടികൾ വിലമതിക്കുന്ന ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് സുരക്ഷിതമായി താഴെ എത്തിച്ചു; വിമാനം വീണു കത്തി പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആളപായവും ഒഴിവാക്കി; അന്ന് കിട്ടിയത് ശൗര്യചക്ര; കൂനൂരിലെ ദുരന്തം വരുൺ സിംഗിനേയും കൊണ്ടു പോകുമ്പോൾ

കോടികൾ വിലമതിക്കുന്ന ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് സുരക്ഷിതമായി താഴെ എത്തിച്ചു; വിമാനം വീണു കത്തി പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആളപായവും ഒഴിവാക്കി; അന്ന് കിട്ടിയത് ശൗര്യചക്ര; കൂനൂരിലെ ദുരന്തം വരുൺ സിംഗിനേയും കൊണ്ടു പോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കൂനൂർ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ വേർപാടും ഇന്ത്യൻ സൈന്യത്തിന് തീരാ നഷ്ടം. വ്യോമസേനയുടെ ശൗര്യചക്രയായിരുന്നു വരുണ് സിങ്. അപകടത്തിൽ വരുൺ സിംഗിന് എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.ഉത്തർപ്രദേശ് സ്വദേശിയായ വരുൺ സിങ് ധീരതയ്ക്കുള്ള ശൗര്യചക്രം നേടിയിട്ടുണ്ട്. ഒരു സൈനിക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 2021വരുൺ സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. വരുൺ സിംഗിന്റെ സേവനം രാജ്യം ഒരു കാലത്തും മറക്കില്ലെന്ന് അദ്ദേഹം മോദി അനുശോചിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മോദി ട്വീറ്റ് ചെയ്തു.

ധീരതയ്ക്കുള്ള അംഗീകാരമായി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര് ചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. വ്യോമ സേനയിൽ വിങ് കമാൻഡറായ വരുൺ സിങ് 2020 ഒക്ടോബർ 12 തേജസ് യുദ്ധ വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് അദ്ദേഹം ശൗര്യചക്രയ്ക്ക് അർഹനായത്.

ഡിഫൻസ് സർവീസസ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫ് ആയ ശൗര്യ ചക്ര വരുൺ സിങ്. രണ്ടാം തവണ അപകടത്തിൽ വരുൺ സിങ് യാത്രയായി. ഗ്രൂപ്പ് കാപ്റ്റൻ വരുൺ സിങ് ഇതാദ്യമായിട്ടല്ല മരണത്തെ മുഖാമുഖം കാണുന്നത്. ഇതിന് മുമ്പ്, 2020 ഒക്ടോബർ 12 ന് ഒരു സിസ്റ്റം ചെക്ക് സോർട്ടിക്കു വേണ്ടി വ്യോമസേനയുടെ ഒരു ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് പറത്തുകയായിരുന്നു അദ്ദേഹം. ആദ്യ റൗണ്ട് പരിശോധനകൾക്കു ശേഷം ആ വിമാനത്തിന് ഗുരുതരമായ യന്ത്രത്തകരാറുകൾ നേരിട്ടതായി സിംഗിന്റെ ശ്രദ്ധയിൽ പെടുന്നു. അന്ന്, ആ തകരാറുകളെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

വിമാനം സഞ്ചരിച്ചുകൊണ്ടിരുന്ന ഉയരം വളരെ പെട്ടെന്ന് കുറയുകയും, അത് ആകാശത്തു മുകളിലേക്കും താഴേക്കും നീങ്ങുകയും ചെയ്യാൻ തുടങ്ങി. പതിനായിരം അടി ഉയരത്തിൽ എത്തിയപ്പോഴേക്കും വിമാനത്തിന്റെ നിയന്ത്രണം ഏറെക്കുറെ പൂർണമായും നഷ്ടപ്പെട്ട് അത് തലങ്ങും വിലങ്ങും ഉലയാനും, കടുത്ത പിച്ചിങ് നേരിടാനും തുടങ്ങുന്നു. ഈ അവസരത്തിൽ, സാധാരണ ഗതിക്ക് ഏതൊരു പൈലറ്റും തീരുമാനിക്കുക ആ വിമാനത്തെ ഉപേക്ഷിച്ച്,വിമാനത്തിൽ നിന്ന് ഇജക്റ്റ് ചെയ്ത് സ്വന്തം ജീവൻ രക്ഷപ്പെടുത്താനാണ്.

സ്വന്തം ജീവന് തന്നെ ഭീഷണി നിലനിൽക്കുന്ന ഈ അവസരത്തിലും, അസാമാന്യമായ ധീരത പ്രകടിപ്പിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്, അദ്ദേഹത്തിന്റെ വിമാനം പറത്തുന്നതിലെ അസാമാന്യ സിദ്ധിയും, അനിതരസാധാരണമായ മനസ്സാന്നിധ്യവും കൊണ്ടുമാത്രം ആ വിമാനം നഷ്ടമാവാതെ അതിനെ സുരക്ഷിതമായി താഴെ ഇറക്കുന്നതിൽ വിജയിച്ചു. പ്രൊഫഷണലായ സമീപനവും, ധീരതയും പ്രകടമാക്കിയ ഈ സംഭവത്തെ തുടർന്നാണ് സൈന്യം അദ്ദേഹത്തിന് ശൗര്യ ചക്ര നൽകി ആദരിക്കുന്നത്.

കോടികൾ വിലമതിക്കുന്ന ആ ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് സുരക്ഷിതമായി താഴെ എത്തിച്ചു എന്നതുമാത്രമല്ല, താഴെയുള്ള ഏതെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ ആ വിമാനം ചെന്ന് വീണു കത്തി പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ജീവൽ നഷ്ടവും വരുൺ സിങ് ഒഴിവാക്കി. ശൗര്യ ചക്ര സൈറ്റേഷനിൽ ഇത് പറയുന്നുണ്ട്. ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന വരുൺ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 50 ശതമാനത്തന് മുകളിൽ പൊള്ളലേറ്റ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

രാജ്യത്തിന്റെ സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേർ നേരത്തെ കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ചിരുന്നു. അപകട സമയത്ത് ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായിരുന്നു വരുൺ സിങ്. ഏഴ് ദിവസത്തോളം അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ വിഫലമാകുകയായിരുന്നു. ഇതോടെ കൂന്നൂർ ഹെലികോപ്ടർ അപകടത്തിൽ മരണം 14 ആയി.

സ്‌കൂൾ പ്രിൻസിപ്പളിന് അയച്ച കത്ത് ഇങ്ങനെ

വരുൺ സിങ് അടുത്തയിടെ താൻ പഠിച്ച സ്‌കൂളിന്റെ പ്രിൻസിപ്പലിന് അയച്ച കത്ത് അത്യന്തം ഹൃദയസ്പർശിയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതിയുടെ കൈയിൽ നിന്ന് ധീരതയ്ക്കുള്ള ശൗര്യചക്ര ഏറ്റുവാങ്ങിയതിലുള്ള അഭിമാനം സ്ഫുരിക്കുന്ന കത്താണ് വരുൺ സിങ് ഹരിയാണയിലെ ചാന്ദിമന്ദിറിലുള്ള ആർമി പബ്ലിക് സ്‌കൂളിന് അയച്ചത്. സ്‌കൂൾ പഠനകാലത്ത് താൻ എത്രമാത്രം സാധാരണ വിദ്യാർത്ഥിയായിരുന്നുവെന്ന് വരുൺ സിങ് പ്രിൻസിപ്പലിന് അയച്ച കത്തിൽ പറയുന്നു. പാഠ്യേതര പ്രവൃത്തികളിലോ കായിക മത്സരങ്ങളിലോ താൻ മിടുക്കനായിരുന്നില്ല. എന്നാൽ ഇന്ന് താൻ ഈ കത്തെഴുതുന്നത് അത്യധികം അഭിമാനത്തോടെയാണ്. തന്റെ നേട്ടങ്ങൾക്ക് പിറകിൽ പഠിച്ച സ്‌കൂളിലെയും എൻഡിഎയിലെയും അദ്ധ്യാപകരും വ്യോമസേനയിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമാണെന്നും വരുൺ സിങ് കത്തിൽ പറയുന്നു. പഠിക്കുന്ന കാലത്ത് വിമാനങ്ങളോടും വൈമാനികന്മാരോടും വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടമാണ് തനിക്ക് വ്യോമസേനയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് സഹായകമായത്.

വെറും സാധാരണക്കാരനായി ജീവിക്കാനുള്ള കഴിവെ തനിക്കുള്ളൂവെന്ന തോന്നൽ മാറ്റിയത് കഠിനാദ്ധ്വാനത്തിലൂടെയാണെന്ന് വരുൺ പറയുന്നു. ചെയ്യുന്ന ജോലി ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തതോടെ ആത്മവിശ്വാസമായി. വ്യോമസേനയിലെ പൈലറ്റ് കോഴ്സിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അപൂർവം പേരിലൊരാളാകാൻ കഴിഞ്ഞു. പിന്നീട് വിദേശത്ത് പോയി പഠിക്കാൻ അവസരം ലഭിച്ചു. തുടർന്ന് സീനിയർ ഉദ്യോഗസ്ഥർക്ക് മാത്രം അവസരം ലഭിക്കുന്ന തേജസ് എയർക്രാഫ്റ്റ് സ്‌ക്വാഡ്രണിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു.

2020 ഒക്ടോബർ 20ന് സാങ്കേതിക തകരാറുമൂലം അപകടത്തിലായ തേജസ് യുദ്ധവിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ തനിക്കായി. ഇതിനാണ് ധീരതയ്ക്കുള്ള ശൗര്യചക്ര തന്നെ തേടിയെത്തിയതെന്നും വരുൺ സിങ് കത്തിൽ പറയുന്നു. ഇത്രയും പറഞ്ഞത് താൻ പഠിച്ച സ്‌കൂളിലെ കുട്ടികൾക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ്. പഠിക്കുന്ന കാലത്ത് ശരാശരി വിദ്യാർത്ഥിയാകുന്നതിൽ തെറ്റില്ല. എന്നാൽ പിന്നീട് പ്രവർത്തിക്കുന്ന മേഖലയിൽ കഠിനാദ്ധ്വാനം ചെയ്താൽ മികച്ച ഫലമുണ്ടാക്കാനാകുമെന്നാണ് തന്റെ ജീവിതം തെളിയിക്കുന്നത്.

ഒരിക്കലും പ്രതീക്ഷ കൈവിടരുത്. നിരന്തരം പ്രയത്നിക്കുക. നിങ്ങൾക്ക് ഉയരങ്ങളിലെത്താനാകും. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് തങ്ങൾ പിന്നിലാകുമെന്ന് കരുതുന്ന വിദ്യാർത്ഥികൾക്ക് തന്റെ ജീവിതം പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നതായും വരുൺ സിങ് കത്തിൽ പറയുന്നു. ഇക്കാര്യം കുട്ടികളോട് പറയണമെന്ന് പ്രിൻസിപ്പലിനോട് വരുൺ അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. ജീവിതത്തിലെ നേട്ടങ്ങൾക്കെല്ലാം കാരണം തന്നെ പഠിപ്പിച്ച അദ്ധ്യാപകരാണെന്ന വാചകത്തോടെയാണ് വരുൺ സിങ് കത്ത് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP