Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയന്ത്രണങ്ങൾ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധി സമാനതകളില്ലാത്തത്; സഹകരണമേഖലയിലെ നിയന്ത്രണത്തിൽ റിസർവ് ബാങ്കുമായി തുറന്നപോരിന് സംസ്ഥാനം; നിയമപോരാട്ടത്തിന് ഉപദേശങ്ങൾ തേടി നിയമവിദഗ്ധരുമായി കൂടിക്കാഴ്‌ച്ച ഇന്ന്; സഹകരണത്തിലെ പോരാട്ടത്തിന് മറ്റ് സംസ്ഥാനങ്ങളുടെ 'സഹകരണ'വും തേടും

നിയന്ത്രണങ്ങൾ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധി സമാനതകളില്ലാത്തത്; സഹകരണമേഖലയിലെ നിയന്ത്രണത്തിൽ റിസർവ് ബാങ്കുമായി തുറന്നപോരിന് സംസ്ഥാനം; നിയമപോരാട്ടത്തിന് ഉപദേശങ്ങൾ തേടി നിയമവിദഗ്ധരുമായി കൂടിക്കാഴ്‌ച്ച ഇന്ന്; സഹകരണത്തിലെ പോരാട്ടത്തിന് മറ്റ് സംസ്ഥാനങ്ങളുടെ 'സഹകരണ'വും തേടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഹകരണബാങ്കുകൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്താനുള്ള ആർബിഐയുടെ നീക്കത്തിനെതിരെ പോരാട്ടം ശക്തമാക്കാനൊരുങ്ങി സംസ്ഥാനം. ആർബിഐ നീക്കം ഊർജ്ജിതമാക്കിയതോടെ സുപ്രീംകോടതിയിൽ കേസ്ഫയൽ ചെയ്യാനാണ് കേരളത്തിന്റെ നീക്കം.സഹകരണമേഖലയ്ക്ക് മേൽ വരുന്ന നിയന്ത്രണങ്ങൾ കേരളത്തിന്റെ സാമ്പത്തീക ഭദ്രതയെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നതിൽ തർക്കമില്ല.അതിനാൽ തന്നെ നിയമപോരാട്ടത്തിൽ കുറഞ്ഞത് ഒന്നും തന്നെ ഇപ്പോൾ സംസ്ഥാനത്തിന് മുന്നിൽ ഇല്ല.

പ്രാഥമിക സഹകരണ ബാങ്കുകൾ ബാങ്ക് എന്ന് ഉപയോഗിക്കരുത്, വോട്ടവകാശം ഇല്ലാത്ത അംഗങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണു റിസർവ് ബാങ്ക് പുറത്തിറക്കിയത്. 1625 പ്രാഥമിക സഹകരണ ബാങ്കുകളെയും ആയിരക്കണക്കിനു സഹകരണ സംഘങ്ങളെയും ഈ തീരുമാനം ബാധിക്കും.ഇത്തരത്തിൽ ഒരു നിയന്ത്രണം വരുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുക സിപിഎമ്മിനെ തന്നെയാവും എന്ന കാര്യത്തിൽ സംശയവുമില്ല. കോൺഗ്രസ്സിനും സഹകരബാങ്കുകളും സ്ഥാപനങ്ങളും ഉണ്ടെങ്കിലും എണ്ണത്തിൽ കൂടുതൽ സിപിഎമ്മിനാണ്.അതിനാൽ തന്നെ സർക്കാറിന്റെ ഭാഗത്ത് നിന്ന് തന്നെ ശക്തമായ പോരാട്ടം ഉണ്ടായേക്കും.

സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനു മുന്നോടിയായി നിയമവിദഗ്ധരുടെ യോഗം ഇന്നു ഡൽഹിയിൽ ചേരും. ഒരാഴ്ചയ്ക്കകം കേസ് ഫയൽ ചെയ്യും. നടപടികൾക്കായി മന്ത്രി വി.എൻ.വാസവനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. സുപ്രീം കോടതി സ്റ്റാൻഡിങ് കൗൺസലിന്റെ നേതൃത്വത്തിലുള്ള യോഗത്തിൽ അഡ്വക്കറ്റ് ജനറലും മുതിർന്ന നിയമവിദഗ്ധരും പങ്കെടുക്കും.

സഹകരണ, നിയമ മന്ത്രിമാരുടെ നേതൃത്വത്തിൽ അഡ്വക്കറ്റ് ജനറൽ, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്, നിയമ സെക്രട്ടറി, സുപ്രീം കോടതി സ്റ്റാൻഡിങ് കൗൺസൽ എന്നിവരുടെ യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്കിങ് പരിധിയിൽ അല്ല, സേവന മേഖലയിലാണെന്ന നിയമോപദേശമാണ് സർക്കാരിനു ലഭിച്ചത്.

നീതി സഹകരണ സംഘങ്ങളും മെഡിക്കൽ സ്റ്റോറുകളും മറ്റും സേവന മേഖലയിലാണ്. 97-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയിൽ സഹകരണ മേഖലയിൽ കൈകടത്താനുള്ള കേന്ദ്രനീക്കം തടഞ്ഞിരുന്നു. ഇതു പ്രകാരം സഹകരണ മേഖല പൂർണമായി സംസ്ഥാന വിഷയമാണ്. ഇതു സംബന്ധിച്ചു ഭരണഘടനാ ബെഞ്ചിന്റെ ഉൾപ്പെടെ വിധികൾ ഉണ്ടെന്നാണ് നിയമോപദേശം. ഈ സാഹചര്യത്തിൽ നിയമ പോരാട്ടം ഭരണഘടനാ ബെഞ്ചിലേക്ക് നീണ്ടേക്കാം.

അതസമയം നിയമപോരാട്ടത്തിന് ബലമേകാൻ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടി മന്ത്രി വി.എൻ.വാസവൻ അവിടത്തെ സഹകരണ മന്ത്രിമാർക്കു കത്തയയ്ക്കും.സമാന സാഹചര്യം നേരിടുന്ന കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാർക്കാണ് ആദ്യം കത്തയയ്ക്കുക. സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരണമെന്നാണ് ആവശ്യം. ബിജെപി ഇതര സർക്കാരുകൾ സഹകരിക്കും എന്നാണു പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP