Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബാക്കിയാവുന്നത് ആലാപനത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ; തോപ്പിൽ ആന്റോ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊച്ചിയിൽ; നിലച്ചത് ഗാനമേളരംഗത്ത് അലകളുയർത്തിയ സ്വരമാധുര്യം

ബാക്കിയാവുന്നത് ആലാപനത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ; തോപ്പിൽ ആന്റോ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊച്ചിയിൽ; നിലച്ചത് ഗാനമേളരംഗത്ത് അലകളുയർത്തിയ സ്വരമാധുര്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം.സ്റ്റേജിന്റെ ഗായകനായ തോപ്പിൽ ആന്റോ, കേരളത്തിലെ ഗാനമേളരംഗത്ത് അലകളുയർത്തിയ പ്രമുഖ ട്രൂപ്പുകളിലെ സജീവസന്നിദ്ധ്യമായിരുന്നു.സി ഒ ആന്റോ ആലപിച്ച മധുരിക്കും ഓർമ്മകളെ എന്ന ഗാനമാണ് ഗാനമേള രംഗത്ത് ഇദ്ദേഹത്തെ താരമാക്കിയതിൽ പ്രധാനപ്പെട്ടത്.

കലൂർ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണു തോപ്പിൽ ആന്റോ കലാലോകത്തേക്കു കടക്കുന്നത്. റിക്കോർഡ് ചെയ്യുന്ന സിനിമാ ഗാനങ്ങളെക്കാൾ ആളുകളുടെ മുഖങ്ങൾ കണ്ട്, സംഗീതം ആ മുഖങ്ങളിൽ വിരിയിക്കുന്ന ഭാവങ്ങൾ അറിഞ്ഞു പാടാൻ ഇഷ്ടപ്പെട്ടിരുന്ന ഗായകനാണ് ആന്റോ. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആന്റോ മലയാളികൾക്കു നൽകി. ജീവനും ജീവിതവും സംഗീതമെന്നു വിശ്വസിക്കുന്ന ആന്റോയ്ക്ക് എന്നും പാട്ടിന്റെ ലോകത്തുതന്നെ കഴിയാനായിരുന്നു ഇഷ്ടം. ്ര

പായം 80പിന്നിട്ടപ്പോഴും സ്വരശുദ്ധിയോടും ഊർജ്വസ്വലതയോടും കൂടി ആന്റോ പാടിക്കൊണ്ടേയിരുന്നു. പ്രായത്തെ തോൽപ്പിക്കുന്ന ചുറുചുറുക്കിനു പിന്നിലും മരുന്നായത് സംഗീതമാണ്. ലോക്ഡൗൺകാലത്ത് വീട്ടിൽ അടച്ചിരുന്നപ്പോഴും സ്വന്തം ഹാർമോണിയം എടുത്തുവച്ച് ആന്റോ പാടി, മലയാളികളെ ഏറെ ചിന്തിപ്പിച്ച അർഥവത്തായ പഴയ നാടകഗാനങ്ങൾ. സി.ഒ. ആന്റോ ആദ്യം പാടിയതെങ്കിലും തോപ്പിൽ ആന്റോ വൻ ഹിറ്റാക്കി മാറ്റിയ മധുരിക്കും ഓർമകളേ... എന്ന ഗാനവും. ചവിട്ടുനാടക കലാകാരനായിരുന്ന അപ്പൻ കുഞ്ഞാപ്പുവും ഭക്തിഗാനങ്ങളും മറ്റും ഈണത്തിൽ പാടിയിരുന്ന ഏലീശ്വയുമാണ് ആന്റോയെ സംഗീതത്തിന്റെ ലോകത്തെത്തിച്ചത്

പതിനഞ്ചാം വയസ്സിൽ ഇടപ്പള്ളി കോമള മ്യൂസിക്കൽ ക്ലബ്ബിന്റെ ഗാനമേളയിൽ പങ്കെടുത്തു. പിന്നീട് എറണാകുളത്തെ ടാൻസൻ മ്യൂസിക് ക്ലബ്ബിൽ സി.ഒ. ആന്റോ, സീറോ ബാബു, മരട് ജോസഫ് എന്നിവർക്കൊപ്പം ഗാനമേളകളിൽ പാടി. എക്കാലവും മുഹമ്മദ് റഫിയുടെ ഹിറ്റ് ഗാനങ്ങളായിരുന്നു ആന്റോയുടെ പ്രിയപ്പെട്ട പാട്ടുകൾ.ആന്റോയെ ആദ്യമായി ഒരു നാടകത്തിന്റെ പിന്നണി പാടാൻ ശുപാർശ ചെയ്യുന്നതു മുൻ കേന്ദ്രമന്ത്രിയും നാട്ടുകാരനുമായ എ.സി.ജോർജായിരുന്നു. സി.ജെ.തോമസിന്റെ 'വിഷവൃക്ഷം' എന്ന നാടകത്തിന്. അഭയദേവിന്റെ ഗാനത്തിന് എൽ.പി.ആർ. വർമയുടെ ഈണം.

പിന്നീട് പ്രഫഷനൽ നാടകത്തിലേക്കു കാലൂന്നി. കോട്ടയം നാഷനൽ തിയറ്റേഴ്സ്, എൻ.എൻ. പിള്ളയുടെ വിശ്വകേരള കലാസമിതി തുടങ്ങിയ തിയറ്ററുകളിൽ പ്രവർത്തിച്ചു. എച്ച്എംവിയുടെ റിക്കോർഡുകൾക്കുവേണ്ടി പാടിയ പാട്ടുകൾ ആന്റോയെ പ്രശസ്തനാക്കി.
കെ.എസ്. ആന്റണിയാണു സിനിമാ പിന്നണി ഗാനരംഗത്തേക്ക് ആന്റോയെ കൂട്ടിക്കൊണ്ടുപോകുന്നത്. യേശുദാസിനെയും സിനിമയിലെത്തിച്ചത് ഇദ്ദേഹമാണ്. ഫാദർ ഡാമിയനായിരുന്നു ചിത്രം. പിന്നിൽനിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളികേൾക്കാതെ എങ്ങു പോണു എന്ന ഗാനമാണ് ആദ്യമായി സിനിമയ്ക്കു വേണ്ടി പാടിയത്.

വീണപൂവ്, സ്‌നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ പാടി. ബാബുരാജ്, എം.കെ. അർജുനൻ, ദേവരാജൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പാടി. ഹണീ ബീ 2ൽ ആണ് അവസാനം പാടിയത്.കൊച്ചിൻ കലാഭവൻ, ഹരിശ്രീ, ശിവഗിരി ശാരദാ കലാസമിതി, തിരുവനന്തപുരം ടാസ്, കൊച്ചിൻ സാക്സ്, ഓൾഡ് ഈസ് ഗോൾഡ് തുടങ്ങിയവ അവയിൽ ചിലതുമാത്രം. നാടകരംഗത്തു സമഗ്രസംഭാവനകൾ നൽകിയ പ്രതിഭാശാലികൾക്കൊപ്പം സംഗീതജീവിതം ആരംഭിക്കാൻ കഴിഞ്ഞതാണ് ഇദ്ദേഹത്തിന്റെ സംഗീത യാത്രയിൽ കരുത്തായത്.ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

കാഞ്ഞൂർ കിഴക്കുംഭാഗം പൈനാടത്ത് കുടുംബാംഗം ട്രീസയാണു ഭാര്യ. മക്കൾ മെറ്റിൽഡ സെബാസ്റ്റ്യൻ, പ്രേം സാഗർ (ആന്റി ജോർജ്), ഗ്ലാൻസിൻ, മേരിദാസ്.സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP