Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രധാന സൈനിക നീക്കങ്ങളിൽ നായകനായ നാലു നക്ഷത്ര പദവിയിൽ ജനറൽ ബിപിൻ റാവത്ത്; സൈനികരുടെ ഭാര്യമാർക്ക് സ്വയം തൊഴിൽ മേഖലയിൽ സാധ്യതയൊരുക്കിയ രാജകുടുംബാംഗമായ ഭാര്യയും; രണ്ടു പേരും ഇന്ത്യൻ സൈനികർക്ക് പ്രിയപ്പെട്ടവർ; ഈ ദമ്പതികൾ വേദനയാകുമ്പോൾ

സുപ്രധാന സൈനിക നീക്കങ്ങളിൽ നായകനായ നാലു നക്ഷത്ര പദവിയിൽ ജനറൽ ബിപിൻ റാവത്ത്; സൈനികരുടെ ഭാര്യമാർക്ക് സ്വയം തൊഴിൽ മേഖലയിൽ സാധ്യതയൊരുക്കിയ രാജകുടുംബാംഗമായ ഭാര്യയും; രണ്ടു പേരും ഇന്ത്യൻ സൈനികർക്ക് പ്രിയപ്പെട്ടവർ; ഈ ദമ്പതികൾ വേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും-സൈനികർക്ക് പ്രിയപ്പെട്ടവരായിരുന്നു രണ്ടു പേരും. ഒരാൾ സൈന്യത്തിന് ആത്മവിശ്വാസവും ധൈര്യവും നൽകി മുന്നിൽ നിന്ന് നയിച്ചു. സർജിക്കൽ സ്‌ട്രൈക്കുകളിലൂടെ ഇന്ത്യൻ സേനയുടെ വീര്യം പുറംലോകത്തിന് കാട്ടിക്കൊടുത്തു. ആധുനിക യുദ്ധതതന്ത്രങ്ങൾ പുതു തലമുറയിലേക്ക് പകർന്നു നൽകി. അങ്ങനെ സേനയ്ക്ക് വേണ്ടി ജീവിതം. ഈ സമയം റാവത്തിന്റെ ഭാര്യയും സൈനിക ക്ഷേമത്തിന് വേണ്ടിയായിരുന്നു പ്രവർത്തിച്ചിരുന്നത്.

എ.ഡബ്ല്യൂ.ഡബ്ല്യൂ.എ.(ആർമി വൈവ്സ് വെൽഫെയർ അസോസിയേഷൻ) പ്രസിഡന്റും സജീവ സാമൂഹിക പ്രവർത്തകയുമായിരുന്നു മധുലിക. മധ്യപ്രദേശിലെ ശഹ്ഡോൾ സ്വദേശിയാണ് മധുലിക. അന്തരിച്ച രാഷ്ട്രീയ പ്രവർത്തകൻ മൃഗേന്ദ്ര സിങ്ങിന്റെ മകളായ ഇവർ ഡൽഹിയിലാണ് പഠനം പൂർത്തിയാക്കിയത്. ഡൽഹി സർവകലാശാലയിൽനിന്നുള്ള സൈക്കോളജി ബിരുദധാരിയായിരുന്നു മധുലിക. രാജ്യത്തെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘനകളിൽ ഒന്നാണ് എ.ഡബ്ല്യൂ.ഡബ്ല്യൂ.എ. സൈനികരുടെ ഭാര്യമാർ, കുട്ടികൾ, ആശ്രിതർ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. നേരത്തെ, വീർ നാരി(സൈനികരുടെ വിധവകൾ)കളെയും ഭിന്നശേഷിക്കാരായ കുട്ടികളെയും സഹായിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെയും പ്രചാരണങ്ങളുടെയും ഭാഗമായും മധുലിക പ്രവർത്തിച്ചിരുന്നു.

എ.ഡബ്ല്യൂ.ഡബ്ല്യൂ.എയെ കൂടാതെ നിരവധി സാമൂഹിക സേവനങ്ങളിലും പ്രത്യേകിച്ച് കാൻസർ രോഗികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും മധുലിക സജീവമായിരുന്നു. സൈനികരുടെ ഭാര്യമാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ മധുലിക ചെയ്തിരുന്നു. തയ്യൽ, ബാഗ് നിർമ്മാണം, കേക്ക്- ചോക്കലേറ്റ് നിർമ്മാണം തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെടുന്നതിലൂടെ സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും മധുലിക അവർക്ക് പ്രോത്സാഹനം നൽകി. അങ്ങനെ സൈനിക കുടുംബങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു അവരുടെ ജീവിതം. രണ്ടു പെൺമക്കളാണ് ബിപിൻ റാവത്ത്-മധുലിക ദമ്പതിമാർക്ക്.

സാമൂഹിക പ്രവർത്തനത്തിലൂടെയുള്ള രാജ്യസേവനമായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക ദൗത്യമായിട്ടെടുത്തത്. ജനറൽ റാവത്തിന്റെ മരണവാർത്ത പുറത്തുവരും മുമ്പ് മധുലികയുടെ മരണം സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശിൽനിന്നുള്ള രാജകുടുംബാംഗമാണു മധുലിക. ഭർത്താവ് ബിപിൻ റാവത്ത് രാജ്യത്തിന് കാവലായി നിൽക്കുമ്പോൾ സാമൂഹിക സേവന രംഗത്ത് അവർ ഏറെ സജീവമായിരുന്നു. സൈനികരുടെ ഭാര്യമാർക്ക് സ്വയം തൊഴിൽ മേഖലയിൽ ശോഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും അവർ ഏറെ ശ്രദ്ധിച്ചിരുന്നു.

ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും പ്രചാരണപരിപാടികളുടെയും ഭാഗമായിരുന്നു. കരസേന ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് തൊഴിലും വരുമാനവും ഉറപ്പിക്കുന്ന വിവിധ കോഴ്‌സുകൾക്കും അവർ മുൻകയ്യെടുത്തു. ബ്യൂട്ടീഷ്യൻ കോഴ്സുകൾക്കൊപ്പം ടെയ്ലറിങ്, ബാഗ് നിർമ്മാണം എന്നീ കോഴ്സുകളിലും ഉദ്യോഗസ്ഥരുടെ ഭാര്യമാരെ പങ്കെടുപ്പിച്ചു. കേക്കുകളും ചോക്ലേറ്റുകളും' നിർമ്മിക്കുന്നത് പഠിപ്പിക്കുന്നതിനുള്ള സൗകര്യവുമൊരുക്കി.

ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് (68) ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതോടെ ജ്വലിക്കുന്ന ഓർമ്മയാകുന്നത് ഇന്ത്യയുടെ സേനാചരിത്രത്തിലെ ധീരമായ ഒരേടാണ്. 2020 ജനുവരി ഒന്നിനാണ് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി അദ്ദേഹം നിയമിക്കപ്പെട്ടത്. പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ മൂന്നു സേനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യം എന്നും അഭിമാനത്തോടെ ഓർമ്മിക്കും. ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ മറ്റ് 12 പേർ കൂടി മരിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

സൈനിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ബിപിൻ റാവത്തിന്റെ ജനനം. ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16 നാണ് ബിപിൻ റാവത്ത് ജനിച്ചത്. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിലുമായിരുന്നു സ്‌കൂൾ പഠനം. പിന്നീട് പൂണെ നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിറ്ററി അക്കാദമി ഡെറാഡൂൺ എന്നിവിടങ്ങളിലായിരുന്നു തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്.

1978 ഡിസംബർ 16നാണ് കാലാൾപ്പടയുടെ പതിനൊന്നാം ഗൂർഖ റൈഫിൾസിന്റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് അദ്ദേഹത്തെ നിയോഗിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കമാൻഡർ ആയിരുന്ന ബറ്റാലിയൻ ആയിരുന്നു അത്. ഗൂർഖ റെജിമെന്റിൽ നിന്നാണ് കരസേന തലപ്പത്തേക്ക് റാവത്ത് എത്തുന്നത്. 2016 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെ കരസേനാ മേധാവിയായിരുന്നു. രാജ്യത്തിനകത്തും പുറത്തും നടന്ന സുപ്രധാനമായ നിരവധി സൈനിക നീക്കങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.

കശ്മീരിൽ കിഴക്കൻ സെക്ടർ നിയന്ത്രണ രേഖയിൽ രാഷ്ട്രീയ റൈഫിൾസ് കമാൻഡർ, കോംഗോയിലെ ഐക്യരാഷ്ട്ര സഭ ചാപ്റ്റർ ഢകക മിഷനിൽ ബ്രിഗേഡ് കമാൻഡർ, ജമ്മു-കശ്മീർ നിയന്ത്രണ രേഖയിൽ ആർമി ഡിവിഷൻ കമാൻഡർ, വടക്ക്-കിഴക്കൻ കോർപ്‌സ് കമാൻഡർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി സീനിയർ ഇൻസ്ട്രക്ടർ, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിലെ ജനറൽ സ്റ്റാഫ് ഓഫിസർ എന്നീ പദവികളും വഹിച്ചു. മിലിട്ടറി സെക്രട്ടറി ബ്രാഞ്ചിൽ കേണലും ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറിയുമായിരുന്നു.

വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് , അമേരിക്കയിലെ ഫോർട്ട് ലിവൻവർത്ത് സൈനിക കേളേജ്, നാഷണൽ ഡിഫൻസ് കോളേജ് ന്യൂഡൽഹി എന്നീ ഉന്നത സൈനിക കലാലയങ്ങളിൽ നിന്ന് ബിരുദങ്ങൾ നേടി. അന്താരാഷ്ട്ര സൈനിക ജേണലുകളിൽ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മീററ്റ് ചൗധരി ചരൻസിങ് സർവകലാശാലയിൽ നിന്ന് മിലിട്ടറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി.

നാലു പതിറ്റാണ്ടോളം നീണ്ട സൈനിക സേവനത്തിനിടയിൽ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ ഇതിൽപ്പെടും. സൈന്യത്തിൽ നാലു നക്ഷത്ര പദവി (ഫോർ സ്റ്റാർ റാങ്ക്) അദ്ദേഹത്തിന് അനുവദിച്ചിരുന്നു. പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേശകനും സൈനികകാര്യ വകുപ്പിന്റെ മേധാവിയുമായിരുന്നു. മൂന്നു സേന മേധാവിമാരുടെയും മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP