Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാക്സിൻ എടുക്കാത്തവർക്ക് ജർമ്മനിയിൽ ലോക്ക്ഡൗൺ; വാക്സിൻ എടുത്താലും അമേരിക്കൻ പൗരനാണെങ്കിലും വിമാനത്തിൽ കയറും മുൻപ് പി സി ആർ നിർബന്ധമാക്കി യു എസ്; വാക്സിൻ എടുക്കാത്തവരെ നിരോധിച്ച് സ്പെയിനും ഫ്രാൻസും; ഓമിക്രോണിൽ നിയന്ത്രണം കടുപ്പിച്ച് ലോകം

വാക്സിൻ എടുക്കാത്തവർക്ക് ജർമ്മനിയിൽ ലോക്ക്ഡൗൺ; വാക്സിൻ എടുത്താലും അമേരിക്കൻ പൗരനാണെങ്കിലും വിമാനത്തിൽ കയറും മുൻപ് പി സി ആർ നിർബന്ധമാക്കി യു എസ്; വാക്സിൻ എടുക്കാത്തവരെ നിരോധിച്ച് സ്പെയിനും ഫ്രാൻസും; ഓമിക്രോണിൽ നിയന്ത്രണം കടുപ്പിച്ച് ലോകം

മറുനാടൻ മലയാളി ബ്യൂറോ

2020 മാർച്ച് ആവർത്തിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. വുഹാനിൽ നിന്നെത്തി ലോകത്തെ കീഴടക്കിയ കുഞ്ഞൻ വൈറസിനെ ഭയന്ന് ലോകം മുഴുവൻ കതകുകളടച്ച് വീട്ടിലിരുന്ന ആ കാലം ഇന്നും ഒരു പേടിസ്വപ്നം പോലെ ജനങ്ങളുടെ മനസ്സിലുണ്ട്. ആരോഗ്യത്തെ മാത്രമല്ല, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, മാനസികാരോഗ്യം എന്നിങ്ങണെ മനുഷ്യനെ ഈ വൈറസ് പ്രതികൂലമായി ബാധിക്കാത്ത ഒരു മേഖലയും ലോകത്തുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മാനവകുലത്തെ മുച്ചൂടും മുടിക്കും എന്ന സ്ഥിതിവന്നപ്പോഴാണ് വാക്സിനുമായി ആധുനിക ശാസ്ത്രം മനുഷ്യന്റെ രക്ഷയ്ക്കെത്തിയത്.

കോവിഡിനെ പൂർണ്ണമായി തടുക്കാൻ ആകില്ലെങ്കിലും നിയന്ത്രണവിധേയമാക്കാൻ വാക്സിനു കഴിഞ്ഞു എന്നത് ഒരു സത്യം തന്നെയാണ്. വ്യാപനതോതിലും, രോഗത്തിന്റെ കാഠിന്യത്തിലും കാര്യമായ കുറവു വരുത്താൻ വാക്സിനുകൾക്കായി. ആ വസ്തുത നൽകിയ ആത്മധൈര്യവുമായി മനുഷ്യൻ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് ഇപ്പോൾ കൊറോണ വൈറസിന്റെ പുതിയൊരു വകഭേദം മനുഷ്യനെ മുടിക്കാൻ എത്തുന്നത്. മുൻഗാമികളെ പോലെ അപകടകാരിയല്ല ഓമിക്രോൺ എന്ന് പറയുമ്പോഴും, അത് പൂർണ്ണമായും സ്ഥിരീകരിക്കാൻ ആയിട്ടില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്.

ഇപ്പോഴിതാ ഈ പുതിയ ഭീകരനെ ഭയന്ന് വീണ്ടും വാതിലുകളോരോന്നായി കൊട്ടിയടക്കപ്പെടാൻ തുടങ്ങുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി ബ്രിട്ടൻ തുടങ്ങിയ നടപടി യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഏറ്റെടുത്തതോടെ പലയിടങ്ങളിലും പുതിയ നിയന്ത്രണങ്ങളും നിലവിൽ വരുന്നു. ഭാഗിക നിയന്ത്രണങ്ങൾ അവസാനം ഒരു സമ്പൂർണ്ണ ലോക്ക്ഡൗണിലേക്കെത്തുമോ എന്നാതാന് ഇപ്പോൾ ലോകം ആശങ്കയോടെ ഉറ്റുനോക്കുന്ന കാര്യം.

വാക്സിൻ എടുക്കാത്തവർക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജർമ്മനി

വാക്സിൻ നിർബന്ധമാക്കുന്ന ചർച്ചകൾ പാർലമെന്റിൽ നടക്കാനിരിക്കെ വാക്സിൻ എടുക്കാത്തവർക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുകയാണ് ജർമ്മനി. വാക്സിൻ എടുക്കാത്തവർക്ക് ഉടൻ തന്നെ അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ, സാംസ്‌കാരിക-വിനോദ കേന്ദ്രങ്ങൾ എന്നിവയിൽ പ്രവേശനം നിഷേധിക്കുമെന്ന്, പുറത്തുപോകാൻ ഒരുങ്ങുന്ന ചാൻസലർ ഏയ്ഞ്ചെല മെർക്കൽ പറഞ്ഞു. വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവർക്കും അതുപോലെ കോവിഡ് വന്ന് ഭേദമായവർക്കും മാത്രമായിരിക്കും ഇവിടങ്ങളിൽ പ്രവേശനം.

നിയമം മൂലം വാക്സിൻ നിർബന്ധമാക്കുന്നതിനുള്ള ചർച്ചകൾ ഉടൻ പാർലമെന്റിൽ ആരംഭിക്കുമെന്നും അവർ പറഞ്ഞു. നിലവിൽ ആസ്ട്രിയ മാത്രമാണ് നിയമം മൂലം വാക്സിനേഷൻ നിർബന്ധമാക്കിയ ഒരേയൊരു രാജ്യം. വരുന്ന വർഷം ഫെബ്രുവരി മുതൽ ആസ്ട്രിയയിൽ ഈ നിയമം നിലവിൽ വരും. ഗ്രീസിൽ 60 വയസ്സ് കഴിഞ്ഞവർക്ക് വക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

നിയുക്ത ചാൻസലർ ഒലാഫ് ഷൊൾസും ഈ നീക്കത്തെ അനുകൂലിക്കുകയാണ്. അതിനാൽ തന്നെ ഈ ബിൽ പാർലമെന്റിൽ പാസ്സാകും എന്നകാര്യം ഏതാണ്ട് ഉറപ്പാണുതാനും. സ്വമേധയാ വാക്സിന് മുന്നോട്ട് വരണമെന്നാണ് ജനങ്ങളോട് പറയേണ്ടതെങ്കിലും ചില സമയങ്ങളിൽ ജനനന്മ ലാക്കാക്കി ചില കടുത്ത തീരുമാനങ്ങൾ വേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു.

വാക്സിനെടുക്കാത്തവർ ഒത്തുചേരുകയാണെങ്കിൽ പരമാവധി നാലുപേർ അതും രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രമേ ഉണ്ടാകുവാൻ പാടുള്ളു എന്നും പുതിയ നിയന്ത്രണങ്ങളിൽ പറയുന്നു. രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളിൽ നിശാക്ലബ്ബുകൾ അടച്ചുപൂട്ടും. അതുപോലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മാസ്‌ക് നിർബന്ധമാക്കും. പുറംവാതിൽ ഇടങ്ങളിൽ നടക്കുന്ന കായിക മത്സരങ്ങളിലും മറ്റും സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകുന്നവരുടെ പകുതിയെണ്ണം ആളുകളെ മാത്രമെ കാണികളായി പ്രവേശിപ്പിക്കുകയുള്ളൂ.

ജനക്കൂട്ടം കൂടുന്നത് ഒഴിവാക്കുവാനായി പുതുവത്സരാഘോഷത്തിനായി പടക്കങ്ങൾ വിൽക്കുന്നതിനെ നിരോധിക്കുമെന്നും മെർക്കെൽ പറഞ്ഞു. ഈ പുതിയ നിയന്ത്രണങ്ങൾ എപ്പോൾ മുതൽ നിലവിൽ വരുമെന്ന് വ്യക്തമല്ലെങ്കിലും, ക്രിസ്ത്മസിനു മുൻപായി ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവിൽ ജർമ്മനിയിലെ മൊത്തം പ്രായപൂർത്തിയായവരിൽ 69 ശതമാനം പേരാണ് വാക്സിന്റെ രണ്ട് ഡൊസുകളും എടുത്തിരിക്കുന്നത്. ഹേർഡ് ഇമ്മ്യുണിറ്റി കൈവരിക്കാൻ ചുരുങ്ങിയത് 70 ശതമാനമെങ്കിലും വാക്സിൻ എടുത്തിരിക്കണം എന്നാണ് കണക്കാക്കപ്പെടുന്നത്.

ബ്രിട്ടീഷ് വിനോദ സഞ്ചാരികൾക്ക് നിയന്ത്രണങ്ങളുമായി സ്പെയിനും, ഫ്രാൻസും, പോർച്ചുഗലും

ശൈത്യകാല വിനോദയാത്രകൾക്ക് സ്പെയിനിലേക്കും ഫ്രാൻസിലേക്കും പോർച്ചുഗലിലേക്കും പോകാൻ ഉദ്ദേശിക്കുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. ഓമിക്രോൺ വകഭേദം പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഈ രാജ്യങ്ങളിൽ പുതിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനിൽ നിന്നുമെത്തുന്ന 12 വയസ്സിനു മുകളിലുള്ളവർ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ അവർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുകയാണ് സ്പെയിൻ.

അതേസമയം, ഫ്രാൻസിലേക്കാണ് യാത്രയെങ്കിൽ, വാക്സിന്റെ രണ്ട് ഡോസുകൽ എടുത്തിട്ടുണ്ടെങ്കിൽ പോലുംകോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ടതായി വരും. പോർച്ചുഗലും വിദേശ സന്ദർശകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം ഒരുപടി കൂടി കടന്ന് സ്വിറ്റ്സർലാൻഡ് ബ്രിട്ടനിൽ നിന്നും എത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്.

ട്രാവൽ മേഖലയിലെ പ്രമുഖരെല്ലാം ഈ നീക്കങ്ങൾക്ക് എതിരായി രംഗത്ത് എത്തിക്കഴിഞ്ഞു. ബോക്സിങ് പരിശീലനത്തിനുള്ള പംചിങ് ബാഗ് ആയി ഈ മേഖലയെ കാണരുതെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ജനങ്ങളുടെ യാത്ര ചെയ്യുന്നതിനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഈ വ്കഭേദത്തെ കുറിച്ചുള്ള ചില അനുമാനങ്ങളുടെ പേരിൽ മാത്രമാണ് ഇപ്പോൾ ഈ നിരോധനമെന്നും, ഭരണകൂടങ്ങൾ ആത്മാർത്ഥത കാണിക്കേണ്ടത്, ഈ വകഭേദത്തെ കുറിച്ചുള്ള സത്യമായ വിവരങ്ങൾ എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവരാനാണെന്നും ഇവർ പറയുന്നു.

അമേരിക്കൻ പൗരന്മാർക്കും വാക്സിൻ എടുത്തവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി അമേരിക്ക

അന്താരാഷ്ട്ര യാത്രക്കാർ അമേരിക്കയിലേക്ക് യാത്രചെയ്യുന്നതിനു മുൻപായി കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. അമേരിക്കൻ പൗരന്മാർക്കും വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്കും ഈ നിബന്ധന ബാധകമാണ് ഇന്നലെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ് ഇക്കാര്യം പ്രസ്താവിച്ചത്. അടുത്തയാഴ്‌ച്ച അവസാനം പ്രാബല്യത്തിൽ വരുന്ന ഈ നിയമത്തിൽ ആർക്കും ഇളവുകൾ ഉണ്ടായിരിക്കില്ല. എന്നാൽ, പി സി ആർ പരിശോധനയാണോ അതോ റാപിഡ് പരിശോധന മതിയാകുമോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP