Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗാബയിൽ നാലാംദിനം മുക്കുകുത്തി ഇംഗ്ലണ്ട്; 20 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഓസിസ്; ആഷസ് പരമ്പരയിൽ ആതിഥേയർക്ക് വിജയത്തുടക്കം; ടെസ്റ്റിൽ 400 വിക്കറ്റ് തികച്ച് നേഥൻ ലയൺ

ഗാബയിൽ നാലാംദിനം മുക്കുകുത്തി ഇംഗ്ലണ്ട്; 20 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഓസിസ്; ആഷസ് പരമ്പരയിൽ ആതിഥേയർക്ക് വിജയത്തുടക്കം; ടെസ്റ്റിൽ 400 വിക്കറ്റ് തികച്ച് നേഥൻ ലയൺ

സ്പോർട്സ് ഡെസ്ക്

ബ്രിസ്ബേൻ: ഗാബയിൽ തകർപ്പൻ ജയത്തോടെ ആഷസ് ടെസ്റ്റ് പരമ്പരയിൽ സ്വപ്ന തുടക്കവുമായി ആതിഥേയരായ ഓസ്ട്രേലിയ. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഒൻപത് വിക്കറ്റിന്റെ വമ്പൻ ജയമാണ് ഓസീസ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ വേണ്ടിയിരുന്ന 20 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ 5.1 ഓവറിൽ ഓസീസ് സ്വന്തമാക്കി.

ഒൻപത് റൺസുമായി അലക്സ് ക്യാരി പുറത്തായപ്പോൾ മാർക്കസ് ഹാരിസും(9*), മാർനസ് ലബുഷെയ്നും ആതിഥേയരുടെ ജയമുറപ്പിച്ചു. ഇതോടെ ഓസീസ് പരമ്പരയിൽ 1-0ന് മുന്നിലെത്തി. സ്‌കോർ: ഇംഗ്ലണ്ട്- 147 & 297, ഓസീസ്- 425 & 20/1.

ടെസ്റ്റിൽ 400 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ഓസ്‌ട്രേലിയൻ ബോളറെന്ന റെക്കോർഡിലേക്ക് സ്പിന്നർ നേഥൻ ലയൺ പന്തെറിഞ്ഞതോടെയാണ് മത്സരം ആതിഥേയർക്ക് അനുകൂലമായി മാറിയത്.

രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 220 റൺസ് എന്ന ശക്തമായ നിലയിൽ നിന്നും നാലാംദിനം അതിവേഗം ഇംഗ്ലണ്ട് ബാറ്റിങ് നിര കൂപ്പുകുത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 297 റൺസിൽ അവസാനിച്ചു. വൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റിൽ അതിശക്തമായ കൂട്ടുകെട്ടുമായി കുതിച്ച ശേഷമായിരുന്നു കൂട്ടത്തകർച്ച. റൂട്ട്-മാലൻ സഖ്യത്തിന്റെ 162 റൺസ് മാത്രമേ ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളൂ.

ഡേവിഡ് മാലൻ 82 ഉം നായകൻ ജോ റൂട്ട് 89 ഉം റൺസിന് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ജോസ് ബട്‌ലർ 23 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മലാൻ പുറത്തായതോടെ പവലിയനിലേക്ക് ഇംഗ്ലിഷ് താരങ്ങളുടെ ഘോഷയാത്രയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് തകർച്ചയെ ഓർമിപ്പിച്ച് ഇംഗ്ലിഷ് താരങ്ങൾ വരിവരിയായി തിരിച്ചുനടന്നു. 165 പന്തിൽ 10 ഫോറുകളോടെ 89 റൺസെടുത്ത റൂട്ടിനെ ഗ്രീൻ വീഴ്‌ത്തി.

പിന്നാലെ ബെൻ സ്റ്റോക്‌സ് (14), ഒലി പോപ്പ് (4), ജോസ് ബട്‌ലർ (23), ക്രിസ് വോക്‌സ് (16), ഒലി റോബിൻസൺ (8), മാർക്ക് വുഡ് (6) എന്നിവരും പുറത്തായതോടെ ഇംഗ്ലണ്ടിന് ആകെ നേടാനായത് 297 റൺസ്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്ത ഇംഗ്ലണ്ടിന്, അവസാന എട്ടു വിക്കറ്റുകൾ വെറും 74 റൺസിനിടെയാണ് നഷ്ടമായത്.

നേഥൻ ലയൺ നാലും നായകൻ പാറ്റ് കമ്മിൻസും കാമറൂൺ ഗ്രീനും രണ്ട് വിക്കറ്റ് വീതവും നേടി. ഹേസൽവുഡും സ്റ്റാർക്കും ഓരോ വിക്കറ്റ് വീഴത്തി. നാല് വിക്കറ്റ് പ്രകടനത്തോടെ ലയൺ ടെസ്റ്റിൽ 400 വിക്കറ്റ് മറികടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന പതിനേഴാമത്തെ ബൗളറാണ് ലയൺ. ഷെയ്ൻ വോണും ഗ്ലെൻ മഗ്രായുമാണ് ലയണ് മുൻപ് 400 വിക്കറ്റ് നേടിയ ഓസീസ് ബൗളർമാർ.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 147 റൺസ് പിന്തുടർന്ന് ഓസീസ് മൂന്നാം ദിനം 425 റൺസിൽ പുറത്തായിരുന്നു. 148 പന്തിൽ 152 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. വാലറ്റത്ത് സ്റ്റാർക്കിന്റെ 35 റൺസ് കരുത്തായി. ഓപ്പണർ ഡേവിഡ് വാർണർ(94), മൂന്നാമൻ മാർനസ് ലബുഷെയ്ൻ(74) എന്നിവരും ഓസീസ് നിരയിൽ തിളങ്ങി. ഇംഗ്ലണ്ടിനായി വുഡും റോബിൻസണും മൂന്ന് വീതവും വോക്സ് രണ്ടും ലീച്ചും റൂട്ടും ഓരോ വിക്കറ്റും നേടി.

ഓസീസ് നായകൻ പാറ്റ് കമ്മിൻസ് വെറും 38 റൺസിന് അഞ്ച് വിക്കറ്റുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചതാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 147 റൺസിൽ അവസാനിപ്പിച്ചത്. സ്റ്റാർക്കും ഹേസൽവുഡും രണ്ട് വീതവും ഗ്രീൻ ഒന്നും വിക്കറ്റ് നേടി. ഹസീബ് ഹമീദ്(25), ഓലി പോപ്(35), ജോസ് ബട്ലർ(39), ക്രിസ് വോക്സ്(21) എന്നിവരേ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കണ്ടുള്ളൂ. ടെസ്റ്റ് നായകനായി കന്നി മത്സരം തന്നെ ജയിക്കാൻ ഇതോടെ പാറ്റ് കമ്മിൻസിനായി. തകർപ്പൻ സെഞ്ചുറിയുമായി ട്രാവിഡ് ഹെഡ് കളിയിലെ താരമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP