Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാടമുക്ക് തോപ്പിൽ മലയിലെ പയ്യൻ ബാറ്റിലേക്ക് വരുന്ന പന്തുകളെ എല്ലാം അടിച്ചകറ്റി; പത്തനംതിട്ടയിൽ കളിച്ച് തിരുവല്ലയിൽ നിറഞ്ഞ് എത്തിയത് കേരളത്തിന്റെ ജൂനിയർ ടീമിൽ; ഗോഡ്ഫാദറില്ലാതെ മുന്നേറുന്ന ഈ 28കാരൻ ഇന്ന് സഞ്ജുവിന്റെ മാച്ച് വിന്നർ; വിജയ് ഹസാരെയിലെ സൂപ്പർ ഹീറോ വിഷ്ണു വിനോദിന്റെ ക്രിക്കറ്റ് ജീവിതം

മാടമുക്ക് തോപ്പിൽ മലയിലെ പയ്യൻ ബാറ്റിലേക്ക് വരുന്ന പന്തുകളെ എല്ലാം അടിച്ചകറ്റി; പത്തനംതിട്ടയിൽ കളിച്ച് തിരുവല്ലയിൽ നിറഞ്ഞ് എത്തിയത് കേരളത്തിന്റെ ജൂനിയർ ടീമിൽ; ഗോഡ്ഫാദറില്ലാതെ മുന്നേറുന്ന ഈ 28കാരൻ ഇന്ന് സഞ്ജുവിന്റെ മാച്ച് വിന്നർ; വിജയ് ഹസാരെയിലെ സൂപ്പർ ഹീറോ വിഷ്ണു വിനോദിന്റെ ക്രിക്കറ്റ് ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദ്യം ടിനു യോഹന്നാൻ... പിന്നെ എസ് ശ്രീശാന്ത്, പിന്നാലെ സഞ്ജു സാംസൺ, ഇന്ത്യൻ ജഴ്‌സി അണിയുന്ന അടുത്ത കേരള താരം ആരായിരിക്കും? ഈ ചോദ്യം ക്രിക്കറ്റിനെ ആരാധിക്കുന്ന, നെഞ്ചേറ്റുന്ന മലയാളികൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. മാച്ച് വിന്നറായി മാറി വിഷ്ണു വിനോദ് ഇന്ത്യൻ സെലക്ടർമാരുടെ കണ്ണിലെ പ്രധാനിയാവുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ ക്വാർട്ടർ കടത്തിയത് വിഷ്ണുവിന്റെ മികവാണ്. വിജയ് ഹസാരയുടെ രണ്ടാം പാദത്തിൽ കേരളം അപരാജിത കുതിപ്പ് തുടരുകയും വിഷ്ണു ഫോം നിലനിർത്തുകയും ചെയ്താൽ കേരളാ ക്രിക്കറ്റിന് പുതിയ ഇന്ത്യൻ താരത്തെ കിട്ടാനുള്ള സാധ്യത ഏറെയാണ്. സഞ്ജു സാംസൺ എന്ന കേരളാ ക്യാപ്ടന്റെ തുറുപ്പു ചീട്ടാണ് വിഷ്ണു വിനോദ് എന്ന ബാറ്റ്‌സ്മാൻ.

അനന്തപത്മനാഭന്റെ ലെഗ് സ്പിന്നുകളാണ് കേരളത്തെ ആദ്യം ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത്. ജൂനിയർ ഇന്ത്യ കളിച്ച ശ്രീകുമാർ നായരും സുരേഷ് കുമാറും റോഹൻ പ്രേമും റെയ്ഫിയും എല്ലാം പ്രതീക്ഷകളായി. എന്നാൽ ടിനുവും ശ്രീശാന്തുമായിരുന്നു ഇന്ത്യൻ ജേഴ്സിയിൽ കളിക്കാൻ മലയാളിക്ക് കഴിയുമെന്ന് കാട്ടിയത്. പേസ് ബൗളിങ്ങിൽ കേരളത്തിന്റെ കരുത്തും ചർച്ചയായി. ഇതിനിടെയാണ് സഞ്ജുവിന്റെ വരുവ്. ഇതിന് ശേഷം ഐപിഎല്ലിൽ നിരവധി മലയാളികൾ കളിച്ചു. കേരളാ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറായി എത്തി ബാറ്റിങ് മികവ് കാട്ടിയ ഓൾറൗണ്ടറാണ് വിഷ്ണു. ഇപ്പോഴത്തെ കേരളാ ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരുണ്ട്. സഞ്ജുവും വിഷ്ണുവും പിന്നെ അസറുദ്ദീനും. റോബിൻ ഉത്തപ്പ പരിക്ക് മൂലം പുറത്താണ്. പരിക്ക് മാറിയെത്തിയാൽ ഉത്തപ്പ അടക്കം നാലു വിക്കറ്റ് കീപ്പർമാർ.

പരിമിത ഓവർ മത്സരങ്ങളിലേക്ക് അനുയോജ്യമാണ് വിഷ്ണുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തിരുവല്ലയിൽ നിന്നാണ് വിഷ്ണു വിനോദിന്റെ വരവ്. എസ് അനീഷിനും കെജെ രാകേഷിനും ശേഷം തിരുവല്ലയിൽ കളിച്ച് കേരളാ ടീമിലെത്തിയ പ്രതിഭ. കളിക്കാൻ തുടങ്ങുന്ന സമയത്ത് വിഷ്ണുവിന് പ്രത്യേകിച്ച് കോച്ചോ ഒന്നും ഇല്ലായിരുന്നു. സ്വാഭാവിക അറ്റാക്കിംഗുമായി തിരുവല്ലയിൽ കളിച്ചു നടന്ന വിഷ്ണു അതിവേഗം കേരളാ ക്രിക്കറ്റിലെ പ്രധാനിയായി മാറുകയായിരുന്നു. സ്ഥിരമായ പ്രകടനത്തിലൂടെ പ്രതിഭ അരക്കിട്ടുറപ്പിക്കുകായണ് വിഷ്ണു.

തിരുവല്ലയ്ക്ക് അടുത്ത് മാടമുക്ക് തോപ്പിൽമലയ്ക്ക് അടുത്താണ് വിഷ്ണുവിന്റെ നാട്. അച്ഛൻ മരിച്ചു. അമ്മയുടെ തണലിലാണ് വിഷ്ണു വളർന്നത്. സഹോദരിയും ഉണ്ട്. ചെറുപ്പത്തിലേ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ വിഷ്ണുവിന് ശാസ്ത്രീയമായി ആരും കുട്ടിക്കാലത്ത് ക്രിക്കറ്റ് പറഞ്ഞു കൊടുത്തിരുന്നില്ല. പത്തനംതിട്ടയിലെ സിഎൻസിസി ക്രിക്കറ്റ് ക്ലബ്ബിലാണ് പാഡ് കെട്ടി ആദ്യമായി കളിച്ച് തുടങ്ങിയത്. ഇവിടെ എല്ലാ പിന്തുണയും നൽകിയത് തോമസ് മാഷും. ക്ലബ്ബ് ക്രിക്കറ്റിലെ കുട്ടി മിടുക്കന്റെ കൂറ്റനടികൾ വിഷ്ണുവിനെ ജൂനിയർ തലത്തിലെ കേരളാ താരമാക്കി. ഝാർഖണ്ഡിനെതിരെ ജൂനിയർ ക്രിക്കറ്റിലെ സെഞ്ച്വറി നേട്ടത്തോടെ സീനിയർ ടീമിലുമെത്തി. പിന്നെ ഗോഡ് ഫാദറില്ലാത്ത വിഷ്ണു തകർപ്പൻ അടികളിലൂടെ കേരളാ ക്രിക്കറ്റിലെ മിന്നും താരമായി.

ശാസ്ത്രീയമായി കളി അഭ്യസിച്ചിട്ടില്ലാത്തതു കൊണ്ട് തന്നെ മുന്നിലേക്ക് വരുന്ന പന്തുകളെ ബൗണ്ടറി കടത്തുന്നതാണ് ശീലവും വിഷ്ണുവിന്റെ ഇഷ്ടവും. ഇത് തന്നെയാണ് കേരളത്തെ ഈ സീസണിലെ വിജയ് ഹസാരയിൽ രണ്ടാം ഘട്ടത്തിലേക്ക് എത്തിച്ചത്. ഈ സീസണിൽ 20-20 ക്രിക്കറ്റിൽ രണ്ട് അർദ്ധ സെഞ്ച്വറി നേടി. തമിഴ്‌നാടിനെതിരെ 65ഉം റെയിൽവേയ്‌ക്കെതിരെ 62ഉം. ഈ ഫോമുമായാണ് വിജയ് ഹസാരെ ട്രോഫിക്ക് വിഷ്ണു എത്തിയത്. അവിടേയും കേരളത്തിന് ഈ താരം കരുത്തായി. ചണ്ഡിഗഡിനെതിരെ 32 റൺസ്. ഈ കളിയിൽ വിഷ്ണു പന്തും എറിഞ്ഞു. പതിനൊന്ന് റൺസിന് ഒരു വിക്കറ്റ്. 22 പന്തിൽ നിന്നും 32 റൺസും. അഞ്ചാമനായി ഇറങ്ങിയായിരുന്നു ഈ നേട്ടം.

മധ്യപ്രദേശിനെതിരായ ഹൈ സ്‌കോറിങ് മത്സരത്തിൽ എട്ട് ഓവർ എറിഞ്ഞ് മൂന്ന് വിക്കറ്റ് നേട്ടത്തോടെ വഴങ്ങിയത് 59 റൺസാണ്. മധ്യപ്രദേശ് സ്‌കോറിനെ 329 റൺസിൽ പിടിച്ചു കെട്ടുന്നതിൽ ആ മൂന്ന് വിക്കറ്റുകൾ നിർണ്ണായകമായി. ബാറ്റിംഗിൽ വിഷ്ണു പരാജയപ്പെട്ടു. എട്ടു റൺസുമായി വിഷ്ണു അതിവേഗം മടങ്ങിയപ്പോൾ കേരളം ആ മത്സരം തോറ്റു. പിന്നീടുള്ള കളി കേരളത്തിന് ജീവന്മരണ പോരാട്ടമായിരുന്നു. ഇവിടെ വിഷ്ണു രൗദ്രഭാവം പൂണ്ടു. മഹാരാഷ്ട്രയുടെ 291 റൺസ് ചെയ്‌സ് ചെയ്ത കേരളം ഒരു ഘട്ടത്തിൽ ആറു വിക്കറ്റിന് 120 റൺസ് എന്ന നിലയിലായിരുന്നു. വിജയ് ഹാസരയിലെ ക്വാർട്ടർ മോഹങ്ങൾ പൊലിഞ്ഞെന്ന് കേരളം മനസ്സിൽ കണക്കൂ കൂട്ടി. എന്നാൽ വിട്ടു കൊടുക്കാൻ വിഷ്ണു തയ്യാറായിരുന്നില്ല.

ഏകദിനത്തിലെ കേരളാ ക്രിക്കറ്ററുടെ ഏറ്റവും മികച്ച ഇന്നിങ്‌സ്. 82 പന്തിൽ 100 റൺസുമായി വിന്നിങ് ഷോട്ട് ഉറപ്പിച്ചു വിഷ്ണു. സിജുമോൻ ജോസഫിന്റെ അപരാജിത 70 റൺസും കേരളത്തെ തുണച്ചു. കേരളാ ക്രിക്കറ്റിലെ ഏറ്റവും മികച്ച സെഞ്ചുറി കടന്നുള്ള കൂട്ടുകെട്ടുമായി അത്. ചത്തീസ് ഗഡിനെതിരെ പുറത്താകാതെ നേടിയ 26 റൺസും. ഉത്തരാഖണ്ഡിനെ തകർത്ത 34 റൺസും. കേരളത്തിന്റെ ഈ സീസണിലെ വിജയത്തിൽ എല്ലാം വിഷ്ണുവിന്റെ ബാറ്റിന്റെ കരുത്ത് പ്രകടം. അങ്ങനെ മാച്ച് വിന്നറായി ഈ മധ്യനരിയിലെ കരുത്ത് മാറുകയാണ്.

ക്വാർട്ടറിലും വിഷ്ണു മികവ് തുടർന്നാൽ കേരളം ചാമ്പ്യൻ പട്ടം സ്വന്തമാക്കുമെന്ന് കരുതുന്നവരുമുണ്ട്. ഐപിഎല്ലിൽ ഡൽഹി ക്യാപ്പറ്റൽസിന്റെ താരമാണ് ഈ ഇരുപത്തിയെട്ടുകാരൻ. റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളുരുവിനായും കളിച്ചു. അടുത്ത ഐപിഎൽ സീസണിൽ ഡൽഹിക്കാർ വിഷ്ണുവിന് കൂടുതൽ അവസരം നൽകാനും സാധ്യതകൾ ഏറെയാണ്. ദേശീയ തലത്തിലെ പ്രകടന മികവ് അവരും ശ്രദ്ധിച്ചു കഴിഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP