Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഒരുപാട് പേരുടെ അധ്വാനത്തിൽ എടുത്ത സിനിമയാണ്; വ്യാജ പതിപ്പുകൾ ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയാണ്; അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുത്'; ഫേസ്‌ബുക്ക് ലൈവിൽ മോഹൻലാൽ

'ഒരുപാട് പേരുടെ അധ്വാനത്തിൽ എടുത്ത സിനിമയാണ്; വ്യാജ പതിപ്പുകൾ ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയാണ്; അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുത്'; ഫേസ്‌ബുക്ക് ലൈവിൽ മോഹൻലാൽ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിൽ എത്തിയത് ഡിസംബർ രണ്ടാം തിയതിയാണ്. മോഹൻലാൽ നായകനായ ചിത്രത്തിന് ആദ്യ ദിനങ്ങളിൽ മോശം പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നതെങ്കിലും ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്.

ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പുകളും പ്രചരിച്ചു. ഈ അവസരത്തിൽ അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുതെന്ന അഭ്യർത്ഥിക്കുകയാണ് മോഹൻലാൽ. ഫേസ്‌ബുക്ക് ലൈവിലെത്തിയായിരുന്നു നടന്റെ പ്രതികരണം.

ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയുമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം. കൊവിഡിന് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് എതിരെ നിങ്ങളും അണിചേരണമെന്നും മോഹൻലാൽ പറയുന്നു. സിനിമയുടെ വിജയം നമ്മുടെ ദേശസ്‌നേഹത്തിന്റെ കൂടി വിജയമാണെന്നും ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

നേരത്തെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് കോട്ടയത്ത് പൊലീസ് പിടിയിലായിരുന്നു. എരുമേലി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമിൽ 'സിനിമാ കമ്പനി' എന്ന ഗ്രൂപ്പിലൂടെയാണ് ഇയാൾ സിനിമ പ്രചരിപ്പിച്ചത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

കോട്ടയം എസ്‌പി ഡി ശിൽപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നല്ല പ്രിന്റ് ആണെന്നും ഹെഡ്‌സൈറ്റ് ഉപയോഗിച്ച് തന്നെ സിനിമ കാണണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിന്റ് പല ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്ത നസീഫിനെ സൈബർ പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചിരുന്നു. ഇന്നു രാവിലെ എരുമേലിയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിൽ ഒരു മൊബൈൽ കടയുടെ ഉടമയാണ് ഇയാൾ.

മോഹൻലാലിന്റെ വാക്കുകൾ
കുറേ നാളായി ഞാൻ ലൈവിൽ വന്നിട്ട് എല്ലാവരും സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. മരക്കാർ: അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് പറയാനാണ് ഞാൻ വന്നത്. ഈ വലിയ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ വിജയം സിനിമയെ സ്‌നേഹിക്കുന്നവരുടേത് മാത്രമല്ല, നാടിനെ സ്‌നേഹിക്കുന്നവരുടെയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടേയും കൂടിയാണ്.

രാജ്യാതിർത്തികൾ കടന്ന് നമ്മുടെ ഭാഷയിലൊരു ചിത്രം പ്രേക്ഷകരിൽ എത്തിക്കുക എന്ന യജ്ഞത്തിന്റെ ഫല സമാപ്തി കൂടിയാണ്. നമ്മൾ എല്ലാവരും സ്വാതന്ത്ര്യത്തോടെ ഇന്ന് ജീവിക്കുന്നതിന് പിന്നിൽ ജീവ ത്യാഗം ചെയ്ത അനേകം വലിയ മനുഷ്യരുണ്ടെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. സിനിമയുടെ വിജയം നമ്മുടെ ദേശസ്‌നേഹത്തിന്റെ കൂടി വിജയമാണ്. ചിത്രത്തിന് നിങ്ങൾ ഇതുവരെ നൽകി കൊണ്ടിരിക്കുന്ന സ്‌നേഹവും സഹകരണവും തുടർന്നും ഉണ്ടാകണം.

നിർമ്മാണ ചെലവ് കാരണം വലിയ സിനിമകൾ വല്ലപ്പോഴും മാത്രമേ മലയാളത്തിൽ സംഭവിക്കാറുള്ളൂ. ഇനിയും ഒരുപാട് വലിയ സിനിമകൾ മലയാളത്തിൽ ഉണ്ടാകണം. അത് ലോകം മുഴുവൻ പ്രദർശിപ്പിക്കപ്പെടണം എന്നെല്ലാം അഗ്രഹമാണ്. അതിന് പ്രേക്ഷകരുടെ പിന്തുണ കൂടിയെ തീരൂ.

ദൗർഭാഗ്യവശാൽ ഈ സിനിമയുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയുമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം.

കോവിഡിന് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് എതിരെ നിങ്ങളും അണിചേരണം. ഒരുപാട് ആളുകളുടെ അധ്വാനവും വിയർപ്പും പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഈ സിനിമ. അതുകൊണ്ട് വ്യാജ പതിപ്പുകൾ കാണുകയോ കാണാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതിരിക്കുക. പൈറസി എന്ന വലിയ കുറ്റത്തിനെതിരെയുള്ള നിയമ നടപടികളിൽ നിങ്ങൾ പെട്ട് പോകരുതെന്ന് ഒരിക്കൾ കൂടി അഭ്യർത്ഥിക്കുന്നു.

ഏകദേശം മൂന്ന് വർഷമെടുത്തു മരക്കാർ തിയറ്ററിലെത്തിക്കാൻ. ആ സിനിമയ്ക്ക് ആവശ്യമില്ലാത്ത ഒരുപാട് കമന്റുകൾ ആദ്യകാലത്തുണ്ടായി. പക്ഷേ ആ കാർമേഘമൊക്കെ മാറി, സൂര്യൻ കത്തിനിൽക്കുമ്പോലെ സിനിമ മാറുമെന്നാണ് എന്റെ പ്രതീക്ഷ. കാരണം ആ സിനിമ കാണുന്ന ആർക്കും അത്തരത്തിലുള്ള കുറ്റങ്ങൾ പറയാൻ പറ്റില്ല. ഒരുപാട് പേരുടെ അധ്വാനത്തിൽ എടുത്ത സിനിമയാണ്. ഒരുപാട് പേര് ജോലി ചെയ്യുന്ന ഇന്റസ്ട്രി കൂടിയാണ് സിനിമ. മലയാളത്തെ സ്‌നേഹിക്കുന്ന സിനിമയെ സ്‌നേഹിക്കുന്നവർ ഇതിന്റെ പുറകിൽ അണിചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP