Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിപിൻ റാവത്തിനു ബ്രിട്ടനുമായി ഊഷ്മള ബന്ധം; ബ്രിട്ടീഷ് ചീഫ് നിക്കോളാസ് കാർട്ടറുമായി നിരന്തര ഇടപെടൽ; രാഷ്ട്രീയ തർക്കമുണ്ടാകുമ്പോഴും പ്രതിരോധ ബന്ധത്തിൽ വിള്ളൽ വീഴാതെ നോക്കിയ ചാണക്യ തന്ത്രജ്ഞൻ; 13 ലക്ഷം സൈനികരുടെ മേധാവിക്ക് ആദരാഞ്ജലിയുമായി ലോകവും

ബിപിൻ റാവത്തിനു ബ്രിട്ടനുമായി ഊഷ്മള ബന്ധം; ബ്രിട്ടീഷ് ചീഫ് നിക്കോളാസ് കാർട്ടറുമായി നിരന്തര ഇടപെടൽ; രാഷ്ട്രീയ തർക്കമുണ്ടാകുമ്പോഴും പ്രതിരോധ ബന്ധത്തിൽ വിള്ളൽ വീഴാതെ നോക്കിയ ചാണക്യ തന്ത്രജ്ഞൻ; 13 ലക്ഷം സൈനികരുടെ മേധാവിക്ക് ആദരാഞ്ജലിയുമായി ലോകവും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്ത്യയെ കരയിച്ച ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത് വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് പ്രതിരോധ രംഗത്ത് ഇന്ത്യയും ബ്രിട്ടനും കഴിഞ്ഞ ഏതാനും വർഷമായി വളർത്തിയെടുത്ത ഊഷ്മളത കൂടിയാണ്. ഇരു രാജ്യങ്ങൾക്കും കഴിഞ ഏതാനും വർഷമായി വഴക്കടിക്കാൻ കാരണങ്ങൾ ഒന്നിന് പുറകെ ഒന്നായി എത്തുമ്പോഴും പ്രതിരോധ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും ഒരു ചങ്കെന്ന പോലെ ഇടപെട്ടത് ബിപിനും ബ്രിട്ടീഷ് സൈനിക മേധാവി നിക്കോളാസ് കാർട്ടറും തമ്മിൽ ഉള്ള ബന്ധം വഴിയായിരുന്നു.

ഏറ്റവും ഒടുവിൽ വാക്സിൻ തർക്കത്തിൽ പോലും ഇന്ത്യയും ബ്രിട്ടനും പരിധി വിട്ടു വഴക്കടിച്ചെങ്കിലും പ്രതിരോധ കാര്യത്തിൽ ഒരു വിള്ളലും ഉണ്ടാകാതെ നോക്കുന്നതിൽ ബിപിനും നിക്കോൾസും തമ്മിൽ ഉള്ള നിരന്തര സംഭാഷണം വഴി സാധിച്ചിരുന്നു. ബ്രിട്ടനിലെ മറ്റു ഉയർന്ന സൈനിക ഉദ്യോഗസ്ഥരുമായി മികച്ച ബന്ധം നിലനിർത്താനും ബിപിൻ ശ്രദ്ധിച്ചിരുന്നു. എയർ ചീഫ് മാർഷൽ സർ സ്റ്റുവേർഡ് പീച്ചുമായുള്ളതു അത്തരം ഒരു ബന്ധമായിരുന്നു.

കൃത്യം ഒരു മാസം മുൻപാണ് നിക്കോളാസ് ഇന്ത്യയിൽ എത്തിയപ്പോൾ ബിപിനുമായി അവസാന കൂടിക്കാഴ്ച നടത്തിയത്. ഇരുവരും കണ്ടപ്പോൾ നിക്കോളാസ് ബിപിനായി ഒരു അപൂർവ സമ്മാനവും കയ്യിൽ കരുതിയിരുന്നു. ഗൂർഖ റെജിമെന്റിൽ സേവനം ചെയ്തു പട്ടാള പരിചയം നേടിയ ബിപിന് യുകെയിൽ നിന്നും പട്ടാളത്തിൽ ഗൂർഖകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ഒരു പുസ്തകവുമായാണ് നിക്കോളാസ് എത്തിയത്.

ഇന്നും ബ്രിട്ടീഷ് ആർമിയിൽ ഗൂർഖ റെജിമെന്റിന് ആരാധകർ ഏറെയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയിൽ നിന്നും ആയിരകണക്കിന് ഗൂർഖകളാണ് ബ്രിട്ടന് വേണ്ടി പോരാടിയത്. അവരുടെ തലമുറകളിൽ അനേകം പേർ ഇപ്പോൾ യുകെയിൽ ഉണ്ടെന്നതും ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. അനേകം ഗൂർഖകളെ സിവിലിയൻ ബഹുമതി നൽകിയും ബ്രിട്ടൻ ആദരിച്ചിട്ടുണ്ട്.

ഒക്ടോബർ 21നു ഇന്ത്യയിൽ എത്തിയ നിക്കോൾസും ബിപിനും തമ്മിൽ നടന്ന സംഭാഷണത്തിൽ നിറഞ്ഞു നിന്നതു പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും കൊടുത്താൽ ദൃഢതയുള്ള ബന്ധം സ്ഥാപിക്കുന്നതിലേക്കാണ്. അയൽരാജ്യ ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യ വൻശക്തികളുടെ പിന്തുണ പ്രതിരോധ കാര്യങ്ങളിൽ നേടാൻ ആഗ്രഹിക്കുന്ന സമയത്തു തന്നെയാണ് ബ്രിട്ടന്റെ സഹകരണ വാഗ്ദാനം എന്നതും ശ്രദ്ധേയമാണ്.

സംഭാഷണത്തെ തുടർന്ന് ഇക്കാര്യം ജനറൽ റാവത് തന്നെ ട്വിറ്റർ വഴി ലോകത്തെ അറിയിക്കുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തെ സന്ദർശന പരിപാടിയുമായാണ് നിക്കോളസ് ഇന്ത്യയിൽ എത്തിയത്. ഏറെക്കാലമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം നീളുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രതിരോധ കാര്യങ്ങളിലെ തീവ്രത മനസിലാക്കി തന്നെ നിക്കോൾസും ബിപിനും കൂടികാണാൻ തീരുമാനിച്ചത്.

രാഷ്ട്ര തലവന്മാരുടെ കൂടിക്കാഴ്ച അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ കാര്യങ്ങൾ തടസമില്ലാതെ മുന്നോട്ടു നീങ്ങണം എന്ന രണ്ടുപേരുടെയും നിശ്ചയ ദാർഢ്യം കൂടിയാണ് ഈ കൂടിക്കാഴ്ചക്ക് അവസരം സൃഷ്ടിച്ചത്. ഇത്തരം കാര്യങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നൽകുന്ന തുറന്ന സമീപനം ബിപിൻ റാവത്തിനു എല്ലായ്‌പ്പോഴും സൈനിക മേധാവി എന്ന കസേരയിൽ കൂടുതൽ ആർജവം നൽകിയിരുന്നു. സൗത്ത് ബ്ലോക്കിൽ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച നിക്കോളസ് രക്തസാക്ഷി മണ്ഡപത്തിൽ എത്തി ബിപിൻ റാവത്തും ഒത്തു റീത്തും സമർപ്പിച്ചിരുന്നു.

ഈ സന്ദർശന സമയത്തു തന്നെ ഇന്ത്യൻ കരസേനാ മേധവി എം എം നരവനെ മലേഷ്യൻ സൈനിക മേധാവിയു സാംറോസ് ബിൻ മുഹമ്മദുമായി ടെലിഫോൺ സംഭാഷണം നടത്തിയതും അന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആയിരുന്നു. തെക്കനേഷ്യൻ രാജ്യങ്ങൾക്കിടയിൽ കൂടുതൽ സൗഹൃദം പ്രതിരോധ കാര്യങ്ങളിൽ അടക്കം വളരുന്നതിന് ഇന്ത്യ മുൻകൈ എടുക്കണം എന്ന അഭിപ്രായമാണ് പടിഞ്ഞാറൻ രാജ്യങ്ങൾ സ്വീകരിക്കുന്നത്. ഇത്തരം കാര്യങ്ങളും ഒക്ടോബർ സന്ദർശനത്തിൽ ബിപിനും നിക്കോൾസും തമ്മിൽ ചർച്ച ചെയ്തിരുന്നു.

ലോകം തിരിച്ചറിയുന്ന സൈനിക കരുത്തിന്റെ പ്രതീകം

അതേസമയം ഇന്ത്യൻ സൈനിക തലവന്റെ അകാല നിര്യാണത്തിൽ ലോകം അതി തീവ്രമായ ദുഃഖമാണ് രേഖപ്പെടുത്തുന്നത്. ഇക്കൂട്ടത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുതൽ മുൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വരെ ഉൾപ്പെടുന്നു. ഇതിൽ നിന്നും വ്യക്തമാണ് 13 ലക്ഷം സൈനികർ ഉള്ള ഇന്ത്യൻ സേനയെ ലോകം എത്രമാത്രം ആദരിക്കുന്നു എന്നും. ബിപിൻ റാവത്തിനു ലോകം നൽകുന്ന ആദരം ഇന്ത്യയിലെ മുഴുവൻ സൈനികർക്കു കൂടി ഉള്ളതായി മാറുകയാണ്. ലോകമാധ്യങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് ഈ അപകട വിവരം റിപ്പോർട്ട് ചെയ്യുന്നതും.

അമേരിക്ക, ആന്റണി ബ്ലിങ്കൻ

താങ്കളെ അത്രവേഗത്തിൽ മറക്കാനാകില്ല എന്ന് പറയുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി, ഇന്ത്യയും അമേരിക്കയും തമ്മിൽ ഉള്ള ബന്ധത്തിൽ ബിപിൻ റാവത്തിന്റെ പങ്കു കൂടി എഴുതിച്ചേർക്കുന്നു. ബിപിൻ റാവത്ത് പകരക്കാരൻ ഇല്ലാത്ത സൈനികൻ കൂടിയാണെന്ന് ആന്റണി ബ്ലിങ്കൻ വ്യക്തമാക്കുന്നുണ്ട്.

റഷ്യയുടെയും നഷ്ടം, നിക്കോളായ് കുദസേഹ്വ്

ബിപിൻ റാവത്തിന്റെ മരണം റഷ്യയെയും സങ്കടപ്പെടുത്തുന്നു എന്നാണ് ഡൽഹിയിൽ റഷ്യൻ പ്രതിനിധി പറഞ്ഞത്. തികഞ്ഞ രാജ്യസ്നേഹിയും ഹീറോ ആയും അദ്ദേഹത്തെ വിലയിരുത്താനാണ് റഷ്യക്ക് ഇഷ്ടം എന്നും നിക്കോളായ് വ്യക്തമാക്കുന്നു. റഷ്യയുടെ തികഞ്ഞ സുഹൃത്ത് കൂടി ആയിരുന്നു അദ്ദേഹം. ഇന്ത്യയുടെ ദുഃഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു.

ബ്രിട്ടൺ, അലക്സ് എല്ലിസ്

ബുദ്ധിയും ധീരതയും ഒത്തുചേർന്ന സൈനികൻ. ബ്രിട്ടൻ ബിപിൻ റാവത്തിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. ഒരാഴ്ച മുൻപ് പോലും ഒന്നിച്ചു കണ്ട അനുഭവമാണ് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സിന് പങ്കിടാനുള്ളത്.

ഒട്ടുമിക്ക ലോകരാജ്യങ്ങളുടെയും ഇന്ത്യൻ പ്രതിനിധികൾ തങ്ങളുടെ സങ്കടവും പ്രയാസവും ഒക്കെ മരണ വിവരം സ്ഥിരീകരിച്ചു അധികം വൈകാതെ തന്നെ ഇന്ത്യയെ അറിയിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP