Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹർത്താൽ ദിനം രാത്രിയിൽ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറിൽ പുറപ്പെട്ട അവർ പിന്നെ തിരിച്ചു വന്നില്ല; നാലര വർഷം മുൻപ് കാണാതായ ദമ്പതികൾ ഇപ്പോഴും കാണാമറയത്ത്; പൊലീസ് അന്വേഷണം അജ്മീർ വരെ നീണ്ടിട്ടും തുമ്പായില്ല; ഒടുവിൽ മുട്ടത്തെ പാറക്കുുളത്തിൽ തിരച്ചിൽ തുടങ്ങി

ഹർത്താൽ ദിനം രാത്രിയിൽ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറിൽ പുറപ്പെട്ട അവർ പിന്നെ തിരിച്ചു വന്നില്ല; നാലര വർഷം മുൻപ് കാണാതായ ദമ്പതികൾ ഇപ്പോഴും കാണാമറയത്ത്; പൊലീസ് അന്വേഷണം അജ്മീർ വരെ നീണ്ടിട്ടും തുമ്പായില്ല; ഒടുവിൽ മുട്ടത്തെ പാറക്കുുളത്തിൽ തിരച്ചിൽ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നാലര വർഷം മുമ്പ് കോട്ടയത്തെ അറുപറയിൽ നിന്നും കണാതായ ദമ്പതികൾ ഇപ്പോഴും കാണാമറയത്ത്. പലവഴിയിൽ നീങ്ങിയ അന്വേഷണം ഒടുവിൽ വീണ്ടും കോട്ടയത്തു തന്നെ എത്തി നിൽക്കുകയാണ്. ദമ്പതികൾക്കായി മുട്ടത്തെ പാറക്കുളത്തിൽ തിരച്ചിൽ തുടങ്ങി. 2017 ഏപ്രിൽ ആറിന് രാത്രിയാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഹബീബ (37) എന്നിവരെ കാണാതായത്. ഹർത്താൽ ദിനമായ അന്ന് രാത്രി ഒമ്പതോടെ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറിൽ പുറപ്പെട്ടതായിരുന്നു ഇരുവരും. ഉറക്കമായതിനാൽ രണ്ടു മക്കളെയും കൊണ്ടുപോയില്ല. മടങ്ങിവരാത്തതിനെ തുടർന്ന് പിറ്റേദിവസം ഹാഷിമിന്റെ പിതാവ് അബ്ദുൽ ഖാദർ പൊലീസിൽ പരാതി നൽകി. ക്രൈംബ്രാഞ്ച് ആണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.

വാഹനവുമായി ഇറങ്ങാൻ സാധ്യതയുള്ള കുളമായതിനാലാണ് ഇവിടെ തിരയുന്നത്. ജില്ലയിൽ ഇത്തരത്തിലുള്ള കുളങ്ങളിലെല്ലാം തിരച്ചിൽ നടത്തിയിരുന്നു. കുളത്തിലെ പുല്ല് നീക്കിയശേഷം സ്‌കൂബാ ടീമിനെ ഉപയോഗിച്ച് കുളത്തിൽ തിരയും. ആഴമുള്ള കുളം വറ്റിക്കാനും ആലോചനയുണ്ട്. വർഷങ്ങൾക്കു മുമ്പ് ചങ്ങനാശ്ശേരി മഹാദേവൻ കൊലക്കേസിൽ മഹാദേവന്റെ മൃതദേഹം കണ്ടെടുത്തതും ഈ കുളത്തിൽ നിന്നാണ്.

ഒരു കാറും രണ്ടു മനുഷ്യരും അപ്രത്യക്ഷമായതിന്റെ ദുരൂഹത നീക്കാൻ ഇതുവരെ പൊലീസിനും അന്വേഷണ സംഘത്തിനും സാധിച്ചിട്ടില്ല. മൊബൈൽ ഫോൺ വീട്ടിൽവെച്ചു പോയതിനാൽ ആ വഴിക്കുള്ള അന്വേഷണം ആദ്യമേ നിലച്ചിരുന്നു. സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിജയിച്ചില്ല. കാർ പുഴയിൽ വീണിട്ടുണ്ടാകുമെന്ന സംശയത്തിൽ പൊലീസ് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി.

റോഡിനോട് ചേർന്ന തോട്ടിലും ജലാശയങ്ങളിലും തിരച്ചിൽ നടത്തി. വെള്ളത്തിനടിയിൽ ഉപയോഗിക്കുന്ന പ്രത്യേക സ്‌കാനർ ഉപയോഗിച്ചുള്ള തിരച്ചിലിന് 'ഹമ്മിങ്‌ബേർഡ്' എന്ന സ്വകാര്യ ഡിറ്റക്ടിവ് ഏജൻസിയെയും പൊലീസ് ഉപയോഗിച്ചിരുന്നു. ദമ്പതികളെ െട്രയിനിൽ കണ്ടതായി മല്ലപ്പള്ളി സ്വദേശികളായ അദ്ധ്യാപക ദമ്പതികൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും ഇവരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരം ലഭിച്ചില്ല.

വിവിധ ജില്ലകൾ കേന്ദ്രീകരിച്ചുള്ള ബന്ധുക്കളുടെ അന്വേഷണവും വിഫലമായി. ഇതിനിടെ ഇടുക്കി ജില്ലയിൽ ഹാഷിം എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയും പരിശോധന നടത്തി. കേസ് ലോക്കൽ പൊലീസാണ് ആദ്യം അന്വേഷിച്ചത്. തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

അന്വേഷണം നീണ്ടത് അജ്മീർ വരെ

അറുപാറയിൽ നിന്ന് കാണാതായ ദമ്പതികളെ തേടി ക്രൈംബ്രാഞ്ച് സംഘം അജ്മീറിലെത്തിയിരുന്നു. ദമ്പതികൾ തീർത്ഥാടനകേന്ദ്രമായ അജ്മീർ ദർഗയിലുണ്ടെന്ന വിവരത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം അജ്മീറിലെത്തി അന്വേഷണം നടത്തിയെങ്കിലും തുമ്പു ലഭിച്ചിരുന്നില്ല. കോട്ടയത്ത് നിന്നും കാണാതായ ഹാഷിം-ഹബീബ ദമ്പതികൾ പുണ്യസ്ഥലമായ അജ്മീർ ദർഗയിലുണ്ടെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് സംഘം അവിടെപോയി അന്വേഷണം നടത്തിയത്.

കാണാതായ ദമ്പതികളുടെ ഫോട്ടോ കാണിച്ച് പലരിൽ നിന്നും അന്വേഷണസംഘം വിവരം തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ചില ഹോട്ടലുടമകൾ ഹബീബയ ദർഗയ്ക്കടുത്ത് കണ്ടതായി സംശയം പ്രകടിപ്പിച്ചു. എന്നാൽ കൃത്യമായ തീയതിയോ, സമയമോ ഒന്നും ഇവർക്ക് ഓർമ്മയുണ്ടായിരുന്നില്ല. ഹോട്ടലുടമകൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് അന്വേഷണസംഘം അജ്മീർ ദർഗയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഒരു മാസം മുൻപ് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സംവിധാനം മാത്രമേ ഇവിടെയുള്ളുവെന്നത് അന്വേഷണസംഘത്തിന് തിരിച്ചടിയായി.

അജ്മീറിലെ ഹോട്ടലുകൾ, സത്രങ്ങൾ, മറ്റു ചെറിയ തീർത്ഥാടന കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്. പ്രദേശത്തെ മിക്ക ഹോട്ടലുകളിലും ഇവരുടെ ഫോട്ടോ കാണിച്ചാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്. ദമ്പതികളുടെ ചിത്രങ്ങൾ സഹിതമുള്ള നോട്ടീസ് പ്രദേശത്ത് പതിക്കാൻ അജ്മീർ പൊലീസാണ് സഹായം നൽകിയെങ്കിലും അതും പാളുകയാണ് ഉണ്ടായത്.

കാണാതായ സമയത്ത് ഇവരുടെ കൈയിൽ പണമൊന്നുമില്ലായിരുന്നു. മാത്രമല്ല, എടിഎം കാർഡുകളോ, ക്രെഡിറ്റ് കാർഡോ ഇവർ കൊണ്ടുപോയിരുന്നില്ല. ബാങ്കിൽ നിന്ന് ഇന്നേവരെ ഒരു രൂപ പോലും പിൻവലിച്ചിട്ടുമില്ല. കാണാതായ സമയത്ത് ഹബീബ അണിഞ്ഞിരുന്ന പത്തു പവന്റെ സ്വർണാഭരണം മാത്രമാണ് ദമ്പതികളുടെ കൈവശമുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP