Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാൻസലർ സ്ഥാനം സർക്കാർ ആഗ്രഹിച്ചിട്ടില്ല; നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണു പ്രതീക്ഷ; ഗവർണർ ഉന്നയിച്ച ആശങ്കകൾ സർക്കാർ അവഗണിച്ചിട്ടില്ല; താൻ ഫോണിലും സംസാരിച്ചു; അനുനയശ്രമവുമായി മുഖ്യമന്ത്രി

ചാൻസലർ സ്ഥാനം സർക്കാർ ആഗ്രഹിച്ചിട്ടില്ല; നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണു പ്രതീക്ഷ; ഗവർണർ ഉന്നയിച്ച ആശങ്കകൾ സർക്കാർ അവഗണിച്ചിട്ടില്ല; താൻ ഫോണിലും സംസാരിച്ചു; അനുനയശ്രമവുമായി മുഖ്യമന്ത്രി

അനീഷ് കുമാർ

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ് എൽഡിഎഫിന്റെ നയം. ഇതേ വിഷയം തന്നെയാണ് ഗവർണറും പങ്കുവച്ചതെന്ന് കണ്ണൂർ കളക്ടറേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഗവർണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ല. വിസി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. സെർച്ച് കമ്മിറ്റി ശുപാർശകളിൽ ഗവർണർക്ക് അഭിപ്രായം രേഖപ്പെടുത്താനാകും. ഗവർണറുടെ അധികാരത്തെ മാനിക്കുന്ന സർക്കാരാണിത്. ചാൻസലർ സ്ഥാനം സർക്കാർ ആഗ്രഹിച്ചിട്ടില്ല. നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുറവ് തുറന്നുപറഞ്ഞാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാലികമായി പരിഷ്‌കരിക്കാൻ ആസൂത്രിത ഇടപെടൽ നടത്തേണ്ടതുണ്ട്. എല്ലാം തികഞ്ഞു എന്ന അഭിപ്രായം സർക്കാരിനില്ല. ലക്ഷ്യം കൈവരിക്കാൻ ഒട്ടേറെ മുന്നോട്ടു പോകേണ്ടതുണ്ട്. സർക്കാരിന്റെ നയം അറിയാത്ത ആളല്ല ഗവർണർ. സ്‌കൂൾ വിദ്യാഭ്യാസത്തിലെ മികവ് സർവകലാശാലകളിലും കൊണ്ടുവരേണ്ടതുണ്ട്.

ഇക്കാര്യം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലടക്കം പരാമർശിച്ചതാണ്. ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള പരിപാടികൾ ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു. സർക്കാരിന്റെ കാഴ്ചപ്പാട് നയപ്രഖ്യാപനത്തിൽ ഗവർണർ വ്യക്തമാക്കിയതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താൻ സർക്കാർ ഒട്ടേറെ ശ്രമങ്ങൾ തുടരുകയാണ്. ദേശീയ റാങ്കിങ്ങിലടക്കം മുന്നിലെത്താൻ സംസ്ഥാനത്തെ കോളജുകൾക്കും സർവകലാശാലകൾക്കും കഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളിൽ ഗവർണർക്ക് ഉണ്ടായ വിയോജിപ്പ് സ്വാഭാവികമാണ്. ഇക്കാര്യങ്ങൾ ചർച്ചചെയ്ത് പരിഹരിക്കലാണ് ശരിയായ രീതി. ഗവർണർ ഉന്നയിച്ച ആശങ്കകൾ സർക്കാർ അവഗണിച്ചിട്ടില്ല. ഈ വിഷയത്തിലെ സർക്കാർ നിലപാട് അന്നുതന്നെ ഗവർണറെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയടക്കം രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടാണ് നിലപാട് വിശദീകരിച്ചത്. ധനകാര്യമന്ത്രിയും പിറ്റേന്ന് ഗവർണറെ നേരിട്ടുകണ്ടു.

ഗവർണറുമായി താൻ ഫോണിലും സംസാരിച്ചു. ചില അഭിപ്രായ വ്യത്യാസങ്ങൾ സർക്കാരിനും ഗവർണർക്കും ഉണ്ടാകാം. അതു ചർച്ചചെയ്തു പൊതുവായ തീരുമാനത്തിൽ എത്തുകയാണ് വേണ്ടത്. ചില തെറ്റിദ്ധാരണകൾ ഉണ്ടായി. അതുകൊണ്ടാണ് ജനങ്ങളോട് വിശദീകരിക്കുന്നത്.

വളരെ മികവാർന്ന അക്കാദമിക് വിദഗ്ദ്ധരെ തന്നെയാണ് ഓരോ സ്ഥാപനത്തിന്റേയും തലപ്പത്തുകൊണ്ടുവരാൻ ഈ സർക്കാർ ശ്രദ്ധിച്ചിട്ടുള്ളത്. എല്ലാ എൽഡിഎഫ് സർക്കാരുകളും ഇത്തരത്തിൽ അക്കാദമിക് മികവുള്ളവരെ സർവകലാശാലകളുടെ തലപ്പത്തുകൊണ്ടുവന്നിട്ടുണ്ട്. ചില ഘട്ടത്തിൽ വ്യത്യസ്തമായ അനുഭവവും കേരളത്തിനുണ്ട്. 24 മണിക്കൂർ പോലും പഠിപ്പിക്കാത്തവരെ സർവകലാശയുടെ തലപ്പത്ത് ചിലർ ഇരുത്തിയിട്ടുണ്ട്. പേരുകൾ എടുത്ത് പറയാത്തത് മര്യാദയുള്ളതുകൊണ്ടാണ്. ഗവർണറുടെ കത്തിൽ വ്യാകുലപ്പെട്ടവർ മുൻകാലങ്ങൾ മറക്കേണ്ട. തങ്ങൾ നിയമിച്ച വിസിയെ അന്നത്തെ തങ്ങളുടെ ഗവർണർക്കുതന്നെ നീക്കംചെയ്യേണ്ടി വന്നതൊക്കെ മറന്നതുകൊണ്ടാകും ഇത്തരം ആകുലത.

അവരെല്ലാം ഇപ്പോൾ വിദ്യാഭ്യാസ ഗുണനിലവാരം തകർന്നെന്ന് വിലപിക്കുകയാണ്. ഇപ്പോൾ വിസിമാരെ നിയമിക്കുന്നത് കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ്. പുതുതായി വിസിമാരായി നിയമിക്കപ്പെട്ടവർ അക്കാദമിക് പശ്ചാത്തലമുള്ള വിദഗ്ധരാണ്. ഇതിൽ രാഷ്ട്രീയ ഇടപെടൽ ആരോപിക്കുന്നത് വസ്തുതകൾക്ക് വിരുദ്ധമാണ്. ഇത്തരം പ്രചാരണങ്ങളിൽ ഗവർണറും വീണുപോകുന്നത് ദൗർഭാഗ്യകരമാണ് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഉന്നതവിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. ഈ മേഖല ഇന്നുള്ളതിൽ നിന്ന് മുന്നോട്ടു പോകണമെന്നും കൂടുതൽ ശാക്തീകരിക്കണമെന്നും സർക്കാരിനും ഗവർണർക്കും ഒരേ അഭിപ്രായമാണ്. എൽ ഡി എഫ് പ്രകടനപത്രികയിൽ ഇത് പറഞ്ഞിട്ടുണ്ട്.

'വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവർത്തനത്തിന് ഉന്നതവിദ്യാഭ്യാസ രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവണം. അലകും പിടിയും മാറണം. പരമാവധി യുവജനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസവും എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കണം. വിജ്ഞാനത്തെ നൂതന വിദ്യകളായി രൂപപ്പെടുത്തണം. സമ്പദ്ഘടനയുടെ സമസ്ത മേഖലകളിലും ആധുനിക ശാസ്ത്രവും നൂതന സാങ്കേതികവിദ്യകളും ഉൾക്കൊള്ളാനാകും വിധം ആസൂത്രിതമായ ഇടപെടൽ വേണം'.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ദൗർബല്യങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളോട് പറഞ്ഞിട്ടുള്ളതാണ് എന്നർത്ഥം. സർക്കാരിന്റെ കർമ്മപരിപാടിയിൽ ഇത് വിശദീകരിച്ചിട്ടുണ്ട്.

'സ്‌കൂൾ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങൾ സർവ്വകലാശാലകൾക്കുള്ളിൽ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അനുവദിക്കും. ഡോക്ടറൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തും. കൂടുതൽ കോഴ്‌സുകൾ അനുവദിക്കും. കൂടുതൽ പഠനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് അവശ്യമായ ഇടങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായവും ആവശ്യമുള്ള ഇടങ്ങളിൽ പുതിയ സ്ഥാപനങ്ങളും അനുവദിക്കും. കേരളത്തെ ഗുണമേ?യുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും'. ഇങ്ങനെയാണ് പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലുള്ള 40 ഇന പരിപാടികൾ അനുബന്ധമായി സർക്കാർ പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗത്തിൽ ബഹുമാനപ്പെട്ട ഗവർണ്ണർ തന്നെ നമ്മുടെ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനുള്ള കാര്യങ്ങൾ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.

1. ആധുനിക വൈജ്ഞാനിക സമൂഹമായി കേരളത്തിന്റെ സുസ്ഥിര പരിവർത്തനം ഉറപ്പുവരുത്തുന്നതിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരവും ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ദേശീയവും അന്തർദേശീയവുമായ നിലവാരത്തിലേക്കുയർത്തുന്നതാണ്.

2. സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഒരു സംസ്ഥാനതല അക്രഡിറ്റേഷൻ സംവിധാനം വഴി ഉറപ്പുവരുത്തുന്നതാണ്.

3. ഉന്നത വിദ്യാഭ്യാസത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിനായി സീറ്റുകളുടെ എണ്ണത്തിലും പുതിയ കോഴ്‌സുകളിലും ഗവേഷണ സൗകര്യങ്ങളിലും വർദ്ധനവ് ഉണ്ടാക്കുന്നതാണ്. ഈ സംരംഭത്തിന്റെ ഫലമായി 3 മുതൽ 4 ലക്ഷം വരെ അധികം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം തുടരുന്നതിനുള്ള ഒരു അവസരം ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.

4. നമ്മുടെ കോളേജുകൾ / സർവ്വകലാശാലകൾ എന്നിവയിലെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി വിവിധ മേഖലകളിലെ ലോകോത്തര വിശിഷ്ട പ്രൊഫസർമാർ ഓൺലൈനായി ഒരു പാരസ്പര്യ പ്രഭാഷണ പരമ്പര ?എമിനെന്റ് സ്‌കോളേഴ്‌സ് ഓൺലൈൻ പ്രോഗ്രാം (Eminent Schoiars Online Programme) നടപ്പിലാക്കി വരുന്നു.

5. എന്റെ സർക്കാർ 2020-21 കാലയളവിൽ ഡിജിറ്റൽ സർവ്വകലാശാലയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും ആരംഭിച്ചിട്ടുള്ളതാണ്.

6. സർവ്വകലാശാലാ വകുപ്പുകളും കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതാണ്.
ഈ സർക്കാരിന്റെ പ്രഥമ ബജറ്റ് പ്രസംഗത്തിലും ഇത് സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമാക്കുകയും കർമ്മപദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

'പുതിയ സാഹചര്യങ്ങളിൽ ജ്ഞാനോല്പാദനത്തിനുള്ള പ്രാപ്തിയും തദ്ദേശീയവും അന്താരാഷ്ട തലത്തിലുമുള്ള തൊഴിൽ മേഖകളിൽ ചലനങ്ങൾ സൃഷ്ടിക്കാനുള്ള നൈപുണികളുമുള്ള പുതിയ കേരള സമൂഹത്തെ വളർത്തിയെടുക്കുന്ന വിധത്തിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പുനർനിർമ്മാണം അടിയന്തിരകർത്തവ്യമായി സർക്കാർ കാണുന്നു. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ പരിശോധിച്ച് പുനഃസംഘാടനത്തിനു പ്രയോഗിക നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കാൻ ഉന്നതാധികാരമുള്ള കമ്മീഷനെ നിയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും'. എന്നാണ് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സർക്കാരിന് പൂർണ്ണ ബോധ്യമുണ്ട്. അതിനായി കേരളത്തിന് പുറത്ത് ഉൾപ്പെടെ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദഗ്ദ്ധർ അടങ്ങുന്ന മൂന്ന് സമിതികൾ പ്രവർത്തിച്ചുവരികയാണ്. ഈ സമിതികളിൽ ചെന്നൈ ഐഐടി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് എന്നിവയിലെ വിദഗ്ദ്ധർ പങ്കാളികളാണ്. ഗവേഷണ രംഗത്ത് പ്രത്യേകിച്ച് ശാസ്ത്ര, സാങ്കേതിക, ഡിജിറ്റൽ രംഗങ്ങളിൽ മുന്നോട്ടുപോകാൻ ദീർഘവീക്ഷണത്തോടെയുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമാണ് ബഹു. ചാൻസിലർ തന്നെ ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ യൂണിവേഴ്‌സിറ്റി.

കഴിഞ്ഞ ബജറ്റിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് 10 കോടി രൂപ അധികമായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്താൻ അനവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. അതിന്റെ പരിണിതഫലമായി എൻ ഐ ആർ എഫ് റാങ്കിംഗിലും നാക് അക്രഡിറ്റേഷനിലും കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിലെ സർവ്വകലാശാലകളുടെയും കോളേജുകളുടെയും നിലവാരം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് കാണാം.

240 ൽ 180 ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾക്ക് NAAC അക്രഡിറ്റേഷൻ കിട്ടിയിട്ടുണ്ട്.

കേരള, എം. ജി, ക്യൂസാറ്റ്, കോഴിക്കോട് സർവ്വകലാശാലകൾക്ക് എൻ. ഐ. ആർ. എഫ് റാങ്കിംഗിൽ ആദ്യത്തെ 60 - റാങ്കുകൾക്ക് ഉള്ളിൽ സ്ഥാനമുണ്ട്.

സംസ്‌കൃത സർവ്വകലാശാലക്ക് NAAC A+ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

ഇവിടെ നിൽക്കുകയല്ല. ഇനിയും നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ തുടർന്നും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് സവിശേഷമായ ഇടപെടലും ഇതോടൊപ്പം സംസ്ഥാന സർക്കാർ നടത്തിത്തുടങ്ങിയിട്ടുണ്ട്.

1. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തിക്കൊണ്ട് ഗ്രേഡിങ് നൽകുന്നതിനായുള്ള സ്റ്റേറ്റ് അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ (SAAC) പ്രവർത്തനമാരംഭിച്ചു.

2. NIRF ന്റെ മാതൃകയിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയിൽ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന കേരള ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (Kerala Institutional Ranking Framework-KIRF) സംവിധാനം രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തർദേശീയവുമായ റാങ്കിങ് മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനും സഹായകരമായിരിക്കും.

ലോകോത്തര മലയാളി ശാസ്ത്രജ്ഞനായ താണു പത്മനാഭന്റെ സ്മരണാർത്ഥം കേരള സർവ്വകലാശാലയിൽ 88 കോടി രൂപ ചെലവിട്ട് അന്തർദേശീയ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചുകൊണ്ട് ലോകനിലവാരത്തിൽ കൂടുതൽ മുന്നോട്ടുനയിക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെയും മേഖല മെച്ചപ്പെടുത്തേണ്ടതും സംബന്ധിച്ച് ഗവർണ്ണറും സർക്കാരും പൊതുവിൽ ഒരേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് കാണാം. ഈ പൊതു സമീപനത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങൾ പ്രയോഗത്തിൽ കൊണ്ടുവരുമ്പോൾ ചില വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം. വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവരുമ്പോൾ ചർച്ച ചെയ്ത് പൊതുവായ യോജിപ്പിൽ എത്തുകയാണ് ചെയ്യുക. ബഹു. ഗവർണ്ണർ പല കാര്യങ്ങളിലും കത്തുകളിലൂടെയും നേരിട്ടും പലപ്പോഴും ആശയവിനിമയം നടത്താറുണ്ട്. അത് ഭരണതലത്തിൽ സ്വാഭാവികമായും ഉണ്ടാകുന്ന കാര്യങ്ങളുമാണ്.

ഇപ്പോൾ പൊതുമണ്ഡലത്തിലും പത്രമാധ്യമങ്ങളിലും തുടർച്ചയായി വാർത്തകൾ വരുകയും ചാൻസലർ കൂടിയായ ബഹു. ഗവർണ്ണറുടെ ചില പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വിധം മാധ്യമങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജന സമക്ഷത്തിൽ വന്ന ചില പ്രശ്‌നങ്ങളിൽ വ്യക്തത വരുത്തുക എന്നത് ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാരിന്റെ കടമയാണ്. ആ നിലയിലാണ് ഈ കാര്യങ്ങൾ ഇവിടെ പറയാൻ ആലോചിച്ചത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചില പ്രശ്‌നങ്ങളെക്കുറിച്ച് ചാൻസലർ കൂടിയായി ബഹു. ഗവർണ്ണർ 2021 ഡിസംബർ 8 ന് അയച്ച ഒരു കത്തിലൂടെ ചില കാര്യങ്ങൾ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠ സർക്കാർ അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊള്ളുകയും അതേ ദിവസം തന്നെ കത്തിൽ ഉന്നയിച്ച കാര്യങ്ങൾക്കുള്ള സർക്കാരിന്റെ കാഴ്ചപ്പാട് അറിയിക്കുകയും ചെയ്തു.

മറുപടിക്കത്ത് സംസ്ഥാനത്തെ സിവിൽ സർവ്വീസിലെ എറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയും സീനിയർ ഐ എ എസ് ഉദ്യോഗസ്ഥനായ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ബഹു. ചാൻസലറെ നേരിൽ കണ്ട് നൽകി. തുടർന്ന് ചീഫ് സെക്രട്ടറി, ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാർ എന്നിവർക്കൊപ്പം ധനകാര്യ മന്ത്രി ബഹു. ചാൻസിലറെ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നേരിൽ കേൾക്കുകയും ചെയ്തു. ഞാൻ കണ്ണൂരിൽ ആയതിനാൽ അദ്ദേഹത്തിനെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ സർവ്വകലാശാലകളുടെ നേതൃത്വത്തിൽ വന്നത് വിദ്യാഭ്യാസ രംഗത്ത് പ്രാവീണ്യമുള്ളവരാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളുടെ ചരിത്രമെടുത്താൽ വിവിധ എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് നിയമിക്കപ്പെട്ട വൈസ് ചാൻസിലർമാർ ഈ മേഖലയെ നയിക്കാൻ പ്രാപ്തമായിരുന്നു എന്ന് കാണാൻ കഴിയും. യു.ആർ അനന്തമൂർത്തി, മൈക്കിൾ തരകൻ, രാജൻ ഗുരുക്കൾ, ഗംഗൻ പ്രതാപ്, കെ.ടി ജയകൃഷ്ണൻ, അൻവർ ജഹാൻ സുബേരി, എൻ.പി ഉണ്ണി, കെ എൻ പണിക്കർ എന്നിവരെല്ലാം തന്നെ അവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ചില പേരുകൾ മാത്രം ഉദാഹരിച്ചെന്നേയുള്ളൂ.

24 മണിക്കൂർ പോലും സർവകലാശാല അദ്ധ്യാപന പരിചയമില്ലാത്ത വ്യക്തികളെ യൂണിവേഴ്‌സിറ്റിയുടെ തലപ്പത്ത് ഇരുത്തിയ ചിലർ ഇന്ന് ഈ മേഖലയുടെ ഗുണമേന്മയെ പറ്റി വല്ലാതെ വ്യാകുലപ്പെടുന്നത് വിരോധാഭാസമാണ്. ആളുകളുടെ പേരുകൾ പറയുന്നത് മര്യാദയല്ല. എങ്കിലും കേരളത്തിലെ ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസിലറെ ആ പദവിക്ക് യോഗ്യനല്ലായെന്ന് കണ്ട് യു ഡി എഫ് സർക്കാരിന്റെ കാലത്ത് അന്ന് ഗവർണ്ണറായിരുന്ന ഷീലാദീക്ഷിത് നീക്കം ചെയ്ത സംഭവം ആളുകൾ മറന്നിട്ടുണ്ടാവില്ല. കേരള ചരിത്രത്തിൽ ആദ്യമായി സംഭവിച്ചതാണ് ഈ കത്ത് എന്ന് വ്യാകുലപ്പെടുന്നവർ തങ്ങൾ നിയമിച്ച വിസിയെ അന്നത്തെ ഗവർണ്ണർ നീക്കം ചെയ്തത് മറന്നുപോകരുത് എന്നതുകൊണ്ടാണ് അതിവിടെ പരാമർശിക്കുന്നത്.

വൈസ് ചാൻസിലർമാരെ നിയമിക്കുന്നത്, യുജിസി മാനദണ്ഡങ്ങൾ പ്രകാരം സെർച്ച് - കം - സെലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചാണ്. ഇപ്പോൾ സെർച്ച് കമ്മിറ്റിയിൽ സംസ്‌കൃത സർവ്വകലാശാല ഉൾപ്പെടെയുള്ള വിസി തെരഞ്ഞെടുപ്പിൽ സർക്കാർനോമിനിയായി കമ്മിറ്റിയിൽ വന്നിട്ടുള്ള ഒരു വ്യക്തി പ്രൊഫ. വി.കെ രാമചന്ദ്രനാണ്. അദ്ദേഹം നിലവിൽ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനാണ്. സാമൂഹ്യശാസ്ത്ര മേഖലയിൽ വളരെയേറെ മികവ് പ്രകടിപ്പിച്ച അക്കാദമീഷ്യൻ കൂടിയാണ്. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, മുംബൈയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് റിസേർച്ച്, ഇന്ത്യൻ സ്റ്റാറ്റസ്റ്റിക്കൽ ഇസ്റ്റിറ്റിയൂട്ടിന്റെ കൽക്കത്താ, ബാംഗ്ലൂർ കേന്ദ്രങ്ങളിലെ വകുപ്പ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം.

പ്രൊഫ. രാജൻ ഗുരുക്കൾ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വൈ. ചെയർപേഴ്‌സണനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ഫാക്കൽറ്റിയായിരുന്നയാളുമാണ്. ചരിത്ര ഗവേഷണത്തിൽ തനത് സംഭാവനകൾ അദ്ദേഹം നൽകിയിട്ടുമുണ്ട്. ഇവർക്കു പുറമെ യുജിസിയുടെ നോമിനിയും സമിതികളിൽ ഉണ്ട്. ഇവരുടെയൊക്കെ നിയമനം വെറും കക്ഷിരാഷ്ട്രീയത്തിന് അടിസ്ഥാനപ്പെടുത്തിയാണെന്ന് പറയുന്നത് യുക്തിസഹമല്ല. വസ്തുതാവിരുദ്ധവുമാണ്.

ഇത്തരം സമിതികൾ പരിശോധന നടത്തി നാമനിർദ്ദേശം ചെയ്യുന്ന വ്യക്തികളെയാണ് വൈസ് ചാൻസിലർ പദവിയിലേക്ക് പരിഗണിക്കുന്നത്. ഇതിൽ ബഹു. ചാൻസിലർക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ആണ് ഇതെല്ലാം തീരുമാനിക്കുന്നത് എന്ന രീതിയിൽ നടക്കുന്ന പ്രചരണം ശരിയല്ല. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. അവയ്ക്ക് ഉത്തേജനം നൽകുന്ന പരസ്യ പ്രസ്താവനകൾ ബഹു. ചാൻസിലറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. അത് അദ്ദേഹം മനസ്സിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഒട്ടും മുന്നോട്ടു പോകാൻ പാടില്ല എന്ന് ചിന്തിക്കുന്നവർക്ക് ഊർജ്ജം പകരുന്ന നിലപാട് അദ്ദേഹത്തെപ്പോലെ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു.

ബഹുമാനപ്പെട്ട ചാൻസിലർ അദ്ദേഹത്തിന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സർക്കാർ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. സർക്കാരിന്റെ അഭിപ്രായങ്ങൾ ചാൻസിലറെ അറിയിക്കുക എന്നത് ഭരണതലത്തിൽ നടത്തുന്ന സ്വാഭാവിക ആശയവിനിമയമാണ്. അവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ബഹുമാനപ്പെട്ട ചാൻസിലർ തന്നെയാണ്. ആ സ്വാതന്ത്ര്യം ഗവർണ്ണർക്ക് ഉണ്ട് താനും. ഏതെങ്കിലും കോണിൽ നിന്നും വിമർശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനല്ല.

ഇന്ന് മാധ്യമങ്ങളിൽ വന്ന ഒരു വാർത്ത റെസിഡന്റ എന്ന വിമർശനം ബഹു. ഗവർണ്ണർ ഇഷ്ടപ്പെടുന്നില്ലായെന്നതാണ്. സർക്കാരും ഗവർണ്ണറും വളരെ നല്ല ബന്ധത്തിലും നല്ല രീതിയിലുമാണ് കാര്യങ്ങൾ കൈകാര്യം ചെയ്തുവരുന്നത്. അദ്ദേഹത്തെ ബഹുമാനിക്കാത്ത വാക്കിലോ നോക്കിലോ ഉള്ള പരാമർശം പോലും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അത് ഉണ്ടാകുകയുമില്ല. അത് ഞങ്ങളുടെ സംസ്‌കാരത്തിനു ചേർന്നതല്ല.

കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വനിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ഉയർന്ന ഘട്ടത്തിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് അയച്ചുകൊടുത്തു. ഇതിനെ ബഹു. ഗവർണ്ണർ പരസ്യമായി ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ പരിമിതിമായ അധികാരമുള്ള നിയമനിർമ്മാണ സഭയ്ക്ക് മേൽ ബ്രിട്ടീഷ് അധികാരികൾക്കുള്ള പ്രത്യേക അവകാശങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ ഇല്ലായെന്ന് പറയുക മാത്രമേ ആ സമയത്ത് ചെയ്തിട്ടുള്ളൂ. അത് ഒരു രാഷ്ട്രീയ വിമർശനത്തിനുള്ള രാഷ്ട്രീയ മറുപടിയാണ്. ബഹു. ഗവർണ്ണർക്കെതിരെയുള്ള വ്യക്തിപരമായ പരാമർശമേ അല്ല. തുടർന്ന് ഊഷ്മളമായ ബന്ധത്തിലാണ് സർക്കാരും ഗവർണ്ണറും നീങ്ങിയിട്ടുള്ളത്.

എൽ ഡി എഫിന്റെ ഇപ്പോഴത്തെ സർക്കാരോ നേരത്തെ ഇടതുപക്ഷം നയിച്ച സർക്കാരുകളോ അനധികൃതമായി സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാനോ ശ്രമിച്ചിട്ടില്ല എന്ന് ആവർത്തിച്ചു വ്യക്തമാക്കുകയാണ്. സർവകലാശാലകളെ അക്കാദമിക് രംഗത്ത് മികവുറ്റ രീതിയിൽ നയിക്കാൻ നിയുക്തരാകുന്നവരാണ് വൈസ് ചാൻസിലർമാർ. അവരെ സ്വതന്ത്രവും നീതിപൂർവ്വകവുമായി ആ ഉത്തരവാദിത്തം നിർവഹിക്കാൻ അനുവദിക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്. അതിൽ വെള്ളം ചേർക്കാൻ കഴിയില്ല. യൂണിവേഴ്‌സിറ്റിയിലൂടെ ചാൻസിലർ സ്ഥാനം ഞങ്ങളുടെ മോഹമല്ല. അത്തരത്തിൽ ഒരു നീക്കവും സർക്കാർ നടത്തിയിട്ടുമില്ല. ബഹുമാനപ്പെട്ട ഗവർണർ തന്നെ ആസ്ഥാനത്ത് തുടരണം എന്നതാണ് സർക്കാർ ആഗ്രഹിക്കുന്നത്. മറിച്ചുള്ള നിലപാട് അദ്ദേഹം പിൻവലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ചാൻസിലറുടെ അധികാരം നിയമ പ്രകാരമുള്ളതാണ്. അവ കവർന്നെടുക്കാൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല എന്ന് ഉറപ്പ് നൽകുകയാണ്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് പരമാധികാരം. ജനഹിതത്തിനനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്.

ബഹുമാനപ്പെട്ട ഗവർണറുമായി ഏറ്റുമുട്ടുക എന്നത് സർക്കാരിന്റെ നയമല്ല. അദ്ദേഹം പരസ്യമായി ചില കാര്യങ്ങൾ പറഞ്ഞതുകൊണ്ടുമാത്രമാണ് ഇവിടെ വസ്തുത നിങ്ങളുമായി സംസാരിക്കണമെന്ന് വെച്ചത്. അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചർച്ചയാകാം. അതിലൊന്നും ഞങ്ങൾക്ക് പിടിവാശിയില്ല. ബഹുമാനപ്പെട്ട ഗവർണ്ണർ നിയമസഭ നൽകിയ ചാൻസലർ സ്ഥാനം ഉപേക്ഷിക്കരുത്; അദ്ദേഹം ചാൻസലർ സ്ഥാനത്ത് തുടർന്ന്‌കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സർക്കാരിന്റെയും സർവകലാകാലകളുടെയും ശ്രമങ്ങൾക്ക് മാർഗനിർദ്ദേശവും നേതൃത്വവും നൽകി ഉണ്ടാകണം എന്നാണ് വിനീതമായി അഭ്യർത്ഥിക്കാനുള്ളത്. അതാണ് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുള്ളതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP