Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതീവ ജാഗ്രതയിൽ രാജ്യം; ഇന്ത്യയിൽ ഓമിക്രോൺ ബാധിതരുടെ എണ്ണം 41 ആയി; യുകെയിൽ ആദ്യ ഓമിക്രോൺ മരണം റിപ്പോർട്ടു ചെയ്തതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കോവിഡ് പരിശോധന കർശനമാക്കി; കേരളവും ജാഗ്രതയിൽ

അതീവ ജാഗ്രതയിൽ രാജ്യം; ഇന്ത്യയിൽ ഓമിക്രോൺ ബാധിതരുടെ എണ്ണം 41 ആയി; യുകെയിൽ ആദ്യ ഓമിക്രോൺ മരണം റിപ്പോർട്ടു ചെയ്തതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കോവിഡ് പരിശോധന കർശനമാക്കി; കേരളവും ജാഗ്രതയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകത്ത് ഓമിക്രോൺ ബാധിച്ചു മരണം റിപ്പോർട്ടു ചെയ്ത പശ്ചാലത്തലത്തിൽ ഇന്ത്യയിലും വിപുലമായ മുന്നൊരുക്കങ്ങൾ. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി പുതുതായി മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ ഓമിക്രോൺ ബാധിതരുടെ എണ്ണം 41 ആയി. നിലവിൽ രോഗബാധിതരിൽ ആർക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് സൂചന. ഓമിക്രോൺ വകഭേദം സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഇതോടെ കൂടുതൽ ഓമിക്രോൺ ബാധിതർ രാജ്യത്തുണ്ടാകുന്ന സാഹചര്യം സംജാതമാകുന്നു. ഈ പശ്ചാത്തലത്തിൽ

രാജ്യത്ത് പലയിടത്തും ഓമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കോവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്.കോവിഡ് ബാധിതരുടെ എണ്ണം കൂടുതലായ കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഇക്കാര്യത്തിൽ വിദഗ്ദ്ധ സമിതി ചർച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവർത്തിക്കുന്നത്.ലോകത്തെ ആദ്യ ഓമിക്രോൺ മരണം കഴിഞ്ഞ ദിവസം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ കൊവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ, ഡെൽറ്റ വകഭേദത്തെക്കാൾ വ്യാപനശേഷി കൂടിയതാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഓമിക്രോൺ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഓമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചിരുന്നു. ഓമിക്രോൺ വകഭേദമാണോ എന്നറിയാൻ അയച്ച ഇവരുടെയടക്കമുള്ള സാമ്പിൾ പരിശോധനാഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

റിസ്‌ക് പട്ടികയിലുള്ള 12 രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതിൽ 10 പേർക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു. ഒരാൾ ഓമിക്രോൺ പൊസിറ്റീവായപ്പോൾ രണ്ടാമത്തെയാൾക്ക് നെഗറ്റീവായത് ആശ്വാസമായി. രോഗം സ്ഥിരീകരിച്ചതിൽ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്. നേരത്തെ ഓമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നെടുമ്പാശ്ശേരിയിൽ മാത്രം ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്ന 4407 പേർ, ജാഗ്രത

അതേസമയം സംസ്ഥാനത്ത് ഓമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കോവിഡ് പരിശോധന കർശനമാക്കി. കൊച്ചിയിൽ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കർശനമാക്കാനും ഓമിക്രോൺ ജാഗതയിൽ മുൻ കരുതലുകൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

യാത്രാക്കപ്പലുകൾ കാര്യമായി വരുന്നില്ലെങ്കിലും ചരക്ക് കപ്പലിൽ വരുന്നവർക്ക് ഓമിക്രോൺ ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആർടിപിസിആർ, റാപ്പിഡ് ടെസ്റ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് നടത്തി പരിശോധന ഫലം വന്ന ശേഷമേ യാത്രക്കാരെ പുറത്ത് വിടൂ. പൊസിറ്റീവാണെങ്കിൽ നേരെ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവാണെങ്കിലും റിസ്‌ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വരുന്നവർ വീടുകളിൽ നിരീക്ഷണത്തിലിരിക്കണം. ആശങ്ക പട്ടികയില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേരെയും ഓമിക്രോൺ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP