Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകൻ ഇനി ജീവനോടെ എത്തില്ലെന്ന് തിരിച്ചറിഞ്ഞ അമ്മ; വീട്ടിലൊരുക്കിയ വെന്റിലേറ്ററിൽ ആ സത്യം ഇനിയും ഉൾക്കൊള്ളാനാകാതെ കഴിയുന്ന അച്ഛൻ; കോയമ്പത്തൂരിലെ ക്വാർട്ടേഴ്‌സിൽ കരഞ്ഞു തളർന്ന ഭാര്യയും കുട്ടികളും; പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപത്തുള്ള ആ ഇരുനില വീട് ദുഃഖസാന്ദ്രം; പ്രദീപ് നാടിനും വീടിനും വേദനയാകുമ്പോൾ

മകൻ ഇനി ജീവനോടെ എത്തില്ലെന്ന് തിരിച്ചറിഞ്ഞ അമ്മ; വീട്ടിലൊരുക്കിയ വെന്റിലേറ്ററിൽ ആ സത്യം ഇനിയും ഉൾക്കൊള്ളാനാകാതെ കഴിയുന്ന അച്ഛൻ; കോയമ്പത്തൂരിലെ ക്വാർട്ടേഴ്‌സിൽ കരഞ്ഞു തളർന്ന ഭാര്യയും കുട്ടികളും; പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപത്തുള്ള ആ ഇരുനില വീട് ദുഃഖസാന്ദ്രം; പ്രദീപ് നാടിനും വീടിനും വേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കൂനൂരിൽ ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനാ ഫ്‌ളൈറ്റ് ഗണ്ണറായ പ്രദീപ് കുമാർ ഇനി തന്നെകാണാൻ എത്തില്ലെന്ന സത്യം അച്ഛന് ഇനിയും ബോധ്യമായിട്ടില്ല. വീട്ടിലൊരുക്കിയ വെന്റിലേറ്ററിൽ കഴിയുന്ന രാധാകൃഷ്ണൻ ഇപ്പോഴും മകനെ അന്വേഷിക്കുന്നു. വിങ്ങുന്ന മനസ്സുമായി ദുഃഖംസഹിച്ച് പ്രദീപിന്റെ അമ്മ. പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദീപിന്റെ ഇരുനില വീടിനുള്ളിലേക്ക് ആർക്കും പ്രവേശനമില്ല. അച്ഛന് മകന്റെ വേർപാട് ഉൾക്കൊള്ളനാവാത്തതു കൊണ്ടാണ് അത്.

'അച്ഛാ കുറുമ്പൊന്നും കാണിക്കുന്നില്ലല്ലോ, ഓക്‌സിജൻ മാസ്‌ക് വലിച്ചൂരാൻ നോക്കല്ലേ- വീട്ടിലേക്കു വിളിക്കുന്‌പോഴെല്ലാം പ്രദീപ് ചോദിക്കും. പതിവുവിളി എത്താതായതോടെ ബുധനാഴ്ച രാത്രിമുതൽ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണൻ ഭാര്യ കുമാരിയോട് ചോദിച്ചുകൊണ്ടേയിരുന്നു, പ്രദീപ് മോന്റെ വിളി വന്നില്ലല്ലോ... ഒടുവിൽ വ്യാഴാഴ്ച രാവിലെ ബന്ധുക്കളെല്ലാം ചേർന്ന് ആ അച്ഛനെ വിവരമറിയിച്ചു, ആ വിളി ഇനി വരില്ലെന്ന്. അതു പക്ഷേ രാധാകൃഷ്ണന് ഉൾക്കൊള്ളാനാകുന്നില്ല. അമ്മയ്ക്കും അത് പറഞ്ഞ് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. എല്ലാവരും കാത്തിരിക്കുകയാണ് പ്രിയപ്പെട്ട പ്രദീപിന് അവസാനമായി അന്ത്യാഞ്ജലി നൽകാൻ.

ബന്ധുക്കളുടെയും അയൽക്കാരുടെയും സ്‌നേഹസംരക്ഷണത്തിൽ ആ അമ്മ കാത്തിരിക്കുകയാണ്, മകനെ അവസാനമായൊന്നു കാണാൻ. അപകടവിവരമറിഞ്ഞ് ബുധനാഴ്ചതന്നെ കോയമ്പത്തൂരിലേക്കു തിരിച്ചതാണ് പ്രദീപിന്റെ സഹോദരൻ പ്രസാദ്. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും ഏഴും രണ്ടും വയസ്സുള്ള രണ്ടുമക്കളും കോയമ്പത്തൂരിലെ ക്വാർട്ടേഴ്‌സിലാണുള്ളത്. ശ്രീലക്ഷ്മിയുടെ അച്ഛനും കോയമ്പത്തൂരിൽ എത്തിയിട്ടുണ്ട്.

പൊന്നൂക്കരയിലെ വീട്ടിന്റെ പൂമുഖത്ത്, വ്യോമസേനാ വേഷമിട്ട് ചിരിച്ചുകൊണ്ടുനിൽക്കുന്ന പ്രദീപിന്റെ ചിത്രം. അതിനുമുന്നിൽ വിളക്ക് തെളിയുന്നു. വീട്ടിലേക്കെത്തുന്നവരെല്ലാം ഗേറ്റിനു സമീപത്തെ മറ്റൊരു ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചശേഷം മടങ്ങുന്നു. തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണു പ്രദീപ്. ശ്വാസകോശ രോഗം ഗുരുതരമായതിനെത്തുടർന്ന് രാധാകൃഷ്ണനെ കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രദീപ് നാട്ടിലെത്തിയിരുന്നു. അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് അപകടം.

ഊട്ടിയിൽ ഹെലികോപ്റ്റർ അപകടമുണ്ടായതായി കേട്ടതു മുതൽ അമ് കുമാരി ആശങ്കയിലായിരുന്നു. ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററിൽ പോകുന്ന വിവരം തലേദിവസം ഫോൺ വിളിച്ചപ്പോൾ പ്രദീപ് സൂചിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ വിളി വരാഞ്ഞതിനാൽ പോയിട്ടുണ്ടാവില്ലെന്നാണു കരുതിയത്. എന്നാൽ രാത്രി വീടിനു ചുറ്റുമെത്തിയവരുടെ പ്രതികരണങ്ങളിൽനിന്നും വാർത്താ സൂചനകളിൽ നിന്നും മകനെ നഷ്ടമായത് കുമാരി തിരിച്ചറിഞ്ഞു.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്. ആറുമാസം മുൻപാണു കോയമ്പത്തൂർ സൂലൂരിലെത്തിയത്. 20 വർഷം സർവീസ് പൂർത്തിയാക്കുമ്പോൾ നാട്ടിലേക്കു മടങ്ങാൻ ആലോചിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

മതിക്കുന്ന് എൽപി സ്‌കൂളിലെയും പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെയും തൃശൂർ ഗവ. ഐടിഐയിലെയും പൂർവ വിദ്യാർത്ഥിയാണ്. നാട്ടിലെത്തുമ്പോഴെല്ലാം എല്ലാവരുമൊത്ത് സൗഹൃദം പങ്കിടുന്ന ഒരാളെ നഷ്ടമായതിന്റെ വേദനയിലാണു സുഹൃത്തുക്കൾ. നാട്ടിലെ ആഘോഷങ്ങളിലെല്ലാം സജീവമായിരുന്നു പ്രദീപ്. ഫുട്ബോൾ കളിക്കളത്തിലെയും സജീവ സാന്നിധ്യമായിരുന്നു. സൂലൂരിൽ കുടുംബ സമേതമാണു താമസം. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷിൺ ദേവ് (7), ദേവപ്രയാഗ് (2).

2018 ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപുണ്ടായിരുന്നു. അന്നു സ്വമേധയാ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് ഉൾപ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP