Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രസിഡണ്ട് അടക്കം രോഗബാധിതരായതോടെ വീണ്ടും പിടിവിട്ട് ദക്ഷിണാഫ്രിക്ക; വാക്സിനേഷൻ എടുത്തവരുടെ ലോക്ക്ഡൗൺ ഒഴിവാക്കി ആസ്ട്രിയ; വിദേശ വിദ്യാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായി വാതിൽ തുറന്ന് ഓസ്ട്രേലിയ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബ്രിട്ടൻ; ഇളവും നിയന്ത്രണവുമായി ലോകം മുമ്പോട്ട്

പ്രസിഡണ്ട് അടക്കം രോഗബാധിതരായതോടെ വീണ്ടും പിടിവിട്ട് ദക്ഷിണാഫ്രിക്ക; വാക്സിനേഷൻ എടുത്തവരുടെ ലോക്ക്ഡൗൺ ഒഴിവാക്കി ആസ്ട്രിയ; വിദേശ വിദ്യാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായി വാതിൽ തുറന്ന് ഓസ്ട്രേലിയ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബ്രിട്ടൻ; ഇളവും നിയന്ത്രണവുമായി ലോകം മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

''കാലമിനിയുമുരുളും... വിഷുവരും വർഷം വരും... '' മലയാളത്തിന്റെ പ്രിയകവി എൻ എൻ കക്കാടിന്റെ വാക്കുകളെ അന്വർത്ഥമാക്കിക്കൊണ്ട് കാലത്തിനൊപ്പം ലോകവും മുന്നോട്ട് ഉരുണ്ട് നീങ്ങുകയാണ്. കഴിഞ്ഞ രണ്ടു കൊല്ലത്തിനടുത്തായി തികഞ്ഞ അനിശ്ചിതത്വത്തിലും, ഒരു നിമിഷം നിൽക്കാതെ ലോകം ചലിക്കുകയാണ്. ഏറിയും കുറഞ്ഞുമിരിക്കുന്ന കൊറോണ തിരമാലകളിലൂടെ നിയന്ത്രണങ്ങൾ കടുപ്പിച്ചും ഇളവുകൾ പ്രഖ്യാപിച്ചും ലോകം മുന്നോട്ടു തന്നെ നീങ്ങുകയാണ്.

വാക്സിൻ എത്തിയപ്പോൾ ആശ്വാസത്തോടെ നെടുവീർപ്പിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങിയ മനുഷ്യനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓമിക്രോൺ എത്തുന്നത്. രണ്ടുവർഷങ്ങൾക്കപ്പുറംകൈവിട്ടുപോയ സാധാരണ ജീവിതം ഉടനെയൊന്നും തിരികെ ലഭിക്കില്ലെന്ന നിരാശയിലേക്കായിരുന്നു അത് മനുഷ്യകുലത്തെ കൊണ്ടെത്തിച്ചത്. ഇടയ്ക്കൊരു ആശ്വാസം നൽകുമെങ്കിലും വീണ്ടും കുതിച്ചുകയറുകയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് വ്യാപനതോത്. ഇതിനിടയിൽ, ഭാവിയെന്തെന്നറിയാതെ പകച്ചു നിൽക്കുന്ന മനുഷ്യനും.

ഓമിക്രോൺ കാർന്നുതിന്നുന്ന ദക്ഷിണാഫ്രിക്ക

ഏതാണ്ട് ശമനം വന്നെത്തി എന്ന് കരുതിയിരുന്നപ്പോഴാണ് ദക്ഷിണാഫ്രിക്കയിൽ വീണ്ടും രോഗവ്യാപനം മൂർച്ഛിക്കുന്നത്. ഇന്നലെ 18,035 പേർക്ക് പുതിയതായി കോവിഡ് ബാധിച്ചു എന്നായിരുന്നു ആദ്യ റിപ്പോർട്ട് എന്നാൽ, ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം 19,000 ഓളം പുതിയ കേസുകൾ ഉൾപ്പെടുത്താനാകാതെ പോയെന്ന് നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ കമ്മ്യുണിക്കബിൾ ഡിസീസ് അറിയിച്ചതോടെ പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം 37,875 ആയി ഉയർന്നു.

വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിട്ടും ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൾ രാംഫോസയും കോവിഡ് ബാധിതനായതാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചിരിക്കുന്നത്. 69 കാരനായ രാംഫോസ ദേഹാസ്വസ്ഥ്യങ്ങളെ തുടർന്ന് പരിശോധനക്ക് വിധേയനായപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം കേപ്പ് ടൗണിൽ സെൽഫ് ഐസൊലേഷനിൽ പോയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കൻ മിലിറ്ററി ഹെൽത്ത് സർവ്വീസ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഉപ പ്രധാനമന്ത്രി ഡേവിഡ് മബുസയ്ക്ക് ചുമതലകൾ കൈമാറിയിരിക്കുകയാണ്.

അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് ഓമിക്രോൺ ആണൊ എന്നത് വ്യക്തമല്ല. എന്നാൽ, നേരിയ രീതിയിലുള്ള ലക്ഷണങ്ങളെ കാണിക്കുന്നുള്ളു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാക്സിൻ എടുത്തതിനാലാൺ'് രോഗം ഗുരുതരമാകാത്തതെന്നുംതന്റെ അനുഭവം കണ്ട് പഠിച്ച് എല്ലാ പൗരന്മാരും വാക്സിൻ എടുക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വാക്സിനേഷൻ എടുത്തവർക്ക് ലോക്ക്ഡൗൺ ഒഴിവാക്കി ആസ്ട്രിയ

കോവിഡ് വ്യാപനം ശക്തിപ്രാപിച്ചപ്പോൾ മൂന്നാഴ്‌ച്ച മുൻപ് നടപ്പിലാക്കിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ് ആസ്ട്രിയ. വാക്സിനേഷന്റെ രണ്ടു ഡോസുകളും എടുത്തവർക്കായിരിക്കും ഈ ഇളവുകൾ ബാധകമാവുക. രാജ്യത്തിന്റെ വിവിധ മേഖലകളിൽ വ്യത്യസ്ത തരത്തിലാണ് നിയന്ത്രണങ്ങൾ എങ്കിലും മിക്കവാറും എല്ലായിടങ്ങളിലും തീയറ്ററുകൾ, മ്യുസിയം, മറ്റു സാംസ്‌കാരിക-വിനോദ കേന്ദ്രങ്ങൾ എന്നിവ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്കായി തുറന്നുകൊടുക്കും.

അതേസമയം, വാക്സിൻ എടുക്കാത്തവർക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനും, ഡോക്ടറെ സന്ദർശിക്കുവാനും കായിക വ്യായാമത്തിനുമായല്ലാതെ വീടിനു വെളിയിൽ ഇറങ്ങാൻ അനുവാദമില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമായിരുന്നു രാജ്യത്ത് ഉയർന്നത്. ഇതിന്റെ വെളിച്ചത്തിലാണ് ഇപ്പോൾ പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെയും പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞദിവസം വാക്സിൻ ഫാസിസത്തിനെതിരെ വിയന്നയിൽ നടന്ന റാലിയിൽ 44,000 പേരോളം പങ്കെടുത്തതായി പൊലീസ് വൃത്തങ്ങൾ പറയുന്നു.

പുതിയ ഇളവുകൾ അനുസരിച്ച് ഷോപ്പുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തനമാരംഭിക്കും. ചിലഭാഗങ്ങളിൽ റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കുമെങ്കിലും മറ്റു ചിലയിടങ്ങളിൽ അതിനായി ഇനിയും ഒരുമാസം കൂടി കാത്തിരിക്കണം. രാത്രി പതിനൊന്ന് മണിക്ക് ശേഷമുള്ള കർഫ്യൂ ഇപ്പോഴും നിലനിൽക്കും. അതുപോലെ പൊതുഗതാഗത സംവിധാനങ്ങളിലും ഷോപ്പുകൾക്കുള്ളിലും പൊതുയിടങ്ങളിലും മാസ്‌ക് ധാരണവും നിർബന്ധമാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കോവിഡ് വ്യാപനതോതിൽ കാര്യമായ കുറവുണ്ടായതായി കണക്കുകൾ ഉദ്ദരിച്ച് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വാതിലുകൾ തുറക്കാനുറച്ച് ആസ്ട്രേലിയ

ലോകത്തെ ഓമിക്രോൺ ഭീതി വിഴുങ്ങുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി വാതിലുകൾ ലോകത്തിനു മുന്നിൽ തുറക്കാൻ ഒരുങ്ങുകയാണ് ആസ്ട്രേലിയ. 2020 മാർച്ചിനു ശേഷം ഇതാദ്യമായി വിദേശ വിദ്യാർത്ഥികളേയും വിദേശത്തുനിന്നുള്ള നൈപുണ്യമുള്ള ജോലിക്കാരേയും സ്വാഗതം ചെയ്യുകയാണ് ആസ്ട്രേലിയ. അധികവ്യാപനശേഷിയുള്ളതാണെങ്കിലും ഡെൽറ്റ വകഭേദത്തോളം അപകടകാരിയല്ലാത്തതിനാൽ ആസ്ട്രേലിയൻ ഉദ്യോഗസ്ഥർ ഓമിക്രോണിനെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് ആസ്ട്രേലിയൻ ആരോഗ്യകാര്യ മന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു.

സെപ്റ്റംബറിനു ശേഷം ഏകദേശം മൂന്നര ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ ഉണ്ടായതായി ട്രഷറർ ജോഷ് ഫ്രൈഡെൻബെർഗ് പറഞ്ഞു. വിപണിയും ഉപഭോക്താക്കളും വിശ്വാസം തിരിച്ചെടുത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആസ്ട്രേലിയ ഇപ്പോഴും എ എ എ ക്രെഡിറ്റ് റേറ്റിങ് ഉള്ള രാജ്യമാണെന്നും വളരെ നല്ല രീതിയിൽ തന്നെ നിക്ഷേപങ്ങൾ വ്യവസായ രംഗത്ത് ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബറിൽ അവസാനിക്കാനിരുന്ന, ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലോൺ ഗാരന്റീ പദ്ധതിയുടെ കാലാവധി വീണ്ടും ആറുമാസത്തേക്കു കൂടി നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലാൻ ബി യുമായി ബ്രിട്ടൻ

ഓമിക്രോണിനെ ഭയക്കാതെ ആസ്ട്രേലിയ മുന്നോട്ട് പോകുമ്പോൾ, ഓമിക്രോൺ തിരമാലയെ കുറിച്ച് ആശങ്കപ്പെടുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്ജോൺസൺ. ഇപ്പോൾ നിലവിൽ ഉള്ള പ്ലാൻ ബി നിയന്ത്രണങ്ങൾ കൊണ്ടുമാത്രം ഈ തരംഗത്തെ തടയാനാകില്ലെന്ന് തിരിച്ചറിഞ്ഞ് ബൂസ്റ്റർ വാക്സിൻ പദ്ധതിക്ക് വേഗത വർദ്ധിപ്പിക്കുകയാണ് ബ്രിട്ടനിൽ. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അത് ജനരോഷത്തിന് കാരണമാകുമെന്ന തിരിച്ചറിവാണ് വാക്സിന്റെ ബൂസ്റ്റർ ഡോസിൽ അഭയം തേടാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

നിലവിൽ, ബ്രിട്ടനിലെ പൊതുഗതാഗത സംവിധാനങ്ങളിലും തീയറ്ററുകൾ, സിനിമാ ഹോളുകൾ തുടങ്ങിയവയിലും പ്രവേശിക്കുവാൻ മാസ്‌ക് നിർബന്ധമാക്കിയിരിക്കുകയാണ്. നിശാക്ലബ്ബുകളിലാണെങ്കിൽ കോവിഡ് പാസ്സ്പോർട്ടും നിർബന്ധം. അതുപോലെ ഓമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർ, അവർ വാക്സിന്റെ രണ്ടു ഡോസുകൾ എടുത്തവരാണെങ്കിൽ കൂടി സെല്ഫ് ഐസൊലേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP