Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചരൺ സിങ്ങിന്റെ ക്രാന്തിദളിലൂടെ രാഷ്ട്രീയം തുടങ്ങി; മുത്തലാഖ് നിയമം പാസാക്കിയപ്പോൾ രാജീവ് ഗാന്ധിയുമായി ഉടക്കി കോൺഗ്രസ് വിട്ട വിപ്ലവം; ദള്ളിലൂടെ എത്തിയത് ബിജെപിയിൽ; മോദിയുടെ വലംകൈയായി ഗവർണ്ണർ പദവി; പിണറായിയെ വെട്ടിലാക്കി സർവ്വകലാശാലയിലെ കത്ത്; തിരുത്തൽ ശക്തിയാകാൻ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ

ചരൺ സിങ്ങിന്റെ ക്രാന്തിദളിലൂടെ രാഷ്ട്രീയം തുടങ്ങി; മുത്തലാഖ് നിയമം പാസാക്കിയപ്പോൾ രാജീവ് ഗാന്ധിയുമായി ഉടക്കി കോൺഗ്രസ് വിട്ട വിപ്ലവം; ദള്ളിലൂടെ എത്തിയത് ബിജെപിയിൽ; മോദിയുടെ വലംകൈയായി ഗവർണ്ണർ പദവി; പിണറായിയെ വെട്ടിലാക്കി സർവ്വകലാശാലയിലെ കത്ത്; തിരുത്തൽ ശക്തിയാകാൻ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിന്റെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ അർത്ഥത്തിലും വിപ്ലവകാരിയാണ്. മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിലെ മുസ്ലിം സമുദായത്തിലെ വിപ്ലവകാരിയുമായ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ പിണറായിസത്തിനെതിരേയും പരസ്യ വിപ്ലവത്തിന് ഇറങ്ങുകയാണ്. സർവ്വകലാശാലാ വിഷയത്തിൽ ഗവർണ്ണറുടെ നിലപാട് ഇതിന് തെളിവാണ്.

മുസ്ലിം സമുദായം ശക്തമായുള്ള കേരളത്തിൽ ഒരു മുസ്ലിം സമുദായക്കാരനെ ഗവർണറായി നിയമിച്ച കേന്ദ്ര സർക്കാറിന്റെ നീക്കം പുതിയ തലത്തിലേക്ക് എത്തുകയാണ്. മുത്തലാഖ് വിഷയത്തിൽ അടക്കം മോദി സർക്കാറിനെ ശക്തമായി പിന്തുണച്ചിരുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. സമുദായത്തിനുള്ളിൽ നിന്നും പരിഷ്‌ക്കരണങ്ങൾ കൊണ്ടു വരാൻ ആഗ്രഹിച്ച നേതാവ്. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരുമായി എല്ലാ അർത്ഥത്തിലും സഹകരിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ നീങ്ങിയത്. കേന്ദ്ര സർക്കാരിനെതിരായ വിമർശനം പോലും നിയമസഭയിൽ വായിച്ച ഗവർണ്ണർ. പക്ഷേ ഈ ബഹുമാനം തനിക്ക് കേരളാ സർക്കാരിൽ നിന്ന് കിട്ടുന്നില്ലെന്ന് പറയുകയാണ് ഇപ്പോൾ ഒരു കത്തിലൂടെ ഗവർണ്ണർ.

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ രൂക്ഷ വിമർശനമുള്ള നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ വായിക്കാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായത് ഏവരേയും ഞെട്ടിച്ചിരുന്നു. ഏവരേയും ഞെട്ടിച്ചാണ് നിയമസഭയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സർക്കാർ നിലപാടും വായിച്ചത്. 18-ാം പാരയിലായിരുന്നു വിവാദങ്ങൾ ഒളിച്ചു വച്ചിരുന്നത്. ഇവിടെ എത്തിയപ്പോൾ ഒന്ന് നിർത്തി. പിന്നെ ഗവർണ്ണർ പറഞ്ഞു. ഇനി 18-ാം പാര. അതും ഞാൻ വായിക്കും. സർക്കാരുമായി വിയോജിപ്പിൽ കത്തിടപാടുകൾ നടത്തി. എന്നാൽ ഇത് സർക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഞാൻ വിലകൊടുക്കുന്നു. അതിനാൽ സർക്കാരിന്റെ നയം വിയോജിപ്പോടെ വായിക്കുകയാണ്. അങ്ങനെ അതും വായിച്ചു ഗവർണ്ണർ. സ്ത്രീപീഡനങ്ങൾക്കെതിരെ ഉപവാസമിരുന്നും ഗവർണ്ണർ ചർച്ചകൾക്ക് പുതുമാനം നൽകി.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ കേരളം ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പ്രതികരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചില പ്രസ്താവനകൾ പുറത്തേക്ക് വന്നത്. കേന്ദ്രം പാസാക്കുന്ന നിയമങ്ങളെല്ലാം അനുസരിക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണെന്നും അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം അനുസരിക്കാനും ദേശിയ പൗരത്വ പട്ടിക നടപ്പിലാക്കാനുമുള്ള ബാധ്യത കേരളത്തിനുമുണ്ടെന്നുമാണ് ഗവർണർ പറഞ്ഞത്. ഗാന്ധിയുടെയും നെഹ്റുവിന്റെയും ആശയങ്ങളായിരുന്നു പൗരത്വബില്ലെന്നും അതു നടപ്പാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നുമാണ് ആരിഫ് ഖാൻ വാദിച്ചത്. എന്നാൽ നിയമസഭയിൽ സർക്കാരിന്റെ നയം പ്രഖ്യാപിക്കുകയും ചെയ്തു. പിണറായി സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന സന്ദേശമാണ് ആരിഫ് ഖാൻ നൽകിയത്.

എന്നാൽ സർവ്വകലാശാലയിൽ നിലപാട് കടുപ്പിക്കുകയാണ്. സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ അതിരൂക്ഷമാണെന്ന് ഗവർണർ വിമർശിച്ചു. ഉന്നതപദവികളിൽ ഇഷ്ടക്കാരെ നിയമിക്കുന്നു. തിരുത്താൻ പരമാവധി ശ്രമിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചാൻസലർ ഭരണഘടന പദവിയല്ലാത്തതിനാൽ ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾ കേരളം വിടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. സർവകലാശാല ചട്ട പ്രകാരമാണ് ഗവർണർ ചാൻസിലർ ആകുന്നത്. ഭരണഘടന പദവി അല്ലാത്തതിനാൽ പദവി ഒഴിയാൻ സന്നദ്ധതനാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ താങ്ങാൻ കഴിയാത്തതാണ്. സർവകലാശാലകൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. അതിനായി നിന്ന് കൊടുക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലകളുടെ സ്വയം ഭരണാധികാരം സംരക്ഷിക്കാൻ കഴിയാവുന്നത്ര ശ്രമിച്ചു. രാഷ്ട്രീയ ഇടപെടൽ നടത്തരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഇനിയും ഇത് തുടർന്ന് പോകാൻ കഴിയില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ് വയ്ക്കുന്നത്.

ചാൻസിലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്വാധീനമുള്ളവരുടെ ബന്ധുക്കളെയൊക്കെ പദവികളിൽ നിയമിക്കുന്നു. ഇതൊക്കെ കൊണ്ട് മങ്ങലേൽക്കുന്നത് കേരളത്തിലെ സർവകലാശാലകളുടെ യശസ്സിനാണെന്നും അദ്ദേഹം വിമർശിച്ചു. സർക്കാരുമായി ഭിന്നിപ്പിന് താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവ് ഗാന്ധിയെ ഞെട്ടിച്ച രാജി

1986ൽ രാജീവ്ഗാന്ധി മന്ത്രിസഭയിൽ ഊർജമന്ത്രിയായിരിക്കേ, മുസ്ലിം സ്ത്രീകൾക്കുള്ള അവകാശങ്ങൾ സംബന്ധിച്ച് ലോക്‌സഭയിൽ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ചു രാജിവച്ചതു വലിയ വാർത്തയായിരുന്നു. അന്ന് അദ്ദേഹം നിലപാടുകളുടെ നേതാവ് എന്നാണ് അറിയപ്പെട്ടത്. അതേ നിലപാട് തറ ഇപ്പോഴുമുണ്ടെന്ന് പിണറായിയോടും പറയുകയാണ് ഗവർണ്ണർ. ഉത്തർപ്രദേശിൽ ജനിച്ച ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് സർവകലാശാലയിലും ലഖ്നൗ സർവകലാശാലയിലുമായാണ് പഠനം പൂർത്തിയാക്കിയത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിങ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ അംഗമായാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.

1977-ൽ 26-ാം വയസ്സിൽ അദ്ദേഹം യുപി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസിനൊപ്പം ചേർന്നു പ്രവർത്തിച്ചു. 1980-ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. 1980-ലും 84-ലും കാൻപൂരിൽ നിന്നും ബറൈച്ചിൽ നിന്നും അദ്ദേഹം ലോക്സഭയിലെത്തി. 1986ൽ രാജീവ്ഗാന്ധി മന്ത്രിസഭയിൽ ഊർജമന്ത്രിയായിരിക്കേ, മുസ്ലിം സ്ത്രീകൾക്കുള്ള അവകാശങ്ങൾ സംബന്ധിച്ച് ലോക്‌സഭയിൽ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ചു രാജിവച്ചതു വലിയ സംഭവമായിരുന്നു. സെഡ്.ആർ.അൻസാരിയടക്കം പല പ്രമുഖരും പ്രകീർത്തിച്ചപ്പോൾ ബില്ലുമായി മുന്നോട്ടുപോകുന്നതു കോൺഗ്രസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നു പാർട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയോടു ചൂണ്ടിക്കാട്ടാനും വഴങ്ങില്ലെന്നു കണ്ടപ്പോൾ മന്ത്രിപദം രാജിവയ്ക്കാനും ആരിഫ് മടിച്ചില്ല.

ആദർശപരമായ കാരണങ്ങളാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയും തിളക്കമാർന്ന മറ്റൊരു രാജിയില്ലെന്ന് അന്നു മാധ്യമങ്ങൾ ഒന്നടങ്കം ആരിഫിനെ പ്രകീർത്തിച്ചു. രാജീവ് ഗാന്ധിയുമായി ഉടക്കി രാജിവെച്ച ശേഷം ജനതാദളിൽ ചേർന്ന അദ്ദേഹം 1989-ൽ ദൾ സ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തി. 89-ൽ ജനതാദൾ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേന്ദ്രമന്ത്രിയായി. വി പി സിങ് സർക്കാറിലെ ശക്തനായ മന്ത്രിയായിരുന്നു അദ്ദേഹം. 1998-ൽ അദ്ദേഹം ജനതാദളും വിട്ടു. ബിഎസ്‌പിയിലെത്തി. ബറൈച്ചിൽ നിന്ന് തന്നെ മത്സരിച്ച് വീണ്ടും ലോക്സഭയിലെത്തി. 2004-ൽ അദ്ദേഹം ബിഎസ്‌പി വിട്ട് ബിജെപിയിൽ ചേർന്നു. മത്സരിച്ചെങ്കിലും തോറ്റു.

തുടർന്ന് അദ്ദേഹം 2007ൽ ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. നരേന്ദ്ര മോദി കാലഘട്ടത്തിന്റെ നേതാവാണെന്ന് പുകഴ്‌ത്തി സംസാരിച്ച ആരിഫ് മുഹമ്മദ് ഖാനെ കേരളാ ഗവർണറാക്കാൻ മോദി സർക്കാർ തീരുമാനിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിയായിരിക്കെ ആരിഫ് വ്യോമയാനം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ടെക്സ്റ്റ് ആൻഡ് കോണ്ടക്സ്റ്റ്, ഖുറാൻ ആൻഡ് കണ്ടംപററി ചലഞ്ചസ് തുടങ്ങിയവ ആരിഫിന്റെ രചനകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP