Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യഥാർത്ഥ കോവിഡ് മരണങ്ങൾ മറച്ചുവച്ചതിന് സർക്കാർ ജനങ്ങളോട് മാപ്പ് പറയണം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുനനിർണ്ണയിക്കണം എന്ന് രമേശ് ചെന്നിത്തല

യഥാർത്ഥ കോവിഡ് മരണങ്ങൾ മറച്ചുവച്ചതിന് സർക്കാർ ജനങ്ങളോട് മാപ്പ് പറയണം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുനനിർണ്ണയിക്കണം എന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രവർത്തനങ്ങളിൽ സർക്കാരിന്റെ പൊങ്ങച്ചത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകളെന്ന്റഞ്ഞു. പുതിയ കണക്കുകൾ പ്രകാരം കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

കോവിഡ് മരണങ്ങളുടെ കണക്കുകളുടെ സ്ഥിരീകരണത്തിനായി ഒക്ടോബർ 22 മുതൽ നടന്നുവരുന്ന പ്രത്യേക ദൗത്യത്തെ തുടർന്ന് 10678 കോവിഡ് മരണങ്ങൾ കൂടി കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ കേരളത്തിലെ ആകെ കോവിഡ് മരണങ്ങൾ നാൽപതിനായിരം കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉൾപ്പെടുത്താൻ വിട്ടുപോയ കോവിഡ് മരണങ്ങളെ സംബന്ധിച്ച 26000 അപ്പീലുകളാണ് സർക്കാരിന് മുന്നിലുള്ളത്. അതിൽ തന്നെ ഏഴായിരം മരണങ്ങൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള അപ്പീലുകൾ കൂടി തീർപ്പാക്കുന്നതോടെ കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ഇനിയും വൻ വർദ്ധനവ് വരും.

പിണറായി സർക്കാരിന്റെ കോവിഡ് പ്രതിരോധ അവകാശവാദങ്ങളുടെ മുനയൊടുക്കുന്നതാണ് ഈ കണക്കുകൾ. ഇത്രയും കോവിഡ് മരണങ്ങൾ മറച്ചു വച്ചത് എന്തിന് വേണ്ടിയായാരുന്നുവെന്ന് സർക്കാർ ജനങ്ങളോട് വിശദീകരിക്കണം. കോവിഡിന്റെ ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും സർക്കാർ കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം പല തവണ ആക്ഷേപം ഉന്നയിച്ചതാണ്. എന്നാൽ പ്രതിപക്ഷത്തെ കളിയാക്കുന്ന സമീപനമാണ് അന്ന് സർക്കാർ സ്വീകരിച്ചത്.

കോവിഡ് - രോഗം മൂർച്ഛിച്ച് മരണപ്പെട്ടവരെപ്പോലും കോവിഡ് രോഗം മാറിയെന്നും, ആന്റിജൻ പരിശോധന നെഗറ്റാവാണെന്നുള്ള തൊടുന്യായങ്ങൾ പറഞ്ഞ് കോവിഡ് രോഗമരണപട്ടികയിൽ നിന്നും സർക്കാർ ഒഴിവാക്കി.. കോവിഡ് രോഗം സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിലും ജനങ്ങളുടെ ആരോഗ്യസ്ഥിതിയിലും ഏൽപ്പിച്ച യഥാർത്ഥ ആഘാതമോ ചിത്രമോ മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിക്കാതെ വന്നു.

തെറ്റായ ഈ സ്ഥിതിവിവരക്കണക്കുകളെ ആശ്രയിച്ചാണ് സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തത്. ഈ കള്ളക്കണക്കിന്റെ അടിസ്ഥാനത്തിൽ പിണറായി സർക്കാർ കെട്ടിപ്പൊക്കി വച്ചിരുന്ന പൊങ്ങച്ച കോട്ടയാണ് ഇപ്പോൾ തകർന്ന് തരിപ്പണമായിരിക്കുന്നത്. മരണനിരക്ക് കുറച്ച് കാണിച്ചതിലൂടെ ജനങ്ങളുടെ ജാഗ്രതയിലും വലിയ കുറവ് വന്നു. ഇതിന്റെയൊക്കെ ഫലമാണ് രാജ്യത്താകമാനം കോവിഡ് നിരക്കിലും മരണത്തിലും കുറവ് വന്നിട്ടും കേരളത്തിൽ മാത്രം ഇത് രണ്ടും ഇപ്പോഴും വർദ്ധിച്ചു തന്നെ നിൽക്കുന്നത്.

വീടുകളിൽ ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗികളിൽ 30% പേരും വീടുകളിൽ വച്ചോ, രോഗം മൂർച്ഛിച്ച് ആശുപത്രികളിലേക്കുള്ള യാത്രാമാർഗ്ഗമോ മരണപ്പെടുകയുണ്ടായി എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടായിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതും കുറ്റകരമായ അനാസ്ഥതന്നെയാണ്.

ഇക്കാര്യത്തിൽ ഇനിയും നാടകം കളിക്കാതെ കോവിഡ് മരണക്കണക്കുകൾ മറച്ചുവച്ചതിന് സർക്കാർ ജനങ്ങോടും, ആരോഗ്യപ്രവർത്തകരോടും സർക്കാർ മാപ്പ് പറയണം. ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ശാസ്ത്രീയവും, സുതാര്യവുമായ സമീപനം കൈക്കൊള്ളണം. പ്രതിപക്ഷത്തേയും ആരോഗ്യരംഗത്തെ വിദഗ്ധരേയും വിശ്വാസത്തിലെടുത്ത് സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുനനിർണ്ണയിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP