Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

11500 കി മി മാത്രം ഓടിയ ഹോണ്ട ആക്ടീവയ്ക്ക് വില 25000; വിളിക്കുന്നവർ 3200 രൂപ അഡ്വാൻസ് നൽകണം; ഇന്നലെ രണ്ട് മണിക്ക് ശേഷം ഫോൺ സ്വിച്ച് ഓഫ്; എയർഫോഴ്‌സ് ഉദ്യോഗസ്ഥനെന്ന് കരുതി പണം നൽകിയവർ വഞ്ചിക്കപ്പെട്ടു; സൈനിക വേഷം മറയാക്കി വീണ്ടും തട്ടിപ്പ്; കയ്യൊഴിഞ്ഞ് സൈബർ സെല്ലും

11500 കി മി മാത്രം ഓടിയ ഹോണ്ട ആക്ടീവയ്ക്ക് വില 25000; വിളിക്കുന്നവർ 3200 രൂപ അഡ്വാൻസ് നൽകണം; ഇന്നലെ രണ്ട് മണിക്ക് ശേഷം ഫോൺ സ്വിച്ച് ഓഫ്; എയർഫോഴ്‌സ് ഉദ്യോഗസ്ഥനെന്ന് കരുതി പണം നൽകിയവർ വഞ്ചിക്കപ്പെട്ടു; സൈനിക വേഷം മറയാക്കി വീണ്ടും തട്ടിപ്പ്; കയ്യൊഴിഞ്ഞ് സൈബർ സെല്ലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരേ ശൈലിയിൽ രണ്ട് വർഷമായി തട്ടിപ്പ് നടത്തിയിട്ടും പഠിക്കാതെ മലയാളികൾ. പട്ടാള ഉദ്യോഗസ്ഥൻ ചമഞ്ഞ് വാഹനം വിൽക്കാനെന്ന വ്യാജേന ഒഎൽഎക്സ് അടക്കമുള്ള സൈറ്റുകളിൽ പരസ്യം നൽകി മലയാളികളെ പറ്റിച്ച് ഉത്തരേന്ത്യൻ തട്ടിപ്പുകാർ സമ്പാദിക്കുന്നത് ലക്ഷങ്ങൾ. ആവർത്തിച്ച് തട്ടിപ്പുകൾക്ക് തലവച്ചു കൊടുക്കാൻ നമ്മൾ മലയാളികളും.

പാങ്ങോട് പട്ടാളക്യാമ്പിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ വികാസ് പാട്ടിൽ എന്ന പ്രൊഫൈലിൽ നിന്നും 2019 മുതൽ നിരന്തരം തട്ടിപ്പുകൾ നടത്തികൊണ്ടിരിക്കുകയാണ്. എന്നാൽ ഹരിയാനയിൽ ഇരുന്ന് തട്ടിപ്പുകൾ നടത്തുന്ന ഈ വിരുതനെ കുടുക്കാനോ ഇയാളുടെ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ മലയാളികളെ ബോധവൽക്കരിക്കാനോ നമ്മുടെ സൈബർ സെല്ലിന് താൽപര്യമില്ല. ഏറ്റവുമൊടുവിൽ ശനിയാഴ്‌ച്ച ഒഎൽഎക്സിൽ പരസ്യമിട്ടും പലരിൽ നിന്നും ഇയാൾ അഡ്വാൻസ് വാങ്ങി പറ്റിച്ചിട്ടുണ്ട്. പണം നൽകിയവർ വിളിച്ചപ്പോൾ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഈ നമ്പർ സ്വിച്ച് ഓഫ് ആണ്.

കരസേനയോ സേനാംഗങ്ങളോ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ വൻ വിലക്കുറവിൽ വിൽക്കാനുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പുകാർ ഇരകളെ ആകർഷിക്കുന്നത്. പരസ്യം കണ്ട് തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നവരുമായി കച്ചവടം ഉറപ്പിച്ചാൽ വാങ്ങുന്നയാളിൽ നിന്ന് വാഹനം അയച്ച് നൽകാനുള്ള ചെലവെന്ന പേരിൽ ഓൺലൈൻ വാലറ്റുകളിലൂടെ തുക കൈമാറാൻ ആവശ്യപ്പെടും. ഇത്തരത്തിൽ കുറച്ച് പേരിൽ നിന്ന് പണം തട്ടിച്ച് കിട്ടിയാൽ ഉടൻ തന്നെ പരസ്യം പിൻവലിച്ച് ഫോൺ നമ്പർ നിർജീവമാക്കുകയാണ് ഇക്കൂട്ടരുടെ രീതി.

സിഐഎസ്എഫ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് ഇത്തവണത്തെ തട്ടിപ്പ്. 11500 കിമി മാത്രം ഓടിയ 2014 മോഡൽ വെള്ള ഹോണ്ട ആക്ടീവ 26,500 എന്ന തുച്ഛമായ വിലയ്ക്കാണ് ഒഎൽഎക്സ് സൈറ്റിൽ വിൽക്കാനിട്ടിരിക്കുന്നത്. ഞങ്ങൾ പരിശോധിച്ചപ്പോൾ ഇത് ഒരു പാലക്കാട് സ്വദേശിയുടെ വാഹനമാണ്. വിളിക്കുന്നവർ 25000 രൂപയ്ക്കോ അതിൽ താഴ്ന്ന വിലയ്ക്കോ വണ്ടി നൽകാൻ അവർ തയ്യാറാണ്. 3200 രൂപ അഡ്വാൻസ് നൽകിയാൽ മതി. വണ്ടി ഇഷ്ടപ്പെട്ടില്ലെങ്കിൽ പണം തിരിച്ചുനൽകുമെന്നാണ് വാഗ്ദാനം. അതിനായി നൽകുന്നതാകട്ടെ ഹരിയാനയിലെ കാനറാ ബാങ്ക് അക്കൗണ്ടും. ലോട്ടറി അടിച്ചെന്ന് കരുതി അഡ്വാൻസ് അയച്ചാൽ ആ പണം പോയെന്ന് കരുതിയാൽ മതി.

പണം അയച്ചു നൽകുന്നത് പ്രേംചന്ദ് എന്ന പേരിലുള്ള അക്കൗണ്ട് വിവരങ്ങളാണ് നൽകുന്നത്. 5662101002188 എന്ന അക്കൗണ്ട് നമ്പരും CNRB0005662 എന്ന ഐഎഫ്എസ്‌സി കോഡും നൽകും. ഗൂഗിൾ പേ നമ്പരായി നൽകിയത് 8926073946 എന്ന നമ്പരാണ്. 7379164662 എന്ന നമ്പരാണ് ഇയാൾ ഒഎൽഎക്‌സിൽ നൽകിയിരിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് താരതമ്യേന പുതിയ വാഹനങ്ങളുടെ ചിത്രങ്ങളിട്ടാണ് ഇവർ ജനങ്ങളെ ആകർഷിക്കുന്നത്. കരസേനയിലെ ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണെന്ന് കാട്ടിയാണ് പരസ്യം നൽകുന്നതും. വാഹനങ്ങൾ കണ്ട് വിളിക്കുന്നവർക്ക് സംശയം തോന്നാതെയിരിക്കാനായി വളരെ തന്ത്രപരമായാണ് കരുക്കൾ നീക്കുന്നത്.

പരസ്യത്തിന് ഒപ്പം നൽകുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ഹിന്ദിയിലായിരിക്കും സംസാരം. മാത്രമല്ല സൈനിക ഉദ്യോഗസ്ഥനാണെന്നും സ്ഥലം മാറ്റമായതിനാൽ എളുപ്പം വാഹനം വിൽക്കേണ്ടതുണ്ടെന്നും, അതിനാലാണ് ഇത്ര വിലക്കുറവിൽ വാഹനം കൊടുക്കുന്നതെന്നുമാകും പറയുന്നത്. കൂടാതെ വിശ്വാസം പിടിച്ച് പറ്റുന്നതിനായി വാഹനത്തിന്റെ അസൽ രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പിയും മറ്റ് രേഖകളും വാട്ട്സാപ്പ് വഴി അയച്ച് കൊടുക്കും. സേനയിലെ തിരിച്ചറിയൽ കാർഡ്, സേന കാന്റീൻ സ്മാർട്ട് കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകളുടെ ചിത്രവും കൂട്ടത്തിൽ അയച്ച് നൽകും. വിശ്വാസ്യതയ്ക്കായി യൂണിഫോമിലുള്ളതോ സേനാ ചിഹ്നങ്ങൾ കാണാവുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങളാണ് വെബ്സൈറ്റിലെ യൂസർ പിക്ചറായി ഉപയോഗിക്കുന്നത്.

അതേസമയം പരസ്യം നൽകാനായി വ്യാജന്മാർ ഉപയോഗിക്കുന്നത് മാസങ്ങൾക്ക് മുമ്പേ ഇതേ സൈറ്റിലൂടെ വിറ്റുപോയ വാഹനങ്ങളുടെ ചിത്രങ്ങളാണ്. വാഹനങ്ങളുടെ ആർസി ബുക്കിലെ മൊബൈൽ നമ്പറുകളിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. യഥാർത്ഥ ഉടമകൾ വാഹനം വിൽക്കാൻ ഓൺലൈൻ സൈറ്റിൽ പരസ്യം നൽകിയ സമയം അവരെ ഫോണിൽ വിളിച്ചാണ് രേഖകൾ കൈക്കലാക്കുന്നത്. ഇത്തരത്തിൽ കൈക്കലാക്കിയ ഒറിജിനൽ രേഖകളുടെ കോപ്പിവച്ചാണ് തട്ടിപ്പ് നടത്തുന്നത്. അതുകൊണ്ട് തന്നെ ആർക്കും സംശയവും തോന്നില്ല.

ഇതേ രീതി, മുമ്പും തട്ടിപ്പുകൾ

ഇതേശൈലി ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വർഷമായി ഇവർ കേരളത്തിൽ തട്ടിപ്പുകൾ നടത്തുകയാണ്. ഒരു വർഷം മുമ്പ് പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് കാർ വാങ്ങാനെത്തിയ യുവാവിൽ നിന്നും 32000 രൂപ തട്ടിയെടുത്തിരുന്നു. ഒരു ഓൺലൈൻ സൈറ്റിൽ കണ്ട കാർ വാങ്ങുന്നതിന് ഫോണിലൂടെ ബന്ധപ്പെട്ട എബി എന്ന യുവാവിനോട് കാറിന്റെ ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്.

വിശ്വസിപ്പിക്കാൻ ആർമിയുടെ തിരിച്ചറിയൽ കാർഡ്, ആധാർ, ലൈസൻസ് എന്നിവ ഇയാൾ അയച്ചുകൊടുത്തിരുന്നു. വിഡിയോ കാൾ വിളിച്ചപ്പോൾ സംസാരിച്ചെങ്കിലും മുഖം കാണിച്ചില്ല. ഇതിന് മറുപടി പറഞ്ഞത് ക്യാമ്പിൽ ഇതിനെല്ലാം നിയന്ത്രണമുണ്ടെന്നായിരുന്നു. വാഹനം വാങ്ങാൻ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോൾ കോവിഡ് കാരണം ഇവിടെ ആരെയും കയറ്റില്ലെന്നായിരുന്നു മറുപടി.

വാഹനം ആർമിയുടെ പാഴ്സൽ വാഹനത്തിൽ അയക്കാമെന്ന് അറിയിച്ചു. ഇതിനുള്ള തുക ആദ്യം ഗൂഗിൾ പേയിലൂടെ വാങ്ങി. ആർമി പാഴ്സലിൽ അയച്ച വിവരങ്ങളുടെ രശീതും അയച്ചുകൊടുത്തു. പിന്നീട് പലതവണയായി ഓരോ കാര്യങ്ങൾ പറഞ്ഞ് പണം വാങ്ങി.

കാർ പറഞ്ഞ സമയത്ത് എത്താതായപ്പോൾ 50,000 രൂപ കൂടി അയക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയാണ് കാറിന്റെ കൂടുതൽ വിവരങ്ങൾ തേടിയത്. വിൽപനക്ക് കാണിച്ചിരുന്ന കാർ കൊട്ടാരക്കര സ്വദേശിയുടേതാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്.

അതിനും രണ്ട് മാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശിയായ അജയ് കൃഷ്ണനും കേശവദാസപുരം സ്വദേശിനിയായ യുവതിക്കും ഇതേതട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. തൃശൂർ പെരുമ്പിലാവ് സ്വദേശി അബ്ദുൾ ഹമീദ് കൊങ്ങാട്ടിൽ ഉടമയായ ആക്ടീവ സ്‌കൂട്ടറിന്റെ ആർസി ബുക്കും മേൽവിലാസവും ചമച്ചായിരുന്നു തട്ടിപ്പ്. ലോക്കൽ അഡ്രസായി തിരുവനന്തപുരത്തെ സ്ഥലം പരസ്യത്തിൽ കാട്ടുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശികൾ വാഹന പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പാങ്ങോട് ക്യാമ്പിലെ പട്ടാളക്കാരനാണെന്നും കോവിഡ് പ്രോട്ടോക്കോൾ കാരണം പുറത്തിറങ്ങാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. അഡ്വാൻസായി കൈക്കലാക്കിയത് 5100 രൂപ. പിന്നാലെ തവണകളായി ബാക്കി തുകയും തട്ടിയെടുത്തു. വാഹനവുമായി ആളെത്തും എന്നു പറഞ്ഞായിരുന്നു പണം കൈക്കലാക്കിയത്. പിന്നാലെ ഫോൺ ഓഫായി. ഇതേ തന്ത്രമുപയോഗിച്ച് മലയിൻകീഴ് സ്വദേശി അരുൺപ്രകാശിന്റെ കൈയിൽ നിന്നും 30000 രൂപയും തട്ടിയെടുത്തിരുന്നു. ഇനിയും ഇവരുടെ വലയിൽ വീണ എത്രയോപേർ നമുക്കിടയിലുണ്ട്. പൊലീസിൽ പരാതി നൽകിയവരും നാണക്കേട് ഭയന്ന് പുറത്തു പറയാത്തവരും.

പൊലീസ് കയറാത്ത ഉത്തരേന്ത്യയിലെ തിരുട്ടുഗ്രാമങ്ങൾ

തട്ടിപ്പിന്റെ വേരുകൾ രാജസ്ഥാനും ഹരിയാനയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തിരുട്ടുഗ്രാമങ്ങളിലാണ്. രണ്ടു വർഷം മുൻപ് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയെ തുടർന്ന് കേരള പൊലീസിലെ സൈബർ ടീം രാജസ്ഥാനിലെത്തിയിരുന്നു. പക്ഷേ, രാജസ്ഥാൻ പൊലീസ് സഹകരിച്ചില്ല. കാക്കിയിട്ട ആർക്കും അവിടേക്ക് പ്രവേശനമില്ല. ആരെങ്കിലും അതിനുശ്രമിച്ചാൽ ജീവനോടെ തിരിച്ചുപോകില്ല. അതോടെ കേരളാ പൊലീസിന് മടങ്ങേണ്ടി വന്നു. ഇന്നലെ അവരുടെ പരസ്യം വീണ്ടും ഒഎൽഎക്സിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മറുനാടൻ സൈബർ സെല്ലിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നും അതാത് സംസ്ഥാനങ്ങളിലെ പൊലീസ് സഹകരിക്കില്ലെന്നും അവർ അവർ വ്യക്തമാക്കി. പണം പോകാതെ അവനവൻ തന്നെ സൂക്ഷിക്കണമെന്നാണ് സൈബർ സെല്ലിന്റെ നിലപാട്.

തട്ടിപ്പിന്റെ രീതിശാസ്ത്രം

വാഹനം വാങ്ങാനായി മുമ്പ് എത്തിയ ആളുകളിൽ നിന്ന് വാങ്ങിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുകൊണ്ടാണ് ഓരോ പുതിയ ഇരയെയും കുടുക്കുന്നത്. അതായത് വാഹനം വാങ്ങാൻ ആഗ്രഹിച്ചെത്തുന്ന ആളുകളോട് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടും. ഇതിൽ കൃത്രിമം കാണിച്ച് കരസേനയിൽ ജോലിയുള്ള ആരുടെയെങ്കിലും പേരിലാക്കിയാണ് അടുത്ത ഇരയെ കുടുക്കാൻ ഉപയോഗിക്കുന്നത്. മാത്രമല്ല തട്ടിപ്പ് നടത്താൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകൾ ഇതേ രേഖകൾ ഉപയോഗിച്ച് തന്നെയാണ് സംഘടിപ്പിക്കുന്നതും. ഇതിലൂടെ കച്ചവടം ഉറപ്പിച്ചതിന് ശേഷം വാഹനം അയയ്ക്കാനുള്ള ചെലവ് മാത്രം വോലറ്റിലേക്ക് നൽകാൻ ആവശ്യപ്പെടും. ഇര വലയിലായാൽ തുകയിൽ കുറവ് വരുത്തിയാണ് പണം ആവശ്യപ്പെടുന്നത്. ഇരുചക്ര വാഹനമാണെങ്കിൽ 3200 മുതൽ 7500 വരെയും. കാർ, ജീപ്പ് എന്നിവയ്ക്ക് 15000 മുതൽ 50000 രൂപ വരെയുമാണ് ചോദിക്കുന്നത്. ഇത്തരത്തിൽ വിശ്വാസം ആർജിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പൈസ കൈക്കലാക്കി കഴിഞ്ഞാൽ പിന്നീട് സൈറ്റിൽ നിന്ന് പരസ്യം പിൻവലിച്ച് ഇക്കൂട്ടർ സ്ഥലം വിടുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP