Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവമോർച്ചയ്ക്ക് വേണ്ടി വഴക്കും അടിപിടിയുമുണ്ടാക്കി കേസുകളിൽ പ്രതിയായി; സന്ദീപ് കൊലക്കേസിലെ മുഖ്യപ്രതി ജിഷ്ണു ഏറെ നാളുകളായി കൊല നടത്താനുള്ള മാനസികാവസ്ഥയിൽ; സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ കൊടുത്തത് സന്ദീപിനെ മർദിക്കാൻ

യുവമോർച്ചയ്ക്ക് വേണ്ടി വഴക്കും അടിപിടിയുമുണ്ടാക്കി കേസുകളിൽ പ്രതിയായി; സന്ദീപ് കൊലക്കേസിലെ മുഖ്യപ്രതി ജിഷ്ണു ഏറെ നാളുകളായി കൊല നടത്താനുള്ള മാനസികാവസ്ഥയിൽ;  സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ കൊടുത്തത് സന്ദീപിനെ മർദിക്കാൻ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജിഷ്ണു രഘു ഏറെ നാളുകളായി കൊല നടത്താനുള്ള മാനസികാവസ്ഥയിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇക്കാര്യം ഒരു അഭിഭാഷകൻ ജിഷ്ണുവിന്റെ അമ്മ പുഷ്പമ്മയെ അറിയിക്കുകയും ചെയ്തിരുന്നു. ഈ നിലയ്ക്ക് പോയാൽ നിങ്ങളുടെ മകൻ വൈകാതെ തന്നെ കൊലക്കേസിൽ അകത്താകുമെന്നായിരുന്നു അഭിഭാഷകന്റെ മുന്നറിയിപ്പ്. ആരെയെങ്കിലും കൊല്ലണമെന്ന ഒരു മാനസികാവസ്ഥയിലേക്ക് ഈ യുവാവ് മാറിയിരുന്നുവെന്ന് പറയുന്നു.

ആർഎസ്എസിലും യുവമോർച്ചയിലും പ്രവർത്തിച്ചിരുന്ന ജിഷ്ണുവിന്റെ പിതാവ് രഘു സിഐടിയു യൂണിയനിൽപ്പെട്ട ചുമട്ടു തൊഴിലാളിയായിരുന്നു. പിതാവിന്റെ രാഷ്ട്രീയമായിരുന്നില്ല മകന്. എബിവിപിയിലും യുവമോർച്ചയിലും പ്രവർത്തിച്ച ആദ്യകാലങ്ങളിൽ നല്ല സ്വഭാവമായിരുന്നു ഈ ചെറുപ്പക്കാരനെന്ന് അയൽ വാസികളും നാട്ടുകാരും പറഞ്ഞു. അല്ലറ ചില്ലറ രാഷ്ട്രയ വഴക്കുകളും അടിപിടികളും പതിവായതോടെയാണ് ജിഷ്ണുവിൽ മാറ്റം കണ്ടു തുടങ്ങിയത്. രാഷ്ട്രീയ വഴക്കുകളിൽ മർദനമേറ്റു തുടങ്ങിയ ഇയാൾ പിന്നീട് തിരിച്ചടിക്കാൻ തുടങ്ങി. അടിപിടിയിൽ പ്രതിയായി ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായി. പിന്നെ പാർട്ടി വഴക്കിന് ഉപരിയായി ക്വട്ടേഷൻ വർക്കിന് പോയിത്തുടങ്ങി.

പല തവണ ജയിലിൽ പോയി. അന്നു മുതൽ സന്തത സഹചാരിയായിരുന്നു ഇപ്പോൾ കൂട്ടുപ്രതിയായിട്ടുള്ള പ്രമോദ് പ്രസന്നൻ. പ്രമോദ് ഡിവൈഎഫ്ഐക്കാരനായിരുന്നു. ക്വട്ടേഷൻ ബന്ധത്തിൽ പാർട്ടി വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. സന്ദീപിന്റെ കൈയോ കാലോ അടിച്ചൊടിക്കണമെന്ന് പറഞ്ഞാണ് മറ്റുള്ളവരെ ജിഷ്ണു വിളിച്ചു കൊണ്ടു പോയത്. പക്ഷേ, കൊല്ലണമെന്ന് വ്യക്തമായ പ്ലാൻ ഇയാൾക്കുണ്ടായിരുന്നു.

സന്ദീപിനെ കുത്തികൊന്നതും ജിഷ്ണു രഘു ഒറ്റയ്ക്കാണെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ട്. 18 കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇതിൽ മാരകമായ നാലെണ്ണമാണ് മരണ കാരണമായത്. വെള്ളത്തിലിട്ടുള്ള കുത്തായതിനാൽ ചോര വളരെ വേഗം വാർന്നു പോയിരുന്നു.

കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്ത രണ്ടു കാപ്പ പ്രതികൾക്കൊപ്പം കുറ്റപ്പുഴയിലെ ലോഡ്ജിലാണ് ജിഷ്ണുവും ക്വട്ടേഷൻ സംഘാംഗങ്ങളും വ്യാഴാഴ്ച ഉണ്ടായിരുന്നത്. ഇവർ ഉച്ച മുതൽ ഇവിടെ ലഹരിയിൽ മുങ്ങുകയായിരുന്നു. ലിറ്റർ കണക്കിന് കള്ളും വിദേശമദ്യവും പ്രതികൾ കുടിച്ചു തീർത്തു. അതിന് ശേഷം ജിഷ്ണുവിന്റെ കരുവാറ്റയിലെ ബന്ധുവീട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ്. ഇതിനിടെയാണ് ചാത്തങ്കരിയിൽ എത്തി സന്ദീപിനെ മർദിക്കണമെന്ന് ജിഷ്ണു മറ്റുള്ളവരോട് പറഞ്ഞത്. തുടർന്ന് രണ്ടു ബൈക്കുകളിലായി അഞ്ചു പേരും കൂടി മാരകായുധങ്ങളും കരുതി ചാത്തങ്കരിയിലെത്തി.

സന്ദീപ് സ്ഥിരമായി സാധനം വാങ്ങുന്ന ബാബുവിന്റെ മാടക്കടയിൽ ചെന്ന സംഘം അവരെയും ഭീഷണിപ്പെടുത്തി. മേലിൽ സന്ദീപിന് ഇവിടെ നിന്ന് സാധനങ്ങൾ കൊടുക്കരുതെന്ന് പറഞ്ഞ് മിഠായി ഭരണി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. പിന്നെ സമീപമുള്ള കലുങ്കിൽ സന്ദീപ് ഇരിക്കുന്നുണ്ടെന്ന് മനസിലാക്കി അവിടേക്ക് പുറപ്പെട്ടു. ഡോ. ജോസഫ് മണക്കിന്റെ ക്ലിനിക്കിന് സമീപമുള്ള കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ പ്രതികൾ കമ്പിവടിയും ഇരുമ്പു പൈപ്പും കൊണ്ട് ആക്രമിച്ചു. വഴുതി മാറി സമീപത്തെ വൈപ്പിൻ പുഞ്ചപ്പാടത്തേക്ക് സന്ദീപ് ചാടി. ഇവിടെ ആഴത്തിലുള്ള വെള്ളക്കെട്ടുണ്ടായിരുന്നു. സന്ദീപിനൊപ്പം ചാടിയ ജിഷ്ണു ആദ്യം നെഞ്ചിൽ തുരുതുരാ കുത്തി. പിടഞ്ഞ് കമഴ്ന്നു വീണപ്പോൾ പുറത്തും കുത്തി. ഇതിന് ശേഷം റോഡിൽ കയറി നിൽക്കുമ്പോഴാണ് സന്ദീപിന്റെ സുഹൃത്തായ രാകേഷ് ബൈക്കിൽ വരുന്നത് കണ്ടത്.

രാകേഷിനെ കൊലയാളി സംഘം തടഞ്ഞ് വടിവാൾ വീശി. ഒന്നും ചെയ്യരുത് അതെന്റെ ചേട്ടനാണ് എന്ന് ജിഷ്ണു പറഞ്ഞതോടെ ക്വട്ടേഷൻ സംഘം പിന്മാറി. സന്ദീപിനെ ഞങ്ങൾ കുത്തി കണ്ടത്തിലിട്ടിട്ടുണ്ട് എന്ന് രാകേഷിനെ ജിഷ്ണു അറിയിച്ചു. കണിയാംപറമ്പിൽ ജിഷ്ണുവാണ് ഇതു ചെയ്തതെന്ന് പറഞ്ഞേക്കൂ എന്ന് പറഞ്ഞ് അക്രമി സംഘം ബൈക്കിൽ കയറി സ്ഥലം വിട്ടു. രാകേഷ് ഓടിച്ചെന്ന് നോക്കുമ്പോൾ സന്ദീപ് അവിടെ കുത്തിയിരിക്കുന്നതാണ് കണ്ടത്. എനിക്ക് ശ്വാസം എടുക്കാൻ വയ്യെന്നും എവിടേക്കെങ്കിലും കൊണ്ടു പോകണമെന്നും രാകേഷിനോട് സന്ദീപ് പറഞ്ഞു. രാകേഷ് സുഹൃത്തുക്കളെ വിളിച്ചു വരുത്തി ബൈക്കിൽ കയറ്റിയാണ് മുറിവേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. താലൂക്കാശുപത്രിയിൽ എത്തിച്ച് 10 മിനുട്ട് കഴിഞ്ഞപ്പോഴേക്കും സന്ദീപ് മരിച്ചു.

കുന്നന്താനത്ത് വീടാക്രമിച്ച കേസിൽ കേസിൽ ജിഷ്ണുവും പ്രമോദും ഉപാധികളോടെ ജാമ്യത്തിൽ ഇറങ്ങിയിട്ട് അധിക കാലമായില്ല. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന കൂട്ടത്തിലായിരുന്നു പ്രതികൾ. ലഹരിയുടെ ആവേശമാണ് ഒരു സാധു ചെറുപ്പക്കാരന്റെ ജീവനെടുക്കുന്ന തരത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP