Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രിമാരുടെ പുലഭ്യം വിളിയും വിരട്ടലുമൊന്നും വിലപ്പോകില്ല; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പന്ത് വീണ്ടും ഇലക്ഷൻ കമ്മീഷന്റെ കോർട്ടിൽ; തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നതിൽ പൂർണ അധികാരം കമ്മീഷനെന്ന് ഹൈക്കോടതി

മന്ത്രിമാരുടെ പുലഭ്യം വിളിയും വിരട്ടലുമൊന്നും വിലപ്പോകില്ല; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പന്ത് വീണ്ടും ഇലക്ഷൻ കമ്മീഷന്റെ കോർട്ടിൽ; തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നതിൽ പൂർണ അധികാരം കമ്മീഷനെന്ന് ഹൈക്കോടതി

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ സർക്കാറിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ചെയർമാൻ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും രംഗത്തെത്തിയ മന്ത്രിമാരുടെ നടപടിയൊന്നും വിലപ്പോവില്ല. കാരണം ഇക്കാര്യത്തിൽ പന്ത് ഇലക്ഷൻ കമ്മീഷന്റെ കോർട്ടിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതി ഈ വിഷയത്തിൽ ഇലക്ഷൻ കമ്മീഷനാണ് അന്തിമ വാക്കെന്ന് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന കാര്യത്തിൽ പൂർണ്ണ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ കോടതി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയത് സർക്കാറിന് കനത്ത തിരിച്ചടിയായി.

തിരഞ്ഞെടുപ്പ് ഒരു ഘട്ടമായോ രണ്ട് ഘട്ടമായോ നടത്തേണ്ടതെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്. സർക്കാരിന്റെ ആവശ്യത്തിൽ ഇടപെടാനാകില്ല. പ്രത്യേക നിർദ്ദേശം നൽകാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പ് നീട്ടണമെന്ന സർക്കാർ ആവശ്യത്തിൽ വിധി പറയുകയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 2010ലേതിനു സമാനസാഹചര്യമാണ് നിലവിലുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അന്ന് തിരഞ്ഞെടുപ്പ് നീട്ടാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് നടത്താൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇക്കാര്യങ്ങളിലേക്കൊന്നും കടന്നില്ല.

ഡിസംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിലെത്തുന്ന രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് നീട്ടാനുള്ള സർക്കാർ ആവശ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനും പിന്തുണച്ചു. പുതിയതായി രൂപീകരിച്ച 28 നഗരസഭകൾക്കും കണ്ണൂർ കോർപ്പറേഷനും ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകാരം നൽകിയിട്ടുണ്ട്.

പുതിയ നഗരസഭകളുടെ രൂപീകരണത്തെ തുടർന്ന് ആറു ഗ്രാമപഞ്ചായത്തുകളും 30 ബ്ലോക്ക് പഞ്ചായത്തുകളും 13 ജില്ലാ പഞ്ചായത്തുകളും പുനഃസംഘടിപ്പിക്കണം. ഈ സാഹചര്യത്തിൽ ഒറ്റഘട്ടമായി ഒക്ടോബർ 31ന് മുമ്പ് തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുക അസാധ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക്ഭൂഷൺ ,ഷെഫീഖ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്.

കോടതി അംഗീകരിച്ച പുതിയ മുനിസിപ്പാലിറ്റികൾ ഉൾപ്പെടുത്തി നവംബർ 30നകം തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ 152 ബ്ലോക്കുകളുടെ പുനസ്സംഘടന ആവശ്യപ്പെട്ട സർക്കാർ അത് 30 ആക്കി ചുരുക്കിയിട്ടുണ്ടെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി പി.ഗീത കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ മുന്നോട്ടുവച്ച സമയക്രമത്തെ കമ്മീഷൻ പിന്തുണയ്ക്കുകയും ചെയ്്തിരുന്നു.

നവംബർ 1ന് പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതാണെങ്കിലും അത് ഒരു മാസം നീട്ടി നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇനി സർക്കാറിന് മുന്നിലുള്ള ഏക മാർഗ്ഗം തെരഞ്ഞെടുപ്പ് കമ്മീഷനുമായി സമവായത്തിൽ എത്തുക എന്നത് മാത്രമാണ്. തിരഞ്ഞെടുപ്പ് നീളുന്നത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കൊണ്ടല്ലെന്നും മറ്റു കാരണങ്ങൾ കൊണ്ടാണെന്നും കമ്മീഷന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

28 പുതിയ മുനിസിപ്പാലിറ്റികളുടെ കാര്യത്തിലും തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിലും തിരഞ്ഞെടുപ്പ് കമ്മീഷന് സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി ഓഗസ്റ്റ് 20നാണ് ഉത്തരവിട്ടത്. ഓഗസ്റ്റ് 24ന് തിരഞ്ഞെടുപ്പ് കമ്മീഷണറെക്കൂടി വിളിച്ച് മുഖ്യമന്ത്രി യോഗം നടത്തി. 2010ലെ വാർഡുകളുടെ അടിസ്ഥാനത്തിലാണെങ്കിൽ മാത്രമേ ഒക്ടോബർ 31നകം തിരഞ്ഞെടുപ്പ് പൂർത്തിയാക്കി നവംബർ ഒന്നിന് പുതിയ സമിതികൾക്ക് സ്ഥാനമേൽക്കാനാകൂ എന്ന് യോഗത്തിൽ അറിയിച്ചതായി കമ്മീഷൻ പറയുന്നു.

എന്നാൽ കോടതി അംഗീകരിച്ച 28 പുതിയ മുനിസിപ്പാലിറ്റികളും പുതിയ കണ്ണൂരും പുനസ്സംഘടിപ്പിച്ച കൊല്ലവും ഉൾപ്പെടെ രണ്ട് കോർപ്പറേഷനുകളും ഉൾപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പുതിയ മുനിസിപ്പാലിറ്റികളുടെയും മറ്റും ഭാഗമാകുന്നതോടെ ചില പ്രദേശങ്ങൾ പഞ്ചായത്ത് മേഖലയല്ലാതാകും. അതിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശങ്ങളെ ഒഴിവാക്കി 30 ബ്ലോക്ക് പഞ്ചായത്തുകളും 13 ജില്ലാ പഞ്ചായത്തുകളും ആറ് പഞ്ചായത്തുകളും പുനസ്സംഘടിപ്പിക്കണം. അത് നടപ്പാക്കണമെങ്കിൽ സർക്കാർ സമർപ്പിച്ച സമയക്രമം അനുസരിച്ച് നവംബർ 30ന് മാത്രമേ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാവൂ.

152 ബ്ലോക്ക് പഞ്ചായത്തുകളുടെ പുനസ്സംഘടന നടത്താനാണ് ഓഗസ്റ്റ് 3ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിനുശേഷം 30 ബ്ലോക്കുകളുടെ മാത്രം പുനസ്സംഘടനയ്ക്കായി സർക്കാർ ഓഗസ്റ്റ് 26ന് വേറെ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP