Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉക്രെയിൻ അതിർത്തിയിൽ ഒരുങ്ങുന്നത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; സമ്പൂർണ്ണ യുദ്ധത്തിനൊരുങ്ങി റഷ്യ; കടുത്ത നടപടികളെന്ന് പുട്ടിന് ഫോണിലൂടെ മുന്നറിയിപ്പ് നൽകി ജോ ബൈഡൻ; ലോകം അസാധാരണമായ യുദ്ധ ഭീതിയിലേക്ക്

ഉക്രെയിൻ അതിർത്തിയിൽ ഒരുങ്ങുന്നത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; സമ്പൂർണ്ണ യുദ്ധത്തിനൊരുങ്ങി റഷ്യ; കടുത്ത നടപടികളെന്ന് പുട്ടിന് ഫോണിലൂടെ മുന്നറിയിപ്പ് നൽകി ജോ ബൈഡൻ; ലോകം അസാധാരണമായ യുദ്ധ ഭീതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ പോരാട്ടമായിരിക്കും റഷ്യ ഉക്രെയിനിനെ ആക്രമിച്ചാൽ ഉണ്ടാവുക എന്ന് ബ്രിട്ടീഷ് സൈനിക മേധാവി മുന്നറിയിപ്പ് നൽകുന്നു. ഉക്രെയിൻ അതിർത്തിയിൽ അടുത്തകാലത്ത് റഷ്യ നടത്തുന്ന സൈനിക വിന്യാസവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിക്കപ്പെടുന്ന റഷ്യൻ സൈനികരുടെ എണ്ണം പ്രതിദിനം വർദ്ധിച്ചുവരികയാണ്.

നിലവിൽ, കനത്ത ആയുധ ശേഖരവും ടാങ്കികളുമൊക്കെയായി ഏകദേശം 90,000 റഷ്യൻ സൈനികർ അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത വർഷം ആദ്യമാകുമ്പോഴേക്കും ഇവരുടെ എണ്ണം 1,75,000 ആയി ഉയർന്നേക്കും. ഉക്രെയിനിനെ പൂർണ്ണമായും ആക്രമിച്ചു കീഴടക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്രമാത്രം സൈനികർ വിന്യസിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.റഷ്യയുടെ സൈനിക നീക്കം ആശങ്കയുണർത്തുന്നതാണെന്ന് കഴിഞ്ഞ ആഴ്‌ച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതല ഏറ്റെടുത്ത അഡ്‌മിറൽ സർ ടോണി റാഡാകിൻ പറഞ്ഞു. ഉക്രെയിനിനെ പൂർണ്ണമായും കീഴടക്കുക എന്ന ഉദ്ദേശമില്ലെങ്കിൽ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സൈനിക നീക്കം നടത്തേണ്ടതില്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ഉക്രെയിനിന്റെ കിഴക്കൻ ഭാഗങ്ങൾ ആക്രമിച്ചു കീഴടക്കുക എന്നതാണ് വ്ളാഡിമിർ പുടിന്റെ ഉദ്ദേശമെന്നാണ് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം കരുതുന്നത്. അതിനുശേഷം നയതന്ത്ര മാർഗ്ഗങ്ങൾ ഉപയോഗിച്ച് ആ ഭാഗം ഒരു പ്രത്യേക രാഷ്ട്രമാക്കി മാറ്റും. ഒരു റഷ്യൻ അനുകൂല രാജ്യമാണ് റഷ്യ ഉദ്ദേശിക്കുന്നത്. അതേസമയം ഉക്രെയിനിന് പാശ്ചാത്യ ശക്തികൾ നൽകുന്ന വർദ്ധിച്ച സൈനിക സഹായത്തിനെതിരെ വേണ്ടിവന്നാൽ ഉക്രെയിൻ ആക്രമിക്കുമെന്നാണ് നേരത്തെ പുടിൻ പറഞ്ഞത്. മാത്രമല്ല, നാറ്റോ സഖ്യത്തിൽ ഉക്രെയിനിനെ ചേർക്കരുതെന്ന ആവശ്യവും നേരത്തേ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ തള്ളിക്കളഞ്ഞിരുന്നു.

ഉക്രെയിന്റെ ഭാഗമായിരുന്ന ക്രീമിയ ആക്രമിച്ച് കീഴടക്കി എട്ടു വർഷത്തിനു ശേഷമാണ് റഷ്യ മറ്റൊരു യുദ്ധത്തിന് കോപ്പുകൂട്ടുന്നത്. ഇതിനിടയിൽ കിഴക്കൻ ഉക്രെയിനിലെ റഷ്യൻ സഹായത്തോടെ പ്രൊരുതുന്ന വിമതർ ഉക്രെയിനിന് ഏറെ തലവേദന ഉണ്ടാക്കുന്നുണ്ട്. സൈനികരും സാധാരണക്കാരുമായി ഏകദേശം 1500 പേരോളം ഇതിനോടകം വിമതരുമായുള്ള പോരാട്ടത്തിൽ മരിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നാവിക കപ്പലുകളും ആയുധങ്ങളും വാങ്ങുവാൻ ഉക്രെയിന് ബ്രിട്ടൻ വായ്പ അനുവദിച്ചത്.

അതിർത്തിയിൽ യുദ്ധസന്നാഹമൊരുക്കുന്നതിനൊപ്പം സൈബർ ലോകത്തും ഉക്രെയിനെതിരെ പ്രാചരണം നടത്തി മേഖലയിലെ പിന്തുണ തങ്ങൾക്കാക്കാൻ നോക്കുകയാണ് റഷ്യ. എന്നാൽ, ഇനിയൊരു യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്ന് ഇന്നലെ നടന്ന വെർച്വൽ ഉച്ചകോടിയിൽ ജോ ബൈഡൻ പുട്ടിന് മുന്നറിയിപ്പ് നൽകി. ഒരു ആക്രമണത്തിന് റഷ്യ മുതിരുകയാണെങ്കിൽ, ഇതുവരെ ആരും കാണാത്തവിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയായിരിക്കും റഷ്യ അഭിമുഖീകരിക്കുക എന്ന് ബൈഡൻ പറഞ്ഞു.

അതേസമയം, അമേരിക്കൻ സൈന്യം ഉക്രെയിൻ സൈന്യത്തോടൊപ്പം റഷ്യയുമായി യുദ്ധം ചെയ്യുന്നതിനുള്ള സാദ്ധ്യത ബൈഡൻ തള്ളിക്കളഞ്ഞു. അത്തരമൊരു നീക്കത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നാറ്റോ സഖ്യ രാഷ്ട്രങ്ങളുമായി ധാർമ്മികമായും നിയമപരമായും അമേരിക്കയ്ക്ക് കടപ്പാടുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നാറ്റോ സഖ്യരാജ്യങ്ങളിൽ അമേരിക്കൻ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുമെന്നും അതുവഴി ഉക്രെയിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ബൈഡൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP