Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃണമൂലാണ് യഥാർഥ കോൺഗ്രസ്; യുദ്ധത്തിൽ ക്ഷീണിച്ചു പോയ പാർട്ടിയാണ് കോൺഗ്രസ്; ബിജെപിക്കെതിരെ പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തു; കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് മുഖപത്രം; മമതയുടെ രാഷ്ട്രീയ മോഹത്തിലെ അപകടം തിരിച്ചറിഞ്ഞ് ഉണർന്നെണീറ്റ് കോൺഗ്രസും

തൃണമൂലാണ് യഥാർഥ കോൺഗ്രസ്; യുദ്ധത്തിൽ ക്ഷീണിച്ചു പോയ പാർട്ടിയാണ് കോൺഗ്രസ്; ബിജെപിക്കെതിരെ പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തു; കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് മുഖപത്രം; മമതയുടെ രാഷ്ട്രീയ മോഹത്തിലെ അപകടം തിരിച്ചറിഞ്ഞ് ഉണർന്നെണീറ്റ് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മമത ബാനർജിയുടെ ദേശീയരാഷ്ട്രീയ മോഹത്തിലെ അപകടം തിരിച്ചറിഞ്ഞ് കോൺഗ്രസ് രംഗത്തുവരുമ്പോൾ പ്രത്യാക്രമണവുമായി തൃണമൂൽ കോൺഗ്രസും. കോൺഗ്രസിനെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് മുഖപത്രം ജാഗോ ബംഗ്ലാ രംഗത്തുവന്നു. കോൺഗ്രസ് യുദ്ധത്തിൽ ക്ഷീണിച്ചുപോയ പാർട്ടിയാണെന്നും പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസിന് പാർലമെന്റിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും മുഖപത്രം ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. തൃണമൂലാണ് യഥാർഥ കോൺഗ്രസെന്നും ലേഖനത്തിൽ അവകാശപ്പെടുന്നുണ്ട്.

ബംഗാളിൽ ബിജെപിക്കെതിരായ പോരാട്ടം ടി.എം.സി വിജയകരമായി ഏറ്റെടുത്തു. എന്നാൽ ബിജെപിയുടെ വിഷം ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് പടർന്നിരിക്കുകയാണ്. അവിടെയാണ് ടി.എം.സിയുള്ളത്. യുദ്ധത്തിൽ ക്ഷീണിച്ച വിഭാഗീയതയിൽ കഷ്ടപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസ്. ബിജെപിക്കെതിരായ പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ടി.എം.സി അവകാശപ്പെട്ടു. കോൺഗ്രസാണ് പ്രധാന പ്രതിപക്ഷം. എന്നാൽ, ബിജെപിയെ തടയാൻ അവർക്ക് കഴിഞ്ഞില്ലെന്നും മുഖപത്രം ആരോപിക്കുന്നു.

ബംഗാളിനു പുറമെ മറ്റു സംസ്ഥാനങ്ങളിൽ കൂടി ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. ഗോവ, മേഘാലയ, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ടി.എം.സിയുടെ കണ്ണ്. ഗോവയിൽ നിന്നുള്ള ലൂയിസിഞ്ഞോ ഫലീറോ, അസമിൽ നിന്നുള്ള സുസ്മിത ദേവ് തുടങ്ങിയ മുൻ കോൺഗ്രസ് നേതാക്കളും ഈയിടെ മമത ബാനർജിയുടെ പാർട്ടിയിൽ ചേർന്നിരുന്നു. മേഘാലയ മുൻ മുഖ്യമന്ത്രി മുകൾ സാങ്മയടക്കം 12 കോൺഗ്രസ് എംഎ‍ൽഎമാർ തൃണമൂലിലേക്ക് ചേക്കേറിയതും പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

അതേസമയം തൃണമൂൽ തങ്ങളുടെ പ്രവർത്തകരെയും നേതാക്കളെയും അടർത്തി എടുക്കുന്നതിലെ അപകടം മനസ്സിലാക്കി രാഹുൽ ഗാന്ധിയും കളത്തിലിറങ്ങിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച്ച നടത്തി. പ്രതിപക്ഷ മുന്നണിയുടെ മുഖം ആരെന്നത് ചർച്ച വിഷയമാണെന്നു വരാമെങ്കിലും, കോൺഗ്രസിനെ കൂടാതെ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന് കൂടിക്കാഴ്ചക്കു ശേഷം സഞ്ജയ് റാവത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേനയും കോൺഗ്രസും എൻ.സി.പിയും ഉൾപ്പെട്ട മഹാവികാസ് അഘാഡി സഖ്യസർക്കാറാണ് ഭരിക്കുന്നത്. എന്നാൽ, ഇത്തരമൊരു കൂടിക്കാഴ്ച അപൂർവമാണ്.

ഭരണപരമായ കാര്യങ്ങൾ, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ വിപുല സഖ്യം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയുടെ വിഷയങ്ങളാണെങ്കിലും, അതേക്കുറിച്ചൊന്നും സഞ്ജയ് റാവത് പറഞ്ഞില്ല. ഡൽഹിയിൽ എത്തിയപ്പോൾ പതിവിനു വിപരീതമായി സോണിയ ഗാന്ധിയെ കാണാതെ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ മമത ബാനർജി തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലെത്തി എൻ.സി.പി നേതാവ് ശരദ് പവാറിനെയും മന്ത്രി ആദിത്യ താക്കറെയേയും കണ്ടിരുന്നു. രാഹുൽ ഗാന്ധിയെ വിമർശിക്കുകയും യു.പി.എ സഖ്യം നിലവിലില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസിനെ ഒതുക്കി ദേശീയ രാഷ്ട്രീയത്തിൽ പ്രധാന പ്രതിപക്ഷമാകാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ഇതോടെ പ്രതീതിയായി. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം ഊർജസ്വലതയോടെ കളത്തിലിറങ്ങിയിട്ടുണ്ട്.

കർഷക വിഷയത്തിൽ രാഹുൽ വാർത്തസമ്മേളനം നടത്തുകയും പാർലമെന്റിൽ ചൊവ്വാഴ്ച വിഷയം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസിനുള്ളിൽ ഊർജസ്വലത പകരാൻ സോണിയ ഗാന്ധി ബുധനാഴ്ച പാർട്ടി എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഇത്തരത്തിൽ നേരിട്ടൊരു കൂടിക്കാഴ്ച ആദ്യമാണ്. പ്രതിപക്ഷ ഐക്യമാണ്, സമാന്തര പ്രവർത്തനമല്ല വേണ്ടതെന്ന സന്ദേശം കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും നൽകുന്നതിൽ മധ്യസ്ഥ റോൾ ശിവസേന വഹിക്കുമെന്ന് അഭ്യൂഹമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP