Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമെന്ന് ഉറപ്പായതോടെ മതേതര നിലപാട് പെട്ടിയിൽ വെച്ചു തീവ്രനിലപാടിലേക്ക് മാറി മുസ്ലിംലീഗ്; ഒരു വശത്ത് സിപിഎമ്മും മറുവശത്ത് എസ്ഡിപിഐ - വെൽഫെയർ പാർട്ടികളും ഉണ്ടാക്കുന്ന ചലനങ്ങൾ മറികടക്കാൻ വഖഫ് സമ്മേളത്തിൽ എടുത്തുപയോഗിച്ചത് അതിതീവ്ര മതനിലപാട്; നേതാക്കളുടെ പരസ്യ പ്രഖ്യാപനങ്ങൾ കുഴപ്പത്തിലാക്കുന്നത് കോൺഗ്രസിനെ

കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമെന്ന് ഉറപ്പായതോടെ മതേതര നിലപാട് പെട്ടിയിൽ വെച്ചു തീവ്രനിലപാടിലേക്ക് മാറി മുസ്ലിംലീഗ്; ഒരു വശത്ത് സിപിഎമ്മും മറുവശത്ത് എസ്ഡിപിഐ - വെൽഫെയർ പാർട്ടികളും ഉണ്ടാക്കുന്ന ചലനങ്ങൾ മറികടക്കാൻ വഖഫ് സമ്മേളത്തിൽ എടുത്തുപയോഗിച്ചത് അതിതീവ്ര മതനിലപാട്; നേതാക്കളുടെ പരസ്യ പ്രഖ്യാപനങ്ങൾ കുഴപ്പത്തിലാക്കുന്നത് കോൺഗ്രസിനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിം സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടൽ നടത്തിയും മതം പറഞ്ഞു തന്നെയാണ് മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പാർട്ടി ഇത്രയും കാലം കേരളത്തിൽ നിലനിന്നു പോന്നത്. സമുദാത്തിലെ വിഷയങ്ങിൽ ഇടപെടുമെങ്കിലും അതിന് അപ്പുറത്തേക്ക പ്രകോപനപരമായ നീക്കങ്ങൾ നടത്താത്ത പാർട്ടിയാണ് ലീഗ്. തിരൂരങ്ങാടി പോലൊരു മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ നിന്നും എ കെ ആന്റണിയെ മത്സരിപ്പിച്ചു വിജയിപ്പിച്ച ചരിത്രമുള്ള പാർട്ടിലാണ് ലീഗ്. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ലീഗ് നേതാക്കളുടെ ഇടപെടൽ കൂടിയാണ് കേരളത്തിൽ ഒരു കലാപം പൊട്ടിപ്പുറപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനും കാരണമായത്. ഇതെല്ലാം ലീഗിന്റെ മതേതര നിലപാട് ഉയർപ്പിടിക്കുന്ന ചരിത്രത്തിലെ സംഭവങ്ങളാണ്. എന്നാൽ കാലം മാറി, ലീഗിന്റെ വോട്ടുബാങ്കിലേക്ക് കടന്നു കയറാൻ പാകത്തിന് മറ്റു രാഷ്ട്രീയ പ്രസ്താനങ്ങൾ ഉണ്ടായതോടെ ഇത്രയും കാലം വെച്ചുപുലർത്തിയ മിതവാദി നയം വിട്ട് തീവ്രനിലപാടിലേക്ക് തിരിയുകയാണ് ഇന്ത്യൻ യൂണിയൻ മു്സ്ലിംലീഗ്. വഖഫ് സംരക്ഷണ സമ്മേളനം അടക്കം ലീഗിന്റെ രാഷ്ട്രീയ നിലപാട് മാറ്റത്തിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെടുന്നു. മതേതര നിലപാടുകാരൻ എന്നറിയപ്പെടുന്ന കെ എം ഷാജിയുടെ നിലപാട് പോലും തീവ്രമാകുന്ന കാഴ്‌ച്ച അമ്പരപ്പോടെയാണ് കേരളം കണ്ടത്.

കുറച്ചു കാലങ്ങളായി മുസ്ലിംലീഗിന് തിരിച്ചടികളുടേതാണ്. മലപ്പുറത്ത് അടക്കം സിപിഎം നടത്തിയ ഇടപെടലുകൾ ലീഗിന്റെ വോട്ടുബാങ്കിനെ സാരമായി തന്നെ ബാധിച്ചു. പൊതുവേ മൃദു നിലപാടുകാരനായ പി കെ കുഞ്ഞാലിക്കുട്ടിയേക്കാൾ മറുവശത്ത് തീവ്രനിലപാടുകാരനായ ഇ ടി മുഹമ്മദ് ബഷീറും എതിർചേരിക്കും കൂടുതൽ സ്വാധീനം നേടിയതും ലീഗിന്റെ ഉള്ളിലും ചില ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അടുത്തകാലത്തായി ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ അടക്കം ലീഗ് വേണ്ട വിധത്തിൽ ഇടപെട്ടില്ലെന്ന അഭിപ്രായം ഉന്നയിച്ച് എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും അടക്കം രംഗത്തുവന്നു. ഇതോടെ സ്വന്തം അണികളെയും തൃപ്തിപ്പെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ ലീഗ് നേതൃത്വം മാറിയതോടെ തീവ്രനിലപാടിലൂടെ സമുദായ താൽപ്പര്യങ്ങളുടെ സംരക്ഷകൾ എന്ന് വ്യക്തമാക്കുകയാണ് ലീഗ്.

മുസ്ലിംലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ മതം പറഞ്ഞു കൊണ്ടുള്ള നേതാക്കളുടെ പ്രസംഗം വെട്ടിലാക്കിയത് കോൺഗ്രസിനെയാണ്. മുഹമ്മദ് റിയാസിനെതിരായ അബദുറഹിമാൻ കല്ലായിയുടെ വിവാദ പ്രസംഗം അടക്കം തള്ളിക്കളഞ്ഞു കൊണ്ടാണ് ലീഗ് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നത്. കെ എം ഷാജിയുടെ പ്രസംഗമായിരുന്നു തീവ്രമായത്. പി കെ കുഞ്ഞാലിക്കുട്ടി കൈക്കൊണ്ടിരുന്ന മൃദു സമീപനം ആയിരുന്നില്ല ഷാജിക്ക്. മുസ്ലിം ലീഗ് വിട്ട് സിപി.ഐ.എമ്മിലേക്ക് പോകുന്നവർ ദീനുമായി അകലുകയാണെന്നും മതം വിട്ട് പോവുകയാണെന്നും കെ എം ഷാജി പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ മാലിക് അഥവാ ഉടമസ്ഥൻ ടി.കെ. ഹംസയല്ല അള്ളാഹുവാണെന്നും ഷാജി പറഞ്ഞു വെച്ചു. മതമാണ് തങ്ങൾക്ക് എല്ലാമെന്നും ഷാജി പറഞ്ഞു വെച്ചു. പൗരത്വ സമര കാലഘട്ടത്തിൽ ഭരണഘടനയാണ് എല്ലാമെന്ന് പറഞ്ഞവർ വീണ്ടും മതത്തിലേക്ക് തിരിച്ചുപോകുന്ന കാഴ്‌ച്ചയും കേരളം കണ്ടു.

'വഖഫ് സ്വത്തുക്കളുടെ മാലിക് അള്ളാഹുവാണ്. വഖഫിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ടി.കെ. ഹംസ സംഭാവന നൽകിയിട്ടുണ്ട്. അങ്ങനെ നൽകാൻ ടി.കെ. ഹംസക്ക് എന്താണ് അധികാരം. സംഭാവന നൽകുന്നതിൽ തെറ്റില്ല. എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അരിയും പഞ്ചസാരയും മറിച്ചുവിറ്റവർക്ക് അത് നൽകിയതാണ് പ്രശ്നം. വഖഫിന്റെ സ്വത്ത് വിനിയോഗിക്കുന്നതിൽ നിബന്ധനകളുണ്ട്. അതനുസരിച്ച് മാത്രമെ അവ വിനിയോഗിക്കാവൂ', ഏതെങ്കിലും പ്രാദേശിക പ്രശ്നത്തിന്റെ പേരിലോ സീറ്റിന്റെ പേരിലോ മുസ്ലിം ലീഗ് വിട്ട് സിപിഐ.എമ്മിലേക്ക് പോകുന്നവർ ദീനുമായി അകലുകയാണ് ചെയ്യുന്നത്. തലശ്ശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം അതിന്റെ ഉദാഹരണങ്ങൾ കാണാം. ഈ പ്രദേശങ്ങളിലെയെല്ലാം മുസ്ലിം കുടുംബങ്ങളിൽ നിന്നും സിപിഐ.എമ്മിലേക്ക് പോയിട്ടുള്ള കുട്ടികൾ മതത്തിൽ നിന്നും കൂടിയാണ് പോയിട്ടുള്ളത്. അധികാരത്തിൽ വരുമ്പോഴൊക്കെ ഇടതുപക്ഷത്തിന് മുസ്ലിം സുദായത്തോട് എന്താണിത്ര ചൊറിച്ചിലെന്ന് ചോദിച്ചു കൊണ്ടുമാണ് കെ എം ഷാജി കടന്നാക്രമണം നടത്തിയത്.

എന്നാൽ ഈ നാട്ടിലെ ഏറ്റവും വലിയ തട്ടിപ്പ് സംഘമാണ് ഇന്ന് പി.എസ്.സി. വഖഫ് വിഷയം മുസ്ലിം ലീഗിന്റെ മാത്രം പ്രശ്നമല്ല. മുസ്ലിം സമുദായത്തിന്റെ മുഴുവൻ പ്രശ്നമാണ്. അതിൽ സുന്നിയും മുജാഹിദുമെല്ലാമുണ്ട്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാനാണ് സിപിഎം. ശ്രമിക്കുന്നത്. എന്നാൽ മുസ്ലിം ലീഗിന്റെ പതാകക്ക് കീഴിൽ നിന്നും സുന്നികളെയും മുജാഹിദുകളെയും വേർതിരിക്കാൻ കഴിയില്ലെന്നും ഷാജി പറഞ്ഞു. ഈ വിവാദങ്ങളെല്ലാം ഒരു തരത്തിൽ ഇപ്പോൾ സമുദായത്തിന് ഗുണം ചെയ്തിരിക്കുകയാണ്. എന്താണ് വഖഫ് എന്നും വഖഫ് സ്വത്തിന്റെ വിനിയോഗം എങ്ങനെയാണെന്നും പഠിക്കാൻ ഈ വിവാദങ്ങളെല്ലാം കാരണമായിട്ടുണ്ട്. മാത്രവുമല്ല മാർക്സിസവും കമ്മ്യൂണിസവുമെല്ലാം മത വിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണെന്നും മനസ്സിലാക്കാനും ഇതുകൊണ്ടായി. സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനാണ് സിപിഐ.എമ്മും സർക്കാറും ശ്രമിക്കുന്നത്. ചർച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ വാക്കല്ല ഞങ്ങൾക്കാവശ്യം. നിയമസഭയിൽ നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും കെ.എം. ഷാജി കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയിൽ പറഞ്ഞു.

അതേസമയം മുമ്പ് ഹാഗിയ സോഫിയ പള്ളി വിഷയത്തിൽ അടക്കം ലീഗ് നിലപാടിൽ നിന്നും വ്യതിചലിക്കുന്ന കാഴ്‌ച്ച കേരളം കണ്ടതാണ്. ഈ വിഷയം ക്രൈസ്തവർ ആയുധമാക്കിയപ്പോൾ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വീതം വെപ്പിൽ ഭിന്നത വീണ്ടും രൂക്ഷമാകുന്ന കാഴ്‌ച്ചയും കേരളം കണ്ടു. അതേസമയം ലീഗ് തീവ്രനിലപാടിലേക്ക് പോകുമ്പോൾ വെട്ടിലാകുന്നത് കോൺഗ്രസാണ്. മതകാര്യത്തിൽ മാത്രം സമരം നടത്തുന്ന ലീഗ് നിലപാടിനോട് പണ്ടും കോൺഗ്രസിന് എതിർപ്പുള്ളതാണ്. കോൺഗ്രസ് പെട്രോൾ വില വർധനവ് അടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ചു സമരം നടത്തുമ്പോഴും ലീഗ് മത വിഷയത്തിൽ മാത്രമാണ് സമരം നടത്തിയതും.

അതേസസമയം ലീഗിന്റെ തീവ്രനിലപാടും അവർക്കെതിരെ ആയുധമാക്കുകയാണ് സിപിഎം. തീവ്രസംഘടനകളുടെ പാതയിലേക്ക് മുസ്ലിം- അമുസ്ലിം പ്രസംഗമെന്ന ലൈനിലായിരുന്നു ചില നേതാക്കളുടെ പ്രസംഗം. ഇതെല്ലാം സിപിഎമ്മിന് ആയുധം നൽകുന്നതുമായി. മുസ്ലിംലീഗ് ഉയർത്തിയത് ആർഎസ്എസ് മുദ്രാവാക്യമാണെന്നാണ് സിപിഎം പറയുന്നത്. ആർഎസ്എസിനോട് മത്സരിക്കുന്ന മത -തീവ്രവർഗീയ പ്രസ്ഥാനമായി മുസ്ലിം ലീഗ് മാറുന്നവെന്ന വിധത്തിലേക്കാണ് ഇപ്പോഴത്തെ പ്രചരണം. ഇത് ലിബറൽ ചിന്താഗതിക്കാരെ ലീഗിൽ നിന്നും കൂടുതൽ അകറ്റുകയും ചെയ്യുന്നു.

രാഷ്ട്രീയ കക്ഷി എന്ന ലേബലിൽനിന്ന് ലീഗ് പൂർണമായി മതമേലങ്കി അണിയുന്ന കാഴ്ചയാണ് - വഖഫ് സംരക്ഷണ റാലി എന്ന പേരിൽ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ പ്രകടമായത്. മുദ്രാവാക്യം മുതൽ നേതാക്കളുടെ പ്രസംഗംവരെ ലീഗിന്റെ മതതീവ്ര- വർഗീയ അജൻഡകൾ നിറഞ്ഞൊഴുകി. ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാനടക്കം ചോരയൊഴുക്കിയ സ്വാതന്ത്ര്യസമര ഭൂമികയായ കടപ്പുറത്തെയടക്കം കളങ്കപ്പെടുത്തുകയായിരുന്നു വംശീയ-വർഗീയാധിക്ഷേപത്തിലൂടെ ലീഗുകാർ. ലീഗിനെ എതിർക്കുന്ന കമ്യൂണിസ്റ്റുകാർ കാഫിറുകളെന്നും മതവിരോധികളെന്നുമെല്ലാമുള്ള പഴഞ്ചൻ ഫത്വകൾ നേതാക്കൾ ഏറ്റുപാടി. റാലിയിൽ പാണക്കാട് തങ്ങൾ കുടുംബത്തെയാകെ അണിനിരത്തിയത് മതവോട്ടുകളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കെ എം ഷാജി മുതൽ അബ്ദുറഹ്മാൻ കല്ലായി വരെയുള്ള സെക്രട്ടറിമാരുടെ പ്രസംഗമാകട്ടെ വർഗീയവിഷം ചീറ്റലായി.

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപമായിരുന്നു അബ്ദുറഹ്മാൻ നടത്തിയത്. ലീഗ് വിട്ട് സിപിഐ എമ്മിനൊപ്പം പോകുന്നവർ ഇസ്ലാമിൽനിന്നാണ് പോകുന്നതെന്നായിരുന്നു ഷാജിയുടെ കണ്ടെത്തൽ. എസ്എഫ്‌ഐയിൽ കുട്ടികൾ ചേർന്നാൽ സമുദായത്തിനാണ് ക്ഷീണമെന്നും മാർക്‌സിസ്റ്റുകാർ ഇസ്ലാമിന്റെ ശത്രുക്കളെന്നുമെല്ലാം ആക്ഷേപിച്ചു. വഖഫ് വിഷയമാക്കി മതമാണ് പ്രധാന അജൻഡയെന്ന് ലീഗ് തുറന്നു പ്രഖ്യാപിച്ച റാലി സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തിലുണ്ടാക്കുന്ന അപകടം ചെറുതാകില്ല. ആർഎസ്എസിന്റെ ഹൈന്ദവ അജൻഡയുടെ ബദൽ അവതരിപ്പിക്കയായിരുന്നു ലീഗ്. ലീഗിന്റെ ഈ വർഗീയ അജൻഡ അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും യുഡിഎഫും വ്യക്തമാക്കേണ്ടിവരുമെന്ന ചോദ്യം സിപിഎം ഉയർത്തിയതോടെ അതും ലീഗിന് പ്രഹരമായി മാറുന്ന അവസ്ഥയുണ്ടായി.

കാലങ്ങളായി മുസ്ലിം ലീഗും സമസ്തയും പരസ്പര പൂരകങ്ങളായിട്ടാണ് പ്രവർത്തിച്ചുവന്നിരുന്നത്. രണ്ടു സംഘടനകൾക്കും ഇടയിൽ പാലമായി പാണക്കാട് കുടുംബത്തിന്റെ നേതൃത്വവും പ്രധാനഘടകമായിരുന്നു. ഈ സമസ്തയെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമർത്ഥമായി ഒപ്പം കൂട്ടിയത്. സമസ്തയും നേതൃത്വവും ലീഗിന് ഒരു തലവേദനയേ ആയിരുന്നില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെയാണ് ഇതിൽ ചെറിയ വ്യതിയാനങ്ങൾ ഉണ്ടായിത്തുടങ്ങിയത്. ബീഫ് വിവാദവും ആക്രമണങ്ങളും, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിൽ ഇടതുപക്ഷത്തിന്റെ നിലപാടുകളും ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും ഈ വ്യതിയാനങ്ങൾക്ക് അടിത്തറപാകിയിട്ടുണ്ട്. പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിൽ പരസ്യമായി അഭിനന്ദിച്ചുകൊണ്ട് സമസ്ത രംഗത്തെത്തി.

ഇതിനെതിരെ പ്രതിഷേധിച്ച ലീഗിനോട് സമസ്ത ആരുടേയും ആലയിലല്ലെന്ന് നേതൃത്വം തുറന്നടിക്കുകയുണ്ടായി. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലവിലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനായ ജിഫ്രി മുത്തുകോയ തങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലീഗിന്റെ ഇടപെടുലകളെ അകറ്റിനിർത്താൻ സിപിഎമ്മിന് ഈ ബന്ധം സഹായകരമായിട്ടുണ്ട്. വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വെള്ളിയാഴ്ച പള്ളികളിലെ പ്രാർത്ഥനക്കിടയിൽ ഉത്‌ബോധനം നടത്തുമെന്ന മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയാണ് ലീഗിനെ ആദ്യം കുഴിയിൽ വീഴ്‌ത്തിയത്.

സമസ്ത പ്രതിനിധയടക്കം പങ്കെടുത്ത മുസ്ലിം സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു പിഎംഎ സലാമിന്റെ പ്രസ്താവന. എന്നാൽ പള്ളികൾ പ്രതിഷേധത്തിനുള്ള വേദിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞതോടെ ലീഗിന് ഈ പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു. എന്തുവില കൊടുത്തും പള്ളികളിൽ പ്രതിഷേധിക്കുമെന്ന് വെല്ലുവിളിച്ച ലീഗിന് സമസ്തയുടെ നിലപാട് വലിയ അപമാനമുണ്ടാക്കി. ഈ അപമാനത്തിൽ നിന്നും കരകയറാൻ കൂടിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചതും പാണക്കാട് കുടുംബാംഗങ്ങളെ അണി നിരത്തിയതും. അതാകട്ടെ കല്ലായിയുടെ വിവാദ പ്രസ്താവനയിൽ മുങ്ങിപ്പോകുന്നതുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP