Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാങ്കുളത്തുള്ള വില്ല വിസ്റ്റ പദ്ധതിയടക്കം കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിക്കുന്നു; അബുദാബിയിലെ ബാർ റസ്റ്റാറന്റിന് പിന്നിൽ ഭീകരപണം? പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ എൻഐഎ എത്തും; റെയ്ഡിൽ കിട്ടിയ ഫയലുകൾ തീവ്രവാദ വിരുദ്ധ അന്വേഷണ ഏജൻസിക്ക് കൈമാറി ഇഡി; ഇത് മുസ്ലിം ബിസിനസ്സുകളെ തർക്കാനുള്ള ഗൂഢാലോചനയോ?

മാങ്കുളത്തുള്ള വില്ല വിസ്റ്റ പദ്ധതിയടക്കം കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിക്കുന്നു; അബുദാബിയിലെ ബാർ റസ്റ്റാറന്റിന് പിന്നിൽ ഭീകരപണം? പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ എൻഐഎ എത്തും; റെയ്ഡിൽ കിട്ടിയ ഫയലുകൾ തീവ്രവാദ വിരുദ്ധ അന്വേഷണ ഏജൻസിക്ക് കൈമാറി ഇഡി; ഇത് മുസ്ലിം ബിസിനസ്സുകളെ തർക്കാനുള്ള ഗൂഢാലോചനയോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വിദേശ സഹായധനം എത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുമ്പോൾ പ്രതിരോധത്തിന് സംഘടനയും. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ഈ നേതാക്കൾ വിദേശത്ത് വസ്തുവകകൾ ആർജിച്ചതിന്റെ രേഖകളും കണ്ടെടുത്തതായി ഇ.ഡി. വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് സംശയിക്കാവുന്ന തെളിവുകളും കണ്ടെടുത്തുവെന്ന് അന്വേഷണസംഘം പറയുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത രേഖകൾ എൻഐഎക്കു കൈമാറും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസന്വേഷിക്കുന്ന ഇഡി കണ്ടെത്തിയ വിദേശ നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ ഫയലുകളാണു തുടരന്വേഷണത്തിനു ശുപാർശ ചെയ്ത് എൻഐഎക്കു കൈമാറുന്നത്.

ഇതോടെ റെയ്ഡിന് പുതിയ മാനം വരും. കഴിഞ്ഞയാഴ്ച കേരളത്തിലെ നാലിടങ്ങളിലായി നടന്ന റെയ്ഡിലാണ് തെളിവുകൾ കണ്ടെത്തിയതായി ഇ.ഡി. വ്യക്തമാക്കുന്നത്. അബുദാബിയിൽ ബാർ, ഹോട്ടൽ എന്നിവ നടത്തുന്നതു കള്ളപ്പണം വെളുപ്പിക്കാനാണെന്ന നിഗമനത്തിലാണ് ഇഡി. വിദേശത്തു നേരിട്ട് അന്വേഷണം നടത്താനുള്ള അധികാരം ഇഡിക്കില്ല. എൻഐഎ, സിബിഐ എന്നിവർ വഴി ഇന്റർപോളിന്റെ സഹായം തേടാൻ കഴിയും. പോപ്പുലർ ഫ്രണ്ടിനെ പ്രതിരോധത്തിലാക്കുന്നതിന് വേണ്ടിയാണ് എൻ ഐ എയെ അന്വേഷണത്തിൽ എത്തിക്കുന്നത്. അതിവേഗം എൻഐഎ അന്വേഷണം തുടങ്ങും.

കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് കഴിഞ്ഞ ബുധനാഴ്ച റെയ്ഡ് നടന്നത്. ഇടുക്കി മാങ്കുളത്തെ ഒരു റിസോർട്ടിലും റെയ്ഡ് നടന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് നിക്ഷേപമുള്ളതാണീ റിസോർട്ട് എന്നാണ് ഇ.ഡി.യുടെ ആരോപണം. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് അബുദാബിയിൽ റിസോർട്ട് ഉണ്ടെന്നതിനും തെളിവു ലഭിച്ചതായി ഇ.ഡി. വ്യക്തമാക്കുന്നു. കള്ളപ്പണം ദേശവിരുദ്ധ സ്വഭാവമുള്ള പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചതിന്റെ തെളിവുകൾ ഇഡി കണ്ടെത്തിയതിനാൽ എൻഐഎക്കു നേരിട്ടു വിദേശത്തു പോയി അന്വേഷണം നടത്താൻ കഴിയും.

പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ പ്രവർത്തകരുടെ ഭാഗത്തുനിന്നും പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ സിആർപിഎഫിന്റെ സുരക്ഷാവലയത്തിലായിരുന്നു പരിശോധന. മൂവാറ്റുപുഴയിലാണ് അന്വേഷണ സംഘം ഏറ്റവും അധികം ഭീഷണി നേരിട്ടത്. പരിശോധനയിൽ കണ്ടെത്തിയ രേഖകളുടെ നിജസ്ഥിതി പരിശോധിച്ച ശേഷം വേണ്ടിവന്നാൽ അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിക്കാനാണു ഇഡിയുടെ നീക്കം. അതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേരളത്തിൽ റെയ്ഡുകൾ നടത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് പേർക്കെതിരെ മൊഴി നൽകിയത് പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് ആരോപിച്ചു.

ഇ.ഡി നടത്തിയ റെയ്ഡുകളും പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാർമ്മികവും ദുരുദ്ദേശ്യപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്ലിം ബിസിനസുകാരെ വേട്ടയാടാൻ ഇ.ഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വർഗീയ അജണ്ടയാണ്. കേരളത്തിലെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത ഇ.ഡിയാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന മുസ്ലിം ബിസിനസുകൾക്ക് പിന്നാലെ പോകുന്നത്.

അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീടുകളിൽ കയറിയത്. വനിതാ ഉദ്യോഗസ്ഥയില്ലാതെയാണ് സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഈ നിയമ ലംഘനങ്ങൾ മറച്ചുവെക്കാനാണ് നിരപരാധികൾക്കെതിരെ കള്ളപ്പണത്തിന്റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ റെയ്ഡുകളും അവരുടെ ബിസിനസ്സിനെ സംഘടനയുമായി ബന്ധിപ്പിക്കുന്നതും അവരെ പീഡിപ്പിക്കാനും വേട്ടയാടാനും ലക്ഷ്യം വെച്ചുള്ളതാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.

എന്നാൽ നേതാക്കളുടെ ഉടമസ്ഥതയിലുള്ള മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പദ്ധതിയടക്കം കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിക്കുകയാണെന്നും ഇഡി പറയുന്നു. അബൂദബിയിലെ ബാർ റസ്റ്റാറന്റ് എന്നിവ ഉൾപ്പെടെയുള്ള വിദേശ സ്വത്തുക്കൾ പോപുലർ ഫ്രണ്ട് നേതാക്കൾ സമ്പാദിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കുകയാണ്. സംഘടനക്ക് ലഭിക്കുന്ന വിദേശ ധനസഹായം, വിദേശത്തെ സ്വത്തുവകകൾ എന്നിവയെക്കുറിച്ചുള്ള രേഖകളും വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇഡി പറയുന്നു.

കഴിഞ്ഞ എട്ടിനായിരുന്നു പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. കണ്ണൂർ പെരിങ്ങത്തൂരിലെ പോപുലർഫ്രണ്ട്, എസ്.ഡി.പി.ഐ അംഗമായ ഷഫീഖ് പായെത്ത്, പോപുലർ ഫ്രണ്ട് മലപ്പുറം പെരുമ്പടപ്പ് ഡിവിഷനൽ പ്രസിഡന്റ് അബ്്ദുൽ റസാഖ്, മൂവാറ്റുപുഴയിലെ പോപുലർഫ്രണ്ട് നേതാവ് എം.കെ. അഷ്‌റഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രോജക്ട് ഓഫിസിലുമായിരുന്നു റെയ്ഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP