Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളികളിൽ ബോധവത്കരണം ഉണ്ടാകും; വിശ്വാസികൾ കാര്യം പറയുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല; വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുത്; സൂക്ഷ്മതയുടെ ഭാഗമായി പള്ളികളിൽ പ്രതിഷേധം വേണ്ടെന്നാണ് സമസ്തയുടെ നിലപാട്: ലീഗ് നിലപാട് അറിയിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

പള്ളികളിൽ ബോധവത്കരണം ഉണ്ടാകും; വിശ്വാസികൾ കാര്യം പറയുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല; വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുത്; സൂക്ഷ്മതയുടെ ഭാഗമായി പള്ളികളിൽ പ്രതിഷേധം വേണ്ടെന്നാണ് സമസ്തയുടെ നിലപാട്: ലീഗ് നിലപാട് അറിയിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സംസ്ഥാന സർക്കാറിന്റെ മുസ്‌ലിം വിരുദ്ധ നയങ്ങൾക്കെതിരെ പള്ളികളിൽ ബോധവത്കരണം ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അടുത്ത വെള്ളിയാഴ്ച മഹല്ല് തലത്തിൽ ബോധവത്കരണം നടത്തുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

വിശ്വാസികൾ കാര്യം പറയുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. അത് വിഭാഗീയത ഉണ്ടാക്കും. വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുത്. ബോധവത്കരണം നടത്തണമെന്നത് മുസ് ലിം സംഘടനകളുടെ കൂട്ടായ തീരുമാനമാണ്. ഈ തീരുമാനത്തിന് പിന്നാലെ വിഷയത്തെ ചിലർ രാഷ്ട്രീയവൽകരിച്ചു. നിലവിലെ വിവാദം ചിലർ ഉണ്ടാക്കിയതാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

സൂക്ഷ്മതയുടെ ഭാഗമായി പള്ളികളിൽ പ്രതിഷേധം വേണ്ടെന്നാണ് സമസ്തയുടെ നിലപാട്. പള്ളികളിൽ രാഷ്ട്രീയം പറയേണ്ടെന്നാണ് ജിഫ്രി തങ്ങൾ പറഞ്ഞത്. ബോധവത്കരണം നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ല. ആ നിലപാടിനെ മുസ് ലിം ലീഗ് മാനിക്കുന്നു. ലീഗ് സമസ്തയുടെ നിലപാടിനൊപ്പമാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

മഹല്ല്. പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്താമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞിട്ടുണ്ട്.മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചാൽ പോകാവുന്നതാണ്. വിശ്വാസപരമായ കാര്യങ്ങളിൽ സർക്കാർ അതാത് മതവിഭാഗങ്ങളുമായി ചർച്ച ചെയ്യണം. പള്ളികളിലെ ബോധവത്കരണത്തിൽ വിശ്വാസികൾ മാത്രമല്ല സർക്കാരും ഉൾപ്പെടുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള ലീഗ് നിലപാടിനെതിരെ സമസ്ത രംഗത്തുവന്നിരുന്നു. പ്രതിഷേധ പരിപാടി പിൻവലിക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ പുതിയ നിലപാട്.

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. 'വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാൻ പറഞ്ഞത്.

സമസ്തയുടെ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധി എളമരം കരീം എംപി വിളിച്ചിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും'- തങ്ങൾ പറഞ്ഞു. പള്ളികളിൽ പ്രതിഷേധം പാടില്ല. അത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതക്ക് യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയിൽ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ പള്ളിയിൽ ഉദ്ബോധനം വേണ്ട.

കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്ത അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു. വിഷയത്തിൽ വഖഫ് മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധമുണ്ട്. അദ്ദേഹം പറഞ്ഞു. നിയമന വിവാദത്തിൽ പ്രതിഷേധം എങ്ങനെ വേണമെന്ന് സമസ്ത പിന്നീട് തീരുമാനിക്കും. വഖഫ് ബോർഡിൽ നേരത്തെയുള്ള നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കേണ്ടത്.

പുതിയ തീരുമാനത്തിൽ സമസ്തക്കുള്ള പ്രതിഷേധം മാന്യമായി അറിയിക്കും. ഇതിന് പരിഹാരമില്ലെങ്കിലാണ് മറ്റു പ്രതിഷേധ രീതികളിലേക്ക് കടക്കുക -ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. ഇതോടെ വിഷയത്തിൽ പ്രമുഖ മുസ്‌ലിം സംഘടനകൾക്കിടയിൽതന്നെ അഭിപ്രായ വ്യത്യാസം പ്രകടമായി. വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിലൂടെ ബോധവൽക്കരണം നടത്താനാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന മുസ്ലിം ഏകോപന സമിതി യോഗം തീരുമാനിച്ചിരുന്നത്.

പള്ളികളെ രാഷ്ട്രീമായി ദുരുപയോഗം ചെയ്യുകയല്ലെന്നും തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. സമസ്ത നേതാക്കൾ അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗ തീരുമാനം പുറത്തുവന്നയുടൻ പ്രസ്താവനയുമായി സിപിഎം രംഗത്തുവന്നിരുന്നു. വിശ്വാസികളായ പാർട്ടി അണികൾ ഇത് ചോദ്യം ചെയ്യുമെന്നും അത് സംഘർഷത്തിന് വഴിവെക്കുമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞിരുന്നു.

കെ.ടി ജലീൽ എംഎ‍ൽഎയെ മുൻനിർത്തിയാണ് സിപിഎം ഇതിന് പ്രതിരോധം തീർത്തുകൊണ്ടിരുന്നത്. അപ്പോഴും പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കോഡിനേഷൻ കമ്മിറ്റി അറിയിച്ചിരുന്നു. അതിനിടയിലാണ് സമസ്തയുടെ പുതിയ അഭിപ്രായ പ്രകടനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP