Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിഴക്കുദിശയുടെ ഗുണഗണങ്ങളിൽ ഉറച്ച് അലക്സാണ്ടർ ജേക്കബ്ബ്; ഹാർവാർഡ് സർവകലാശാല ഇക്കാര്യം നിഷേധിച്ചിട്ടില്ല; തനിക്ക് ഈ വിവരം ലഭിച്ചത് സന്യാസിമാർ ക്ലാസെടുക്കുന്ന യൂട്യൂബ് വീഡിയോയിൽ നിന്ന്; അവർ നുണ പറയുമെന്ന് കരുതുന്നില്ല; സോഷ്യൽ മീഡിയ ചർച്ച ചെയ്യേണ്ടത് ഇത്തരം കാര്യങ്ങൾ അല്ലെന്നും മുൻ ഡിജിപിയുടെ വിമർശനം

കിഴക്കുദിശയുടെ ഗുണഗണങ്ങളിൽ ഉറച്ച് അലക്സാണ്ടർ ജേക്കബ്ബ്; ഹാർവാർഡ് സർവകലാശാല ഇക്കാര്യം നിഷേധിച്ചിട്ടില്ല; തനിക്ക് ഈ വിവരം ലഭിച്ചത് സന്യാസിമാർ ക്ലാസെടുക്കുന്ന യൂട്യൂബ് വീഡിയോയിൽ നിന്ന്; അവർ നുണ പറയുമെന്ന് കരുതുന്നില്ല; സോഷ്യൽ മീഡിയ ചർച്ച ചെയ്യേണ്ടത് ഇത്തരം കാര്യങ്ങൾ അല്ലെന്നും മുൻ ഡിജിപിയുടെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹാർവാർഡ് സർവകലാശാലയെ കുറിച്ചുള്ള വിവാദമായ തന്റെ പ്രസംഗത്തിൽ ഉറച്ച് മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ്. കിഴക്ക് ദിശയുടെ ഗുണങ്ങൾ ഹിന്ദുമതം ലോകത്തെ പഠിപ്പിച്ചിട്ടുള്ള കാര്യമാണ്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളെല്ലാം കിഴക്കോട്ടാണ്. സൂര്യനമസ്‌കാരം ചെയ്യുന്നത് കിഴക്ക് തിരിഞ്ഞിട്ടാണ്. ഹിന്ദുക്കൾ കിഴക്കോട്ട് തിരിഞ്ഞിട്ടാണ് പ്രാർത്ഥിക്കുന്നത്. ക്രിസ്ത്യാനികളുടെ പള്ളികളെല്ലാം കിഴക്കോട്ട് തിരിഞ്ഞിട്ടാണ്. അവർ പഠിക്കുന്നത് കിഴക്കോട്ട് തിരിഞ്ഞിട്ടാണ്. കിഴക്കോട്ട് തിരിഞ്ഞ് പഠിക്കുന്നത് ബുദ്ധിയും ഓർമശക്തി കൂടാനും സഹായിക്കും. പൂർവദിശ, ജ്ഞാനദിശ.. ദക്ഷിണദിശ, മൃത്യു ദിശ എന്നാണ് പറയുന്നത്. സനാതന ധർമം ലോകത്തെ പഠിപ്പിച്ച തത്വമാണ് അത്.

അതിനെ കുറിച്ച് വിരുദ്ധാഭിപ്രായങ്ങൾ ഉണ്ടാവാം. കിഴക്കോട്ട് തിരിഞ്ഞുപഠിച്ചതുകൊണ്ട് ഗുണമുണ്ടായതായി എന്റെ പല വിദ്യാർത്ഥികളും നേരിട്ട് വിളിച്ചുപറഞ്ഞിട്ടുണ്ട്. തന്റെ ഒന്നര മണിക്കൂർ പ്രസംഗത്തിൽ നിന്ന് രണ്ട് വാക്യങ്ങൾ വളച്ചൊടിച്ചാണ് ഇപ്പോഴുള്ള ട്രോളുകളും വിവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. തനിക്ക് ലഭിച്ച വിവരങ്ങളും അറിവും വിദ്യാർത്ഥികളിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

കിഴക്ക് ദിശ തിരിഞ്ഞ് പഠിച്ചാൽ മികച്ച നേട്ടമുണ്ടാവുമെന്ന കണ്ടെത്തലിനെ തുടർന്ന് ഹാർവാർഡ് സർവകലാശാലയിലെ ഒരു കെട്ടിടം പൊളിച്ചുപണിഞ്ഞിരുന്നുവെന്നാണ് അലക്‌സാണ്ടർ ജേക്കബ് പറഞ്ഞത്. ഇതിനെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത തേടി കൊല്ലം ജില്ലയിലെ കാരംകോട് വിമല സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിയായ അഭിറാം ഹാർവാർഡ് സർവ്വകലാശാലയ്ക്ക് മെയിലയച്ചിരുന്നു. ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു സർവ്വകലാശാലയുടെ മറുപടി. ഈ മറുപടി വച്ച് ശാസ്ത്രകേരളം എന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണത്തിൽ അഭിരാം എഴുതിയ ലേഖനം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. അങ്ങനെയാണ് അലക്സാണ്ടർ ജേക്കബ്ബ് മുമ്പ് നടത്തിയ പ്രസംഗം വീണ്ടും ചർച്ച ചെയ്യപ്പെട്ടത്. നിരവധിപേർ പ്രസംഗവും അഭിരാമിന്റെ ലേഖനവും പങ്ക് വച്ച് അലക്സാണ്ടർ ജേക്കബിനെ കടുത്തഭാഷയിൽ വിമർശിച്ചിരുന്നു.

അതേസമയം യൂട്യൂബിൽ നിന്ന് ലഭിച്ച ഒരു പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ക്ലാസ്സെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. 'സനാഥന ധർമത്തെക്കുറിച്ച് അമേരിക്കയിൽ ക്ലാസ്സെടുക്കുന്ന ഏതാനും സന്യാസിമാർ ന്യൂയോർക്കിൽ നടത്തിയ പ്രസംഗത്തിലാണ് ഹാർവാർഡ് സർവകലാശാലയിലെ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. വെള്ളക്കാരോടാണ് അവർ ക്ലാസ്സെടുക്കുന്നത്. അതിന്റെ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. ഹാർവാർഡ് സർവകലാശാലയിലെ കെട്ടിടം പൊളിച്ചതും അനുബന്ധസംഭവങ്ങളും അതിലാണ് പറയുന്നത്. സന്യാസിമാർ കള്ളം പറയുമെന്ന് താൻ കരുതുന്നില്ല.

അമേരിക്കക്കാരോടാണ് പ്രസംഗിക്കുന്നത്, പ്രസംഗിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ അത് അവർ അപ്പോൾ തന്നെ കണ്ടുപിടിച്ച് തിരുത്തും. ലോഡ് കെസ്റ്റർ എന്നയാളാണ് ഈ കെട്ടിടം നിർമ്മിച്ചത്. കെസ്റ്റേർസ് ഹൗസ് എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് അത് പൊളിച്ചതും പുതിയത് നിർമ്മിച്ചുകൊടുത്തതും. ഈ കെട്ടിടത്തെക്കുറിച്ചാണ് സന്യാസി പ്രസംഗത്തിൽ സംസാരിക്കുന്നത്. 80 കൊല്ലം മുൻപ് രണ്ടാം ലോകമഹായുദ്ധ കാലത്ത് നടന്ന കാര്യമാണ്. ' അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു.

ഹാർവാർഡ് സർവകലാശാല ഇക്കാര്യം നിഷേധിച്ചിട്ടില്ല. അഭിറാം അയച്ച മെയിലിന് 'സംഭവത്തെക്കുറിച്ച് മതിയായ വിവരങ്ങൾ ഇല്ലെന്നാണ്' സർവകലാശാല മറുപടി കൊടുത്തത്. അഭിരാമിന് അഭിനന്ദനങ്ങൾ. ആ കുട്ടിയെ ഹാർവാർഡിൽ വിട്ട് പഠിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹം. അതിനുള്ള വിവരങ്ങൾ താൻ അഭിരാമിന് നൽകും. താൻ കാലങ്ങളായി കുട്ടികൾക്ക് ലോകവിവരങ്ങൾ പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ കേൾക്കുന്ന എല്ലാ പ്രസംഗവും വായിക്കുന്ന പുസ്തകങ്ങളും വെരിഫൈ ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അലക്സാണ്ടർ ജേക്കബ്ബ് അഭിപ്രായപ്പെടുന്നു. മലയാളികൾക്ക് ഒട്ടനവധി നീറുന്ന പ്രശ്‌നങ്ങളുണ്ട്. മഴയുണ്ട്. വെള്ളപ്പൊക്കമുണ്ട്. പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്. തൊഴിലില്ലായ്മ ഉണ്ട്. അതൊക്കെയാണ് കേരളം ചർച്ച ചെയ്യേണ്ടത്. അല്ലാതെ ഹാർവാർഡിൽ കെട്ടിടം പൊളിച്ചാലെന്താ, പൊളിച്ചില്ലെങ്കിലെന്താ.. മലയാളി അവന്റെ പ്രശ്‌നങ്ങളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിൽ ഒരു ഹോസ്റ്റൽ നിർമ്മിച്ചെന്നും അവിടെ നടത്തിയ ഒരു പരീക്ഷണത്തിൽ കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർത്ഥികൾക്ക്, മറ്റു ദിശകളിലേക്ക് നോക്കി പഠിച്ച വിദ്യാർത്ഥികളെക്കാൾ മാർക്ക് ലഭിച്ചെന്നുമായിരുന്നു അലക്സാണ്ടർ ജേക്കബിന്റെ പ്രസംഗത്തിന്റെ കാതൽ. അതിനുശേഷം മറ്റുദിശകളിലേക്ക് അഭിമുഖീകരിക്കുന്ന എല്ലാ കെട്ടിടങ്ങളും ഹാർവാർഡ് യൂണിവേഴ്സിറ്റി പൊളിച്ചുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അലക്‌സാണ്ടർ ജേക്കബിന്റെ പ്രസംഗത്തിനെതിരേ വലിയ വിമർശനങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP