Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കാൻ പറ്റും? മുമ്പ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല; സംവരണ വിഷയത്തിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലും പറഞ്ഞത് നടപ്പിലാക്കിയിട്ടില്ല; വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ പ്രതിഷേധം തുടരാൻ മുസ്ലിംലീഗ് നേതാക്കൾ

മുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കാൻ പറ്റും? മുമ്പ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല; സംവരണ വിഷയത്തിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലും പറഞ്ഞത് നടപ്പിലാക്കിയിട്ടില്ല; വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ പ്രതിഷേധം തുടരാൻ മുസ്ലിംലീഗ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിട്ട സംഭവത്തിൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം സമസ്ത നേതാക്കൾ അടക്കം തൃപ്തി അറിയിച്ചെങ്കിലും വിഷയത്തിൽ വെട്ടിലായത് സമരം പ്രഖ്യാപിച്ച മുസ്ലിംലീഗാണ്. എന്നാൽ, മുഖ്യമന്ത്രിയുമായുള്ള ഉറപ്പിൽ സമസ്ത പിൻവാങ്ങുമ്പോഴും സമരവുമായി മുന്നോട്ടു പോകാനാണ് മുസ്ലിംലീഗിന്റെ തീരുമാനം. വിഷയം വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി.

മുഖ്യമന്ത്രി നേരത്തെ നൽകിയ ഉറപ്പുകളൊന്നും പാലക്കപ്പെട്ടിട്ടില്ലെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പിഎംഎ സലാം പറഞ്ഞു. സംവരണ വിഷയത്തിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലുമൊന്നും മുഖ്യമന്ത്രി പറഞ്ഞത് നടപ്പായിട്ടില്ല. നിയമസഭ പാസാക്കിയ ഒരു നിയമം മുഖ്യമന്ത്രിക്ക് പിൻവലിക്കാനാവില്ല, നിയമസഭയാണ് പിൻവലിക്കേണ്ടത്. നിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കാരണവുമില്ലാതെയാണ് സർക്കാർ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത്. ഇത് ചർച്ചക്ക് വന്നപ്പോൾ തന്നെ നിയമസഭയിൽ ലീഗ് എതിർത്തതാണ്. അതൊന്നും സർക്കാർ പരിഗണിച്ചിട്ടില്ല. ജിഫ്രി തങ്ങളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയുമാണ് മുഖ്യമന്ത്രി മുന്നോട്ടുപോയത്. ഇപ്പോൾ മുസ്ലിം ലീഗ് പ്രക്ഷോഭം പ്രഖ്യാപിച്ചതിന് ശേഷമാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. സമരത്തിന്റെ ആദ്യഘട്ടം വിജയിച്ചുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നതെന്നും പിഎംഎ സലാം പറഞ്ഞു.

മുസ്ലിം ലീഗിന് സ്വന്തമായ നിലപാടുണ്ട്. അതിനെ മറ്റു സംഘടനകളുമായി കൂട്ടിക്കുഴക്കേണ്ടതില്ല. നിയമം പിൻവലിക്കുന്നത് വരെ ലീഗ് പ്രക്ഷോഭം തുടരും. മുസ്ലിം സ്‌കോളർഷിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു, സിഎഎ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഒന്നും നടപ്പാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടു പോവാൻ ലീഗ് തയ്യാറല്ലെന്നും പിഎംഎ സലാം പറഞ്ഞു.

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട ഉത്തരവ് പിൻവലിക്കുന്നത് വരെ മുസ്ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടു. സമസ്തയുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. നിയമസഭയിൽ തന്നെ ഇത് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഒമ്പതിന് കോഴിക്കോട് നടക്കാനിരിക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ മാറ്റമില്ല. ലീഗ് പ്രക്ഷോഭം തുടരും.

വഖഫ് ബോർഡ് നിയമനത്തിനെതിരെ ലീഗ് മാത്രമല്ല പ്രതിഷേധം നടത്തുന്നത്, എല്ലാ മുസ്ലിം സംഘടനകൾക്കും ഇതിൽ എതിർപ്പുണ്ടെന്നും സ്വാദിഖലി തങ്ങൾ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തിൽ വിശാലമായ ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു. അതേസമയം ഉത്തരവ് റദ്ദാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. വഖഫ് ബോർഡിന്റെ നിർദേശപ്രകാരമാണ് നിയമനം പിഎസ്‌സിക്ക് വിട്ടതെന്നും സർക്കാരിന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP