Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യപ്രതി ജിഷ്ണു ആർഎസ്എസ് വാർത്തെടുത്ത ക്രിമിനൽ എന്ന് സിപിഎം; പത്തനംതിട്ടയിൽ അക്രമങ്ങൾക്ക് ബിജെപി നിയോഗിച്ചിരുന്നത് ജിഷ്ണുവിനെയെന്നും ആരോപണം; നിഷേധിച്ച് ബിജെപിയും; പ്രതികളെ അതിവേഗം പൊക്കിയതിന് നിശാന്തിനിക്ക് സ്ഥലം മാറ്റവും വരും; വിഷ്ണുവിന്റെ ഫോൺ സംഭാഷണത്തിൽ നിറയുന്നത് മുൻവൈരാഗ്യവും

മുഖ്യപ്രതി ജിഷ്ണു ആർഎസ്എസ് വാർത്തെടുത്ത ക്രിമിനൽ എന്ന് സിപിഎം; പത്തനംതിട്ടയിൽ അക്രമങ്ങൾക്ക് ബിജെപി നിയോഗിച്ചിരുന്നത് ജിഷ്ണുവിനെയെന്നും ആരോപണം; നിഷേധിച്ച് ബിജെപിയും; പ്രതികളെ അതിവേഗം പൊക്കിയതിന് നിശാന്തിനിക്ക് സ്ഥലം മാറ്റവും വരും; വിഷ്ണുവിന്റെ ഫോൺ സംഭാഷണത്തിൽ നിറയുന്നത് മുൻവൈരാഗ്യവും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട : ഞങ്ങൾ അഞ്ചു പേർ ചേർന്ന് കൊലപ്പെടുത്തി. ജിഷ്ണുവുമായി പ്രശ്‌നമുണ്ടായിരുന്നു. കൈയിൽ കിട്ടിയപ്പോൾ അങ്ങ് തീർത്തു. ഞാൻ വീട്ടിലെത്തി. ഞാൻ കയറാൻ പോകുന്നില്ല. ജിഷ്ണു അടക്കം കയറും. ഞാൻ കയറേണ്ടതില്ലെന്ന നിർദ്ദേശമാണ് കിട്ടിയത്. സന്ദീപ്കുമാറിനെ കുത്തികൊന്ന കേസിൽ അഞ്ചാം പ്രതി വിഷ്ണുകുമാറിന്റെ ഫോൺ സംഭാഷണമാണ് ഇത്. പുറത്തു നിന്നുള്ള നിർദ്ദേശം കൊലപാതകികൾക്ക് കിട്ടിയെന്ന സൂചന ഇതിലുണ്ട്. പ്രചരിക്കുന്നത് വിഷ്ണുവിന്റെ ശബ്ദമാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഏതായാലും വ്യക്തിപരമായ പ്രശ്‌നമാണ് ഇതിന് കാരണമെന്നും വ്യക്തമാണ്.

സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ്കുമാറിന്റേത് പൂർണമായും രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം നിലപാടിനോടു പൊലീസ് യോജിക്കാത്തതിൽ പാർട്ടി നേതൃത്വം അതൃപ്തിയിലാണ്. കൊലപാതകത്തിനു കാരണം വ്യക്തി വിരോധമാണെന്ന നിലപാടിലായിരുന്നു കേസിന്റെ തുടക്കം മുതൽ പൊലീസ്. എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ പ്രതിഷേധം പരസ്യമായതോടെ രാഷ്ട്രീയ വിരോധവും മുൻ വൈരാഗ്യവുമാണ് കൊലയ്ക്കു കാരണമെന്ന നിലപാടിലേക്കു പൊലീസ് എത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിക്കെതിരെ സിപിഎമ്മിന്റെ സൈബർ കേന്ദ്രങ്ങൾ വിമർശനം ശക്തമാക്കിയിരുന്നു.

പൊലീസിനു ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് തിരുവല്ല ഏരിയ സെക്രട്ടറി തന്നെ സമൂഹ മാധ്യമങ്ങളിൽ കുറ്റപ്പെടുത്തി. നിശാന്തിനിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ് സൈബറിടങ്ങളിലെ കുറിപ്പുകൾ. നിശാന്തിനിയെ പത്തനംതിട്ടയിൽ നിന്ന് മാറ്റും. ഈ മാസം അവസാനത്തോടെ പൊലീസിൽ സമ്പൂർണ്ണ അഴിച്ചു പണി നടക്കും. നിരവധി ഉദ്യോഗസ്ഥർ വിരമിക്കുന്നുണ്ട്. ഇതിനൊപ്പം ചിലർക്ക് പ്രമോഷനും കിട്ടും. ഈ സാഹചര്യത്തിൽ നടക്കുന്ന സ്ഥലം മാറ്റത്തിൽ നിശാന്തിനിക്കും സ്ഥലം മാറ്റം കിട്ടും. അതിനിടെ സന്ദീപ്കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഴുവൻ പ്രതികളും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.

പ്രതികൾ ബിജെപി പ്രവർത്തകരാണെന്നും സിപിഎം പ്രവർത്തകനായ സന്ദീപിനോടുള്ള മുൻവിരോധമാണ് കൊലയ്ക്കു കാരണമെന്നും എഫ്‌ഐആറിൽ പറയുന്നു. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയവിരോധവും മറ്റു മുൻവിരോധവും ഉണ്ടായിരുന്നു. സന്ദീപിനെ വധിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കൂട്ടാളികളുമായി ജിഷ്ണു സ്ഥലത്ത് എത്തിയതെന്നും തിരുവല്ല ജുഡീഷ്യൽ ഫസ് റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ റിമാൻഡ് അപേക്ഷയിൽ പൊലീസ് അറിയിച്ചു.

ചാത്തങ്കരിക്കു പോകുന്ന വഴിയിൽ കണ്ണങ്കരപ്പടിയിൽ നിന്നു 100 മീറ്റർ അകലെ കലുങ്കിൽ നിന്നിരുന്ന സന്ദീപിന്റെ മുഖത്ത് ഒന്നാം പ്രതി ജിഷ്ണു കൈകൊണ്ട് അടിച്ചു. അഞ്ചാം പ്രതി വിഷ്ണുകുമാർ സന്ദീപിനെ ബലമായി പിടിച്ചുനിർത്തി. രണ്ടാം പ്രതി പ്രമോദ് പ്രസന്നൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു സന്ദീപിനെ അടിച്ചു. മൂന്നാം പ്രതി നന്ദുകുമാറും ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു മർദിച്ചു. നാലാം പ്രതി മുഹമ്മദ് ഫൈസൽ വാൾ ഉപയോഗിച്ചു വെട്ടാൻ ചെന്നെങ്കിലും കുതറി മാറിയ സന്ദീപ് പാടത്തേക്കു വീഴുകയായിരുന്നു. പിന്നാലെ, ചാടിയ ജിഷ്ണു സന്ദീപിനെ തുടരെ കുത്തി. മറ്റു പ്രതികൾ സ്ഥലത്ത് ആളു കൂടാതിരിക്കാൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതികളെ കൂടുതൽ തെളിവെടുപ്പിനായും ആയുധങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടിയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

ജിഷ്ണു രഘുവും പ്രമോദ് പ്രസന്നനും 5 ക്രിമിനൽ കേസുകളിൽ വീതവും ഫൈസിയും വിഷ്ണുവും ഓരോ കേസിലും പ്രതികളാണെന്നും പൊലീസ് അറിയിച്ചു. 4ാം പ്രതി പൊലീസിനു നൽകിയതു വ്യാജവിലാസം. കണ്ണൂർ ചെറുപുഴ കുന്നിൽ മുഹമ്മദ് ഫൈസൽ (ഫൈസി22) എന്ന വ്യാജ പേരു നൽകിയതു കാസർകോട് സ്വദേശി മൻസൂർ (25) ആണെന്നു കാസർകോട് പൊലീസ് പറഞ്ഞു. പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന് എഫ്‌ഐആറിൽ ചേർത്തതിനു ശേഷമാണ് പരസ്യ പ്രതിഷേധങ്ങൾ ശമിച്ചത്.

എന്നാൽ, പ്രതികളിൽ മുഴുവൻ പേരുടെയും രാഷ്ട്രീയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി രംഗത്തെത്തി. ജിഷ്ണുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണെന്നും മറ്റു പ്രതികൾക്ക് ഏതു പാർട്ടിയുമായാണ് അടുപ്പമെന്നു പരിശോധിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. അതിനിടെ മല്ലപ്പള്ളി സന്ദീപ്കുമാറിനെ കുത്തികൊന്ന കേസിൽ മുഖ്യപ്രതി ജിഷ്ണു ആർഎസ്എസ് വാർത്തെടുത്ത കൊടുംക്രിമിനലാണെന്ന് ദേശാഭിമാനി ആരോപിക്കുന്നു.

പത്തനംതിട്ടയിൽ വിവിധ അക്രമങ്ങൾക്ക് ബിജെപി നിയോഗിച്ചിരുന്നത് ജിഷ്ണുവിനെയായിരുന്നു. കോട്ടയം, തൃക്കൊടിത്താനം, പുളിക്കീഴ്, അടൂർ, കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം, വധശ്രമം, സ്ത്രീകളെ കൈയേറ്റം ചെയ്യൽ, പിടിച്ചുപറി, തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്. 2020 ജൂലൈ 11ന് അടൂരിൽ ബിജെപി നടത്തിയ സമരത്തിലുണ്ടായ ആക്രമണത്തിന്റെ മുമ്പിലുണ്ടായിരുന്നു. കൊലയാളി സംഘത്തിലെ മറ്റുള്ളവരും സമാന കേസുകളിലെ പ്രതികളാണ്. ജിഷ്ണുവിന്റെ ഫെയ്സ് ബുക്കിൽ നിറയെ ബിജെപി ജില്ലാ, സംസ്ഥാന നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളാണ്. തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രചാരണം നടത്തുന്ന ചിത്രങ്ങളുമുണ്ടെന്ന് ദേശാഭിമാനി പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യംപോയത് തിരുവല്ല ബാറിലെ ബിജെപി കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ കാണാനാണെന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP