Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഉന്നതജോലി വാഗ്ദാനം ചെയ്തു; പലരിൽ നിന്നായി തട്ടിയെടുത്തത് 48 ലക്ഷം രൂപ; കാസർകോട് യുവാവ് അറസ്റ്റിൽ; വ്യാജമായി സൃഷ്ടിച്ച റെയിൽ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഒ.എം.ആർ ഷീറ്റുകൾ പിടിച്ചെടുത്തു

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഉന്നതജോലി വാഗ്ദാനം ചെയ്തു; പലരിൽ നിന്നായി തട്ടിയെടുത്തത് 48 ലക്ഷം രൂപ; കാസർകോട് യുവാവ് അറസ്റ്റിൽ; വ്യാജമായി സൃഷ്ടിച്ച റെയിൽ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഒ.എം.ആർ ഷീറ്റുകൾ പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ. ഉന്നത റെയിൽ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഉന്നതജോലികൾ വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവാണ് അറസ്റ്റിലായത്. കാസർകോട് കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കൽ പി. ഷമീമാണ് (33) പിടിയിലായത്. റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക്, ലോക്കോ പൈലറ്റ്, അസി. സ്‌റ്റേഷൻ മാസ്റ്റർ തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്ത് ഇയാൾ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഷമീം പുഴക്കര, ഷാനു ഷാൻ എന്നീ അപരനാമങ്ങൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പിനിരയായവരിൽ ചിലർ കഴിഞ്ഞദിവസം കോട്ടയം ഡിവൈ.എസ്‌പി ജെ. സന്തോഷ് കുമാറിന് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ പിടിയിലാകുകയായിരുന്നു. ബംഗളൂരുവിലേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. റെയിൽ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഒ.എം.ആർ ഷീറ്റുകൾ, മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റുകൾ, വിവിധ സീലുകൾ, നിയമന ഉത്തരവുകൾ, സ്ഥലംമാറ്റ ഉത്തരവുകൾ എന്നിവ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വ്യാജമായി ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ചീഫ് എക്‌സാമിനർ, ചീഫ് ഇൻസ്‌പെക്ടർ തുടങ്ങിയ പദവികൾ ഉള്ള സ്വന്തം ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡുകളും ഇയാൾ നിർമ്മിച്ചു.

മെഡിക്കൽ ടെസ്റ്റിനായും പരീക്ഷകൾക്കായും ഇയാൾ ആളുകളെ ചെന്നൈ, ബംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ വിളിച്ചുവരുത്തി ഹോട്ടൽ മുറികളിൽ ഇരുത്തി പരീക്ഷകൾ നടത്തുകയാണ് പതിവ്. നൂറോളം ആളുകളിൽനിന്നായി 48 ലക്ഷം രൂപയോളം ഇയാൾ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നീലേശ്വരം, പൂജപ്പുര, കഴക്കൂട്ടം, കോട്ടയം ഈസ്റ്റ്, കൊട്ടാരക്കര, ചാലക്കുടി, എറണാകുളം സൗത്ത്, സുൽത്താൻബത്തേരി, വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളിൽ മുമ്പ് സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇതിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇരുനൂറ് കോടിയിലധികം രൂപ ഇയാൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തുനിന്ന് 37കിലോ സ്വർണം കടത്തിയതിന് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. നിലവിൽ ഈ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അന്വേഷിക്കുന്നത്. 10ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ട്രെയിനിൽ പാൻട്രി കാറിൽ ജോലിക്കാരനായിരുന്നു. ഇതിനിടെ ട്രെയിൻ ടിക്കറ്റ് എക്‌സാമിനറുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തിയതിന് സേലം റെയിൽവേ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

ഹവാല ഇടപാടുകളിൽ ഇയാൾ കാരിയറായി പ്രവർത്തിച്ചിട്ടുണ്ടൊയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ബംഗളൂരുവിൽ പമ്പുകളും ഡാൻസ് ബാറുകളും വാങ്ങിയതായുള്ള വിവരവുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ദിവസേന പതിനായിരക്കണക്കിന് രൂപയുടെ ലോട്ടറി എടുക്കുന്ന ഇയാൾ സാധാരണക്കാരായ പല ലോട്ടറിക്കച്ചവടക്കാർക്കും ലക്ഷക്കണക്കിന് രൂപ നൽകാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP