Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹിച്ചിരുന്നത് റിട്ടയർമെന്റിന് ശേഷം ജന്മനാട്ടിൽ ഒരു വീട് വയ്ക്കാൻ; ഒടുവിൽ ഉത്തരാഖണ്ഡിലെ പൗരിയിൽ എത്തിയത് 2018 ൽ; കുലദേവതയെ കണ്ട് വണങ്ങി മടങ്ങി എന്ന് കണ്ണീരോടെ ഓർമിച്ച് അമ്മാവൻ; ഓരോ ചുവട് വയ്പിലും ബിപിൻ റാവത്ത് കാത്തത് സൈനിക കുടുംബത്തിന്റെ പാരമ്പര്യം

മോഹിച്ചിരുന്നത് റിട്ടയർമെന്റിന് ശേഷം ജന്മനാട്ടിൽ ഒരു വീട് വയ്ക്കാൻ; ഒടുവിൽ ഉത്തരാഖണ്ഡിലെ പൗരിയിൽ എത്തിയത് 2018 ൽ; കുലദേവതയെ കണ്ട് വണങ്ങി മടങ്ങി എന്ന് കണ്ണീരോടെ ഓർമിച്ച് അമ്മാവൻ; ഓരോ ചുവട് വയ്പിലും ബിപിൻ റാവത്ത് കാത്തത് സൈനിക കുടുംബത്തിന്റെ പാരമ്പര്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൂനൂരിൽ കോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം നാളെ ഡൽഹിയിൽ കൊണ്ടുവരും. റാവത്തിന്റെ ഭാര്യയുടെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടെയും ഭൗതിക ശരീരങ്ങളും നാളെ വൈകിട്ടോടെ ഡൽഹിയിൽ എത്തിക്കും. വിടവാങ്ങിയ ജനറൽ റാവത്തിനായി ആദരാഞ്ജലികൾ പ്രവഹിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവർ പ്രണാമം അർപ്പിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങിയവരും ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി സ്ഥിതിഗതികൾ വിലയിരുത്തി. യോഗത്തിൽ അപകടത്തിന്റെ വിശദാംശങ്ങൾ അറിയിച്ചു. അപകടത്തിൽ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ നിലയും ഗുരുതരമാണ്. 80 ശതമാനമാണ് അദ്ദേഹത്തിന് പൊള്ളലേറ്റത്.

ജന്മനാട്ടിലേക്കുള്ള അവസാന സന്ദർശനം ഓർമിച്ച് അമ്മാവൻ

ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ജന്മനാട് ജനറൽ ബിപിൻ റാവത്ത് ഒടുവിൽ സന്ദർശിച്ചത് 2018 ലാണ്. റിട്ടയർമെന്റിന് ശേഷം അവിടെ ഒരു വീട് നിർമ്മിക്കണമെന്നുണ്ടായിരുന്നു, ബിപിൻ റാവത്തിന്റെ അമ്മാവൻ ഭരത് സിങ് റാവത്ത് ഓർത്തെടുത്തു. അവസാന സന്ദർശനത്തിനിടെ തങ്ങളുടെ കുലദേവതയെ കണ്ട് പ്രാർത്ഥിച്ചിരുന്നു ബിപിൻ റാവത്ത്. അന്ന് തന്നെ മടങ്ങുകയും ചെയ്തു.

പൗരിയിലെ ഒരു പരമ്പരാഗത സൈനിക കുടുംബത്തിൽ 1958 മാർച്ച് 16 നായിരുന്നു ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റെ ജനനം. 1988-ൽ വൈസ് ചീഫ് ഓഫ് ആർമി ജീവനക്കാരനായി വിരമിച്ച ലഫ്റ്റനന്റ് ജനറൽ ലക്ഷ്മൺ സിംഗാണ് പിതാവ്. ഉത്തരകാശിയിൽ വലിയ സ്വാധീനമുള്ള മുൻ എംഎൽഎ കിഷൺ സിങ് പർമാറിന്റെ മകളാണ് മാതാവ്. പിതൃ സഹോദരങ്ങളിൽ ഭൂരിഭാഗവും സൈന്യത്തിൽ. അതിനാൽ തന്നെ ജീവിതത്തിലെ ഓരോ ചുവടുവെപ്പിലും സേനയിൽ സേവനമനുഷ്ഠിച്ചിരുന്ന തന്റെ പൂർവ്വ തലമുറകളുടെ പാതയാണ് അദ്ദേഹം പിന്തുടർന്നത്.

അപകടം എങ്ങനെ സംഭവിച്ചു?

അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ, മൂടൽ മഞ്ഞാവാം അപകടകാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. ജനറൽ ബിപിൻ റാവത്തും ഭാര്യയും പുലർച്ചയുള്ള ഡൽഹി ഫ്‌ളൈറ്റിലാണ് ഡൽഹിയിൽ നിന്ന് തമിഴ്‌നാട്ടിലെ സുളൂരിലേക്ക് പോയത്. സുളൂർ വ്യോമസേനാ താവളത്തിൽ നിന്ന് ഹെലികോപ്ടർ 11.50 ഓടെ പുറപ്പെട്ടു. ഒരു മണിക്കൂറിന് ശേഷം ഉദഗമണ്ഡലത്തിലെ വെല്ലിങ്ടണിൽ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. അവിടെ സ്റ്റുഡന്റ് ഓഫീസർമാരെയും, അദ്ധ്യാപകരെയും അഭിസംബോധന ചെയ്യാനാണ് സംയുക്ത സേനാ മേധാവി പുറപ്പെട്ടത്.

ലാൻഡ് ചെയ്യേണ്ട സ്ഥലത്ത് നിന്ന് 10കിലോമീറ്റർ അകലെ കൂനൂരിലാണ് അപകടം സംഭവിച്ചത്. ദൃക്‌സാക്ഷി വിവരണം അനുസരിച്ച് കോപ്ടർ വളരെ താഴ്ന്നാണ് പറന്നിരുന്നത്. മഞ്ഞുമൂടിയ അന്തീക്ഷമായിരുന്നു. പെട്ടെന്ന് മരങ്ങൾക്കിടയിലൂടെ വീണു. നിലത്ത് പതിച്ചയുടൻ കോപ്ടറിന് തീപിടിച്ചു. വീഴുന്നതിനിടെ ഒരു കെട്ടിടത്തിൽ തട്ടിയെങ്കിലും ആർക്കും അപകടമുണ്ടായില്ല. കാരണം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വനമേഖലയിലാണ് വീണത്. മരങ്ങളെ തകർത്തുകൊണ്ടായിരുന്നു വീഴ്ച. തീപിടിച്ചതോടെ മരങ്ങൾ കത്തിക്കരിയുകയും ചെയ്തു.

ദൃക്‌സാക്ഷിയുടെ വിവരണം

മൂന്നു ദിവസത്തോളം ഇവിടെ കനത്ത മഞ്ഞായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഹെലികോപ്റ്റർ താഴ്ന്നുപറന്ന് മരത്തിൽ ഇടിച്ച് പൊട്ടിത്തകർന്ന് തീപിടിച്ചു എന്നാണ് സമീപവാസികൾ പറയുന്നത്. ഹെലികോപ്റ്റർ നിലത്തുവീണ് തീ പിടിച്ചതോടെ ആർക്കും അടുക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് നാട്ടുകാർ കുടത്തിലും ബക്കറ്റിലും വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അതു ഫലം കണ്ടില്ല.

നിലംപതിച്ച് നിമിഷങ്ങൾക്കകം ഹെലിക്കോപ്ടർ പൊട്ടിത്തെറിച്ചെന്നും രണ്ടുപേർക്കു മാത്രമാണ് ആ സമയത്ത് ജീവനുണ്ടായിരുന്നതെന്നും അപകടസ്ഥലത്ത് ആദ്യമെത്തിയവരിൽ ഒരാൾ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നഞ്ചപ്പ ഛത്രത്തിന് സമീപം ഒരു ഹെലികോപ്ടർ വീണതായി വിവരം ലഭിച്ചു. തുടർന്ന് പ്രദേശവാസികൾ അവിടേക്ക് പോയി. അവിടെയെത്തി അൽപസമയം കഴിഞ്ഞപ്പോൾ ഹെലികോപ്ടർ പൊട്ടിത്തെറിച്ചു. തുടർന്ന് ഹെലിക്കോപ്ടറിന്റെ അടുത്തുചെന്നു നോക്കിയപ്പോൾ രണ്ടുപേർ ജീവനോടെ ഉണ്ടായിരുന്നു. തീപ്പൊള്ളലേറ്റ അവരുടെ സ്ഥിതി ഗുരുതരമായിരുന്നെങ്കിലു ജീവനുണ്ടായിരുന്നു. ഇവരെ അഗ്‌നിരക്ഷാസേന വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുണ്ടായിരുന്ന 12 പേരും മരിച്ച നിലയിലായിരുന്നു.

ഊട്ടിയിലുണ്ടായിരുന്ന തമിഴ്‌നാട് വനം മന്ത്രി കെ.രാമചന്ദ്രനും അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവർക്ക് പുറമെ ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്. വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാൻ ആയിരുന്നു പൈലറ്റ്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP