Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറു വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചു കൊന്ന രണ്ടാനമ്മ കുറ്റക്കാരി; ജീവിതകാലം മുഴുവൻ അഴിയെണ്ണിയേക്കും; കൂട്ടുനിന്ന പിതാവും കുറ്റക്കാരൻ; ആർതറെ കൊന്നവർക്ക് ജയിൽ

ആറു വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചു കൊന്ന രണ്ടാനമ്മ കുറ്റക്കാരി; ജീവിതകാലം മുഴുവൻ അഴിയെണ്ണിയേക്കും; കൂട്ടുനിന്ന പിതാവും കുറ്റക്കാരൻ; ആർതറെ കൊന്നവർക്ക് ജയിൽ

മറുനാടൻ മലയാളി ബ്യൂറോ

ത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവുകയില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവമായിരുന്നു കുഞ്ഞ് ആർതറിന്റെ കൊലപാതകം. പട്ടിണിക്കിട്ടും മറ്റും ഏറെ ദുരിതങ്ങൾ അനുഭവിപ്പിച്ച ശേഷമാണ് പിതാവ് 29 കാരനായ തോമസ് ഹ്യുഗസും രണ്ടാനമ്മ 32 കാരിയായ എമ്മ ടസ്റ്റിനും ആറുവയസ്സു മാത്രം പ്രായമുള്ള ആർതർ ലാബിഞ്ഞോ-ഹ്യുഗസിനെ കൊന്നത്. ആവർത്തിച്ച് തല ഒരു പരുക്കൻ പ്രതലത്തിൽ അടിച്ചതായിരുന്നു മരണകാരണം എന്ന് കണ്ടെത്തിയിട്ടുണ്ട്.

ആർതറിനെ കൊന്നതിനു ശേഷം ആകുഞ്ഞിന്റെ ജീവനറ്റ ശരീരത്തിന്റെ ചിത്രം തന്റെ മൊബൈലിൽ പകർത്തി എമ്മ തന്റെ കാമുകന് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് അവർ 999 എന്ന എമർജൻസി നമ്പറിൽ വിളിച്ച് ആർതർ തലയടിച്ചു വീണെന്ന് അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോൾ വാവിട്ട് നിലവിളിച്ച് കുഞ്ഞ് തലയടിച്ചു വീണതാണെന്ന് പൊലീസിനെ ബോദ്ധ്യപ്പെടുത്താനും ഇവർ ശ്രമിച്ചു.

ഒരു ദിവസം ആശുപത്രിയിൽ ചികിത്സയിലിരുന്നതിനു ശേഷം ആർതർ ഈ ലോകത്തോട് വിടപറഞ്ഞു. കടുത്ത മുറിവുകൾ ഉള്ളതിനാൽ ആ കുരുന്നിന്റെ ജീവൻ രക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റുകയായിരുന്നു. ഈ കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ അധികൃതർക്കും കഴിയില്ലെന്നാണ് ബ്രിട്ടീഷ്മാധ്യമങ്ങൾ പറയുന്നത്. അവന്റെ യഥാർത്ഥ അമ്മ തന്റെ കാമുകനെ കുത്തിയതിന്റെ പേരിൽ ജയിലിലായപ്പോൾ ആ കുഞ്ഞിനെ പിതാവിനൊപ്പം തനിച്ചു താമസിക്കാൻ അനുവദിച്ചത് ഭരണകൂടത്തിന്റെ വീഴ്‌ച്ചയായിട്ടാണ് വിലയിരുത്തുന്നത്.

അതുപോലെ സാമൂഹ്യക്ഷേമ സംഘടനകളുടെ ഭാഗത്തുനിന്നും വീഴ്‌ച്ചകൾ ഉണ്ടായി. അടുത്തകാലത്ത് മാത്രം പരിചയപ്പെട്ട രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയുമൊത്ത് പിതാവ് ജീവിതമാരംഭിച്ചപ്പോൾ കുഞ്ഞ് ആർതറേയും കൂടെക്കൂട്ടി. അവരുടേ രണ്ടു കുട്ടികളേയും അവരിൽ നിന്നും നേരത്തേ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ലോക്ക്ഡൗൺ കാലത്ത് കുഞ്ഞ് ആർതർ കനത്ത പീഡനങ്ങൾക്ക് വിധേയനായപ്പോൾ അവനെ രക്ഷിക്കുവാനുള്ള ചുരുങ്ങിയത് നാലു സന്ദർഭങ്ങളെങ്കിലും പൊലീസും സാമൂഹ്യക്ഷേമ സംഘടനകളും പാഴാക്കി എന്ന ആരോപണവും ഉയരുന്നുണ്ട്.

ആർതറിന്റെ മുത്തശ്ശി അവന്റെ ദയനീയ സ്ഥിതി അറിയിച്ചപ്പോൾ രണ്ട് സന്നദ്ധസേവകർ വീട്ടിലെത്തിയെങ്കിലും അവനെ കാണാതെ മടങ്ങുകയായിരുന്നു. ഇക്കാര്യം പിന്നീട് ആർതർ പഠിച്ചിരുന്ന സ്‌കൂളിൽ അറിയിച്ചു.. സ്‌കൂൾ ജീവനക്കാർ സാമൂഹ്യ പ്രവർത്തകരെ വിവരം അറിയിച്ചെങ്കിലും അവന്റെ ദേഹത്തുള്ള പരിക്കുകൾ കളികൾക്കിടെ സംഭവിച്ചതാണെന്നായിരുന്നു അവർ മറുപടി നൽകിയത്. ആർതറിന്റെ ഇളയച്ഛനും തന്റെ സംശയങ്ങൾ പൊലീസിനെ അറിയിച്ചിരുന്നു എന്നാൽ, ആ കുഞ്ഞിന്റെ വീട്ടിലേക്ക് ഇനിയൊരിക്കൽ കൂടി പോയാൽ കോവിഡ് നിയമമനുസരിച്ച് അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കും എന്നായിരുന്നത്രെ പൊലീസ് ഇതിനോട് പ്രതികരിച്ചത്.

അവസാനമായി, പ്രതിയായ എമ്മയുടെ രണ്ടാനച്ഛൻസ്വയം പരിചയപ്പെടുത്താതെ സോഷ്യൽ സർവ്വീസിലേക്ക് ആർതറിന്റെ അവസ്ഥ അറിയിച്ചു. താനാണെന്ന് അറിഞ്ഞാൽ ഒരുപക്ഷെ അത് ആർതറിന് കൂടുതൽ ഉപദ്രവങ്ങൾക്ക് വഴിതെളിക്കുമെന്ന് ഭയന്നാണ് താനാരെന്ന് വെളിപ്പെടുത്താതിരുന്നതെന്ന് അയാൾ പറയുന്നു. ആർതറിന്റെ മരണം നടക്കുന്നതിന് ഏതാനും ആഴ്‌ച്ചകൾക്ക് മുൻപാണ് ഇത് നടന്നത്. എന്നാൽ, പൊലീസും സോഷ്യൽ സർവ്വീസുമെല്ലാം തികഞ്ഞ നിരുത്തരവാദപരമായ പെരുമാറ്റത്താൽ കുഞ്ഞ് ആർതറിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നാണ് അവന്റെ മാതൃസഹോദരൻ ഇന്നലെ ആരോപിച്ചത്.

ഇഷ്ടമുള്ള ഭക്ഷണം മാത്രമല്ല ഇഷ്ടപ്പെട്ടതെന്തും ആ കുഞ്ഞിൽ നിന്നും എടുത്തുമാറ്റാൻ ആ രണ്ടാനമ്മ മടിച്ചിരുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു. ചില സി സി ടി വി ദൃശ്യങ്ങളാണ് ഇതിനു തെളിവായത്. അവന്റെ അവസാന നിമിഷങ്ങളും ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നെ സ്നേധിക്കാൻ ഈ ലോകത്ത് ആരുമില്ലെന്ന് പറഞ്ഞ് വിതുമ്പുന്ന ആ കുഞ്ഞിന്റെ കണ്ണുനീരിനു മുന്നിൽ ബ്രിട്ടൻ നിന്നത് തകർന്ന ഹൃദയത്തോടെയായിരുന്നു. 44 സെക്കന്റിൽ ഏഴുതവണയാണ് ഈ വാക്കുകൾ വിതുമ്പലായി ആ കുഞ്ഞുമനസ്സിൽ നിന്നും പുറത്തുവന്നത്.

ആർതറിനെ സ്ഥിരമായി ഉപദ്രവിച്ചുകൊണ്ടിരുന്ന എമ്മ പലപ്പോഴായി അവന്റെ കരച്ചിൽ ഫോണിൽ രേഖപ്പെടുത്തി ശബ്ദസന്ദേശങ്ങളായി തന്റെ കാമുകനായ ആർതറിന്റെ അച്ഛന് അയച്ചുകൊടുക്കുമായിരുന്നത്രെ. ഏകദേശം 200 ഓളം സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും ഇവർക്കെതിരെയുള്ള ശക്തമായ തെളിവായി മാറി. ഏതായാലും ഇവർക്കെതിരെയുള്ള കുറ്റം ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാനുള്ള വിധിയായിരിക്കും ഇവർക്കെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കൂട്ടുപ്രതിയായ ആർതറിന്റെ പിതാവിനും കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP