Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാങ്കഡെയിൽ ശുഭ്മൻ ഗില്ലിന്റെ ബൗണ്ടറി; പിന്നാലെ വാങ്കഡെയിൽ 'സച്ചിൻ, സച്ചിൻ' വിളികൾ; വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കാരണം സാറയുമായുള്ള പ്രണയമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു

വാങ്കഡെയിൽ ശുഭ്മൻ ഗില്ലിന്റെ ബൗണ്ടറി; പിന്നാലെ വാങ്കഡെയിൽ 'സച്ചിൻ, സച്ചിൻ' വിളികൾ; വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കാരണം സാറയുമായുള്ള പ്രണയമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യ ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ, മുംബൈ വാങ്കഡെ സ്റ്റേഡിയത്തെ ശബ്ദ മുഖരിതമാക്കി 'സച്ചിൻ, സച്ചിൻ' വിളികൾ. മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം.

ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗിൽ ബൗണ്ടറി നേടിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പേര് സ്റ്റേഡിയത്തിൽ ഉയർന്നുകേട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് എന്തിനാണ് എന്നായിരുന്നു പിന്നീട് ക്രിക്കറ്റ് ആരാധകരുടെ സംശയം.

സച്ചിൻ തെൻഡുൽക്കറിന്റെ തട്ടകമാണെങ്കിലും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ അദ്ദേഹത്തിന്റെ പേര് അലയടിച്ചത് കൗതുകമായി. ശുഭ്മൻ ഗില്ലിന്റെ ബൗണ്ടറിക്കു പിന്നാലെയാണ് സംഭവമെന്നതിനാൽ, ഇതുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങളും പ്രചരിച്ചു. ആരാധകർ തന്നെ ഇതിന് ഒരു ഉത്തരവും കണ്ടെത്തിയിട്ടുണ്ട്.

ശുഭ്മൻ ഗില്ലും സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറും ഡേറ്റിങ്ങിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതു മുൻനിർത്തിയാകാം ഗില്ലിന്റെ ബൗണ്ടറിക്കു പിന്നാലെ ആരാധകർ സച്ചിന്റെ പേരു വിളിച്ചുപറഞ്ഞത് എന്നാണ് ഒരു അഭ്യൂഹം.

ആദ്യ ഇന്നിങ്സിൽ പരിക്കേറ്റതിനെ തുടർന്ന് രണ്ടാം ഇന്നിങ്സിൽ വൺ ഡൗണായി ഇറങ്ങിയ ശുഭ്മാൻ 75 പന്തിൽ 47 റൺസെടുത്തു. നാല് ഫോറും ഒരു സിക്സും നേടി. ആദ്യ ഇന്നിങ്സിൽ ഓപ്പണറായി കളിച്ച ശുഭ്മാൻ 44 റൺസ് സ്‌കോർ ചെയ്തിരുന്നു.

നേരത്തേ, അജാസ് പട്ടേലിന്റെ മാസ്മരിക ബോളിങ് പ്രകടനത്തിനിടയിലും മികച്ച ബാറ്റിങ് കെട്ടഴിച്ച ഇന്ത്യ, മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിനു മുന്നിലുയർത്തിയത് 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ്. രണ്ടാം ഇന്നിങ്‌സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 276 റൺസുമായി ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തതോടെയാണ് ന്യൂസീലൻഡിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർന്നത്. ഒന്നാം ഇന്നിങ്‌സിൽ 325 റൺസെടുത്ത ഇന്ത്യ, ന്യൂസീലൻഡിനെ വെറും 62 റൺസിനു പുറത്താക്കി 263 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. 

മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ന്യൂസീലൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ്. രണ്ടു ദിവസവും അഞ്ചു വിക്കറ്റും ശേഷിക്കെ ന്യൂസീലൻഡിന് മുന്നിലുള്ളത് 400 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ്. അഞ്ചു വിക്കറ്റ് വീഴ്‌ത്തിയാൽ ഇന്ത്യക്ക് വിജയം സ്വന്തമാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP