Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വന്ധ്യകരണം നിലച്ചു; തെരുവുനായ്ക്കൾ പെരുകുന്നു; വഴിയാത്രക്കാർക്ക് നേരെയും ഇരുചക്ര വാഹനങ്ങൾക്കുനേരെയും ആക്രമണം; നായഭയത്തിൽ തിരുവനന്തപുരത്തെ മലയോരമേഖലകൾ

വന്ധ്യകരണം നിലച്ചു; തെരുവുനായ്ക്കൾ പെരുകുന്നു; വഴിയാത്രക്കാർക്ക് നേരെയും ഇരുചക്ര വാഹനങ്ങൾക്കുനേരെയും ആക്രമണം; നായഭയത്തിൽ തിരുവനന്തപുരത്തെ മലയോരമേഖലകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജില്ലയിലെ മലയോര മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. നായകളെ വന്ധ്യംകരണം നടത്താൻ പഞ്ചായത്തുകൾ ആവിഷ്‌കരിച്ച പദ്ധതി നിലച്ചതോടെയാണ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി പെരുകിയത്. നിയന്ത്രണങ്ങളില്ലാതെ നായ്ക്കൾ അലഞ്ഞുതിരിയുന്നത് വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഭീഷണിയായിരിക്കുകയാണ്.

തെരുവുനായശല്യത്തെക്കുറിച്ച് പരാതികൾ ഉയർന്നിട്ടും പരിഹരിക്കാൻ അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പൊതുനിരത്തുകളും കാത്തിരിപ്പു കേന്ദ്രങ്ങളും സ്‌കൂൾ പരിസരവും മാത്രമല്ല സർക്കാർ ഓഫീസ് വളപ്പുകളും പൊതുനിരത്തുകളും കടവരാന്തകളും ഉൾപ്പെടെ നായകളുടെ വിഹാരകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.

വിതുര, തൊളിക്കോട്, നന്ദിയോട് പഞ്ചായത്തുകളിലെ മിക്ക സ്ഥലങ്ങളിലും അലഞ്ഞു തിരിയുന്ന നായക്കൂട്ടം സ്‌കൂളിലേക്ക് നടന്നു പോകുന്ന വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് പതിവായിരിക്കുകയാണ്. നിരവധി കേസുകളാണ് അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ബസ് കാത്തു നിൽക്കുന്ന കുട്ടികളെയും നായകൾ ശല്യം ചെയ്യുന്നുണ്ടെന്ന് രക്ഷാകർത്താക്കൾ പറയുന്നു. ഇരുചക്രവാഹനയാത്രക്കാരും കാൽനടക്കാരുമാണ് നായകളുടെ ഉപദ്രവം നേരിടുന്ന മറ്റു വിഭാഗങ്ങൾ.

ഇടവഴികളിൽ നിന്ന് പ്രധാന നിരത്തിലേക്ക് അതിവേഗം ഓടിയിറങ്ങുന്ന നായകളാണ് സ്‌കൂട്ടർ യാത്രക്കാർക്ക് ഭീഷണി. വാഹനങ്ങൾക്ക് പുറകെ ഓടിയെത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും അപകടത്തിനു കാരണമാകുന്നു. ഇത്തരത്തിലുള്ള അഞ്ചോളം അപകടങ്ങളാണ് ഇക്കഴിഞ്ഞ ഒരാഴ്‌ച്ചയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പേവിഷബാധ പെട്ടെന്ന് പടർന്നുപിടിക്കുന്ന സമയമാണിതെന്ന് ആരോഗ്യവിദഗ്ധരും മുന്നറിപ്പ് നൽകുന്നു. കോവിഡ് ബാധിച്ച ആളുകളിൽ രോഗപ്രതിരോധശേഷി വളരെയധികം കുറയുന്നതിനാൽ മരണനിരക്കും വർദ്ധിക്കുകയാണ്. നവംബർ മാസം വരെ കേരളത്തിലുടനീളം ഇരുപതോളം മരണങ്ങൾ സംഭവിച്ചതായും കണക്കുകൾ പറയുന്നു.

മലയോരത്തെ റോഡരികുകളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യമാണ് നായശല്യത്തിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. വലിച്ചെറിയുന്ന അറവു മാലിന്യങ്ങൾ തിന്നാനെത്തുന്നവയാണ് ഏറെയും. പ്രധാന ജങ്ഷനുകളിലെ വഴിയോര കച്ചവടവും നായ ശല്യത്തിനു കാരണമാകുന്നു. വാഹനങ്ങളിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടത്തോടെ ഇറക്കി വിടുന്ന നായകൾ ജനവാസ കേന്ദ്രങ്ങളും കാത്തിരിപ്പു കേന്ദ്രങ്ങളും റോഡുകളും താവളമാക്കുന്നു. കുട്ടികളുമായി നടക്കുന്ന നായ്ക്കൾ വഴിയാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിട്ടും പഞ്ചായത്ത് അധികാരികളും പൊലീസും കണ്ടഭാവം നടിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. തെരുവ് നായ കടിച്ചാൽ ആർക്ക് പരാതി നൽകണമെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP