Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രി വീണ ജോർജിന്റെ ഭർത്താവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ കൊണ്ടുപോയത് കാസർകോട്ട് നിന്ന് പരിയാരത്തേക്ക്; കാസർകോട്ട് ആകെ ഉള്ളത് ജലദോഷവും കൃമികടിയും മാത്രം ചികിത്സിക്കുന്ന വിചിത്രമായ ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ്

മന്ത്രി വീണ ജോർജിന്റെ ഭർത്താവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ കൊണ്ടുപോയത് കാസർകോട്ട് നിന്ന് പരിയാരത്തേക്ക്; കാസർകോട്ട് ആകെ ഉള്ളത് ജലദോഷവും കൃമികടിയും മാത്രം ചികിത്സിക്കുന്ന വിചിത്രമായ  ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ്

ബുർഹാൻ തളങ്കര

കാസർകോട് : മന്ത്രിയായ ശേഷം വീണ ജോർജ് ആദ്യമായി കാസർകോട്ട് എത്തിയത് നവംബർ 18 നാണ്.മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഭർത്താവ് ജോർജ് ജോസഫിന് സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന മന്ത്രിയും ഗവ. ഡോക്ടറായ ഡോ. കുഞ്ഞിരാമനും മറ്റും ചേർന്ന് ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് കാസർകോട് കിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അപ്പോഴാണ് മന്ത്രിക്ക് ആശ്വാസം ആയത്. മന്ത്രിക്ക് ആളും ബലവും ഉള്ളതുകൊണ്ട് മികച്ച ചികിത്സ ലഭ്യമാകാൻ സാധിച്ചു. അതേസമയം സാധാരണക്കാരായ കാസർകോട്ടുകാർക്ക് ഒരു അസുഖം വന്നാൽ എന്ത് ചെയ്യു ? ഒന്നുങ്കിൽ മറ്റു ജില്ലകളെയോ മംഗലാപുരത്തയോ ആശ്രയിക്കേണ്ടേ ഗതികേടിലാണ് ഇവർ. പ്രഖ്യാപിക്കപ്പെട്ട മറ്റു മെഡിക്കൽ കോളേജുകൾ ബഹുദൂരം മുന്നോട്ട് പോവുമ്പോൾ, കാസർകോട് അവഗണനയുടെ നിഴലിലാണ്.

മെഡിക്കൽ കോളേജ് ഉണ്ട്...പക്ഷേ..

കാസർകോട്ട് ജലദോഷവും, കൃമി കടിയും ചികിൽസിക്കാൻ മാത്രം ഉപകരിക്കുന്ന ഒരു മെഡിക്കൽ കോളേജ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. കാസർകോട് മെഡിക്കൽ കോളജിനാണ് ഈ ദുർഗതി.

കാസർകോടിന് സംസ്ഥാന സർക്കാർ അനുവദിച്ച മെഡിക്കൽ കോളേജിന് ഉക്കിനടുക്കയിൽ തറക്കല്ലിട്ട് നവംബർ 30 ന് എട്ട് വർഷം തികഞ്ഞു. 2013 നവംബർ മുപ്പതിനാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാസർകോട് മെഡിക്കൽ കോളേജിനായി ഉക്കിനടുക്കയിൽ ശിലയിട്ടത്. ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇവിടെ ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പോലും ഇനിയും പൂർത്തിയാവാൻ ഇരിക്കുന്നതേയുള്ളൂ.

കോവിഡ് ഒന്നാം തരംഗത്തിൽ മന്ത്രിയും കൂട്ടരും വന്ന് പണി തീരത്ത അക്കാദമിക്ക് ബ്ലോക്കിൽ മെഡിക്കൽ കോളേജ് എന്ന ബോർഡ് സ്ഥാപിച്ച് കുറച്ചു കിടകകളും ഡോക്ടർമാരെയും കൊണ്ട് വന്നു. എന്നാൽ കോവിഡ് നിരീക്ഷണ കേന്ദ്രം എന്നതിൽ ഉപരി ഒരു മാറ്റവും ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ല. ഇറക്കുമതി ചെയ്ത പല ഡോക്ടർമാരെയും ഇപ്പോൾ ഇവിടെ കാണുന്നുമില്ല എന്നതാണ് രസം. വിദേശ രാജ്യങ്ങളിൽ കോവിഡ് വകഭേദമായ ഓമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിലും, കർണ്ണാടക സർക്കാർ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും അതിർത്തി ഗ്രാമത്തോട് ചേർന്നുള്ള ഉക്കിനടുക്ക മെഡിക്കൽ കോളേജ് വെറും ഒരു കെട്ടിടമായി ഇപ്പോഴും തുടരുകയാണ്.

കോവിഡ് രണ്ടാം തരംഗത്തിലും ഒന്നാം തരംഗത്തിന്റെ ആദ്യത്തിലും മംഗളൂരുവിലേക്ക് രോഗികളെ എത്തിക്കാൻ പ്രയാസം നേരിട്ട നിരവധി പേരുടെ മരണം സംഭവിച്ച സാഹചര്യത്തിലാണ് ഉക്കിനടുക്ക മെഡിക്കൽ കോളേജിന് ജീവൻ നൽകാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ സാധാരണക്കാർക്ക് മെഡിക്കൽ കോളേജിന്റെ സേവനം ലഭ്യമാകണമെങ്കിൽ ഇനിയും ഒരുപാട് സമയവും ദൂരവും താണ്ടേണ്ടതുണ്ട്.

മറ്റുജില്ലകളിൽ മെഡിക്കൽ കോളേജുകൾ മുന്നേറുമ്പോൾ

പത്തനംതിട്ട. ഇടുക്കി, മലപ്പുറം ജില്ലകളിലും കാസർകോടിനൊപ്പമാണ് മെഡിക്കൽ കോളേജ് അനുവദിച്ചത്. മറ്റു ജില്ലകളിലെ മെഡിക്കൽ കോളേജുകളുമായി താരതമ്യം ചെയ്യുമ്പോൾ കാസർകോടിന് അനുവദിച്ച മെഡിക്കൽ കോളേജ് ഉക്കിനടുക്കയിൽ ഇന്നും പിച്ച വെച്ച് നടക്കുകയാണ്. മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലാ ആശുപത്രിയും, ചെറുതോണി പൈനാവിലെ ഇടുക്കി ജില്ലാ ആശുപത്രിയും മെഡിക്കൽ കോളേജുകളായി ഉയർത്തിയപ്പോൾ പത്തനംതിട്ടയിലും, കോന്നിയിലും കാസർകോട്ടും പുതുതായി ആശുപത്രിയും മെഡിക്കൽ കോളേജും അനുവദിക്കുകയായിരുന്നു.

കാസർകോടിനൊപ്പം പ്രഖ്യാപിക്കപ്പെട്ട മറ്റ് മെഡിക്കൽ കോളേജുകളിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിട്ട് വർഷങ്ങൾ കഴിയുമ്പോഴും ഉക്കിനടുക്കയിൽ പരിമിതമായ തോതിൽ പോലും ചികിത്സാ സൗകര്യം ലഭ്യമല്ല. അക്കാദമിക് ബ്ലോക്കിൽ ജലദോഷം കൃമി കടി തുടങ്ങിയ നിസ്സാര രോഗങ്ങൾക്കുള്ള ചികിത്സയാണ് ഇപ്പോൾ നൽകി വരുന്നത്. ഉക്കിനടുക്കയിൽ ആശുപത്രി സമുച്ചയത്തിന് 2018 നവംബർ 25 ന് ഉമ്മൻ ചാണ്ടിയിട്ട തറക്കല്ലിന് മുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 67 ഏക്കർ ഭൂമിയിൽ 500 കിടക്കകളുള്ള ആശുപത്രിയാണ് ഇവർ പ്രഖ്യാപിച്ചതെങ്കിലും, ഇതുവരെയായി അക്കാദമിക്ക് ബ്ലോക്ക് മാത്രമാണ് പൂർത്തീകരിച്ചത്. കോവിഡ് തരംഗത്തിൽ അക്കാദമിക്ക് ബ്ലോക്ക് കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയുണ്ടായി എന്നതൊഴിച്ചാൽ, ഇതേവരെ ഒപി വിഭാഗം പോലും നേരാവണ്ണം തുടങ്ങാനായിട്ടില്ല.

മെഡിക്കൽ കോളേജിന് 270 തസ്തികകൾ അനുവദിച്ചതായി അറിയിപ്പുണ്ടായെങ്കിലും ഇതേവരെ പ്രിൻസിപ്പലും സൂപ്രണ്ടുമില്ല. പേരിന് 20 ഡോക്ടർമാരും, 24 നഴ്‌സ്മാരുമുണ്ട്. ന്യൂറോളജിസ്റ്റ് ഉൾപ്പെടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് ഈ മാസം 18 ന് കാസർകോട്ടെത്തിയ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചെങ്കിലും, ഒന്നും ഇതുവരെ സംഭവിച്ചില്ല.

പ്രഖ്യാപിക്കപ്പെട്ട മറ്റു മെഡിക്കൽ കോളേജുകൾ ബഹുദൂരം മുന്നോട്ട് പോവുമ്പോൾ, കാസർകോട് അവഗണനയുടെ നിഴലിലാണ്. ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുമോ എന്ന ചോദ്യവും അവശേഷിക്കുകയാണ്. വലിയ ഒരു നേതാവ് വന്ന് ചികിത്സ ലഭിക്കാതെ മരണപ്പെടുകയാണെങ്കിൽ ചിലപ്പോൾ ഇതിന് പരിഹാരം ഉണ്ടാകുമെന്ന വിചിത്രമായ ചിന്തയിലേക്ക് വരെ ജനം ഇവിടെ എത്തി കഴിഞ്ഞു. മാത്രമല്ല കാസർകോട് പ്രസിദ്ധികരിക്കുന്ന പത്രങ്ങളിൽ നിന്ന് നമ്പർ വൺ തള്ള് പരസ്യം ഒഴിവാക്കാൻ ഇവർ അഭ്യർത്ഥിക്കുകയും ചെയ്യുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP