Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഹെലികോപ്റ്റർ അപകടം 1963ലേത്; ആകാശ ദുരന്തത്തിൽ കണ്ണീരോർമയായി സഞ്ജയ് ഗാന്ധിയും മാധവ് റാവു സിന്ധ്യയും; 2004ൽ കത്തിയമർന്നത് തെന്നിന്ത്യൻ താരപ്രഭ; 2009ൽ കണ്ണീരായി വൈഎസ്ആറിന്റെ വിയോഗം

സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഹെലികോപ്റ്റർ അപകടം 1963ലേത്; ആകാശ ദുരന്തത്തിൽ കണ്ണീരോർമയായി സഞ്ജയ് ഗാന്ധിയും മാധവ് റാവു സിന്ധ്യയും; 2004ൽ കത്തിയമർന്നത് തെന്നിന്ത്യൻ താരപ്രഭ;  2009ൽ കണ്ണീരായി വൈഎസ്ആറിന്റെ വിയോഗം

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ ഊട്ടിക്കു സമീപം കുനൂരിൽ തകർന്നുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച Mi 17 വി5 സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് 13 പേരുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതിനുമുമ്പ് ഇതേ സൈനിക ഹെലികോപ്റ്റർ തന്നെയാണ് 2019 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ ബദ്ഗാമിൽ തകർന്നു വീണ് ആറു സൈനികർ കൊല്ലപ്പെട്ടത്. 2021 സെപ്റ്റംബറിൽ ജമ്മു കശ്മീരിലെ തന്നെ ഉധംപൂരിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ്, രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.

ഒരുവിധം എല്ലായിടത്തും ലാൻഡ് ചെയ്യാം എന്നതുകൊണ്ട് ഹെലികോപ്ടറുകൾക്ക് ഉപയോഗം ഏറെയാണ്. സൈന്യത്തിന്റെ ഓപ്പറേഷനുകൾ, സെർച്ച് ആൻഡ് റെസ്‌ക്യൂ ദൗത്യങ്ങൾ, എയർ ആംബുലൻസ് സർവീസ്, അഗ്‌നിശമന സേവനം തുടങ്ങി പല കാര്യങ്ങൾക്കും ഇന്ന് ഹെലികോപ്ടറുകളാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ട്, അവയ്ക്ക് പ്രവർത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളും പലപ്പോഴും ഏറെ ദുഷ്‌കരമായി എന്നുവരാം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ തകർന്നത് 40-ലധികം സൈനിക ഹെലികോപ്റ്ററുകൾ അപകടത്തിൽ പെട്ടതായാണ് വിവരം. ഇങ്ങനെ ഹെലികോപ്റ്ററുകൾ തുടർച്ചയായ അപകടങ്ങളിൽ പെടുന്നത് എന്തുകൊണ്ടാണ്? ചോപ്പർ ക്രാഷുകൾ ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

സുരക്ഷാ മുൻകരുതലുകൾ ഉണ്ടെങ്കിലും യന്ത്രപ്പക്ഷികൾ ഉപയോഗിക്കപ്പെടുന്നത് അത്രമേൽ വിപരീത സ്വഭാവമുള്ള സാഹചര്യങ്ങളിലാണ് എന്നതുതന്നെയാണ് അപകടങ്ങൾക്കുള്ള ഒരു പ്രധാന കാരണം. ആകാശത്ത് ഒരു വിമാനം പറന്നുയരണം എന്നുണ്ടെങ്കിൽ റൺവേ, എയർ ട്രാഫിക് കൺട്രോളർ, മുൻകൂർ നിശ്ചയിച്ച ഫ്‌ളൈറ്റ് പ്ലാനുകൾ എന്നിങ്ങനെ പലതിന്റെയും അകമ്പടിയുണ്ടായേ തീരൂ. എന്നാൽ, അത്തരം സൗകര്യങ്ങൾ ഒന്നുമില്ലാത്ത, വിദൂരസ്ഥവും വിമാനങ്ങൾക്ക് ചെന്നിറങ്ങാൻ പറ്റാത്തതുമായ ഇടങ്ങളിലേക്കാണ് സാധാരണ ചോപ്പറുകൾ തങ്ങളുടെ സോർട്ടികൾ നടത്താറുള്ളത്.

ആകാശത്തുകൂടി പറക്കുന്ന ഏതൊരു യന്ത്രവും ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് അതിന്റെ ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിങ് സമയത്താണ്. വിമാനങ്ങളെക്കാൾ കൂടുതൽ തവണ ടേക്ക് ഓഫ്/ ലാൻഡിങ് എന്നിവ നടത്തേണ്ടി വരുന്നതുകൊണ്ട് ആ കാരണത്താലും ഹെലികോപ്റ്ററുകൾ കൂടുതൽ അപകടങ്ങളിൽ ചെന്ന് പെടാറുണ്ട്.

വിമാനങ്ങളെക്കാൾ മോശം കാലാവസ്ഥ ബാധിക്കുന്നത് ഹെലികോപ്ടറുകളെ ആണെന്നും പറയേണ്ടി വരും. അതുപോലെ യുദ്ധസാഹചര്യങ്ങളിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ വെടിവെച്ചിടപ്പെടുന്നതും വിമാനങ്ങളെക്കാൾ ഹെലികോപ്റ്ററുകൾ ആണ്.

പ്രഷറൈസേഷൻ കൂടാതെ ഒരു ചോപ്പറിന് പറക്കാനാവുന്ന പരമാവധി ഉയരം 12,000 അടി മാത്രമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും, മൂടൽമഞ്ഞു പോലുള്ള വിപരീത സാഹചര്യങ്ങളിൽ മലനിരകൾ, ഉയരം കൂടിയ കെട്ടിടങ്ങൾ തുടങ്ങിയവയിലേക്ക് അവ ഇടിച്ചിറങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഹെലികോപ്ടറുകൾക്ക് വിമാനങ്ങളെക്കാൾ കൂടുതൽ കറങ്ങുന്ന ഭാഗങ്ങളുണ്ട്. ഘടകങ്ങൾ കൂടുതലാണ് എന്നതുകൊണ്ട് തന്നെ ആ ഘടകങ്ങൾ പരാജയപ്പെടാനുള്ള സാധ്യതയും ഹെലികോപ്ടറുകളിൽ കൂടുതലുണ്ട്. ഒരു മെയിൻ റോട്ടർ, ഒരു ടെയിൽ റോട്ടർ, ഒരു ഗിയർ ബോക്‌സ്, ഒരു ഡ്രൈവ് ഷാഫ്റ്റ് എന്നീ പ്രധാന ഭാഗങ്ങളിൽ ഏതിനു തകരാറു വന്നാലും ചോപ്പർ നിയന്ത്രണം വിട്ടു ചുറ്റിത്തിരിഞ്ഞു നിലം പൊത്താൻ സാധ്യതയുണ്ട്. കറക്കം കൂടുതൽ ആണ് എന്നത് ഈ ഭാഗങ്ങൾക്ക് കേടുപാടുകൾ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നുണ്ട്.

രാഷ്ട്രീയ നേതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത ഹെലികോപ്റ്ററുകറും ചെറുവിമാനങ്ങളും രാജ്യത്തെ നിരവധി തവണ കണ്ണീരിലാഴ്‌ത്തിയ ചരിത്രമുണ്ട്. സഞ്ജയ് ഗാന്ധി മുതൽ തെന്നിന്ത്യൻ നടി സൗന്ദര്യ വരെയുള്ള അനേകം പ്രമുഖരാണ് ഇതിനോടകം രാജ്യത്ത് ആകാശ അപകടങ്ങളിൽ കൊല്ലപ്പെട്ടത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിലൂടെ രാജ്യം വീണ്ടുമൊരു ആകാശ ദുരന്തത്തിന്റെ ഞെട്ടലിലാണ്.

രാജ്യത്തെ നടുക്കിയ ആകാശ അപകടങ്ങളിൽ ചിലത്

1963ലെ അല്ലറ്റ്-III ഹെലികോപ്ടർ അപകടം

1963 നവംബർ 23ന് ഇന്ത്യൻ വായുസേനയുടെ അല്ലറ്റ്-III ഹെലികോപ്റ്റർ ജമ്മു കശ്മീരിലെ പൂഞ്ചിൽ തകർന്നുവീണു. സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഹെലികോപ്റ്റർ അപകടങ്ങളിൽ ഒന്നായിരുന്നു ഇത്. വിമാനത്തിൽ ആറു പേരാണ് ഉണ്ടായിരുന്നത്. മൂന്ന് ജനറൽ ഓഫിസർമാരും ഒരു ബ്രിഗേഡിയറും ഒരു വായുസേനാ ഓഫിസറും കോപ്റ്ററിൽ യാത്ര ചെയ്യാൻ ഉണ്ടായിരുന്നു. ലഫ്റ്റനന്റ് ജനറൽ ബിക്രം സിങ്, എയർ വൈസ് മാർഷൽ എർലിക് പിന്റോ, പൈലറ്റ് ഫ്ളൈറ്റ് ലഫ്റ്റനന്റ് എസ്.എസ്.സോധി എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.

1980: സഞ്ജയ് ഗാന്ധി

കോൺഗ്രസിന്റെ തലപ്പത്തേക്ക് ഇന്ധിരാഗാന്ധിയുടെ പിന്തുടർച്ചക്കാരനായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മകൻ സഞ്ജയ് ഗാന്ധി 1980-ലാണ് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ഡൽഹി ഫ്ളെയിങ് ക്ലബ്ബിന്റെ പുതിയ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണാണ് സഞ്ജയ് ഗാന്ധി 1980 ജൂൺ 23-ന് മരിക്കുന്നത്.

1986: എഎൻ-32 വിമാനാപകടം

1986 മാർച്ച് 25ന് അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് എഎൻ-32 വിമാനം ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്. സോവിയറ്റ് യൂണിയനിൽനിന്ന് ഇന്ത്യയിലേക്ക് മസ്‌ക്കറ്റ് വഴി വന്നിരുന്ന വിമാനമാണ് റഡാറിൽനിന്ന് അപ്രത്യക്ഷമായത്. പറന്നുയർന്ന് 78 മിനിറ്റുകൾക്ക് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏഴ് യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തിരച്ചിലിനൊടുവിൽ ഇവർ മരിച്ചതായി സ്ഥിരീകരിച്ചു.

 2001: മാധവ് റാവു സിന്ധ്യ

കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായിരുന്നു മാധവ്റാവു സിന്ധ്യ. ഒമ്പത് തവണ ലോക് സഭയിൽ അംഗമായിട്ടുണ്ട്. 2001-ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഭോഗാവ് തഹസിൽ മോട്ട ഗ്രാമത്തിനടുത്തുള്ള വയലിലേക്ക് മാധവ് റാവു സിന്ധ്യ യാത്ര ചെയ്തിരുന്ന വിമാനം തകർന്നുവീഴുകയായിരുന്നു. നാല് മാധ്യമപ്രവർത്തകരും സിന്ധ്യയുമടക്കം എട്ടുപേരാണ് അന്നത്തെ അപകടത്തിൽ മരിച്ചത്. പത്ത് സീറ്റുകളുള്ള ഇവർ സഞ്ചരിച്ച വിമാനം കനത്ത മഴമൂലം മോശം കാലവസ്ഥയെ തുടർന്ന് നെൽവയലിൽ തകർന്നുവീഴുകയായിരിന്നു.

2002: ജി.എം.സി. ബാലയോഗി

ലോക്സഭാ സ്പീക്കറും തെലുങ്കുദേശം പാർട്ടി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി 2002 മാർച്ച് മൂന്നിന് ആന്ധപ്രദേശിൽ വെച്ച് ഹെലികോപ്റ്റർ തകർന്നാണ് മരിച്ചത്. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്ത് നിന്ന് ബാലയോഗി സഞ്ചരിച്ച സ്വകാര്യ ഹെലികോപ്റ്റർ കൃഷ്ണ ജില്ലയിലെ കൈകലൂരിനടുത്തുള്ള മത്സ്യക്കുളത്തിൽ തകർന്നു വീഴുകയായിരുന്നു. ലോക്സഭാ സ്പീക്കറായിരിക്കെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ എസ് രാജുവും ഹെലികോപ്റ്ററിന്റെ പൈലറ്റും അപകടത്തിൽ മരിച്ചു.

2004:  സൗന്ദര്യ

2004 ഏപ്രിൽ 17. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശം അണപൊട്ടിയൊഴുകുന്ന സമയം. ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ സഹോദരനായ അമർനാഥിനൊപ്പം കരിംനഗറിൽ (മുൻ ആന്ധ്രാപ്രദേശ് ജില്ല) നിന്ന് ബെംഗളുരുവിലേക്ക് ഹെലികോപ്റ്ററിൽ പോവുകയായിരുന്നു പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം സൗന്ദര്യ. എന്നാൽ, 11.05ന് പുറപ്പെട്ട കോപ്റ്റർ വെറും മുപ്പത് അടി പിന്നിട്ടപ്പോൾത്തന്നെ കത്തിയമർന്നു.

കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്രയിലാണ് പതിച്ചത്. നിലം പതിക്കും മുൻപുതന്നെ കോപ്റ്റർ ആടിയുലഞ്ഞത് കണ്ടതായി ദൃക്സാക്ഷിയായ ഗണപതി വെളിപ്പെടുത്തുന്നു. അന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്ന സൗന്ദര്യയുടെ മരണം സിനിമാ ലോകത്തെയും സാധാരണ ജനത്തെയും ഏറെ നടുക്കി.

2009: വൈഎസ്ആർ റെഡ്ഡി

ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ബെൽ 430 ഹെലികോപ്റ്ററിൽ അഞ്ച് യാത്രികരാണ് ഉണ്ടായിരുന്നത്. അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയും കോപ്റ്ററിൽ ഉണ്ടായിരുന്നു. കാലാവസ്ഥ മോശമായിരുന്നതിനാൽ യാത്രാപാതയിൽ മാറ്റം വരുത്താൻ ഫ്ളൈറ്റ് ക്രൂ തീരുമാനിച്ചു. കൃഷ്ണാ നദിക്കു സമീപംവച്ച് എയർ ട്രാഫിക് കൺട്രോളിന് കോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു. നല്ലമല കാടുകൾക്കു മുകളിലായിരുന്നു അപ്പോൾ കോപ്റ്റർ.

ഓയിൽ മർദ്ദത്തിൽ അപകടകരമായ വ്യതിയാനമുണ്ടായതോടെ കോപ്റ്റർ നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് നിലം പതിക്കുകയായിരുന്നു. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ല. വൈഎസ്ആർ മരിച്ചുവെന്ന് അടുത്ത ദിവസമാണ് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചത്. വൈഎസ്ആർ എന്ന് വിളിപ്പേരുള്ള രാജശേഖരറെഡ്ഡിയുടെ മരണം ആന്ധ്രയിലെ ജനങ്ങൾക്ക് ഇന്നുമൊരു തീരാനോവാണ്.

2011: ദോർജി ഖണ്ഡു

കോൺഗ്രസ് നേതാവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോർജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവൻ ഹാൻസ് ഹെലികോപ്റ്റർ തവാങ്ങിൽ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി.

അഞ്ചുദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ 2011 മെയ്‌ 4-ന് അരുണാചൽപ്രദേശ് -ഭൂട്ടാൻ അതിർത്തിയിൽ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും മെയ്‌ 5-ന് ഖണ്ഡുവിന്റേത് അടക്കമുള്ള യാത്രികരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. നിലവിലെ അരുണാചൽ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പേമ ഖണ്ഡു മകനാണ്.

2016: ഇന്ത്യൻ എയർ ഫോഴ്സ് വിമാനം കാണാതാവുന്നു

2016 ജൂലൈ 22ന് ബംഗാൾ ഉൾക്കടലിന് മുകളിലൂടെ പറന്ന എഎൻ-32 എയർക്രാഫ്റ്റ് കാണാതായി. ചെന്നൈയിലെ താംബരം വ്യോമസേനാ താവളത്തിലേക്ക് വരാനിരുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. 29 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 9.12 ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതേ തുടർന്ന് ബംഗാൾ ഉൾക്കടലിൽ തിരച്ചിൽ തുടർന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തിരച്ചിൽ എന്നാണ് അന്ന് ആ രക്ഷാപ്രവർത്തനത്തെ വിശേഷിപ്പിച്ചത്.

ആറ് ക്രൂ അംഗങ്ങൾ, 11 വ്യോമ സേനാ അംഗങ്ങൾ, രണ്ട് സൈനികർ, ഒരു നാവിക സേനാംഗം, ഒരു കോസ്റ്റ് ഗാർഡ് അംഗം, നാവിക സന്നദ്ധസംഘത്തിൽ പ്രവർത്തിച്ച എട്ട് പ്രതിരോധ ഭടന്മാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ദിവസങ്ങളോളം നീണ്ടു. 16 കപ്പലുകൾ, ഒരു അന്തർവാഹിനി, ആറ് വിമാനങ്ങൾ എന്നിവയാണ് തിരച്ചിലിനായി ഉപയോഗിച്ചത്. 2016 സെപ്റ്റംബർ 15ന് തിരച്ചിൽ നടപടികൾ നിർത്തിവച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന 29 യാത്രികരും മരിച്ചതായി കണക്കാക്കുകയും കുടുംബങ്ങളെ ഔദ്യോഗികമായി വിവരം അറിയിക്കുകയും ചെയ്തു.

2019: ഇന്ത്യൻ എയർഫോഴ്സ് എഎൻ-32 അപകടം

2019 ജൂൺ മൂന്നിന് അസമിലെ ജോർഹത് വിമാനത്താവളത്തിൽനിന്ന് അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് പോകുകയായിരുന്ന ഇരട്ട എൻജിൻ ടർബോപ്രോപ് എയർക്രാഫ്റ്റ് എഎൻ-32ന് സംഭവിച്ച അപകടം രാജ്യത്തെ നടുക്കിയ മറ്റൊരു ഓർമയാണ്. വിമാനം പുറപ്പെട്ട് 32 മിനിറ്റ് പിന്നിട്ടപ്പോഴാണ് അപകടം സംഭവിച്ചത്. വിമാനത്തിൽ 13 യാത്രികരാണ് ഉണ്ടായിരുന്നത്. ഇവർക്കായി ഒരാഴ്ചയോളം തിരച്ചിൽ നീണ്ടു.

സമുദ്രനിരപ്പിൽനിന്ന് 12,000 അടി ഉയരത്തിൽ പരി കുന്നുകളിൽ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുകിട്ടിയത്. 13 വ്യോമസേനാ അംഗങ്ങൾ, എട്ട് ക്രൂ അംഗങ്ങൾ, അഞ്ച് യാത്രികർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. എല്ലാവരും മരിച്ചതായി പിന്നീട് രാജ്യം സ്ഥിരീകരിക്കുകയും തിരച്ചിൽ നിർത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP