Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'116 കിലോമീറ്റർ പദ്ധതിയിൽ എസ്റ്റിമേറ്റ് സമർപ്പിച്ചത് എഴുപതിന്റെ മാത്രം; ശബരിപാത അനിശ്ചിതമായി നീളുന്നത് കേരളത്തിന്റെ താൽപര്യ കുറവ് മൂലം'; പാർലമെന്റിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് അശ്വിനി വൈഷ്ണവിന്റെ മറുപടി

'116 കിലോമീറ്റർ പദ്ധതിയിൽ എസ്റ്റിമേറ്റ് സമർപ്പിച്ചത് എഴുപതിന്റെ മാത്രം; ശബരിപാത അനിശ്ചിതമായി നീളുന്നത് കേരളത്തിന്റെ താൽപര്യ കുറവ് മൂലം'; പാർലമെന്റിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് അശ്വിനി വൈഷ്ണവിന്റെ മറുപടി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ശബരി റെയിൽ പദ്ധതി അനിശ്ചിതമായി നീളുന്നത് കേരള സർക്കാരിന്റെ താൽപര്യ കുറവ് മൂലമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പാർലമെന്റിൽ ശബരി റെയിൽ പദ്ധതി സംബന്ധിച്ചുയർന്ന ചോദ്യത്തിലാണ് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് കേരള സർക്കാരിനെ കുറ്റപ്പെടുത്തിയത്.

116 കിലോമീറ്റർ പദ്ധതിയിൽ എഴുപത് കിലോമീറ്ററിന്റെ എസ്റ്റിമേറ്റ് മാത്രമേ കേരള റയിൽ ഡവലപ്‌മെന്റ് കേർപ്പറേഷൻ കേന്ദ്രത്തിന് സമർപ്പിച്ചിട്ടൂള്ളൂവെന്നും റെയിൽവേമന്ത്രി പാർലമെന്റിനെ അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് കിട്ടിയ ശേഷമേ ശബരി റെയിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവ് മറുപടി നൽകിയത്

ശബരി റെയിൽ പാത സംബന്ധിച്ച് കേരളത്തിന്റെ ഉപാധികളോട് ഇക്കയിഞ്ഞ ഫെബ്രുവരിയിലും കേന്ദ്രസർക്കാർ വിയോജിപ്പ് അറിയിച്ചിരുന്നു. പദ്ധതിക്ക് 2815 കോടി രൂപ ചെലവുണ്ടാകുമെന്നാണ് അന്ന് റെയിൽമന്ത്രിയായിരുന്ന പിയൂഷ് ഗോയൽ ലോക്‌സഭയെ രേഖാമൂലം അറിയിച്ചത്. 1997-98 ൽ പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517 കോടി രൂപയായിരുന്നു. ഇതാണ് വർഷങ്ങൾ നീണ്ടപ്പോൾ 2815 കോടി രൂപയായി ഉയർന്നത്.

1997-98 ലെ റെയിൽവെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദർശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നിൽ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. റെയിൽപാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനായി കിഫ്ബി മുഖേന പണം ലഭ്യമാക്കാനും സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു. പദ്ധതി യാഥാർത്ഥ്യമായാൽ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിക്ക് ശേഷം സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്ന വൻകിട വികസനപദ്ധതികളിലൊന്നായിരിക്കും ഇത്.

അങ്കമാലി- ശബരി പാത കൊല്ലം ജില്ലയിലെ പുനലൂർ വരെ ദീർഘിപ്പിക്കുകയാണെങ്കിൽ ഭാവിയിൽ തമിഴ് നാട്ടിലേക്ക് നീട്ടാൻ കഴിയും എന്ന അഭിപ്രായവും ഉണ്ട്. ഈ സാധ്യതയും സർക്കാർ കണക്കിലെടുത്തിരുന്നു. ദേശീയ തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ റെയിൽവെയുടെ ചെലവിൽ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്റെ പകുതി ഏറ്റെടുക്കാൻ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടിൽ റെയിൽവെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

അങ്കമാലി- ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവെ മന്ത്രാലയം തന്നെ നിർവഹിക്കണം. പാതയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തിൽ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽവെയും 50:50 അനുപാതത്തിൽ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP